പ്രതീകാത്മകചിത്രം എഐ ഉപയോ​ഗിച്ച് സൃഷ്ടിച്ചത്
Padam Katha

കാടകത്തെ മഞ്ഞിൽവിരിഞ്ഞ പൂക്കൾ, 45 വർഷങ്ങൾക്കു മുമ്പത്തെ ഒരുച്ച

ഒന്നാലോചിച്ചു നോക്കിയാൽ സിനിമ കാണാൻ പോകലുകൾ ഒരുതരത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ തന്നെയാണെന്ന് എനിക്ക് തോന്നാറുണ്ട്. പ്രത്യേകിച്ചും ഒരു സ്ത്രീ എന്ന നിലയിൽ-മലയാളത്തിന്റെ പ്രിയകഥാകാരി എഴുതുന്നു

സിതാര.എസ്

ഞാനെന്റെ കുട്ടിക്കാലം ചെലവഴിച്ചത് നിറയെ പുസ്തകങ്ങളുള്ള ഒരു വീട്ടിലാണ്. അവയുടെ ചിറകുകൾക്കൊപ്പം ആണ് ഞാൻ എഴുത്തിന്റെയും അക്ഷരങ്ങളുടെയും ആകാശങ്ങളിലേക്ക് പറന്നുയർന്നത്. പാട്ടുകളും വരയും അടക്കമുള്ള മറ്റു കലകളും ഏതൊക്കെയോ രീതികളിൽ അന്ന് തൊട്ട് തന്നെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അച്ഛൻ നാടകകൃത്തായതിനാൽ നാടകവും ഒരു പരിധിവരെ പരിചിതമായിരുന്നു. എന്നാൽ, സിനിമയുമായി എനിക്ക് ഒരിക്കലും ഒരു ആത്മബന്ധം ഉണ്ടായിരുന്നില്ല. അന്നും ഇന്നും ലോക ക്ലാസിക് ചലച്ചിത്രങ്ങളെക്കുറിച്ചോ സിനിമയുടെ സാങ്കേതിക രീതികളെക്കുറിച്ചോ എനിക്ക് വലിയ ധാരണയൊന്നും ഇല്ല. എനിക്ക് സിനിമയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാഹചര്യങ്ങൾ കുറവായിരുന്നു എന്നതു കൊണ്ടാവാം അത്. എങ്കിലും, ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി, എന്റേതായ രീതികളിൽ ചലച്ചിത്രം എന്ന കലാരൂപത്തെ ഞാൻ ഹൃദയത്തോട് ചേർത്തുവച്ചിട്ടുണ്ട്. ഒപ്പം, അവയെ ആസ്വദിക്കാനായി തിയേറ്ററുകളിലേക്കു നടത്തിയ എന്റെ യാത്രകളേയും.

പിന്തിരിഞ്ഞു നോക്കി തൊട്ടെടുക്കാനാവുന്ന എന്റെ ഏറ്റവും ആദ്യത്തെ കുട്ടിക്കാല ഓർമ്മകളിൽ ഒന്ന് സിനിമയുമായി ബന്ധപ്പെട്ടതാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന കാവ്യാത്മകമായ ചലച്ചിത്രനാമം എനിക്ക് ഏറെ പ്രിയപ്പെട്ടതാവുന്നതും അതുകൊണ്ടുതന്നെ. എന്റെ നാലാമത്തെ വയസ്സിൽ ആണെന്ന് തോന്നുന്നു, അമ്മയ്ക്കും അയൽക്കാരിക്കും ഒപ്പം ഞാൻ ആ സിനിമ കാണാൻ പോകുന്നത്. ഞങ്ങൾ അന്ന് കാസർകോട് ആണ് താമസം. ടൗണിൽ നിന്ന് ഏതാണ്ട് പത്തിരുപതു കിലോമീറ്റർ മാറി, കർണാടകയുടെ അതിർത്തിയോട് ചേർന്നു കിടക്കുന്ന 'കാടകം' അഥവാ കാറഡുക്ക എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ആയിരുന്നു അന്ന് ഞങ്ങളുടെ വീട്. പേര് പോലെ തന്നെ കാടും പച്ചപ്പും മരങ്ങളും കുന്നുകളും നിബിഡമായ മലഞ്ചെരുവുകളും ഒക്കെ നിറഞ്ഞ, കറന്റ് പോലുമില്ലാത്ത ഒരോണം കേറാമൂല. അവിടെനിന്ന് ടൗണിലേക്ക് സിനിമ കാണാൻ പോവുക എന്നത് ഒരു ചടങ്ങ് തന്നെയാണ്. വല്ലപ്പോഴുമുള്ള ബസ്സിന് കാത്തുനിന്ന്, തിയേറ്ററിൽ എത്തി, അവിടെ നീണ്ട ക്യൂ വിൽ ഇടം പിടിച്ച്, അങ്ങനെയങ്ങനെ... കാസർകോട് ഉള്ള സിനിമാ കൊട്ടകയുടെ പേര് ഞാനിന്ന് ഓർക്കുന്നില്ല. പക്ഷേ എന്റെ കുട്ടിക്കാലത്തെ വർണ്ണ ശബളമാക്കുന്നതിൽ ആ കൊട്ടകയും അതിന്റെ പരിസരങ്ങളും വഹിച്ച പങ്ക് ഒട്ടും ചെറുതായിരുന്നില്ല.

സിതാര.എസ്

അന്ന് സ്ത്രീകൾ രണ്ടും മൂന്നും ഉള്ള കൂട്ടങ്ങളായി സിനിമാ കാണാൻ പോവുക പതിവായിരുന്നു. അതും, ഞങ്ങളുടേത് പോലുള്ള ഒരു വിദൂര ഗ്രാമത്തിൽ നിന്നു പോലും. (അന്നത്തെ ആ ഒരു കാലം വച്ചുനോക്കുമ്പോൾ ഏറെ പുരോഗമനപരമായ ഒരു കാര്യമായിരുന്നു അതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ഇപ്പോൾ പോലും ഒറ്റയ്ക്ക് സിനിമ കാണാൻ പോകുന്ന സ്ത്രീകൾ ചുരുക്കമാണല്ലോ). സാധാരണക്കാരികളായ രണ്ട് സ്ത്രീകൾ അവരുടെ കുഞ്ഞുങ്ങളെയും കൊണ്ട് സ്വാഭാവികമായി തന്നെ സിനിമ കാണാൻ പോകുകയും ലൈനിൽ നിന്ന് ടിക്കറ്റ് എടുത്ത് സിനിമ കണ്ടു കരയുകയും ചിരിക്കുകയും വീട്ടിൽ വന്ന് അതിന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ഒക്കെ ചെയ്ത, 45 വർഷങ്ങൾക്കു മുമ്പത്തെ ആ ഒരുച്ച, വിഷാദ സുന്ദരമായൊരു സറിയലിസ്റ്റിക് അനുഭവമായി ഇന്നും മനസ്സിലുണ്ട്.

അന്ന് കുഞ്ഞായിരുന്ന എനിക്ക് സിനിമ കാര്യമായി മനസ്സിലായൊന്നുമില്ല. 'അതെന്താ ഇതെന്താ അതാരാ' എന്നൊക്കെ പലവട്ടം അമ്മയോട് ചോദിച്ചതും 'ആ ചേട്ടൻ ഈ ചേച്ചിയെ കല്യാണം കഴിച്ചതാണ്' എന്നും മറ്റും അമ്മ മറുപടി പറഞ്ഞതും അവ്യക്തമായി ഓർക്കുന്നു.. അതിലെ ചില നിറങ്ങളും പ്രകൃതിദൃശ്യങ്ങളും ഭംഗിയുള്ള ഒരു വീടും മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം ആ സിനിമ വീണ്ടും കണ്ടപ്പോൾ ആ നിറങ്ങളും ദൃശ്യങ്ങളും പിന്നെ അവയെ ഒക്കെയും ആലിംഗനം ചെയ്ത് ലയിച്ചു നിറയുന്ന ആ പാട്ടുകളും ഒരു കുഞ്ഞു നോവുള്ള ഓർമ്മകളായി മനസ്സിനെ കൊളുത്തി വലിക്കുകയുണ്ടായി. ഒരു പക്ഷേ എന്റെ അമ്മയുമായി ബന്ധപ്പെട്ട് എനിക്ക് കുട്ടിക്കാലത്ത് ഉണ്ടായ അപൂർവ്വം ചില നല്ല ഓർമ്മകളിൽ ഒന്നായിരുന്നു ആ സിനിമ കാണാൻ പോവൽ.

കുട്ടിക്കാലത്ത്, ഹിറ്റായ സിനിമകൾ വരുമ്പോഴാണ് മിക്കവാറും വീട്ടുകാർ തിയേറ്ററിൽ പോകാറ്. 'എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക്' ആയിരുന്നു ഓർമ്മകളിലുള്ള അടുത്ത വമ്പൻ പടം. കേരളക്കരയാകെ ബേബി ശാലിനി അടക്കി ഭരിച്ച ഒരു കാലത്തിന്റെ തുടക്കം. മാമാട്ടിയുടെ ഹെയർ സ്റ്റൈൽ, കുളിക്കുമ്പോഴുള്ള ആ ചരിഞ്ഞു നിൽപ്പ്, കള്ളനോട്ടം, ചെരിപ്പുകൾ ഇതൊക്കെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടു. എനിക്കന്ന് മാമാട്ടിയെക്കാളും പ്രായമുണ്ട്. എങ്കിലും, കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ, അത് കുട്ടി ഉടുപ്പുകളോ ചെരുപ്പുകളോ ആവട്ടെ, എനിക്ക് കാഴ്ചയിൽ മാമാട്ടിക്കുട്ടിയോടുള്ള സാദൃശ്യത്തെപ്പറ്റി കടയിലെ സെയിൽസ്മാൻമാർ വാചാലരായി. അവരുദ്ദേശിച്ച സാധനങ്ങൾ എന്നെ കൊണ്ട് വാങ്ങിപ്പിക്കാൻ ആ കള്ളം ധാരാളമായിരുന്നു. കടയിൽ വരുന്ന എല്ലാ കൊച്ചു പെൺകുട്ടികൾക്കും അന്ന് ഒരു പക്ഷേ മാമാട്ടിക്കുട്ടിയുമ്മയുടെ ഛായയായിരുന്നു. ആ ഒരു ബ്രാൻഡ് നെയിം ഉപയോഗിച്ച് കുറെ കാലം അവരും കച്ചവടം നടത്തി എന്നർത്ഥം. എന്തായാലും, മാമാട്ടിക്കുട്ടിയമ്മയോട് ഒരു തരം അസൂയ കലർന്ന ആരാധനയായിരുന്നു അന്ന് എനിക്കും കൂട്ടുകാർക്കും. (മുതിർന്ന ശേഷം ആ സിനിമ വീണ്ടും കണ്ടപ്പോൾ അസൂയയും ആരാധനയും വാത്സല്യത്തിന് വഴി മാറി. സിതാരയ്ക്കും ശാലിനിക്കും പ്രായമേറിയാലും മാമാട്ടിക്കുട്ടിയമ്മ എന്നും കുഞ്ഞു തന്നെയാണല്ലോ..)

അത്തവണ, അമ്മയില്ലാതെ അടുത്ത വീട്ടുകാരുടെ കൂടെയാണ് ഞാൻ ആ സിനിമ കാണാൻ പോയത്. ആ സിനിമയുടെ തീമോ മറ്റു കാര്യങ്ങളോ ഒന്നും ഇപ്പോൾ എനിക്ക് ഓർമയില്ല. പക്ഷേ അന്നത് കണ്ടപ്പോൾ കുറച്ചു കരഞ്ഞു എന്ന് തോന്നുന്നു. തിരിച്ചു വന്നശേഷം ഒപ്പം പഠിക്കുന്ന സിനിമ കാണാത്ത ഹതഭാഗ്യർക്ക് ഒരിത്തിരി അഹങ്കാരത്തോടെ സിനിമയുടെ കഥ പറഞ്ഞുകൊടുത്തതൊക്കെ ഓർക്കുന്നു. എന്തായാലും അന്ന് മാമാട്ടിക്കുട്ടിയമ്മ ഒരുപാട് ഓളങ്ങളുണ്ടാക്കി. പിന്നീട് അതേ പാറ്റേണിലും വിഷയത്തിലും ഒക്കെയുള്ള നിരവധി സിനിമകൾ വന്നു. പക്ഷേ ഒന്നും തന്നെ ഞാൻ പോയി കാണുക ഉണ്ടായില്ല. അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായില്ല എന്നതാണ് സത്യം. എന്തായാലും, ഇന്നും 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ലളിത സുന്ദരമായ ആ പാട്ട് എന്നെ ഏതൊക്കെയോ ലോകങ്ങളിലേക്ക്, അവയുടെ നഷ്ടവഴികളിലേക്ക്, കൊണ്ടിടാറുണ്ട്.

സാധാരണക്കാരികളായ രണ്ട് സ്ത്രീകൾ അവരുടെ കുഞ്ഞുങ്ങളെയും കൊണ്ട് സ്വാഭാവികമായി തന്നെ സിനിമ കാണാൻ പോകുകയും ലൈനിൽ നിന്ന് ടിക്കറ്റ് എടുത്ത് സിനിമ കണ്ടു കരയുകയും ചിരിക്കുകയും വീട്ടിൽ വന്ന് അതിന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ഒക്കെ ചെയ്ത, 45 വർഷങ്ങൾക്കു മുമ്പത്തെ ആ ഒരുച്ച, വിഷാദ സുന്ദരമായൊരു സറിയലിസ്റ്റിക് അനുഭവമായി ഇന്നും മനസ്സിലുണ്ട്.

'എന്റെ മാമാട്ടി കുട്ടി അമ്മയ്ക്ക്' റിലീസ് ചെയ്ത് ഏതാണ്ട് ഒരു വർഷത്തിനു ശേഷമാണ് ആ സമയത്ത് മറ്റൊരു വലിയ ബ്ലോക്ക് ബസ്റ്ററായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഇറങ്ങിയത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒരുപാട് ഹൈപ്പുമായി വന്ന ഒരു സിനിമ. അതിലെ കഥയെപ്പറ്റിയും ത്രീഡി ഇഫക്ടുകളെക്കുറിച്ചും സിനിമ കാണാൻ പോകുമ്പോൾ തരുന്ന കണ്ണടകളെക്കുറിച്ചും പൊടിപ്പും തൊങ്ങലും വെച്ച നിരവധി കഥകൾ മാസങ്ങൾക്ക് മുമ്പേ പരന്നു തുടങ്ങിയിരുന്നു. സിനിമ ഇറങ്ങിയ ഉടനെ കാണാൻ സാധിച്ച ഭാഗ്യവാന്മാരായ കുട്ടികളെ ടിക്കറ്റ് കിട്ടാത്ത അല്ലെങ്കിൽ അച്ഛനമ്മമാർ തിയേറ്ററിൽ കൊണ്ടുപോകാത്ത ഞാൻ അടക്കമുള്ള ഭൂരിഭാഗം പെരുത്ത അസൂയയോടെ നോക്കി. അവരാണെങ്കിൽ കുട്ടിച്ചാത്തൻ കണ്ടതിന്റെ ഗമയിൽ അഹങ്കരിച്ചു നടന്നു ഞങ്ങളുടെ അരികിൽ വന്ന് കഥ പറയാനുള്ള ശ്രമങ്ങൾ നടത്തി. ചെവി പൊത്തിക്കൊണ്ട് ഞങ്ങൾ ഓടി. ചിലരൊക്കെ കാസർകോട് വരെ വീട്ടുകാർക്കൊപ്പം പോയി ക്യൂവിൽ നിന്ന് അവസാനം ടിക്കറ്റ് കിട്ടാതെ തിരിച്ചുവന്നു. അങ്ങനെ എനിക്കും സിനിമ കാണാൻ പോകാനുള്ള ദിവസം എത്തി. അന്നും അയൽപക്കത്തെ ചേച്ചിമാർക്കും ചേട്ടന്മാർക്കും ഒപ്പമാണ് പോക്ക്. തിയേറ്ററിന്റെ ഗ്രൗണ്ടിൽ ജനങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. സ്ത്രീകൾക്കായി അന്ന് പ്രത്യേകം ക്യൂ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. ഏതാണ്ട് പകുതി എത്തിയപ്പോഴേക്കും വലിയ ബഹളം കേട്ടു. ടിക്കറ്റ് തീർന്നതിന്റെ ആയിരുന്നു അത്. നിരാശയോടെ കരഞ്ഞും പിഴിഞ്ഞും ഞങ്ങൾ തിരിച്ചു പോന്നു. പിന്നീടാണെങ്കിൽ സിനിമ കാണാൻ പോകാൻ സാഹചര്യം ഒത്തു വരാതെയുമായി. അങ്ങനെ കുറേ ദിവസങ്ങൾ നീങ്ങി. ഇനി ആ സിനിമ കാണാനേ പറ്റില്ല എന്ന് അത്രയും നഷ്ടബോധത്തോടെ, നിരാശയോടെ, ഓർത്തു ഞാൻ കരഞ്ഞു നടന്നു. പക്ഷേ അടുത്ത തവണ അമ്മയ്ക്കും ആന്റിക്കും ഒപ്പം തിയറ്ററിൽ എത്തിയപ്പോൾ തിരക്കല്പം കുറഞ്ഞിരുന്നു. ടിക്കറ്റ് എടുത്ത്, കൗണ്ടറിൽ വെച്ച് തന്ന കണ്ണട അതീവ ശ്രദ്ധയോടെ മുഖത്ത് വെച്ച് അകത്തേക്ക് കയറിയ അന്നത്തെ പെൺകുട്ടിക്ക് തീർച്ചയായും അതിശയകരമായ ഒരു അനുഭവമായിരുന്നു അത്. കഥകൾ മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും എന്നതുപോലെ, മാജിക്കും മന്ത്രവാദവും മാനുഷികതയും ഒപ്പം കൊച്ചു കൊച്ചു സങ്കടങ്ങളുടെ നനവും ഒക്കെ നിറഞ്ഞു തൂവുന്ന ആ ഒരു സിനിമ നേരെ എന്റെ ഹൃദയത്തിലേക്കാണ് കയറിപ്പോയത്. ആ സിനിമയുടെ കലാപരമായ മൂല്യങ്ങളെ കുറിച്ചുള്ള അവലോകനങ്ങൾ എന്തോ ആവട്ടെ, അന്നത്തെ ആ പെൺകുട്ടിക്ക് അതിമനോഹരമായ ഒരു വൈകാരിക അനുഭവം സമ്മാനിക്കാൻ അന്നാ സിനിമക്ക് കഴിഞ്ഞു.

ആ കാലങ്ങളിൽ മറ്റു സിനിമകൾ കണ്ടതിന്റെ അപൂർവമായ ഓർമ്മകളേ ഉള്ളൂ. ബാലചന്ദ്രമേനോന്റെ 'ഒരു പൈങ്കിളിക്കഥ'യും പ്രേംനസീർ അഭിനയിച്ച 'മഹാബലി' എന്ന സിനിമയും അത്തരത്തിലുള്ള ചില സ്പെഷ്യൽ ഓർമ്മകളാണ്. ഒരു പൈങ്കിളിക്കഥയിലെ രോഹിണി - ബാലചന്ദ്രമേനോൻ പ്രണയം അന്നത്തെ കൊച്ചു പെൺകുട്ടി ഒരു ഇത്തിരി നാണത്തോടെ കണ്ടിരുന്നതൊക്കെ ഓർക്കുന്നു. നായകനോട് വഴക്കിടുന്ന നായിക കൈയിൽ കിട്ടുന്ന പാത്രങ്ങളും പച്ചക്കറികളും ഉരുളക്കിഴങ്ങുകളും അങ്ങനെ എന്തൊക്കെയോ എടുത്ത് അയാളെ എറിയുന്ന ഒരു രംഗം പ്രത്യേകിച്ചും ഓർമ്മയുണ്ട്. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ആദ്യകാലങ്ങളിലെ സിനിമ കാണലുകൾ നൽകിയ ആ ഒരു ആവേശം അപൂർവമായിട്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ. കുടുംബത്തോടൊപ്പം സിനിമ കാണാൻ പോകലുകളും അപൂർവമായിരുന്നു. ഒഴിവ് ദിവസങ്ങളിൽ വല്ലപ്പോഴും നല്ലൊരു സിനിമ ഇറങ്ങിയാൽ മാത്രം പോയി കണ്ടാലായി. അങ്ങനെ അച്ഛനും അമ്മയ്ക്കും അനിയനും ഒപ്പം പോയി കണ്ട സിനിമകളാണ് ഇന്നലെ, ദേശാടനക്കിളി കരയാറില്ല, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, പാവം പാവം രാജകുമാരൻ, തലയിണമന്ത്രം തുടങ്ങിയവ.

സിതാര, ഭർത്താവ് ശ്യാം വിഷ്നോട്ടിനും മകൻ ഐഡൻസാകിനുമൊപ്പം തീയറ്ററിൽ

അല്പം കൂടി മുതിർന്ന് ടീനേജ് കാലത്തിന്റെ അവസാന പകുതിയിൽ എത്തിയപ്പോഴേക്കും ഹിന്ദി സിനിമകളിലായി എനിക്ക് കമ്പം. മലയാള സിനിമകൾ കാണുന്നത് കുറഞ്ഞു. ഹിന്ദി പടങ്ങൾ പ്രത്യേകിച്ച് അമീർഖാൻ അഭിനയിച്ചവ ഒന്ന് പോലും വിടാതെ ഞാനും അനുജനും തലശ്ശേരിയിലെ മുകുന്ദ് തിയേറ്ററിൽ പോയി കാണും. (ആ തിയേറ്റർ ഇന്നില്ല) നാട്ടിലിറങ്ങിയ ഒരുവിധം എല്ലാ ഹിന്ദി പടങ്ങളും അന്ന് ഞങ്ങൾ കണ്ടുതീർത്തിട്ടുണ്ട്. യൗവ്വനകാലത്തിലേക്കെത്തിയപ്പോഴേക്കും പഠിത്തവും കൂട്ടുകാരും മറ്റു വയ്യാവേലികളും ഒക്കെയായി തിരക്കായി. സിനിമ കാണൽ വല്ലപ്പോഴുമായി. അപ്പോഴേക്കും വീട്ടിൽ ടി.വി എത്തിയിരുന്നു . വീട്ടിലുള്ളവരെല്ലാം ഞായറാഴ്ചകളിൽ പവിത്രമായ ഒരു ആചാരം പോലെ ദൂരദർശൻ സിനിമ കുത്തിയിരുന്ന് കാണുന്ന കാലം. ആ സമയം ആകുമ്പോഴേക്കും മലയാള സിനിമയോട് എന്തോ ഒരു അകൽച്ച വന്നു കഴിഞ്ഞിരുന്നു. ആ ഒരിടക്ക് മനസ്സിനെ സ്പർശിച്ച സിനിമകൾ കുറവായിരുന്നു എന്നും പറയാം. എല്ലാവരും സിനിമ കാണുമ്പോൾ ഞാൻ റേഡിയോയിൽ ഇംഗ്ലീഷ് പാട്ടുകളുടെ പരിപാടി കേൾക്കും. അല്ലെങ്കിൽ ആരോ സമ്മാനിച്ച വാക്ക് മാനിലേക്ക് ചെവികൾ പൂഴ്ത്തും.

ഇരുപത്തിമൂന്നാം വയസ്സിൽ, പഠിത്തം കഴിഞ്ഞ ഉടനെ, ഞാൻ വിവാഹിതയായി സൗദി അറേബ്യയിലേക്ക് പോയി. അവിടെ എത്തിയ ശേഷമാണ് തിയേറ്ററിൽ പോയി സിനിമ കാണുക എന്ന അനുഭവത്തിന്റെ ശരിക്കുള്ള വില ഞാൻ മനസ്സിലാക്കുന്നത്. കാരണം, യാഥാസ്ഥിതിക ചിന്താഗതികൾ കൊടികുത്തി വാണിരുന്ന സൗദിയിൽ അന്ന് തിയേറ്ററുകൾ നിരോധിച്ചിരിക്കുകയായിരുന്നു. സിനിമ കാണണമെങ്കിൽ ദൂരെ മലയാളിച്ചന്തയിലുള്ള കടകളിൽ പോയി കാസറ്റുകൾ എടുത്തുകൊണ്ടു വരണം. നാട്ടിൽ ഇറങ്ങിയ സിനിമകൾ, മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞാലാണ് അവിടെ ഇറങ്ങുക. പുതിയ സിനിമകളുടെ വിശേഷങ്ങൾ നാട്ടിൽ നിന്നാരെങ്കിലും കൊണ്ട് വരുന്ന വാരികകളിലൂടെയോ പത്രങ്ങളിലൂടെയോ ഒക്കെ അറിയുമ്പോൾ, അതിനിയിപ്പോ എന്നാണാവോ ഒന്ന് കാണാൻ സാധിക്കുക എന്ന് അന്നൊക്കെ സങ്കടപ്പെടും. ചില ഹിന്ദി - തമിഴ് സിനിമകൾ മാത്രം ഇറങ്ങിയ ഉടനെ തന്നെ കാസറ്റുകളായി അവിടെ എത്തും.

ജീവിതത്തിലാദ്യമായി തമിഴ് സിനിമകൾ കണ്ടു തുടങ്ങുന്നത് അങ്ങനെയാണ്. പിന്നീട് കാസറ്റുകൾ മാറി സി.ഡി കളായി. സി.ഡിയും കാസറ്റുമൊക്കെയായി ഒരുപാട് സിനിമകൾ സൗദിയിൽ വച്ച് കണ്ടിട്ടുണ്ട്; ആസ്വദിച്ചിട്ടുമുണ്ട്. പക്ഷേ അപ്പോഴൊക്കെയും, ഈ സിനിമ തിയേറ്ററിലായിരുന്നു കാണേണ്ടിയിരുന്നത് എന്ന നഷ്ടബോധം മനസ്സിനെ അലട്ടും. തിയേറ്ററിലേക്ക് പോയി സിനിമ കാണുക എന്ന അനുഭവത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല എന്ന് ഒന്നുകൂടി മനസ്സിലാവും. വെക്കേഷന് നാട്ടിൽ വരുമ്പോൾ ഒക്കെ വാശി തീർക്കാൻ എന്നോണം തിയേറ്ററിൽ പോയി എന്ത് പൊട്ട സിനിമയും കാണാറുണ്ട്. പത്തു രൂപക്ക് കിട്ടുന്ന ചക്രം വാങ്ങിതിന്ന് വയറുവേദന പിടിപ്പിക്കലും, അത് മാറ്റാൻ ഒരു ചൂടൻ പഫ്സ് കൂടി വാങ്ങിച്ചു കഴിക്കലും..അങ്ങനെയങ്ങനെ തിയേറ്റർ രസങ്ങൾ ആസ്വദിക്കാറുമുണ്ട്. സൗദി അറേബ്യയിൽ ഇപ്പോൾ സ്ഥിതി മാറി. പുരോഗമനവത്കരണത്തിന്റെ ഭാഗമായി തിയേറ്ററുകൾ തുറന്നു. അപ്പോഴേക്കും ഞങ്ങൾ തിരിച്ച് നാട്ടിലേക്ക് പോന്നിരുന്നു. അവിടെയുണ്ടായിരുന്ന 16 വർഷങ്ങളിൽ ഏറ്റവും നഷ്ടബോധം തോന്നിയ കാര്യങ്ങളിൽ ഒന്ന് തീർച്ചയായും തിയേറ്ററിൽ പോയുള്ള സിനിമ കാണലുകളാണ്.

ഒന്നാലോചിച്ചു നോക്കിയാൽ സിനിമ കാണാൻ പോകലുകൾ ഒരുതരത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ തന്നെയാണെന്ന് എനിക്ക് തോന്നാറുണ്ട്. പ്രത്യേകിച്ചും ഒരു സ്ത്രീ എന്ന നിലയിൽ. ഒരു സിനിമ കാണാൻ പോകുന്നതിൽ ഇപ്പൊ എന്താ ഇത്ര വലിയ കാര്യം എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പക്ഷേ ചിറകുകൾ അനക്കാൻ പോലും പറ്റാത്ത രീതിയിൽ കെട്ടി വരിയപ്പെട്ട കുറച്ച് അടിമ ജീവിതങ്ങൾക്കെങ്കിലും ആ സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന് മനസ്സിലാകും. സിനിമയ്ക്ക് എന്നല്ല എല്ലായിടത്തും ഒറ്റയ്ക്ക് പോകുമ്പോൾ കിട്ടുന്ന സന്തോഷം, ആത്മവിശ്വാസം, അതൊന്ന് വേറെ തന്നെയാണ്. മനസ്സു മടുക്കുമ്പോൾ ഇന്നും ഞാൻ ഇടയ്ക്ക് ഒറ്റക്ക് പോയി ഒരു സിനിമ കാണാറുണ്ട്. എനിക്കിഷ്ടമുള്ള കാരമൽ പോപ്കോണും കൊറിച്ച്, രണ്ടര മണിക്കൂറോളം നേരം മറ്റൊരു ലോകത്തേക്ക് സ്വയം പറിച്ചു നട്ട്, ആവലാതികളും ഉത്തരവാദിത്തങ്ങളും തത്കാലത്തേക്ക് എങ്കിലും മറന്ന്, എനിക്ക് മാത്രമായുള്ള ചില നിമിഷങ്ങൾ. വീടിനെ തലയിൽ വച്ച് ഏങ്ങി വലിഞ്ഞു നടക്കുന്ന ഒരു സ്ത്രീക്ക് അത്തരം നിമിഷങ്ങൾ തരുന്ന ഓക്സിജൻ വളരെ വിലപ്പെട്ടത് തന്നെയാണ്. ഒരുപക്ഷേ ഒരു കഥയോ നോവലോ ഇരുന്ന് വായിക്കുമ്പോൾ കിട്ടുന്ന റിലാക്സേഷനെക്കാളും ഒട്ടും ചെറുതല്ല തിയേറ്ററിൽ പോയിരുന്നു ഒരു സിനിമ കാണുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷവും സ്വസ്ഥതയും.