ബ്ലോക്ക്ബസ്റ്റർ സംവിധായകൻ രമേഷ് വർമയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് ധ്രുവ് വിക്രം. ‘DV4’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. പെൻ സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ് എന്നീ ബാനറുകൾക്ക് കീഴിൽ കോനേരു സത്യനാരായണയും സിരീഷ കുറപാട്ടിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയന്തിലാൽ ഗഡയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ധ്രുവ് വിക്രമും രമേഷ് വർമയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഈ പുതിയ കൂട്ടുകെട്ടിലേക്ക് വഴിതുറന്നത്. കഥയിലും അതിന്റെ സിനിമാറ്റിക് അവതരണത്തിലും ധ്രുവ് ആകൃഷ്ടനാവുകയായിരുന്നു. തെലുങ്ക്, തമിഴ് വിപണികളിലെ പ്രേക്ഷകരെ ഒരുപോലെ ലക്ഷ്യമിട്ട് വലിയ കാൻവാസിലുള്ള എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്.
‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയ വിജയചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് രമേഷ് വർമ. ധ്രുവ് വിക്രമിന്റെ അഭിനയശൈലിക്ക് അനുയോജ്യമായ ഹൈ-എനർജി എന്റർടെയ്നറാണ് സംവിധായകൻ ഒരുക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
2026 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. വൻ ബജറ്റിലും വിപുലമായ രീതിയിലുമാകും സിനിമ ഒരുക്കുക. ധ്രുവ് വിക്രമിന്റെ ജന്മദിനമായ സെപ്റ്റംബർ 23ന് ചിത്രത്തിന്റെ ടൈറ്റിലും മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെ വിവരങ്ങളും പ്രഖ്യാപിക്കും.