വിവാഹത്തിന് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, സംഗീത സംവിധായകൻ അനിരുദ്ധും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും. ഗ്രീസിലെ ഡെസ്റ്റിനേഷൻ വിവാഹം കഴിഞ്ഞ്, ശനിയാഴ്ചയാണ് ദമ്പതികൾ ചെന്നൈയിൽ തിരിച്ചെത്തിയത്. പുതിയ ജീവിതയാത്രയ്ക്ക് സ്നേഹവും അനുഗ്രഹവും നൽകിയവർക്ക് നന്ദി അറിയിച്ചുകൊണ്ട് വെള്ളിയാഴ്ച അനിരുദ്ധ് ഇരുവരുടെയും പേരിൽ സംയുക്ത പ്രസ്താവന പങ്കുവെച്ചു.
'ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും വാക്കുകൾക്കതീതമായി ഞങ്ങൾക്ക് അമൂല്യമാണ്. ഈ പുതിയ തുടക്കം കൂടുതൽ സവിശേഷമാക്കിയതിന് നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഞങ്ങൾ ഒപ്പം കരുതുന്നു' എന്നാണ് കുറിച്ചിരിക്കുന്നത്.
വിവാഹ സമയത്തും ശേഷവും പകർത്തിയ ചിത്രങ്ങളും വീഡിയോയും അനിരുദ്ധ് പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം, സൂപ്പർസ്റ്റാർ രജനികാന്ത്, എം.കെ. സ്റ്റാലിൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ഫോട്ടോകളും വീഡിയോയിലുണ്ട്. നാളെ ചെന്നൈയിൽ വെച്ച് ഇവരുടെ വിവാഹ സൽക്കാരം നടക്കും.
ഇരുവരുടെയും ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും, സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും അനിരുദ്ധ് പലതവണ അവ നിഷേധിച്ചിരുന്നു. പിന്നീട് അനിരുദ്ധിന്റെ അമ്മാവൻ വൈ.ജി. മഹേന്ദ്രനാണ് വിവാഹ വാർത്ത സ്ഥിരീകരിച്ചത്.
സിനിമയിൽ ഏറെ തിരക്കിലാണ് അനിരുദ്ധ് ഇപ്പോൾ. രജനികാന്ത് നായകനാകുന്ന 'ധർമൻ', വെട്രിമാരൻ-ചിമ്പു ചിത്രം 'അരസൻ', ഷാരൂഖ് ഖാൻ ചിത്രം 'കിങ്', കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന 'കെഎച്ച് × ആർകെ' അജിത് കുമാർ ചിത്രം 'ഡെയർഡെവിൾ', കമൽഹാസന്റെ 'സണ്ടിയാർ', 'ഇന്ത്യൻ 3', ലോകേഷ് കനകരാജ്-അല്ലു അർജുൻ ചിത്രം, അറ്റ്ലി-അല്ലു അർജുൻ ചിത്രം 'രാക്ക' തുടങ്ങി വിവിധ ഘട്ടങ്ങളിലുള്ള നിരവധി പ്രോജക്ടുകൾ അദ്ദേഹത്തിനുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രങ്ങളും ഈ നിരയിലുണ്ട്. തിരക്കുകാരണം 'കിങ്ങി'ൽ നിന്ന് അനിരുദ്ധ് പിന്മാറി എന്നും വാർത്തകൾ വന്നിരുന്നു.