അമല, അമലയുടെ ആദ്യമലയാള ചിത്രമായ 'എന്റെ സൂര്യപുത്രിക്ക്' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Tamil

എട്ടു വർഷം തുടർച്ചയായി എല്ലാദിവസവും 12 മണിക്കൂർ ജോലി: സിനിമയിലെ പഴയകാലം ഓർമിച്ച് അമല

പപ്പപ്പ ഡസ്‌ക്‌

ഒരു കാലത്ത് തന്റെ മനോഹരമായ അഭിനയശൈലിയിലൂടെയും സ്ക്രീൻ പ്രസൻസിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല. മലയാളം,തമിഴ്,തെലുങ്ക് സിനിമകളിലെ പ്രകടനങ്ങളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ അമലയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ 1992ൽ നാഗാർജുനയെ വിവാഹം ചെയ്തതോടെ താരം അഭിനയത്തിൽനിന്ന് പതുക്കെ പിൻവാങ്ങി, അമല അക്കിനേനിയായി. ഏതാനും വർഷങ്ങൾക്കു മുമ്പ് സിനിമയിൽ രണ്ടാം വരവ് നടത്തിയ അമല, ഏതാനും ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

സിനിമയിലെ ആദ്യകാലത്തെ രസകരമായ ചില അനുഭവങ്ങൾ അടുത്തിടെ അമല പങ്കുവെച്ചു. ഗലാട്ടയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി മഹേശ്വരിയാണ് തമിഴ് സിനിമയ്ക്ക് അമല നൽകിയ സംഭാവനകളെക്കുറിച്ച് സംസാരിച്ചത്. തമിഴ് ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിച്ച അമല, ചില സിനിമകളുടെ ഉത്തരവാദിത്തം പോലും തന്റെ പ്രകടനത്തിലൂടെ ഏറ്റെടുത്തിരുന്നുവെന്ന് മഹേശ്വരി പറഞ്ഞു.

അമല തമിഴ്സിനിമയായ 'മൗനം സമ്മത'ത്തിലെ 'കല്യാണതേൻ നിലാ' എന്ന ​ഗാനരം​ഗത്തിൽ

ഇതിനോട് പ്രതികരിക്കവെ സിനിമ എന്നത് ഒരു കൂട്ടായ പ്രവർത്തനമാണെന്ന് അമല ഓർമിപ്പിച്ചു. 'തമിഴ് സിനിമയുടെ വലിയ ആരാധികയാണ് ഞാൻ. അതൊരു സുവർണകാലമായിരുന്നുവെന്ന് പറയാം. അന്നത്തെ സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. എന്റെ മാതൃഭാഷയെപ്പോലെയുള്ള തമിഴ് സിനിമയിൽ അവസരം ലഭിച്ചത് ആ കാലത്താണ്. ആ അവസരം ഞാൻ ഏറ്റെടുക്കുകയും ആവശ്യമായ രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്തു.'- അമല പറഞ്ഞു.

അമല

തുടർച്ചയായി എട്ടു വർഷത്തോളം കൃത്യമായ ഇടവേളകളില്ലാതെ രാവും പകലും ജോലി ചെയ്തിരുന്നുവെന്നും താരം വെളിപ്പെടുത്തി. 'വർഷങ്ങളോളം രാവിലെ ഏഴു മണിക്ക് വീട്ടിൽനിന്ന് പുറപ്പെട്ട് ടി നഗറിലേക്ക് പോകുമായിരുന്നു. അന്ന് അവിടെയെത്താൻ ഒരു മണിക്കൂർ മതിയായിരുന്നു. ഇപ്പോൾ അതിലേറെ സമയമെടുക്കും. തുടർച്ചയായി എട്ടു വർഷം എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ നീളുന്ന ഷൂട്ടിങ് ഷെഡ്യൂളായിരുന്നു എനിക്ക്'- അമല പറഞ്ഞു.

അമല വർഷങ്ങൾക്കുശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയ 'കെയർ ഓഫ് സൈറബാനു'വിന്റെ പോസ്റ്റർ

രാവിലെ എട്ടു മണിയോടെ ലൊക്കേഷനിലെത്തും. മേക്കപ്പ് പൂർത്തിയാക്കി ഒമ്പതു മണിക്ക് ആദ്യ ഷോട്ട്. പിന്നീട് രാത്രി ഒമ്പതു വരെ ജോലി തുടരും. ദീർഘമായ യാത്രയ്ക്കുശേഷം വീട്ടിലെത്തുമ്പോൾ രാത്രി പത്തുമണി കഴിഞ്ഞിട്ടുണ്ടാകുമെന്നും തുടർന്ന് നേരെ ഉറങ്ങാൻ പോകുകയായിരുന്നുവെന്നും അമല ഓർത്തെടുത്തു.

അമല ഭർത്താവും നടനുമായ നാ​ഗാർജുനയ്ക്കൊപ്പം

സിനിമാ മേഖലയിൽ ജോലി സമയവും ഷിഫ്റ്റുകളും സംബന്ധിച്ച ചർച്ചകൾ അടുത്തകാലത്തായി സജീവമാണ്. കൃത്യമായ തൊഴിൽസമയക്രമം വേണമെന്ന ആവശ്യവുമായി നിരവധി അഭിനേതാക്കളും സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തുടർച്ചയായി എട്ടു വർഷം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ ജോലി ചെയ്തിരുന്നുവെന്ന അമല അക്കിനേനിയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നത്.