ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വൻ വിജയം വരിച്ച് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'ഡൊറോത്തി'. ഫെസ്റ്റിവലിൽ നടന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനുശേഷം കാണികളിൽനിന്ന് എഴുന്നേറ്റുനിന്നുള്ള ആദരവും കൈയടിയുമാണ് സിനിമയ്ക്ക് ലഭിച്ചത്.
ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. വൈകാരിക നിമിഷങ്ങളും മികച്ച സംഗീതവും കോർത്തിണക്കി തയാറാക്കിയ ചിത്രം മേളയിലെത്തിയ അന്താരാഷ്ട്ര ചലച്ചിത്ര പ്രേമികളുടെയും നിരൂപകരുടെയും മനസുകീഴടക്കി.
വ്യത്യസ്തമായ പ്രമേയവും കാർത്തിക് സുബ്ബരാജിന്റെ മേക്കിങ് ശൈലിയും ഒപ്പം ഇളയരാജയുടെ മനോഹരമായ പശ്ചാത്തല സംഗീതവും സിനിമയ്ക്കു മാറ്റുകൂട്ടിയിട്ടുണ്ടെന്ന് ആദ്യ പ്രദർശനത്തിനുശേഷം മികച്ച പ്രതികരണങ്ങൾ പുറത്തുവരുന്നു. തമിഴ് സിനിമയെ ആഗോളതലത്തിൽ വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കാൻ 'ഡൊറോത്തി'ക്ക് സാധിച്ചതിൽ അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചു.
അന്താരാഷ്ട്ര മേളയിൽ ലഭിച്ച ഈ വൻ സ്വീകാര്യതയോടെ ചിത്രം ഉടൻ തന്നെ ഇന്ത്യൻ തിയേറ്ററുകളിലും തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കോളിവുഡും.
കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ബാല്യകാല സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് 'ഡോറോത്തി' എന്ന സ്ത്രീ കടന്നുവരുന്നതോടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രമേയമാക്കുന്നത്.