'ജയിലർ 2' പോസ്റ്റർ കടപ്പാട്-സൺപിക്ചേഴ്സ്
Tamil

'രജനിഫൈഡ്' ആയി സോഷ്യൽമീഡിയ; 'ജയിലർ 2ന്' വാനോളം വാഴ്ത്ത്

പപ്പപ്പ ഡസ്‌ക്‌

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത 'ജയിലര്‍ 2' ആദ്യഭാഗത്തോട് നീതി പുലര്‍ത്തുന്ന, തൃപ്തികരമായ ആക്ഷന്‍ ക്രൈം ഡ്രാമയാണെന്ന് സമൂഹമാധ്യമങ്ങളിലെ റിവ്യൂ. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ സ്മ​ഗ്ലിങ് സിന്‍ഡിക്കേറ്റിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രജനികാന്തിന്റെ മാസ് സാന്നിധ്യത്തിനൊപ്പം നെല്‍സണിന്റെ ട്രേഡ്മാര്‍ക്ക് ഡാര്‍ക്ക് ഹ്യൂമറും ചേരുമ്പോള്‍ ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, ആദ്യഭാഗത്തിന്റെ പല ഘടകങ്ങളും അതേപടി ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.

ആദ്യപകുതിയില്‍ രജനികാന്തിനൊപ്പം യോഗി ബാബുവും നമോ നാരായണനും ചേര്‍ന്ന് മികച്ച രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദിലീപ് എന്ന വില്ലന്‍ കഥാപാത്രം ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ആദ്യഭാഗത്തില്‍ വിനായകന്റെ വര്‍മനുണ്ടാക്കിയ സ്വാധീനം ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് സുരാജിന്റെ പ്രകടനമെന്നും വിലയിരുത്തുന്നു.

'ജയിലർ 2' ട്രെയിലറിൽ നിന്ന്

എസ്.ജെ. സൂര്യ, വിദ്യാ ബാലന്‍, ജതിന്‍ സര്‍ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന ഗോവയിലെ കല്‍പക് ക്രൈം കുടുംബവും വില്ലന്‍ നിരയിലുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ ആവര്‍ത്തന വിരസതയുണ്ടെന്നു ചിലര്‍ പറയുന്നു. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ അതിഥി വേഷങ്ങള്‍ അതിശയകരമായ ഇന്റര്‍വല്‍ നിമിഷങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, ആദ്യഭാഗത്തിലെപ്പോലെ അത്രത്തോളം ആവേശകരമായി ഉപയോഗിക്കപ്പെട്ടിട്ടില്ലെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്.

'ജയിലർ 2' പോസ്റ്റർ

അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്റെ ഛായാഗ്രഹണവും രജനികാന്തിന്റെ മാസ് ഹീറോയിസത്തിന് വേഗം കൂട്ടുന്നു. ഒരു സൂപ്പര്‍സ്റ്റാറിനെ തമാശയിലും വൈകാരിക നിമിഷങ്ങളിലും ആക്ഷനിലും ഒരുപോലെ തിളക്കത്തോടെ അവതരിപ്പിക്കാന്‍ നെല്‍സണ് സാധിച്ചിട്ടുണ്ടെന്നും സോഷ്യൽമീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു.