'ജനനായകൻ' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Tamil

'ജനനായകന്‍' നാളെ റിവൈസിങ് കമ്മിറ്റി കാണും;റിലീസ് ഇനിയും നീണ്ടേക്കും

പപ്പപ്പ റിപ്പോര്‍ട്ടര്‍

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് യുടെ അവസാനചിത്രമെന്ന പ്രഖ്യാപനത്തോടെ എത്തുന്ന 'ജനനായകന്റെ' റിലീസ് തടസപ്പെട്ടതോടെ സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമപോരാട്ടം അവസാനിപ്പിക്കാന്‍ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചിത്രം സെന്‍ട്രല്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ നാളെ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് ഒന്‍പതിന് നിശ്ചയിച്ചിരുന്ന സ്‌ക്രീനിങ് ആണ് നാളത്തേക്കു മാറ്റിയത്. കമ്മിറ്റി അംഗം അസുഖബാധിതനായതിനെത്തുടര്‍ന്ന് പ്രദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്നും, സൈന്യവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഉപയോഗിച്ചപ്പോള്‍ പ്രതിരോധ സേനയുടെ അനുമതി തേടിയില്ലെന്നും ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടത്. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ റിലീസ് നീളാനാണ് സാധ്യത.

'ജനനായകൻ' പോസ്റ്റർ

നിയമപോരാട്ടം ഒഴിവാക്കി, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നേടി ജൂണില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ ഇപ്പോഴത്തെ നീക്കം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി, പൂജ ഹെഗ്ഡെ, മമിത ബൈജു തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്.