റേസിങ് ട്രാക്കിലും വെള്ളിത്തിരയിലും ഒരുപോലെ വിസ്മയങ്ങൾ തീർക്കുന്ന തമിഴ് സൂപ്പർ താരം അജിത്കുമാർ വീണ്ടും വാർത്തകളിൽ. യുഎഇയിൽനിന്നു ചെന്നൈയിൽ തിരിച്ചെത്തിയ താരം മഹീന്ദ്രയുടെ പുത്തൻ ഇലക്ട്രിക് എസ്യുവി ബിഇ 6 സ്വന്തമാക്കിയതാണ് ഇപ്പോൾ സിനിമാ-വാഹന ലോകത്തെ ചർച്ചാവിഷയം.
ദുബായിൽനിന്ന് നാട്ടിലെത്തിയ അജിത് നേരെ പോയത് ഷിർദി സായിബാബ ക്ഷേത്രത്തിലേക്കായിരുന്നു. ദർശനത്തിനു ശേഷം മടങ്ങിയെത്തിയ താരം ഫോർമുല ഇ റേസിങ്ങിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മഹീന്ദ്രയുടെ അത്യാധുനിക ഇലക്ട്രിക് കാർ സ്വന്തമാക്കി. റേസിങ്ങിനോടുള്ള അജിത്തിന്റെ അഭിനിവേശം വിളിച്ചോതുന്നതാണ് അദ്ദേഹത്തിന്റെ പുതിയ വാഹന തിരഞ്ഞെടുപ്പ്.
മണിക്കൂറിൽ 202 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ള കരുത്തനാണ് ഈ എസ്യുവി. ടൈങ്കോ റെഡ് നിറമാണ് താരം തിരഞ്ഞെടുത്തത്. 23.69 ലക്ഷം രൂപ മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില. ഷോറൂമിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന അജിത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത് തന്റെ മുഴുവൻ ശ്രദ്ധയും റേസിങ്ങിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ 'ലെ മാൻസ് കപ്പ്' മത്സരത്തിനുള്ള തയാറെടുപ്പിലാണ് താരം. സിനിമയേക്കാൾ റേസിങ്ങിന് മുൻഗണന നൽകുന്ന അജിത്, മത്സരങ്ങൾക്കിടയിലുള്ള ഇടവേളകളിൽ മാത്രമേ പുതിയ ചിത്രങ്ങൾ ഏറ്റെടുക്കൂ എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആരാധകർക്കായി ഒരു ആവേശകരമായ വാർത്തയും പുറത്തുവരുന്നുണ്ട്. സംവിധായകൻ എ.എൽ. വിജയ് അജിത്തിനെ നായകനാക്കി റേസിങ് പ്രമേയമായ സിനിമയുടെ പണിപ്പുരയിലാണെന്നാണു വിവരം. റേസിങ് ട്രാക്കിലെ വേഗവും അഭ്രകാവ്യങ്ങളിലെ മാസ്മരികതയും ഒരേപോലെ കൊണ്ടുപോകുന്ന അജിത്തിന്റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് തമിഴകം.