ജയിലര്‍-2 അനൗൺസ്മെന്റ് പോസ്റ്റർ അറേ‍ഞ്ച്ഡ്
Tamil

'ജയിലര്‍ 2'വിശേഷങ്ങൾ പങ്കിട്ട് രജനികാന്ത്,തിരഞ്ഞെടുപ്പ് വിഷയത്തിൽ മൗനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍താരം രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജയിലര്‍ 2'-ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവച്ചത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നും, റിലീസ് തീയതി നിര്‍മാതാക്കള്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും തലൈവര്‍ വ്യക്തമാക്കി.

അതേസമയം, ഏപ്രില്‍ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. രാഷ്ട്രീയപരമായ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ വിസമ്മതിച്ച താരം 'വണക്കം' പറഞ്ഞ് യാത്ര തിരിക്കുകയായിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് 2020-ല്‍ തന്നെ വ്യക്തമാക്കിയ രജനികാന്ത്, ജനങ്ങളെ സേവിക്കാന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് ഇപ്പോഴും തുടരുന്നത്.

രജനികാന്ത്

തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിവാദങ്ങള്‍ക്ക് രജനികാന്ത് നേരത്തെ രജനികാന്ത് മറുപടി നല്‍കിയിരുന്നു. ഡിഎംകെയില്‍ നിന്നുള്ള ഭീഷണി കാരണമാണ് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയുടെ പരാമര്‍ശത്തെ രജനികാന്ത് തള്ളിക്കളഞ്ഞു. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളെ അപലപിച്ചവര്‍ക്ക് അദ്ദേഹം നന്ദി പറയുകയും, കാലം ഇതിനെല്ലാം മറുപടി നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

രജനികാന്ത് 'ജയിലറി'ൽ

'കൂലി' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ 2 ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2023-ലെ സൂപ്പര്‍ഹിറ്റ് ചിത്രം 'ജയിലറി'ന്റെ തുടര്‍ച്ചയാണിത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുമ്പോള്‍, മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രവും രണ്ടാം ഭാഗത്തിലുണ്ടാകും. കൂടാതെ ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട് എന്നത് സിനിമയുടെ മാറ്റ് കൂട്ടുന്നു. കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന ചിത്രവും രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.