വൈരമുത്തു,ചിന്മയി ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Tamil

വൈരമുത്തുവിനെതിരേ വീണ്ടും ചിന്മയി; കമല്‍ഹാസനും രൂക്ഷവിമര്‍ശനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരം ജ്ഞാനപീഠം പ്രഖ്യാപിച്ചതിനു പിന്നാലെ കോളിവുഡില്‍ വിവാദം പുകയുന്നു. വൈരമുത്തുവിനെ അഭിനന്ദിച്ചുകൊണ്ട് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പങ്കുവച്ച കുറിപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. 2018-ല്‍ 'മീ ടൂ' ആരോപണങ്ങളിലൂടെ വൈരമുത്തുവിനെതിരെ ശബ്ദമുയര്‍ത്തിയ ഗായികയാണ് ചിന്മയി.

തമിഴകത്തേക്ക് ജ്ഞാനപീഠം എത്തിച്ച വൈരമുത്തുവിനെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചാണ് കമല്‍ഹാസന്‍ അഭിനന്ദിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ചിന്മയി പ്രതികരിച്ചത്:

'സിനിമയില്‍ സ്വാധീനമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍, തങ്ങള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ സ്ത്രീകളുടെ വാക്കുകള്‍ക്കു ചെവികൊടുക്കുന്നില്ല. വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഇത് ഓര്‍ക്കണം. പുരുഷന്മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല.'-ചിന്മയി എക്‌സില്‍ കുറിച്ചു. കമല്‍ഹാസന്റെ പാര്‍ട്ടിയിലെ തന്നെ ഒരു വനിതാഅംഗം നേരത്തെ വൈരമുത്തുവിനെതിരെ രംഗത്തെത്തിയതും ഗായിക ചൂണ്ടിക്കാട്ടി.

ചിന്മയി

വൈരമുത്തുവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ നിലനില്‍ക്കെ അദ്ദേഹത്തെ ആദരിക്കാനുള്ള തീരുമാനത്തെയും ചിന്മയി ചോദ്യം ചെയ്തു. 2021-ല്‍ കേരളത്തില്‍ ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് പ്രഖ്യാപിച്ചപ്പോള്‍ വലിയ പ്രതിഷേധം ഉയരുകയും തുടര്‍ന്ന് അദ്ദേഹം പുരസ്‌കാരം നിരസിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ജ്ഞാനപീഠം നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് ഗായിക വിമര്‍ശിച്ചു. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് നിയമം എങ്ങനെയാണ് വഴങ്ങുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അഭിനന്ദന പോസ്റ്റിനെ ഉദ്ധരിച്ച് ചിന്മയി പരിഹസിച്ചു.

വൈരമുത്തുവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും

വൈരമുത്തുവിനെതിരെ സംസാരിച്ചതിന്റെ പേരില്‍ തമിഴ് സിനിമയില്‍ പാടുന്നതിനും ഡബ്ബ് ചെയ്യുന്നതിനും തനിക്കു വിലക്കേര്‍പ്പെടുത്തിയതായും വലിയ വില നല്‍കേണ്ടി വന്നതായും ചിന്മയി കൂട്ടിച്ചേര്‍ത്തു. തന്നോടൊപ്പം ശബ്ദമുയര്‍ത്തിയ മറ്റ് പല സ്ത്രീകള്‍ക്കും താത്പര്യമുള്ള മേഖലയില്‍ തുടരാന്‍ പോലും സാധിച്ചില്ലെന്നും അവരെല്ലാം അടിച്ചമര്‍ത്തപ്പെട്ടെന്നും ചിന്മയി കുറിപ്പില്‍ തുറന്നടിച്ചു.