തമിഴ്നാട് രാഷ്ട്രീയത്തിലേക്കും ഭരണരംഗത്തേക്കും പൂർണമായി കടക്കുന്നതിനുമുമ്പ് ചിത്രീകരിച്ച ദളപതി വിജയിയുടെ അവസാന ചിത്രമായ 'ജനനായകൻ' റിലീസിന് മുമ്പു തന്നെ ചരിത്രനേട്ടങ്ങൾ കുറിച്ച് ബോക്സ് ഓഫീസിനെ ഉലയ്ക്കുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
റിലീസ് ദിനത്തിലെ ആദ്യ ഷോകൾക്ക് മുൻപ് തന്നെ ആഗോളതലത്തിൽ തരംഗമുണ്ടാക്കാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും റെക്കോഡ് ടിക്കറ്റ് വില്പനയാണ് 'ജനനായകൻ' സ്വന്തമാക്കുന്നത്. ഇന്ത്യയിൽ മാത്രം ഒന്നാം ദിന ടിക്കറ്റ് ബുക്കിങ്ങിലൂടെ ചിത്രം 15 കോടിയിലധികം (ബ്ലോക്ക് ചെയ്ത സീറ്റുകൾ ഉൾപ്പെടെ 20 കോടി) നേടി കഴിഞ്ഞു. വിദേശ വിപണികളിൽ നിന്നും ബോക്സ് ഓഫീസിലെ മറ്റ് മേഖലകളിൽ നിന്നുമായി ആഗോള അഡ്വാൻസ് വില്പന ഇതിനോടകം തന്നെ 30 കോടി കടന്നു.
പ്രീ-സെയിൽസിൽ തമിഴ്നാടും ബംഗളൂരുവും കേരളവുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. 6.5 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനമനുസരിച്ച്, റിലീസ് ചെയ്യുന്ന ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ചിത്രം 100 കോടി ക്ലബ്ബിൽ കടക്കാനാണ് സാധ്യത. ഇതിലൂടെ തമിഴ് സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനുകളിൽ ഒന്നായി 'ജനനായകൻ' മാറുമെന്നാണ് കണക്കുകൂട്ടൽ.
സെൻസർ ബോർഡുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും നീണ്ട കാത്തിരിപ്പുകൾക്കും ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രം വിജയിയുടെ സിനിമാ കരിയറിലെ യാത്രാമൊഴി കൂടിയാണ്. വിജയ്ക്കൊപ്പം, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരെയ്ൻ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാകുന്നു. വിജയിയുടെ അവസാന ചിത്രം എന്ന വികാരത്തോടൊപ്പം, എച്ച്. വിനോദിന്റെ മാസ് രാഷ്ട്രീയ ആക്ഷൻ പ്രമേയവും അനിരുദ്ധിന്റെ പവർഫുൾ സംഗീതവും ഒന്നിക്കുമ്പോൾ തിയേറ്ററുകളിൽ തികച്ചും ഒരു സുനാമി തന്നെയാണ് ആരാധകരും സിനിമാലോകവും പ്രതീക്ഷിക്കുന്നത്.