അജിത് മത്സരത്തിനിടെ സ്ക്രീൻ​ഗ്രാബ്
Tamil

തല അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം ജിടി 4 യൂറോപ്യന്‍ സീരീസ് റേസിനിടെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇറ്റലിയില്‍ നടന്ന ജിടി 4 യൂറോപ്യന്‍ സീരീസിനിടെ നടനും പ്രൊഫഷണല്‍ റേസറുമായ അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നതിനിടെ മിസാനോ സര്‍ക്യൂട്ടിലാണ് അപകടമുണ്ടായത്. അജിത്തിന്റെ കാര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് താരം മത്സരത്തില്‍നിന്നു പിന്മാറി. അപകടത്തില്‍ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ല. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയില്‍ അജിത്ത് തന്റെ കാറില്‍ നിന്നിറങ്ങി ട്രാക്കിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതായി കാണാം.

അജിത്തിന്റെ പ്രവൃത്തി കണ്ട് റേസ് കമന്റേറ്റര്‍മാരില്‍ ഒരാള്‍ ഇങ്ങനെ കുറിച്ചു- 'അജിത്കുമാര്‍ കാറില്‍നിന്ന് ഇറങ്ങി, മത്സരത്തില്‍നിന്നു പുറത്തായി. എന്നാല്‍, അദ്ദേഹത്തില്‍ ഞങ്ങള്‍ കാണുന്ന സവിശേഷത മികച്ച ചാമ്പ്യന്‍ എന്നതുമാത്രമല്ല, അപകടമുണ്ടായതിനുശേഷം റോഡ് വൃത്തിയാക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി എന്നതാണ്. അധികമാരും അങ്ങനെ ചെയ്ട്ടില്ല...'

അപകടത്തിനുശേഷം അജിത്

റേസിങ്ങില്‍ താത്പര്യമുള്ള താരം 2003ല്‍ ആണ് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 2010 ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്രമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന മത്സരങ്ങളില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മത്സരിച്ചിട്ടുണ്ട്. പോർച്ചു​ഗലിൽ പരിശീലനത്തിനിടയിലും അജിത്തിന് ചെറിയ പരിക്കേറ്റിരുന്നു. ബെല്‍ജിയത്തിലെ സ്പാ-ഫ്രാങ്കോര്‍ചാംപ്‌സ് സര്‍ക്യൂട്ടില്‍ നടക്കുന്ന ജിടി 4 യൂറോപ്യന്‍ സീരീസിന്റെ മൂന്നാം റൗണ്ടിനായി തയാറെടുക്കുകയാണ് അജിത്ത് ഇപ്പോള്‍.

അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി'യിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്. നിലവില്‍ 2025 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണിത്. സിനിമയില്‍നിന്ന് തത്കാലം വിട്ടുനില്‍ക്കുകയാണ് അജിത്. അതേസമയം, അദ്ദേഹത്തിന്റെ അടുത്ത പ്രോജക്ട് വീണ്ടും രവിചന്ദ്രന്‍ തന്നെ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.