'ഡ്യൂഡ്' പോസ്റ്റർ അറേഞ്ച്ഡ്
Tamil

മമിത-പ്രദീപ് രംഗനാഥന്‍ ചിത്രം 'ഡ്യൂഡ്' രണ്ടാംദിനം നേടിയത് 20 കോടി

പപ്പപ്പ ഡസ്‌ക്‌

മലയാളിതാരം മമിത ബൈജുവും തെന്നിന്ത്യന്‍ താരം പ്രദീപ് രംഗനാഥനും ഒന്നിച്ച തമിഴ് ആക്ഷന്‍ റൊമാന്റിക് കോമഡി ചിത്രം ഡ്യൂഡ് ബോക്‌സ്ഓഫീസില്‍ വന്‍ തരംഗമായി മാറുന്നു. രണ്ടാംദിനത്തില്‍ 20 കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്. ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ വാരാന്ത്യത്തില്‍ ചിത്രം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് റിസര്‍വേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ട്രേഡ് വെബ്സൈറ്റ് പ്രകാരം, രണ്ടാം ദിവസം ചിത്രം 10 കോടി രൂപ നേടി. ഇതോടെ ആകെ 20 കോടി രൂപയായി. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം പത്തുകോടിയോളം രൂപ നേടി. തമിഴില്‍നിന്നുമാത്രം ഏഴുകോടി നേടി. തെലുങ്കില്‍നിന്ന് മൂന്നുകോടിയുമാണ് ചിത്രം നേടിയത്. തമിഴില്‍ ശനിയാഴ്ച ഡ്യൂഡ് 55.43 ശതമാനം ഒക്യുപെന്‍സി നേടി. 2.45 കോടി കളക്ഷന്‍ നേടിയ പ്രദീപ് രംഗനാഥന്റെ 'ലവ് ടുഡേ'യുടെ ഓപ്പണിംഗ് 'ഡ്യൂഡ്' ഇതിനകം മറികടന്നു. കൂടാതെ 6.5 കോടി കളക്ഷന്‍ നേടിയ അദ്ദേഹത്തിന്റെ മുന്‍ ചിത്രമായ 'ഡ്രാഗണി'നെയും മറികടന്നു.

കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത 'ഡ്യൂഡി'ല്‍ ശരത്കുമാര്‍, ഹൃദു ഹാരൂണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റൊമാന്റിക് കോമഡി ചിത്രം, ചെന്നൈ മഹാനഗരത്തില്‍ പ്രണയവും സൗഹൃദവും കണ്ടെത്തുന്ന യുവാവിന്റെ കഥയാണ്.