ജി.ഡി.നായിഡു, 'ജിഡിഎൻ' സിനിമയിൽ ജി.ഡി.നായിഡുവായി മാധവൻ ഫോട്ടോ-വിക്കിപ്പീഡിയ,അറേഞ്ച്ഡ്
Tamil

'ഇന്ത്യന്‍ എഡിസണ്‍' വെള്ളിത്തിരയിലേക്ക്; ജി.ഡി. നായിഡുവിന്റെ വിസ്മയ ജീവിതകഥ ഇതാ...

പപ്പപ്പ റിസര്‍ച്ച് ടീം

ബ്രിട്ടീഷ് കമ്പനികളെ വിറപ്പിച്ച തദ്ദേശീയ വ്യവസായ കരുത്ത്... ഒരൊറ്റ ബസില്‍ തുടങ്ങി കോയമ്പത്തൂരിന്റെ സാമ്പത്തിക ശില്പിയായി മാറിയ ദീര്‍ഘദര്‍ശി... ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചിട്ടും ചരിത്രം വേണ്ടത്ര രേഖപ്പെടുത്താതെ പോയ മഹാപ്രതിഭ! ജനങ്ങള്‍ ആദരവോടെ 'ഇന്ത്യയുടെ എഡിസണ്‍' എന്ന് വിളിച്ച ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡുവിന്റെ അവിശ്വസനീയമായ ജീവിതകഥ വെള്ളിത്തിരയിലേക്കെത്തുകയാണ്.

'ജിഡിഎന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത് തമിഴകത്തിന്റെ പ്രിയനടന്‍ ആര്‍. മാധവനാണ്. കോയമ്പത്തൂരില്‍ നടന്ന ചിത്രത്തിന്റെ ഗംഭീരമായ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ മാധവന്റെ വാക്കുകള്‍ ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു: 'ഈ സിനിമ ചെയ്യുമ്പോള്‍ അവാര്‍ഡുകളല്ല എന്റെ ലക്ഷ്യം. കണ്ടുപിടിത്തങ്ങളുടെ ഈ രാജാവിന്റെ യഥാര്‍ഥ ജീവിതം സ്വന്തം നാട്ടുകാര്‍ കൃത്യമായി മനസിലാക്കണം, വരുംതലമുറ ഇതറിയണം; അതുമാത്രമാണ് ആഗ്രഹം...'

'ജിഡിഎൻ' ട്രെയിലറിൽ നിന്ന്

ജി.ഡി. നായിഡു എന്ന അദ്ഭുത മനുഷ്യന്‍

1921-ല്‍ ഒരൊറ്റ ബസുമായി ആരംഭിച്ച്, ചുരുങ്ങിയ കാലം കൊണ്ട് 280 ബസുകളുള്ള 'യുണൈറ്റഡ് മോട്ടോര്‍ സര്‍വീസസ്' (യുഎംഎസ്) എന്ന വമ്പന്‍ ഗതാഗത സാമ്രാജ്യം കെട്ടിപ്പടുത്താണ് അദ്ദേഹം വ്യവസായ രംഗത്ത് ശ്രദ്ധേയനാകുന്നത്. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം കേട്ടുമാത്രം വാഹനത്തിന്റെ തകരാറുകള്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്ന അസാധ്യ നിരീക്ഷണപാടവം നായിഡുവിനുണ്ടായിരുന്നു.

1937-ല്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ നിര്‍മിച്ച് അദ്ദേഹം രാജ്യത്തെ ഞെട്ടിച്ചു. നായിഡുവിന്റെ വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകളുടെ പട്ടികയ്ക്കു ദൈര്‍ഘ്യമേറും. വിദേശയാത്രയ്ക്കിടയില്‍ കളിപ്പാട്ട കാറിന്റെ മോട്ടോറില്‍ ബ്ലേഡ് ഘടിപ്പിച്ച് അദ്ദേഹം വികസിപ്പിച്ചെടുത്ത പ്രശസ്തമായ ഇലക്ട്രിക് ഷേവര്‍ രസന്ത്, ഫിലിം ക്യാമറകള്‍ക്കായുള്ള ഡിസ്റ്റന്‍സ് അഡ്ജസ്റ്റര്‍, കൃത്രിമ വോട്ടിങ് തടയുന്ന വോട്ടിംഗ് മെഷീന്‍, ഫ്രൂട്ട് ജ്യൂസ് എക്‌സ്ട്രാക്റ്റര്‍, റേഡിയോ ആഡംബരമായിരുന്ന കാലത്ത് വെറും 70 രൂപയ്ക്ക് അഞ്ചു വാല്‍വുകളുള്ള റേഡിയോ സെറ്റുകള്‍ അങ്ങനെ പോകുന്നു ആ പട്ടിക.

ബ്രിട്ടീഷുകാരിൽ നിന്ന് ജി.ഡി.നായിഡു വാങ്ങിയ വാഹനം. ഇതിലാണ് അദ്ദേഹം അസംബ്ലിങ് പഠിച്ചത്

1952-ല്‍ 2,000 രൂപയ്ക്ക് രണ്ട് സീറ്റുകളുള്ള പെട്രോള്‍ കാര്‍ വികസിപ്പിച്ചെങ്കിലും അന്നത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ലൈസന്‍സ് നിഷേധവും നിസഹകരണവും കാരണം പദ്ധതി വെളിച്ചം കണ്ടില്ല. കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നു വന്ന നായിഡു കൃഷിയിലും വിപ്ലവം സൃഷ്ടിച്ചു. പത്തടി ഉയരത്തില്‍ വളരുന്ന പരുത്തിച്ചെടികള്‍, ഉയര്‍ന്ന വിളവ് തരുന്ന തിന വര്‍ഗങ്ങള്‍, സസ്യങ്ങള്‍ക്കായുള്ള പ്രത്യേക ഇന്‍ജക്ഷനുകള്‍ എന്നിവ അദ്ദേഹം വികസിപ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തറക്കല്ലിടല്‍ മുതല്‍ പൂര്‍ത്തീകരണം വരെ കഴിയുന്ന വീട് നിര്‍മിച്ച് കെട്ടിടനിര്‍മാണ രംഗത്തും അദ്ദേഹം മാതൃകയായി.

1936-ൽ ജർമനിയിൽ നടന്ന പ്രദർശനത്തിൽ ജി.ഡി.നായിഡുവിന്റെ രസന്ത് റേസർ ബ്ലേഡിന് ലഭിച്ച മൂന്നാസ്ഥാനത്തിന്റെ ഫലകം

1944-ല്‍ സജീവ ബിസിനസില്‍ നിന്ന് വിരമിച്ച ശേഷം തന്റെ സമ്പത്ത് മുഴുവന്‍ പൊതുക്ഷേമത്തിനായി വിനിയോഗിച്ച മഹാമനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ പോളിടെക്‌നിക് കോളേജായ 'ആര്‍തര്‍ ഹോപ്പ് പോളിടെക്‌നിക്' (ഇന്നത്തെ ജിസിടി കോയമ്പത്തൂര്‍) സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹം ഒരു മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു.

'ജിഡിഎൻ' ട്രെയിലർ ലോ‍ഞ്ചിൽ ജി.ഡി. നായിഡുവിന്‍റെ ആദ്യകാല വാഹനങ്ങളിലൊന്നിൽ സഞ്ചരിക്കുന്ന മാധവനും നടി ദുഷാര വിജയനും

1974-ല്‍ അന്തരിച്ച വിസ്മയ പ്രതിഭയുടെ ജീവിതം സിനിമയാകുമ്പോള്‍, അത് ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഏറ്റവും മികച്ച ബയോപിക്കുകളില്‍ ഒന്നാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചരിത്രത്തിന്റെ താളുകളില്‍ വിസ്മൃതിയിലാണ്ടുപോയ അറിവിന്റെ ആ വെളിച്ചം മാധവനിലൂടെ വെള്ളിത്തിരയില്‍ വീണ്ടും ജ്വലിച്ചുനില്‍ക്കാന്‍ ഒരുങ്ങുകയാണ്.

കൃഷ്ണകുമാര്‍ രാമകുമാര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍-ഇന്ത്യന്‍ തലത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മാധവനൊപ്പം പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, തമ്പി രാമയ്യ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.