മാരി സെല്‍വരാജ് ചിത്രം 'ബൈസണ്‍ കാലമാടന്‍' എന്ന സിനിമയിലെ പ്രകടനത്തിനു പിന്നാലെ മറ്റൊരു സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയ്ക്കായി ധ്രുവ് വിക്രം തായാറെടുക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കിക്ക് ബോക്‌സിങ് പരിശീലിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ധ്രുവ് തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് സൂചന നല്‍കിയത്.
'പുതിയ സിനിമ, പുതിയ സ്‌കില്‍, പുതിയ സ്‌പോര്‍ട്‌സ്' എന്ന അടിക്കുറിപ്പോടെയാണ് ധ്രുവ് വീഡിയോ പോസ്റ്റ് ചെയ്തത്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരണ്‍ അരവിന്ദ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കാന്താര' ഫെയിം രുക്മിണി വസന്ത് ധ്രുവിന്റെ നായികയായി എത്തുമെന്നും സൂചനകളുണ്ട്.
സായ് അഭയങ്കര്‍ ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ധ്രുവിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ സ്‌പോര്‍ട്‌സ് സിനിമയായിരിക്കും ഇതെന്നാണ് കോളിവുഡിലെ സംസാരം.