'ഓം' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സൂപ്പർതാരം ധനുഷ് പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ മമ്മൂട്ടിആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം മമ്മൂട്ടിയുമായുള്ള സ്നഹവും ധനുഷ് പ്രകടിപ്പിച്ചു. ചെന്നൈയിലെ സായിറാം എൻജിനീയറിങ് കോളേജിലായിരുന്നു ചടങ്ങ്.
ചിത്രത്തിൽ തനിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചുള്ള വിശേഷങ്ങൾ ധനുഷ് നർമത്തിൽ പങ്കുവെച്ചു- 'മമ്മൂട്ടി സാർ എന്നാൽ 'തഗ് ലൈഫ്' ആണ്, 'തഗ് ലൈഫ്' എന്നാൽ മമ്മൂട്ടി സാറുമാണ്. അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഒരിക്കലും പരമ്പരാഗതമായ ഉത്തരങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ല.'- ധനുഷ് പറഞ്ഞു.
നേരത്തെ, ഒരു മലയാള സിനിമയിൽ താൻ ചെറിയൊരു വേഷത്തിൽ മമ്മൂട്ടി സാറിനൊപ്പം ഒപ്പം അഭിനയിച്ചിരുന്നുവെന്നും. അന്നു അല്പം ഗൗരവക്കാരനാണെന്നാണ് കരുതിയിരുന്നെന്നും ധനുഷ് പറഞ്ഞു. എന്നാൽ 'ഓം' ചിത്രീകരണ വേളയിൽ അദ്ദേഹത്തിനൊപ്പം വീണ്ടും പ്രവർത്തിച്ചപ്പോഴാണ് അദ്ദേഹം എത്രമാത്രം സ്നേഹമുള്ളവനും തമാശക്കാരനുമാണെന്ന് മനസിലാക്കിയതെന്നും ധനുഷ് കൂട്ടിച്ചേർത്തു.
'ഓം' ഏതെങ്കിലുമൊരു നടന്റെ മാത്രം സിനിമയല്ലെന്നും, ഇതൊരു മൾട്ടി-ഹീറോ ചിത്രമാണെന്നും ധനുഷ് വ്യക്തമാക്കി. മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, സംഗീത സംവിധായകൻ സായ് അഭ്യങ്കർ എന്നിവരുൾപ്പെടെ അഞ്ച് പ്രധാന താരങ്ങളാണ് ചിത്രത്തിന്റെ നെടുംതൂണുകൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ ആത്മവിശ്വാസത്തെയും കൃത്യമായ കാഴ്ചപ്പാടിനെയും ധനുഷ് അഭിനന്ദിക്കുകയും ചെയ്തു.
സംഗീത സംവിധായകൻ സായ് അഭ്യങ്കറിന്റെ ചെറിയ പ്രായത്തിലെ വലിയ വിജയങ്ങളെ ധനുഷ് അഭിനന്ദിച്ചു. 'അലാക്ക ലൂവ' എന്ന ഗാനം റെക്കോർഡ് ചെയ്യാൻ താൻ അനുഭവിച്ച രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു- 'പാട്ടിന്റെ പിച്ച് വളരെ ഉയർന്നതാണെന്നും തനിക്ക് പാടാൻ കഴിയില്ലെന്നും ആദ്യം പറഞ്ഞെങ്കിലും, സായ് അഭ്യങ്കറിന്റെ നിർബന്ധപ്രകാരം മൂന്നര മണിക്കൂറോളം കഷ്ടപ്പെട്ടാണ് പാട്ട് പാടി തീർത്തത്. എന്നാൽ പിന്നീട് ആ പാട്ട് മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുന്നതാണ് നല്ലതെന്ന് തോന്നി സായ് അഭ്യങ്കർ ആ വേർഷൻ ഒഴിവാക്കുകയായിരുന്നു. ഞാൻ പാടിയ പാട്ട് ഒഴിവാക്കിയ ഒരേയൊരു സംഗീതസംവിധായകൻ സായ് അഭ്യങ്കറാണ്...'-ധനുഷ് ചിരിയോടെ പറഞ്ഞു.