'ഇന്ത്യൻ 2' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Tamil

'ഇന്ത്യന്‍ 3' പ്രതിസന്ധിയില്‍; ശങ്കര്‍ സ്വപ്‌ന സിനിമയായ 'വേൽപാരി'യിലേക്ക്?

പപ്പപ്പ റിപ്പോര്‍ട്ടര്‍

കമല്‍ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 3' യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ 2' ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരുന്നതാണ് 'ഇന്ത്യന്‍ 3'യുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. രണ്ടാം ഭാഗത്തിനൊപ്പം തന്നെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനവും നടന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചിത്രം ഉപേക്ഷിക്കാന്‍ സംവിധായകന്‍ ഒരുങ്ങുകയാണെന്നാണ് കോളിവുഡ് റിപ്പോര്‍ട്ട്.

മൂന്നു മാസത്തിനുള്ളില്‍ 'ഇന്ത്യന്‍ 3' പൂര്‍ത്തിയാക്കി റിലീസ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിനോട് ശങ്കര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സമയപരിധിക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍, തന്റെ സ്വപ്‌നസിനിമയായ 'വേല്‍പാരി'യുമായി മുന്നോട്ടുപോകുമെന്നും, പിന്നീട് ഇന്ത്യന്‍ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിവരില്ലെന്നും ശങ്കര്‍ അറിയിച്ചതായാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നത്.

ശങ്കറും കമൽഹാസനും

നേരത്തെ 'ഇന്ത്യന്‍ 2' തടസപ്പെട്ട സമയത്ത് ശങ്കര്‍ റാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചര്‍' ആരംഭിച്ചിരുന്നു. പിന്നീട് നിര്‍മാതാക്കളുടെ അഭ്യര്‍ഥന പ്രകാരം രണ്ട് ചിത്രങ്ങളും ഒരേസമയം പൂര്‍ത്തിയാക്കേണ്ടിവന്നു. എന്നാല്‍ രണ്ടു സിനിമകള്‍ക്കും സമ്മിശ്ര പ്രതികരണങ്ങള്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍, ഇനിമുതല്‍ ഒരേസമയം ഒന്നിലധികം പ്രോജക്ടുകള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നാണ് ശങ്കറിന്റെ തീരുമാനം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന 'വേല്‍പാരി'യില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശങ്കര്‍ ആഗ്രഹിക്കുന്നത്.

ശങ്കർ

1996-ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍' എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയായാണ് 'ഇന്ത്യന്‍ 2' എത്തിയത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതിയുടെ മടങ്ങിവരവായിരുന്നു പ്രമേയം. സിദ്ധാര്‍ഥ്, എസ്.ജെ സൂര്യ, രാകുല്‍ പ്രീത് സിങ് തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തിന്റെ അവസാനം മൂന്നാം ഭാഗത്തിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് അവസാനിച്ചത്. എങ്കിലും 'ഇന്ത്യന്‍ 3' പൂര്‍ണമായും ഉപേക്ഷിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.