'ഇന്ത്യൻ 2' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Tamil

'ഇന്ത്യൻ 3' ഉപേക്ഷിച്ചിട്ടില്ല, ബാക്കിയുള്ളത് ഏതാനും ഭാ​ഗങ്ങളുടെ ഷൂട്ടിങ് മാത്രം

പപ്പപ്പ റിപ്പോര്‍ട്ടര്‍

കമല്‍ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടിലെ ജനപ്രിയ ആക്ഷന്‍ ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗമായ 'ഇന്ത്യന്‍ 3' പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. 'ഇന്ത്യന്‍ 2' തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാത്തതിനെ തുടര്‍ന്ന് മൂന്നാം ഭാഗത്തിന്റെ തുടര്‍നടപടികള്‍ മന്ദഗതിയിലാവുകയും ചിത്രം ഉപേക്ഷിച്ചേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇന്ത്യന്‍ 2' വിന്റെ ചിത്രീകരണത്തിനൊപ്പം തന്നെ മൂന്നാം ഭാഗത്തിന്റെ വലിയൊരു പങ്കും പൂര്‍ത്തിയാക്കിയിരുന്നു. ഇനി ഏതാനും ചില ഭാഗങ്ങളുടെ ഷൂട്ടിങ്ങും. വിഎഫ്എക്‌സ് അടക്കമുള്ള പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളും മാത്രമാണ് ബാക്കിയുള്ളത്. സംവിധായകന്‍ ശങ്കര്‍ തന്റെ അടുത്ത ബിഗ് ബജറ്റ് പ്രോജക്റ്റിലേക്ക് കടക്കുന്നതിന് മുമ്പു തന്നെ 'ഇന്ത്യന്‍ 3' തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരങ്ങള്‍.

ശങ്കറും കമൽഹാസനും

സേനാപതി എന്ന കഥാപാത്രത്തിന്റെ മുന്‍കാല ചരിത്രവും സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പോരാട്ടങ്ങളുമാണ് മൂന്നാം ഭാഗത്തിന്റെ പ്രധാന പ്രമേയം. കമല്‍ഹാസന് പുറമെ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.