ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയും പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും നടൻ കമൽ ഹാസൻ പങ്കുവെച്ച മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തമിഴ്നാട്ടിൽ നടന്ന കോളേജ് പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവെയാണ് കമൽ ഹാസൻ എഐ സാങ്കേതികവിദ്യയുടെ അമിത ഉപയോഗത്തിനെതിരെ സംസാരിച്ചത്. പിതാവിന്റെ നിലപാടിനെ പൂർണമായി പിന്തുണച്ചുകൊണ്ട് മകളും നടിയുമായ ശ്രുതി ഹാസനും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
എഐ ടൂളുകളെ അമിതമായി ആശ്രയിക്കുന്നത് വലിയ തോതിൽ വിഭവങ്ങൾ പാഴാക്കിക്കളയുമെന്നാണ് കമൽ ഹാസൻ ചൂണ്ടിക്കാണിക്കുന്നത്. ചാറ്റ്ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളിൽ നമ്മൾ ചോദിക്കുന്ന ഓരോ ചോദ്യവും പ്രോസസ് ചെയ്യുന്നതിന് വലിയ അളവിൽ വൈദ്യുതിയും വെള്ളവും ആവശ്യമായി വരുന്നുണ്ട്.
'നിങ്ങൾ ഓരോ തവണ ചോദ്യം ചോദിക്കുമ്പോഴും ഒരു ഗ്ലാസ് വെള്ളം വീതം പാഴാകുന്നുണ്ടെന്ന് ഓർക്കുക. ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോഴെല്ലാം വെള്ളം ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്തോറും കൂടുതൽ വെള്ളം പാഴാകും. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം എഐ ഉപയോഗിക്കുക. ബാക്കി സംശയങ്ങൾ അടുത്തുള്ള സുഹൃത്തുക്കളോട് ചോദിച്ച് മനസിലാക്കുക. എഐയേക്കാൾ കൂടുതൽ അറിവുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. എനിക്ക് എല്ലാം അറിയാമെന്ന ഭാവം എനിക്കില്ല, കാരണം ഞാൻ ചാറ്റ്ജിപിടി അല്ല. എനിക്ക് അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയാൻ എനിക്ക് മടിയില്ല'-കമൽ ഹാസൻ പറഞ്ഞു.
കമൽ ഹാസന്റെ പ്രസംഗത്തിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ശ്രുതി ഹാസൻ പിതാവിന് കൈയടിച്ചത്. വീഡിയോയ്ക്കൊപ്പം '100' എന്ന ഇമോജിയും താരം പങ്കുവെച്ചിട്ടുണ്ട്. ഇത് കൂടാതെ, എഐ സാങ്കേതികവിദ്യയുടെ ജല ഉപയോഗത്തെക്കുറിച്ചുള്ള വിശദമായ മറ്റൊരു പോസ്റ്റും ശ്രുതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. എഐ നിർമിത ഉള്ളടക്കങ്ങളേക്കാൾ മനുഷ്യന്റെ യഥാർഥ കഴിവിനും നൈപുണ്യത്തിനും പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയും ശ്രുതി പങ്കുവച്ചു. 'നിങ്ങൾ ഇപ്പോഴും യഥാർഥ മനുഷ്യനൈപുണ്യങ്ങളെ വിലമതിക്കുന്നുവെങ്കിൽ ഫോളോ ചെയ്യൂ, എഐയേക്കാൾ മുകളിൽ' എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ചത്.
നേരത്തെ 2024-ൽ എഐ സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ പഠിക്കാനായി കമൽ ഹാസൻ യുഎസിൽ ഒരു കോഴ്സിന് ചേർന്നിരുന്നു. എന്നാൽ കൃത്യമായ ധാരണയില്ലാതെ ഈ സാങ്കേതികവിദ്യയെ തൊടരുതെന്നും, മനുഷ്യന്റെ ചിന്തകൾക്കും മുകളിലാണ് ഇതിന്റെ പ്രവർത്തനമെന്നും അദ്ദേഹം പിന്നീട് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സിനിമയിലും വ്യക്തിജീവിതത്തിലും എഐ കടന്നുവരുമെങ്കിലും അതിനെ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ വിവേകത്തോടെ ഉപയോഗിക്കണമെന്നുമാണ് കമൽഹാസന്റെ പക്ഷം.