'ജനനായകന്‍' പ്രൊമോ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

യഥാർഥ 'വിജയി'യായി 'ജനനായകന്‍'; തിയേറ്ററുകളില്‍ കോടികളുടെ കൊയ്ത്ത്

പപ്പപ്പ ഡസ്‌ക്‌

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'ജനനായകന്‍' തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ട് ബോക്‌സ് ഓഫീസ് കുതിപ്പ് തുടരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ആദ്യ റിലീസ് എന്ന സവിശേഷതയോടെയെത്തിയ ചിത്രം ആദ്യ ദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയത്.

ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 124.75 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി ഗംഭീര തുടക്കമിട്ട ചിത്രം, ആറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 250 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞു.

പ്രവൃത്തിദിനങ്ങളിലേക്കു കടന്നതോടെ ബോക്‌സ് ഓഫീസില്‍ സ്വാഭാവികമായ കുറവ് ദൃശ്യമാകുന്നുണ്ടെങ്കിലും കളക്ഷന്‍ കണക്കുകളില്‍ ചിത്രം മുന്നില്‍ തന്നെ നില്‍ക്കുന്നു. തിങ്കളാഴ്ച 10.65 കോടിയും ചൊവ്വാഴ്ച (ആറാം ദിനം) എട്ടു കോടിയുമാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് സമാഹരിച്ചത്.

ആറു ദിവസം കൊണ്ട് ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷന്‍ 143.40 കോടി രൂപയിലെത്തി. ഗ്രോസ് കളക്ഷന്‍ 167.57 കോടി കടന്നു. വിദേശ വിപണിയിലും വിജയ് തരംഗം പ്രകടമാണ്. ആകെ ഓവര്‍സീസ് ഗ്രോസ് 78.50 കോടി രൂപയായി ഉയര്‍ന്നൂ. യുകെ, അയര്‍ലന്‍ഡ് ബോക്‌സ് ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ചിത്രമായി ജനനായകന്‍ മാറി (ഏകദേശം 5.7 കോടി രൂപ).

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്

എച്ച്. വിനോദ് സംവിധാനം ചെയ്ത മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറില്‍ വിജയിക്കൊപ്പം വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി തുടങ്ങിയ പ്രമുഖര്‍ കഥാപാത്രങ്ങളായി എത്തുന്നു.

തെലുങ്കില്‍ വന്‍ വിജയമായ 'ഭഗവന്ത് കേസരി'യുടെ ഭാഗിക പുനരാവിഷ്‌കാരമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കിട്ട് കെ. നാരായണ നിര്‍മിച്ച ചിത്രം വിജയിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട നാഴികക്കല്ലായി മാറിയിരിക്കുകയാണ്.