'ജനനായകൻ പോസ്റ്റർ' കടപ്പാട്-ഫേസ്ബുക്ക്
Tamil

കേരളത്തിലും നായകപദവിയിൽ 'ജനനായകന്‍'; ആദ്യദിനം നേടിയത് 5.8 കോടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മാസങ്ങളുടെ കാത്തിരിപ്പിനും നിരവധി പ്രതിസന്ധികള്‍ക്കും ശേഷം തിയേറ്ററുകളിലെത്തിയ ദളപതി വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്‍' ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ആദ്യദിനം തന്നെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ചിത്രം ആഗോളതലത്തില്‍ 80 കോടിയിലധികം രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയത്. കേരളത്തില്‍നിന്ന് മാത്രം ആദ്യദിനം 5.8 കോടി രൂപ വാരി ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. കളക്ഷനിൽ തമിഴ്നാടിന് തൊട്ടുപിന്നിൽ രണ്ടാമതായാണ് കേരളം.

കേരളത്തില്‍ പുലര്‍ച്ചെ ആറിന് ആരംഭിച്ച ആദ്യ ഷോ മുതല്‍ ലേറ്റ് നൈറ്റ് ഷോ വരെ തിയേറ്ററുകളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രിയ നായകന്റെ അവസാന ചിത്രം തിയേറ്ററില്‍ വന്‍ ആഘോഷമാക്കാന്‍ പ്രായഭേദമന്യേ വന്‍ ആരാധകനിരയാണ് ഒഴുകിയെത്തിയത്. പലരും അവധിയെടുത്താണ് ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തിയത്. പ്രവൃത്തിദിനമായിരുന്നിട്ടും രണ്ടാം ദിനവും ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിങ് ഷോകളുമായി ചിത്രം മുന്നേറുകയാണ്.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്

ഇന്ത്യയിലൊട്ടാകെ എല്ലാ ഭാഷകളിലുമായി 41.6 ശതമാനം ഒക്യുപന്‍സിയാണ് ചിത്രത്തിന് ലഭിച്ചത്. കളക്ഷനില്‍ തമിഴ് പതിപ്പാണ് ഏറ്റവും മുന്നില്‍.

തമിഴ്- 36.50 കോടി,തെലുങ്ക്- 2.75 കോടി,ഹിന്ദി- 1.75 കോടി,കേരളം- 5.8 കോടി. ആഗോള കളക്ഷന്‍ 80 കോടിയിലേറെ.

എച്ച്. വിനോദ് സംവിധാനം ചെയ്ത മാസ് ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ നിര്‍മിച്ച ചിത്രം സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമാണ്.

'ജനനായകൻ' പോസ്റ്റർ

സിനിമയുടെ ട്രെന്‍ഡ് കണക്കാക്കുമ്പോള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ 'ജനനായകന്‍' സ്വന്തമാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.