ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രഖ്യാപനമായിരുന്നു അത്! ദുബായില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (SIIMA)- വേദിയിലാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം താന്‍ വെള്ളിത്തിര പങ്കിടുന്നുവെന്ന വാര്‍ത്ത കമല്‍ഹാസന്‍ സ്ഥിരീകരിച്ചത്. പക്ഷേ ആരാകും ആ സിനിമയുടെ സംവിധായകൻ എന്ന ചൂടേറിയ ചർച്ചയാണിപ്പോൾ സിനിമാലോകത്ത്. ലോകേഷ് കനകരാജിന്റെ പേരാണ് അഭ്യൂഹങ്ങളിൽ മുമ്പിൽ.
46 വര്‍ഷത്തിനുശേഷമാണ് രജനികാന്തും കമല്‍ഹാസനും ഒരുസിനിമയ്ക്കായി ഒന്നിക്കുന്നത്! നടനും പരിപാടിയുടെ അവതാരകനുമായ സതീഷിന്റെ ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് കമല്‍ഹാസന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും കമല്‍ഹാസന്‍ വേദിയില്‍ പറഞ്ഞു. ഇന്ത്യന്‍ വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മെഗാബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്നാണ് തമിഴ് സിനിമാലോകത്തെ ചിലർ നല്കുന്ന സൂചനകൾ. ഇന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'കൂലി' യുടെ സംവിധായകനായിരുന്നു ലോകേഷ്. സ്വാതന്ത്ര്യദിനത്തിന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം വമ്പന്‍ ഹിറ്റ് ആണ്. ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് കൂലി. 2022-ല്‍ കമല്‍ഹാസനെ നായകനാക്കി 'വിക്രം' എന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്തിരുന്നു. രണ്ടു സൂപ്പര്‍താരങ്ങളുടെയും സിനിമ സംവിധാനം ചെയ്തിട്ടുള്ള ലോകേഷ് തന്നെയായിരിക്കും 46 വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധാനവുമെന്ന് ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നു.
രജനികാന്ത്-കമല്‍ഹാസൻ ചിത്രങ്ങള്‍
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 21 സിനിമകളില്‍ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം ദ്വിഭാഷാ പതിപ്പുകളാണ്. തപ്പു താളങ്ങള്‍ (തമിഴ്, കന്നഡ), അലാവുദീനും അദ്ഭുതവിളക്കും (തമിഴ്, മലയാളം), നിനൈത്തലേ ഇനിക്കും (തമിഴ്, തെലുങ്ക്) എന്നിവയാണ് ചിത്രങ്ങള്‍.
അപൂര്‍വ രാഗങ്ങള്‍, അന്തുലേനി കഥ, മൂണ്ട്രു മുടിച്ചു, അവര്‍കള്‍, തപ്പു താളങ്ങള്‍, നിനൈത്താലെ ഇനിക്കും, തില്ലു മുള്ളു എന്നീ ഏഴു ചിത്രങ്ങള്‍ ഇരുതാരങ്ങളുടെയും ഗുരുതുല്യനായ കെ. ബാലചന്ദര്‍ ആണ് സംവിധാനം ചെയ്തത്. ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച സിനിമകളാണ് ഇതെല്ലാം. കമലും രജനിയും ഒന്നിച്ച ആറു ചിത്രങ്ങളില്‍ ശ്രീപ്രിയ ആയിരുന്നു നായിക. ഇളമൈ ഊഞ്ഞാലാടുകിറുത്, ആടു പുലി ആട്ടം, അലാവുദീനും അദ്ഭുതവിളക്കും, അവള്‍ അപ്പടിത്താന്‍, വയസു പിളിച്ചിണ്ടി, നച്ചത്തിരം എന്നിവയാണ് ഈ ചിത്രങ്ങള്‍.
മൂന്നു ചിത്രങ്ങളില്‍ ശ്രീദേവിയായിരുന്നു നായിക. മൂണ്ട്രു മുടിച്ചു, പതിനാറു വയതിനിലെ, തയ്യിലാമല്‍ നന്നിലൈ എന്നിവയാണവ. അന്തുലേനി കഥ, നിനൈത്തലേ ഇനിക്കും എന്നീ രണ്ട് ചിത്രങ്ങളില്‍ കമലിനും രജനിക്കുമൊപ്പം ജയപ്രദയും വെള്ളിത്തിര പങ്കിട്ടിട്ടുണ്ട്.