തന്റെ കരിയറിലെ നിർണായക ചിത്രമായ 'പൊള്ളാതവനെ'ക്കുറിച്ചും അക്കാലത്തു നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും മനസുതുറന്ന് നടൻ ധനുഷ്. പുതിയ ചിത്രമായ "കര'യുടെ പ്രചരണാർഥം കോയമ്പത്തൂരിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. സിനിമയുടെ തുടക്കകാലത്ത് തന്റെ ശരീരപ്രകൃതിയുടെ പേരിൽ ഒട്ടേറെ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ധനുഷ് ഓർമിച്ചു.
'പൊള്ളാതവ'ന് മുൻപ് വളരെ മെലിഞ്ഞവൻ എന്ന രീതിയിലായിരുന്നു പലരും തന്നെ കണ്ടിരുന്നത്. ആദ്യമായി സിക്സ് പാക്ക് ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾ കൈയടിക്കുകയും വിസിലടിക്കുകയും ചെയ്തത് വലിയ മാറ്റമായിരുന്നു. ബോഡി ഇമേജിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാൻ ആ ചിത്രം വലിയ പങ്കുവഹിച്ചു. വെട്രിമാരൻ സംവിധാനം ചെയ്ത 'പൊള്ളാതവൻ' തെന്നിന്ത്യയിൽ വലിയ തരംഗമായിരുന്നു.
യുവതലമുറയോട് ആത്മവിശ്വാസം കൈവിടരുതെന്ന് ധനുഷ് പറഞ്ഞു. 'എന്താണോ ചിന്തിക്കുന്നത്, അത് സംഭവിക്കും' എന്ന തത്വം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ താൻ ഒരു ദേശീയ അവാർഡ് നേടുമെന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാവരും ചിരിച്ചു തള്ളുമായിരുന്നു. എന്നാൽ ആ ലക്ഷ്യത്തിൽ ഉറച്ചുനിന്നതുകൊണ്ടാണ് അവാർഡുകൾ തേടിയെത്തിയതെന്നും ധനുഷ് കൂട്ടിച്ചേർത്തു. 'ആടുകളം', 'അസുരൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള പുരസ്കാരം ഉൾപ്പെടെ നാല് ദേശീയ അവാർഡുകളാണ് ധനുഷ് സ്വന്തമാക്കിയിട്ടുള്ളത്. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് 'കര'.