'ജയിലര്‍ 2' റിലീസ് അനൗൺസ്മെന്റ് വീഡിയോയിൽനിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

ഇനി മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാംവരവ്; രജനികാന്തിന്റെ 'ജയിലര്‍ 2' ഒക്ടോബറില്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

താരങ്ങളുടെ താരം രജനികാന്തും സംവിധായകന്‍ നെല്‍സണും വീണ്ടും ഒന്നിക്കുന്ന 'ജയിലര്‍ 2'വിന്റെ ഔദ്യോഗിക റിലീസ് തിയതി പുറത്തുവിട്ടു. ഒക്ടോബര്‍ 15-ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. 2023-ല്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച 'ജയിലറി'ന്റെ രണ്ടാം ഭാഗത്തിനായി ഏറെ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ആദ്യ ഭാഗത്തിലെപ്പോലെ തന്നെ വമ്പന്‍ താരനിരയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. രജനികാന്തിനൊപ്പം രമ്യാ കൃഷ്ണന്‍, മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, മിര്‍ണ മേനോന്‍, യോഗി ബാബു, ജാഫര്‍ സാദിഖ് എന്നിവര്‍ വീണ്ടുമെത്തുന്നുണ്ട്.

'ജയിലര്‍ 2' റിലീസ് അനൗൺസ്മെന്റ് വീഡിയോയിൽനിന്ന്

ഇവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഭഗവതി പെരുമാള്‍, ജതിന്‍ സര്‍ന, മേഘ്ന രാജ് സര്‍ജ, ബ്യോണ്‍ സുറാവു എന്നിവരും പുതിയതായി ചിത്രത്തിന്റെ ഭാഗമാകുന്നു. കൂടാതെ ഹൃത്വിക് റോഷന്‍, നന്ദമൂരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും ആര്‍. നിര്‍മല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ചേതന്‍ ഡിസൂസയാണ്. ആദ്യ ഭാഗത്തെക്കാള്‍ വലിയ മാസ് ആക്ഷന്‍ വിരുന്നായിരിക്കും ജയിലര്‍ 2 സമ്മാനിക്കുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.