1.തൃഷ തോസര്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ദേശീയ പുരസ്കാരം സ്വീകരിക്കുന്നു 2.കമൽഹാസൻ അറേഞ്ച്ഡ്
Tamil

'തൃഷ എന്റെ റെക്കോഡ് തകര്‍ത്തു! മുന്നോട്ട് പോകൂ കുഞ്ഞേ...'

പപ്പപ്പ ഡസ്‌ക്‌

ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസങ്ങളായ മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, വിക്രാന്ത് മാസി തുടങ്ങിയവരെ ആദരിച്ച 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് താരനിബിഡമായിരുന്നു. എന്നാല്‍, പുരസ്‌കാരദാനച്ചടങ്ങിന്റെ യഥാര്‍ഥ ഹൈലൈറ്റ് ഇവരാരുമായിരുന്നില്ല. അതൊരു നാലു വയസുകാരിയായിരുന്നു- തൃഷ തോസര്‍! അക്ഷരാര്‍ഥത്തില്‍ ചലച്ചിത്രലോകത്തെ മാത്രമല്ല, ഇന്ത്യന്‍ഹൃദയങ്ങളെ കീഴടക്കിയ കുഞ്ഞ് അഭിനേത്രി!

മറാത്തി ചിത്രമായ 'നാല്‍ 2'-ലെ വിസ്മയകരമായ പ്രകടനത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം തൃഷ തോസറെ തേടിയെത്തിയത്. സ്വര്‍ണവര്‍ണ വസ്ത്രമണിഞ്ഞ ബാലിക, രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലേക്കെത്തിയപ്പോള്‍ വന്‍ കരഘോഷമാണ് മുഴങ്ങിയത്. സൂപ്പര്‍ താരങ്ങള്‍വരെ എഴുന്നേറ്റുനിന്ന് കൈയടിച്ച് ആശംസകള്‍ അറിയിച്ചു.

'നാല്‍ 2' -ലെ തൃഷയുടെ അംഗീകാരം ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. കാരണം തൃഷ തകര്‍ത്തത് ഉലകനായകന്‍ കമല്‍ഹാസന്റെ റെക്കോഡ് ആണ്. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് കമല്‍ഹാസന്റെ പേരിലുള്ള റെക്കോഡ് തിരുത്തിയെഴുതപ്പെട്ടത്. ഇതോടെ, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ പുരസ്‌കാര ജേതാവായി മാറി കുഞ്ഞു തൃഷ.

നാൽ2 എന്ന മറാത്തി ചിത്രത്തിൽ തൃഷ തോസർ

തന്റെ റെക്കോഡ് തകർത്ത തൃഷയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ കമൽ അഭിനന്ദനമറിയിച്ചു. സ്വന്തം ചലച്ചിത്രജീവിതത്തെ ഓര്‍മിച്ച് അദ്ദേഹം എഴുതി: 'പ്രിയപ്പെട്ട തൃഷ തോസര്‍, എന്റെ ഏറ്റവും വലിയ കൈയടി മോള്‍ക്കാണ്. എനിക്ക് പുരസ്‌കാരം ലഭിക്കുമ്പോള്‍ വെറും ആറു വയസ് മാത്രമായിരുന്നു പ്രായം. തൃഷ എന്റെ റെക്കോര്‍ഡ് തകര്‍ത്തു! മുന്നോട്ട് പോകൂ കുഞ്ഞേ... പൊന്നുമോള്‍ ഇനിയും ഉയരങ്ങളിലെത്തട്ടെ. തൃഷയുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍...'

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായ കമല്‍ഹാസന്റെ അഭിനന്ദനം തൃഷയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലായി മാറി. അത്, ആ ബാലികയുടെ വിജയത്തെ കൂടുതല്‍ അവിസ്മരണീയമാക്കി.