തമിഴ് സൂപ്പര്‍താരം വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുക്കിക്കൊണ്ടെത്തുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം 'ജനനായകന്‍' റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിയമകുരുക്കില്‍. ജനുവരി 9-ന് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കെ, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍, ചിത്രം വീണ്ടും പരിശോധിക്കാന്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അണിയറക്കാരും ആരാധകരും ആശങ്കയിലാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിച്ചു. ചിത്രം വീണ്ടും കാണുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സിബിഎഫ്‌സി കോടതിയില്‍ പറഞ്ഞു. കേസ് കൂടുതല്‍ വാദത്തിനായി ജനുവരി 7ന് ഉച്ചയ്ക്ക് 2.15-ലേക്ക് മാറ്റി.
റിലീസ് തീയതി ജനുവരി 10-ലേക്ക് മാറ്റിക്കൂടേ എന്ന് കോടതി ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വൈകിപ്പിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ വ്യക്തമാക്കി. സെന്‍സര്‍ കുരുക്ക് നിലനില്‍ക്കുമ്പോഴും ചിത്രത്തിനായുള്ള ആവേശം കുറഞ്ഞിട്ടില്ല. കേരളത്തിലും കര്‍ണാടകത്തിലും അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരുന്നു. കര്‍ണാടകത്തിലെ പ്രധാന തിയറ്ററുകളിലെല്ലാം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. കേരളത്തിലും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളില്‍ സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടില്ല. വിദേശത്തു നിന്ന് മാത്രം ചിത്രം ഇതിനോടകം 25 കോടി രൂപയ്ക്ക് മുകളില്‍ കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരടങ്ങുന്ന വലിയ താരനിരയുണ്ട്. സിനിമയുടെ തമിഴ് പതിപ്പിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലെ റിലീസും സാധ്യമാകൂ.
ബുധനാഴ്ചത്തെ കോടതി വിധിയിലായിരിക്കും വിജയ് ആരാധകര്‍ ഉറ്റുനോക്കുന്ന ആ വലിയ പ്രഖ്യാപനം ഉണ്ടാകുക. ചിത്രം നിശ്ചയിച്ച പ്രകാരം ജനുവരി 9-ന് തന്നെ എത്തുമോ അതോ മാറ്റിവെക്കുമോ എന്നു നാളത്തെ വാദത്തിനു ശേഷം അറിയാം.