'അമരന്‍' എന്ന ഒറ്റച്ചിത്രം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ബോക്‌സ് ഓഫീസില്‍ വിറപ്പിച്ച സംവിധായകനാണ് രാജ്കുമാര്‍ പെരിയസാമി. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആ വിജയഗാഥയ്ക്ക് ശേഷം രാജ്കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധനുഷും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സിനിമാ ലോകം കേട്ടത്.
'ഡി 55' എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ഇമോഷണല്‍ ത്രില്ലറിന്റെ ഷൂട്ടിംഗ് പുരോഗമിക്കവെ, ചൂടുപിടിപ്പിക്കുന്ന അണിയറവാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയിരിക്കുന്നത്. ഏത് പ്ലാറ്റ്ഫോമാണ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത് എന്ന കാര്യം നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.
തമിഴിനോടും തമിഴ് സംസ്‌കാരത്തോടും മലയാളിതാരങ്ങള്‍ക്കുള്ള പ്രത്യേക സ്‌നേഹം മമ്മൂട്ടി ഈ ചിത്രത്തിലൂടെയും കാത്തുസൂക്ഷിച്ചു. സിനിമയില്‍ സീനുകള്‍ കുറവാണെങ്കിലും തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ പോന്ന ഒട്ടേറെ മാസ് നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിനുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് ആദ്യം ഓഫര്‍ ചെയ്തത് 35 കോടി രൂപയുടെ വമ്പന്‍ പ്രതിഫലമായിരുന്നു. എന്നാല്‍ തന്റെ ഡേറ്റും സിനിമയുടെ ബജറ്റും കണക്കിലെടുത്ത് അത്രയും വലിയ തുക വാങ്ങാന്‍ മമ്മൂട്ടി വിസമ്മതിച്ചു. ഒടുവില്‍ തമിഴ് സിനിമാലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് 24 കോടി രൂപയ്ക്കാണ് താരം കരാറൊപ്പിട്ടതെന്നാണ് വാർത്ത. പ്രതിഫലകാര്യത്തില്‍ മമ്മൂട്ടി കാണിച്ച മാന്യതയ്ക്ക് തമിഴകത്ത് ഇപ്പോള്‍ കയ്യടികള്‍ ഉയരുകയാണ്.