'ജനനായകൻ' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തല്ലിച്ചതയ്ക്കുന്ന ജനനായകൻ,വിജയ് കൊളുത്തുന്ന തീ

പപ്പപ്പ ഡസ്‌ക്‌

2026ല്‍ ഇന്ത്യന്‍ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകനാകുന്ന 'ജന നായകന്‍'. ദ്രാവിഡമണ്ണില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാകുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താരത്തിന്റെ അവസാനചിത്രമായിരിക്കും ജനനായകന്‍. ചിത്രത്തിന്റെ ട്രെയിലർ തന്നെ വിജയ് എന്ന നായകനൊപ്പം രാഷ്ട്രീയനേതാവിനെ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ്. വിജയ് യുടെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകാൻ കൂടിയാണ് ജനനായകൻ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ തമിഴകം മാത്രമല്ല, ലോകമെമ്പാടും ഏറ്റെടുത്തു. ചിത്രത്തില്‍ വെട്രി കോണ്ടന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്ന വില്ലനെതിരെ അക്രമാസക്തമായ രക്ഷാദൗത്യത്തിന് തുടക്കമിടുന്നതിന്റെ സൂചനകളാണ് ട്രെയിലറില്‍ ഉള്ളത്. ബോളിവുഡ് സൂപ്പര്‍താരം ബോബി ഡിയോള്‍ ആണ് പ്രതിനായക വേഷത്തില്‍.

'ജനനായകൻ' ട്രെയിലറിൽ നിന്ന്

രണ്ട് മിനിറ്റും 52 സെക്കന്‍ഡുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. 'കുറ്റവാളികളുടെ രാജാവ്' എന്നറിയപ്പെടുന്ന ദളപതി വെട്രി കൊണ്ടന്‍ എന്ന വ്യക്തിയെക്കുറിച്ച് ഒരാള്‍ മറ്റൊരാളോട് ചോദിക്കുന്നതോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. തുടര്‍ന്നുവരുന്ന രംഗത്തില്‍ വിജയ് അക്രമികളെ ഇടിച്ചുനിരത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വെട്രിയുടെ മകളെ (മമിത ബൈജു) തട്ടിക്കൊണ്ടുപോകപ്പെടുമ്പോഴാണ് കഥയുടെ ഗതി മാറുന്നത്. ഇത് അപകടകരമായ ഒരു രക്ഷാപ്രവര്‍ത്തനത്തിലേക്ക് പോകാനും ശത്രുക്കളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും വെട്രി ശ്രമിക്കുന്നു.

ട്രെയിലറിന്റെ അവസാനം അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൂട്ടത്തോടെ തല്ലിച്ചതയ്ക്കുന്നതും കാണാം. ഇതെല്ലാം ദ്രാവിഡജനതയ്ക്ക് വിജയ് കൊടുക്കുന്ന വാഗ്ദാനങ്ങളായും വ്യാഖ്യാനിക്കാം. അഴിമതി ഇല്ലാത്ത, കുടുംബരാഷ്ട്രീയമില്ലാത്ത തമിഴകമാണ് വിജയ് സ്വപ്‌നം കാണുന്നതും. ജനനായകനില്‍ പൂജാ ഹെഗ്ഡെ, ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, നരേന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.