തമിഴകത്തിന്‍റെ പ്രിയതാരം ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ ഒടുവിൽ തിയേറ്ററുകളിലേക്ക്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സിനിമയെ വേട്ടയാടിക്കൊണ്ടിരുന്ന വലിയ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കുമാണ് ഇപ്പോൾ ശുഭപര്യവസാനമായിരിക്കുന്നത്. ചിത്രത്തിന്‍റെ സെൻസറിങ് നടപടികൾ വിജയകരമായി പൂർത്തിയായതായാണ് സിനിമാ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
കേന്ദ്ര സെൻസർ ബോർഡിന്‍റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചില സാങ്കേതിക നടപടികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് പൂർത്തിയാകുന്നതോടെ ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിക്കും. എല്ലാം വിചാരിച്ചതുപോലെ നടന്നാൽ ഈ വരുന്ന ജൂലായ് അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഒരുങ്ങുന്നത്.
ബോക്‌സ് ഓഫീസിനെ ഉണർത്താൻ പോന്ന വിജയ് ചിത്രത്തിന് സാധാരണ ലഭിക്കാറുള്ള സുഗമമായ പാതയായിരുന്നില്ല ലഭിച്ചത്. സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്ത അപ്രതീക്ഷിത നിയമനടപടികളാണ് ചിത്രത്തെ വലിയ പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടർന്ന് മാസങ്ങളോളം റിലീസ് അനിശ്ചിതത്വത്തിലാവുകയും മുൻകൂട്ടി നിശ്ചയിച്ചിരുന്ന റിലീസ് പ്ലാനുകളെല്ലാം അണിയറപ്രവർത്തകർക്ക് മാറ്റിവെക്കേണ്ടി വരികയും ചെയ്തു. സിനിമയുടെ റിലീസിനെക്കുറിച്ച് വ്യക്തതയില്ലാതിരുന്ന ഈ സമയമത്രയും ആരാധകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും പ്രചരിച്ചത്.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ജനനായകനു'ണ്ട്. രാഷ്ട്രീയത്തിൽ പൂർണമായി സജീവമാകുന്നതിന് മുൻപ് താരം അഭിനയിച്ച അവസാന ചിത്രമാണിതെന്നതിനാൽ വലിയ രാഷ്ട്രീയ-സിനിമാ പ്രാധാന്യമാണ് ഈ പ്രോജക്ടിനുള്ളത്. ഒരു സൂപ്പർതാരത്തിന്‍റെ യാത്രയയപ്പ് ചിത്രമെന്ന നിലയിൽ ആരാധകരും ഇൻഡസ്ട്രിയും ഒരേപോലെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
പ്രമുഖ സംവിധായകൻ എച്ച്. വിനോദ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, പ്രകാശ് രാജ് എന്നിവർക്കൊപ്പം മലയാളി താരം മമിത ബൈജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട കാത്തിരിപ്പിനും പ്രതിസന്ധികൾക്കും ശേഷമെത്തുന്ന 'ജനനായകൻ' ബോക്‌സ് ഓഫീസിൽ പുതിയ ചരിത്രമാകും, അതു തീർച്ച.