അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ ഇടപെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രൂക്ഷമായ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്. തന്റെ എക്സ് അക്കൗണ്ടിലൂടെ, ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് അദ്ദേഹം തുറന്ന കത്ത് പങ്കുവച്ചത്.
'ഇന്ത്യ സ്വതന്ത്രവും പരമാധികാരവുമുള്ള രാജ്യമാണ്. വിദേശരാജ്യങ്ങളില്‍നിന്നുള്ള ഉത്തരവുകള്‍ സ്വീകരിക്കേണ്ട ആവശ്യമില്ല. ദയവായി നിങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ലോക സമാധാനത്തിന്റെ അടിത്തറ...'-കമല്‍ ഹാസന്‍ കത്തില്‍ വ്യക്തമാക്കി. മക്കള്‍ നീതി മയ്യം സ്ഥാപകന്‍ എന്ന നിലയിലാണ് അദ്ദേഹം കത്ത് പ്രസിദ്ധീകരിച്ചത്.
ഇറാനും യുഎസ്-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയില്‍ രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യക്ക് മുപ്പതു ദിവസത്തെ താത്കാലിക ഇളവ് പ്രഖ്യാപിച്ചത്. ഈ മേഖലയിലെ സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ അടച്ചുപൂട്ടുകയും ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷാ ഭീഷണികള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍, എണ്ണ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്കയുടെ നീക്കം.
അതേസമയം, ഇന്ത്യ യുഎസില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രതികരിച്ചു. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്ന അമേരിക്കയുടെ അവകാശവാദം ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര വിപണിയില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നുണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.