ഇന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ശങ്കര്‍-അര്‍ജുന്‍ കൂട്ടുകെട്ടിന്റെ 'ജെന്റില്‍മാന്‍' വീണ്ടും തിയേറ്ററുകളിലേക്ക്. 1993-ല്‍ പുറത്തിറങ്ങി വന്‍ വിജയം നേടിയ ചിത്രം, മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുതിയ സാങ്കേതിക മികവോടെ ബിഗ് സ്‌ക്രീനില്‍ പുനര്‍ജനിക്കുന്നത്.
റിലീസിന്റെ 33-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, നിര്‍മാതാവ് കെ.ടി. കുഞ്ഞുമോന്‍ തന്നെയാണ് 'ജെന്റില്‍മാന്‍' വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. സിനിമയുടെ ദൃശ്യങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ റീസ്റ്റോറേഷന്‍ നടത്തി 4കെ അള്‍ട്രാ എച്ച്ഡി ദൃശ്യമികവിലും, ഡോള്‍ബി അറ്റ്‌മോസ് ശബ്ദസാങ്കേതിക വിദ്യയിലുമാണ് റീ-റിലീസ് ചെയ്യുന്നത്. റിലീസ് തിയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആക്ഷന്‍ കിങ് അര്‍ജുന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നുമാണ് 'ജെന്റില്‍മാന്‍'. ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണവും അഴിമതിയും പ്രമേയമാക്കിയ ചിത്രം, അന്നത്തെ കാലത്ത് വലിയ സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. മധുബാല നായികയായ ചിത്രത്തില്‍ കൗണ്ടമണി, സെന്തില്‍, വിനീത്, ചാരുഹാസന്‍,മനോരമ,രാജൻ പി ദേവ്,ഗൗതമി,പ്രഭുദേവ തുടങ്ങിയ വലിയൊരു താരനിരയും അണിനിരന്നിരുന്നു.
എ.ആര്‍. റഹ്‌മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ലിസ്റ്റിലുണ്ട്. പഴയ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെയും നല്ല സിനിമയുടെയും ഓര്‍മകളും, പുതിയ തലമുറയ്ക്ക് ഒരു ദൃശ്യവിരുന്നും സമ്മാനിക്കാനാണ് കള്‍ട്ട് ക്ലാസിക് ചിത്രം പുതിയ ദൃശ്യ,ശ്രാവ്യമികവിൽ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.