സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ റിസപ്ഷനിൽ ചെന്നൈയിൽ വലിയ ആഘോഷമായി മാറി. സിനിമ, രാഷ്ട്രീയം, കായികം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ആഘോഷത്തിനിടെ ശ്രദ്ധിക്കപ്പെട്ടത് ഒരു പ്രമുഖന്റെ അസാന്നിധ്യമായിരുന്നു. നടൻ ധനുഷ് ചടങ്ങിനെത്തിയില്ല. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ്.
നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ധനുഷിന്റെ അസാന്നിധ്യം വലിയ ചർച്ചയായതിന് പ്രത്യേക കാരണമുണ്ട്. അനിരുദ്ധിന്റെ സിനിമാ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചത് ധനുഷായിരുന്നു. ധനുഷ് നായകനായ '3' എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം രാജ്യത്തുടനീളം വൻ തരംഗമായി മാറുകയും അനിരുദ്ധിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കുകയും ചെയ്തു.
പിന്നീട് 'വേലൈ ഇല്ല പട്ടധാരി', 'മാരി', 'തങ്കമകൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു. ശക്തമായ സൗഹൃദവും പ്രൊഫഷണൽ ബന്ധവും പുലർത്തിയിരുന്നവരാണ് ഇരുവരും അതുകൊണ്ടുതന്നെ ധനുഷ് വിവാഹ റിസപ്ഷനെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം പങ്കെടുക്കാതിരുന്നതോടെ ഇരുവരും തമ്മിൽ അകൽച്ചയുണ്ടെന്ന അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതാദ്യമായല്ല ഉയരുന്നത്. കുറച്ചുകാലമായി ഇത്തരം ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴത്തെ സംഭവത്തോടെ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
സൂപ്പർതാരം രജനികാന്തുമായി അടുത്ത കുടുംബബന്ധമുള്ളയാളാണ് അനിരുദ്ധ്. ധനുഷ് നേരത്തെ രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു. 2022-ലാണ് ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് വിവാഹമോചനവും നടന്നു. ഈ കുടുംബബന്ധത്തിന്റെ പശ്ചാത്തലത്തിൽ, പഴയ കുടുംബപ്രശ്നങ്ങളാകാം ധനുഷിന്റെ അസാന്നിധ്യത്തിന് കാരണമെന്ന തരത്തിലും ചിലർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാൽ ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ്. ധനുഷ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന്റെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. വിവാഹാഘോഷത്തിലേക്ക് ധനുഷിനെ ക്ഷണിച്ചിരുന്നോ എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. ധനുഷോ അനിരുദ്ധോ ഇക്കാര്യത്തിൽ പ്രതികരിച്ചാൽ മാത്രമേ അസാന്നിധ്യത്തിന് പിന്നിലെ കാരണം വ്യക്തമാകൂ.