വിജയ് സേതുപതി ഇന്റർനാഷണൽ 'എമ്മി' അവാർഡ് വേദിയിൽ ഫോട്ടോകടപ്പാട്-എഎൻഐ
Tamil

അവതാരകനായി വിജയ് സേതുപതി; 'ഇന്റർനാഷണൽ എമ്മി'യിൽ ഇന്ത്യയ്ക്ക് അഭിമാനനിമിഷം

പപ്പപ്പ റിപ്പോര്‍ട്ടര്‍

അന്താരാഷ്ട്ര ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ പുരസ്‌കാരമായ ഇന്റർനാഷണൽ എമ്മി അവാര്‍ഡ് വേദിയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രോജക്ടുകള്‍ മാറ്റുരയ്ക്കുന്നു. 22 രാജ്യങ്ങളില്‍ നിന്നായി 16 വിഭാഗങ്ങളിലായുള്ള മികച്ച ടെലിവിഷന്‍ പരിപാടികളെയും പ്രകടനങ്ങളെയും ആദരിക്കുന്ന ചടങ്ങില്‍, തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് സേതുപതി അവാര്‍ഡ് സമ്മാനിക്കാനായി വേദിയിലെത്തി എന്നതും ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ്.

മൈക്കല്‍ യൂറി ആതിഥേയത്വം വഹിക്കുന്ന 54-ാമത് അവാര്‍ഡ് വേദിയില്‍ വിജയ് സേതുപതിയെ എത്തിക്കുന്നതില്‍ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ബോര്‍ഡ് അംഗവും നിര്‍മാതാവുമായ കവിത ഗുപ്ത നിര്‍ണായക പങ്കുവഹിച്ചു. 2024-ല്‍ ഹാസ്യതാരം വീര്‍ ദാസിനെ അന്താരാഷ്ട്ര എമ്മി വേദിയുടെ ആതിഥേയത്വത്തിലേക്ക് കൊണ്ടുവരുന്നതിലും കവിത ഗുപ്ത പ്രധാന പങ്കുവഹിച്ചിരുന്നു.

'വീര്‍ ദാസ്: ഫൂള്‍ വോളിയം'എന്ന സീരീസിൽ നിന്ന്

ഇത്തവണത്തെ അവാര്‍ഡില്‍ ഇന്ത്യയുടെ പ്രതീക്ഷയായി രണ്ട് നോമിനേഷനുകളാണുള്ളത്. കോമഡി വിഭാഗത്തില്‍ നെറ്റ്ഫ്‌ളിക്‌സ് സ്‌പെഷ്യലായ 'വീര്‍ ദാസ്: ഫൂള്‍ വോളിയം' എന്ന പരിപാടിയിലൂടെ വീര്‍ ദാസ് നോമിനേഷന്‍ നേടി. 2021-ല്‍ 'ഫോര്‍ ഇന്ത്യ', 2023-ല്‍ 'ലാന്‍ഡിങ്' എന്നിവയ്ക്ക് ശേഷം വീര്‍ ദാസിന് ലഭിക്കുന്ന മൂന്നാമത്തെ എമ്മി നോമിനേഷനാണിത്.

മാനവ് കൗള്‍, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോണിലിവ് സീരീസായ 'റിയല്‍ കാശ്മീര്‍ ഫുട്‌ബോള്‍ ക്ലബി'നാണ് ഇന്ത്യയുടെ രണ്ടാമത്തെ നോമിനേഷന്‍.

'റിയല്‍ കാശ്മീര്‍ ഫുട്‌ബോള്‍ ക്ലബ്ബ്' പോസ്റ്റർ

ഇന്ത്യന്‍ സമയം നവംബര്‍ 24 പുലര്‍ച്ചെ മൂന്നരയോടെ അവാര്‍ഡ് ദാന ചടങ്ങുകളും സംപ്രേക്ഷണം തുടങ്ങിയിട്ടുണ്ട്. ഇന്റർനാഷണൽ എമ്മി പുരസ്‌കാര ചരിത്രത്തില്‍ ഇന്ത്യക്കു നേരത്തെയും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. 2023-ല്‍ ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് അവാര്‍ഡ് ലഭിച്ചതിലൂടെ ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ചലച്ചിത്ര നിര്‍മാതാവെന്ന നേട്ടം ഏകതാ കപുര്‍ സ്വന്തമാക്കി. 2011-ല്‍ സീ ടിവി ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയാണ് പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍. 2020-ല്‍ 'ഡല്‍ഹി ക്രൈം' ഇന്റര്‍നാഷണല്‍ എമ്മി നേടിയപ്പോള്‍, 2023-ല്‍ 'വീര്‍ ദാസ്: ലാന്‍ഡിങ്' എന്ന പരിപാടിയിലൂടെ വീര്‍ ദാസും പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.