'ജനനായകൻ' ട്രയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

വിജയ്‌യുടെ 'ജനനായകന്‍' ഏപ്രില്‍ അവസാനം റിലീസിന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച തമിഴകത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍താരം വിജയ് നായകനായി അഭിനയിച്ച അവസാനചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകന്‍' ഉടന്‍ റിലീസിനെത്തിയേക്കും. ഏപ്രില്‍ 23-ന് ആണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്. തൊട്ടുപിന്നാലെ ഏപ്രില്‍ 24 അല്ലെങ്കില്‍ ഏപ്രില്‍ 30-ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിലെ റിവൈസിങ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞുവച്ചിരിക്കുകയാണ്.

നേരത്തെ ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ജനനായകന്‍. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടെങ്കിലും ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തിന്റെ ലോഗോ ഉപയോഗിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമുള്ള പരാതി ഉയര്‍ന്നതോടെ റിവൈസിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്തെ റിലീസ് ബോര്‍ഡ് വിലക്കുകയും ചെയ്തു.

'ജനനായകൻ' പോസ്റ്റർ

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെയുണ്ട്. ട്രെയിലറിലെ ചില രംഗങ്ങള്‍ ഇതിന് അടിവരയിടുന്നുണ്ടെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബോബി ഡിയോള്‍, ഗൗതം വസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി, പൂജ ഹെഗ്ഡെ, മമിത ബൈജു തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

'ജനനായകൻ' പോസ്റ്റർ

അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യനും എഡിറ്റിങ് പ്രദീപ് ഇ. രാഘവുമാണു കൈകാര്യം ചെയ്തത്. കെവിഎന്‍ പ്രൊഡക്ഷന്‍സിനൊപ്പം ജഗദീഷ് പളനിസാമി, ലോഹിത് എന്‍.കെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്കു കടക്കുന്നതിന് മുമ്പ് വിജയ് ആരാധകര്‍ക്ക് നല്‍കുന്ന അവസാന ചലച്ചിത്ര വിരുന്നായിരിക്കും 'ജനനായകന്‍' എന്നതുകൊണ്ടു വലിയ പ്രതീക്ഷയിലാണ് സിനിമാലോകം.