സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍ 2' ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം ഇന്ത്യയില്‍നിന്നു മാത്രം 500 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. വന്‍ വരവേല്പാണ് വിവിധ ഭാഷകളില്‍ ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 500 കോടിയിലധികം ഗ്രോസ് കളക്ഷനും, വിദേശരാജ്യങ്ങളില്‍ നിന്ന് മികച്ച കളക്ഷനും നേടിയ ചിത്രം, ലോകമെമ്പാടുമുള്ള കളക്ഷനില്‍ ഇതിനോടകം തന്നെ 765 കോടി രൂപയിലധികം സ്വന്തമാക്കിക്കഴിഞ്ഞു.
കോടികളുടെ റെക്കോഡുകള്‍ തകര്‍ത്തെറിയുന്ന 'ജയിലര്‍ 2' അധികം വൈകാതെ തന്നെ ആഗോളതലത്തില്‍ 1000 കോടി ക്ലബ്ബിലേക്ക് കുതിച്ചുയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെയും സിനിമാപ്രേമികളുടെയും വിലയിരുത്തല്‍. രജനികാന്തിന്റെ സ്റ്റാര്‍ വാല്യുവും നെല്‍സന്റെ സംവിധാനമികവും ഒന്നിച്ചപ്പോള്‍ തെന്നിന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറുകയാണ്.
രജനികാന്തിനൊപ്പം എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ആദ്യ ഭാഗത്തിലുണ്ടായിരുന്ന രമ്യാ കൃഷ്ണൻ, മിർണ, യോഗി ബാബു, മോഹൻലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഹൃതിക് റോഷന്റെ അതിഥി വേഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് 'ജയിലർ 2' നിർമിച്ചത്.