തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ് പുതിയ പ്രോജക്ടിന്റെ നിഗൂഢത നിറഞ്ഞ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് ആരാധകരില്‍ വലിയ ആകാംക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. 'DxV' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ജൂലായ് 10-ന് പുറത്തുവിടുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
ഭൂതകാലവും ഭാവികാലവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിലേക്കാണ് പുതിയ പോസ്റ്റര്‍ വിരല്‍ചൂണ്ടുന്നത്. കടലില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് പോസ്റ്റര്‍. അതില്‍ പഴയകാലത്തെ വലിയ യുദ്ധക്കപ്പലുകള്‍ ആധുനിക സാങ്കേതികവിദ്യയോടെയുള്ള ഫൈറ്റര്‍ ജെറ്റുകളുമായി ഏറ്റുമുട്ടുന്ന ദൃശ്യമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'പണിന്തവരെ വിട്ടു വൈപ്പാന്‍, പകൈത്തവരെ നാട്ടു വൈപ്പാന്‍' (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകര്‍ത്തുകളയും) എന്ന ശക്തമായ അടിക്കുറിപ്പോടെയാണ് ധനുഷ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ഈ വമ്പന്‍ പ്രോജക്ട് സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെക്കുറിച്ച് സിനിമാലോകത്ത് ഇതിനകം തന്നെ ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍, പോസ്റ്ററിലെ 'V' എന്ന അക്ഷരം സംവിധായകന്‍ വെങ്കട്ട് പ്രഭുവിനെ സൂചിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ശിവകാര്‍ത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍, ശിവകാര്‍ത്തികേയന് പകരം ധനുഷ് എത്തിയതാണെന്ന തരത്തിലും സൂചനകളുണ്ട്. ഇതുകൂടാതെ ധനുഷിന്റെ സ്ഥിരം കൂട്ടുകെട്ടായ വെട്രിമാരനാണ് സംവിധായകനെന്നും അഭ്യൂഹങ്ങൾ പരക്കുന്നു.