'ജയിലർ 2' ​ഗാനത്തിൽ രജനികാന്ത് സ്ക്രീൻ​ഗ്രാബ്
Tamil

'ജയിലര്‍ 2' ന് 'എ' സർട്ടിഫിക്കറ്റ്,രജനി ഇടഞ്ഞു? സത്യമെന്തെന്ന് വിശദീകരിച്ച് പിആർഒ

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജയിലര്‍ 2' ന് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്നും, 'യു/എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാവൂ എന്ന് രജനികാന്ത് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നുമുള്ള പ്രചരണങ്ങള്‍ തള്ളി നടന്റെ ഔദ്യോഗിക വക്താക്കള്‍. സിനിമയുമായി ബന്ധപ്പെട്ടു നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി രജനികാന്തിന്റെ പിആര്‍ഒ റിയാസ് കെ. അഹമ്മദ് രംഗത്തെത്തിയത്.

ചിത്രത്തിലെ അമിത അക്രമരംഗങ്ങള്‍ കാരണം സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചുവെന്നും, കുടുംബപ്രേക്ഷകരും കുട്ടികളും കാണാതിരുന്നാല്‍ അത് ബോക്‌സ് ഓഫീസ് വിജയത്തെ ബാധിക്കുമെന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് 'യു/എ' ആക്കി മാറ്റാന്‍ അണിയറപ്രവര്‍ത്തകരോട് രജനീകാന്ത് സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

'ജയിലർ 2' ​ഗാനത്തിൽ രജനികാന്ത്

എന്നാല്‍ ഈ വാര്‍ത്ത തീര്‍ത്തും വാസ്തവവിരുദ്ധമാണെന്ന് റിയാസ് കെ. അഹമ്മദ് എക്‌സില്‍ കുറിച്ചു-'ഈ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. 'ജയിലര്‍ 2' വിന്റെ കൃത്യമായ വാര്‍ത്തകളും അപ്‌ഡേറ്റുകളും നിര്‍മാതാക്കള്‍ തന്നെ അവരുടെ നിശ്ചിത സമയക്രമം അനുസരിച്ച് പുറത്തുവിടും'

ജയിലർ 2 റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഒന്നാം ഭാഗത്തിലെ വലിയ വിജയത്തിനുശേഷം എത്തുന്ന സീക്വല്‍ ഒക്ടോബര്‍ 15-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനായി തയാറെടുക്കുന്നത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, വിജയ് സേതുപതി തുടങ്ങി വലിയ താരനിര തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്.