പകർപ്പവകാശക്കേസിൽ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയ്ക്ക് തുടർച്ചയായ തിരിച്ചടികൾ. തന്റെ പ്രശസ്ത ഗാനങ്ങൾ പുനരാവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഗായകർ, സംവിധായകർ, മ്യൂസിക് ലേബലുകൾ തുടങ്ങിയവരുമായി നിരവധി പകർപ്പവകാശ തർക്കങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇളയരാജയുടെ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ ഇളയരാജ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഇളയരാജ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളിയത്. ഇതോടെ പഴയ ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് സരിഗമ മ്യൂസിക്കിന് അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്.
വെൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന 'അഗത്യ' എന്ന ചിത്രത്തിനായി ഇളയരാജയുടെ പ്രശസ്ത ഗാനം 'എൻ ഇനിയ പൊൻ നിലാവെ' പുനരാവിഷ്കരിച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്. ഇളയരാജയിൽ നിന്ന് നേരിട്ട് ലൈസൻസ് നേടിയ ശേഷമാണ് ഗാനം പുനരാവിഷ്കരിച്ചതെന്നാണ് നിർമാണക്കമ്പനിയുടെ നിലപാട്.
എന്നാൽ ഗാനത്തിന്റെ പൂർണമായ പകർപ്പവകാശം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി സരിഗമ ഇതിനെതിരെ രംഗത്തെത്തി. യഥാർഥ ചിത്രത്തിന്റെ നിർമാതാക്കളിൽ നിന്ന് പകർപ്പവകാശം തങ്ങൾക്ക് കൈമാറിക്കിട്ടിയിട്ടുണ്ടെന്നും മ്യൂസിക് ലേബൽ വാദിച്ചു. രാജാ സിനി ആർട്സ് നിർമിച്ച്,ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ 'മൂടു പനി' എന്ന തമിഴ് ചിത്രത്തിൽ യേശുദാസ് പാടിയ ഗാനമാണ് 'എൻ ഇനിയ പൊൻ നിലാവെ'
ഇളയരാജയ്ക്ക് സംഗീതസംവിധാനവുമായി ബന്ധപ്പെട്ട ട്യൂണിന്റെ പകർപ്പവകാശം മാത്രമാണുള്ളതെന്നും ശബ്ദലേഖനത്തിന്റെയും വരികളുടെയും പൂർണ പകർപ്പവകാശം അദ്ദേഹത്തിനില്ലെന്നുമായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ്.
സരിഗമയിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ പുനരാവിഷ്കരിച്ച ഗാനത്തിന്റെ പതിപ്പ് പുറത്തിറക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ ഇളയരാജ ഹൈക്കോടതിയിൽ റിവ്യൂ ഹർജികൾ സമർപ്പിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഡിവിഷൻ ബെഞ്ചും അദ്ദേഹത്തിന്റെ ഹർജികൾ തള്ളി.
തുടർന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് നിലനിർത്തുകയായിരുന്നു.
ഗാനങ്ങളുടെയും സംഗീതത്തിന്റെയും പകർപ്പവകാശവുമായി ബന്ധപ്പെട്ട ഭാവിയിലെ നിയമപോരാട്ടങ്ങളിൽ ഈ ഉത്തരവുകൾക്ക് പ്രാധാന്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പഴയ ഗാനങ്ങളുടെ ഒറിജിനൽ സൗണ്ട് റെക്കോർഡിങ്ങുമായി ബന്ധപ്പെട്ട അവകാശങ്ങളിൽ വ്യക്തിഗത സംഗീതസംവിധായകരേക്കാൾ മ്യൂസിക് കമ്പനികൾക്ക് ശക്തമായ നിയന്ത്രണമുണ്ടാകുന്ന തരത്തിലുള്ള നിയമവ്യാഖ്യാനത്തിനും ഇത് വഴിയൊരുക്കിയേക്കും.