പ്രതീകാത്മക ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചത്
Padam Katha

മീനാക്ഷിയമ്മാള്‍ സ്ട്രീറ്റിലെ പെണ്‍കുട്ടി

മലയാളത്തിൽ ഇന്നുള്ളവരിൽ ഏറ്റവും മുതിർന്ന തിരക്കഥാകൃത്ത് പപ്പപ്പ ഡോട്ട് കോമിന് വേണ്ടിയെഴുതുന്ന നോവല്‍ 'നിലാവുറങ്ങും നേരം' ആദ്യഭാഗം

കലൂര്‍ ഡെന്നീസ്

ഒന്ന്

ചെന്നൈ 2002 ഏപ്രിൽ 9

രാവിലെ ഏഴുമണിക്ക് എത്തേണ്ടിയിരുന്ന തിരുവനന്തപുരം-മദ്രാസ് മെയിൽ രണ്ടുമണിക്കൂറോളം വൈകിയാണ് മദ്രാസ് സെൻട്രലിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ വന്നുനിന്നത്.

 വിക്ടർലീനസ് വേ​ഗം തന്നെ സെക്കൻഡ് ക്ലാസ് എ.സി. കമ്പാർട്ട്മെന്റിൽ നിന്ന് എഴുന്നേറ്റ് ലതർബാ​ഗുമെടുത്തുകൊണ്ട് ഡോറിനടുത്തേക്ക് നടന്നു. പുറത്തിറങ്ങാനുള്ള ഡോറിനുമുന്നിലെ തിക്കും തിരക്കും കണ്ട് വിക്ടർ അല്പം പുറകോട്ടുമാറി ഒതുങ്ങിനിന്നു. 

 എന്തായാലും ഇത്രയും സമയം വൈകി. ഇനി ഇറങ്ങാൻ ധൃതിപിടിച്ചിട്ടെന്താകാര്യം?

 അയാൾ പെട്ടെന്നെന്തോ ഓർത്ത് പോക്കറ്റിൽനിന്ന് മൊബൈലെടുത്ത് പ്രൊഡക്ഷൻ കൺട്രോളർ അരവിന്ദാക്ഷനെ വിളിച്ചു. 

 "ങ്ഹാ..എന്താ സാറേ ട്രെയിൻ ലേറ്റായല്ലേ?"

 അങ്ങേത്തലയ്ക്കൽ നിന്നും അരവിന്ദാക്ഷന്റെ സ്വരം ഉയർന്നുകേട്ടു.

 "ഒന്നും പറയണ്ടെടാ..സേലത്ത് ട്രാക്കിലെന്തോ പണിനടക്കുന്നതുകൊണ്ട് ട്രെയിൻ രണ്ടുമണിക്കൂറോളം ഔട്ടറിൽ പിടിച്ചിട്ടിരിക്കുകയായിരുന്നു. 

 ങ്ഹാ..ങ്ഹാ..അതെ..എല്ലാ ജോലിയും തീർത്ത് എനിക്ക് വൈകീട്ടുതന്നെ തിരിച്ചുപോകാൻ പറ്റ്വോ? റിട്ടേൺ ടിക്കറ്റുമെടുത്തുകൊണ്ടാ വന്നിരിക്കുന്നത്..."

 "നമുക്ക് നോക്കാം സാറേ..സാറെവിടെയാ നില്ക്കുന്നത്?"

 "ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങുകയാ..നീയിങ്ങോട്ട് വാ.."

 വിക്ടർ വേ​ഗം തന്നെ ഫോൺ കട്ടുചെയ്ത് പതുക്കെ പ്ലാറ്റ്ഫോമിലേക്കിറങ്ങി.

 അപ്പോഴേക്കും വെളുക്കെച്ചിരിച്ചുകൊണ്ട് അരവിന്ദാക്ഷൻ അയാൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു.

 "നമ്മുടെ ട്രിവാൻഡ്രം മെയിൽ എന്നാ ചെയ്ത്താ സാറേ ഈ ചെയ്തത്..രാവിലെ ആറരമുതൽ വന്നുനില്ക്കുകയാ..നിന്നുനിന്ന് എന്റെ ഊപ്പാട് വന്നു.."

 അരവിന്ദന്റെ സംസാരം കേട്ട് വിക്ടർ ചിരിച്ചു.

 "സാറ് ആ ബാ​ഗിങ്ങ് തന്നാട്ടെ.."

 അരവിന്ദൻ വിക്ടറിന്റെ കൈയിൽ നിന്ന് ബാ​ഗ് വാങ്ങി.

 "നമ്മുടെ പ്രൊഡ്യൂസർ സാറ് വന്നില്ലേ?"

 "ഞങ്ങൾ രണ്ടാളും കൂടി വരേണ്ട കാര്യമില്ലല്ലോ..?ഒരു പുതുമുഖ നായികയെ കണ്ടുപിടിക്കാൻ ഡയറക്ടർ വന്നാൽപ്പോരേ?"

 അരവിന്ദൻ വിക്ടറിന്റെ അഭിപ്രായത്തോട് ചേർന്നുനിന്നു. അവർ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ടുനടന്നു.

 "കാണാനുള്ള കുട്ടികളെയെല്ലാം പറഞ്ഞുവച്ചിട്ടില്ലേ? ആരെയെങ്കിലും ഒരാളെ ഇന്നുതന്നെ ഫിക്സുചെയ്യണം..."

 "ഫിക്സ് ചെയ്യാം സാറേ..മൂന്ന് കലക്കൻ പെമ്പിള്ളേരെയാ ഞാൻ ഏർപ്പാടാക്കിയിരിക്കുന്നത്... ഒരാൾ പ്രസാദ് സ്റ്റുഡിയോവിന്റെ ബാക്കിലും രണ്ടുപേർ പൂക്കാരൻ തെരുവിലുമാ..."

 "മൂന്നുപേരും കാണാനെങ്ങനെയുണ്ടെടാ?"

 "എല്ലാം ഉ​ഗ്രനാണ് സാറേ...ഒരാള്...സാറ് പറഞ്ഞതുപോലെ നല്ല കണ്ണുള്ള കുട്ടിയാ..എപ്പോഴും മയങ്ങി ഉറക്കംതൂങ്ങിയതുപോലെ ഇരിക്കും..."

 "എപ്പോഴും ഉറക്കംതൂങ്ങിയിരിക്കുന്ന പെണ്ണിനെവച്ച് എങ്ങനെയാടാ ഷൂട്ട് ചെയ്യുന്നത്...?"

 വിക്ടറിന്റെ ഫലിതം കേട്ട് അരവിന്ദൻ ഉച്ചത്തിൽ ചിരിച്ചു.

 അവർ നടന്ന് സ്റ്റേഷന് പുറത്തിറങ്ങി കാർപാർക്കിങ്ങിലേക്ക് നടക്കുമ്പോൾ അരവിന്ദൻ പറഞ്ഞു.

 "ഞാനൊരു പി.ടി.വണ്ടിയാ പറഞ്ഞിരിക്കുന്നത്...സിനിമാക്കാർക്കുവേണ്ടിമാത്രം ഓടുന്ന നല്ല ബെസ്റ്റ് ഡ്രൈവറാ മണിക്കുട്ടൻ.."

 പുറത്ത് മഞ്ഞവെയിലിന് കട്ടികൂടിവന്നപ്പോൾ നല്ല ചൂടനുഭവപ്പെടുന്നതുപോലെ വിക്ടറിന് തോന്നി. 

 അപ്പോഴേക്കും കാറ് അവരുടെ മുന്നിൽ വന്നുനിന്നു. 

 അരവിന്ദൻ വേ​ഗം തന്നെ ബാക്ക് ഡോർ തുറന്നുകൊടുത്തു. 

 വിക്ടർ കാറിലേക്ക് കയറി. കാർ മുന്നോട്ടുനീങ്ങി.

 കാർ സ്റ്റേഷൻ പിന്നിട്ട് മൗണ്ട് റോഡിലേക്ക് കടന്നപ്പോൾ ഫ്രഷ് എയർ കിട്ടാനായി വിക്ടർ കാറിന്റെ ​ഗ്ലാസ് പതുക്കെ താഴ്ത്തിയിട്ടു.

 മദ്രാസ് ന​ഗരത്തിന് ഒരു പ്രത്യേകമണമാണ്. തെരുവിന്റെ മുഷിഞ്ഞ ചൂരും,ജമന്തിപ്പൂ ഉണങ്ങിക്കരിഞ്ഞ വാട്ടമണവും കൂടിച്ചേർന്ന് ഒരുപ്രത്യേകതരം ​ഗന്ധം.

 പതിനഞ്ച് മിനിട്ടുകൊണ്ട് കാർ നുങ്കംപാക്കം റോഡിലുള്ള പാം​ഗ്രോവ് ഹോട്ടലിലെത്തി. 

 അരവിന്ദൻ വേ​ഗംതന്നെ റിസപ്ഷനിലേക്കോടി. 

 വിക്ടർ റിസ്പഷനിലെത്തി ലെ‍ഡ്ജറിൽ ഒപ്പിട്ടുകൊടുത്തു. മൂന്നാംനിലയിലുള്ള 309-ാം നമ്പർ മുറിയുടെ കീയും വാങ്ങി അവർ ലിഫ്റ്റിൽ കയറി.

 മുറിയിൽ എത്തിയ ഉടനെ വിക്ടർ ഡ്രസ് മാറി ബാ​ഗിൽനിന്ന് കൈലി എടുത്ത് ഉടുത്തു. 

 "ഇനി സമയം കളയണ്ട...ഞാൻ വേ​ഗം കുളിച്ചുവരാം..നീ ബ്രേക്ക്ഫാസ്റ്റിനെന്തെങ്കിലും ഓർഡർ കൊടുക്ക്..."

 അയാൾ വേ​ഗം തന്നെ ബാത്ത്റൂമിലേക്ക് കയറി. 

 അരവിന്ദൻ റൂംസർവ്വീസിൽ വിളിച്ച് രണ്ടുപേർക്കുള്ള ബ്രേക്ക്ഫാസ്റ്റിന് ഓർഡർ കൊടുത്തു. 

 വിക്ടർ കുളിച്ചുവന്ന് ഡ്രസ് മാറുന്നതിനിടയിൽ റൂംബോയ് ബ്രേക്ക്ഫാസ്റ്റുമായെത്തി. 

 അവർ വേ​ഗം തന്നെ അത് കഴിച്ച് ഹോട്ടലിൽനിന്നിറങ്ങി.

 "നമുക്കാദ്യം പ്രസാദ് സ്റ്റുഡിയോയുടെ ബാക്കിലുള്ള മയങ്ങിയ കണ്ണുള്ള കുട്ടിയെപ്പോയി കാണാം സാർ..."

 "ആയിക്കോട്ടെ.."

 "മണിക്കുട്ടാ...വണ്ടി പ്രസാദ് സ്റ്റുഡിയോയുടെ ബാക്കിലുള്ള മീനാക്ഷിയമ്മാൾ സ്ട്രീറ്റിലേക്ക് പോട്ടെ..."

പ്രതീകാത്മക ചിത്രം

കോടമ്പാക്കം ബ്രിഡ്ജിറങ്ങി എ.വി.എം. സ്റ്റുഡിയോയും പിന്നിട്ട് വലത്തോട്ടുതിരിഞ്ഞ് മൂന്നുകിലോമീറ്ററോളം ഓടിയപ്പോഴേക്കും കാർ മീനാക്ഷിയമ്മാൾ സ്ട്രീറ്റിനുമുന്നിലെത്തി.

 കണ്ടാൽ ഒരു ചേരിപ്രദേശം പോലെ തോന്നും. എല്ലാം കൊച്ചുകൊച്ചുവീടുകളാണ്. 

 "മണിക്കുട്ടാ..കുറച്ചുമുന്നിലേക്ക് ചെല്ലുമ്പോൾ ഒരു ട്രാൻസ്ഫോർമർ കാണും. അതിനടുത്ത് നിർത്തിയാൽ മതി."

 മണിക്കുട്ടൻ കാർ ട്രാൻസ്ഫോർമറിനുമുന്നിൽ കൊണ്ടുവന്നുനിർത്തി. 

 കാറിലിരുന്നുകൊണ്ടുതന്നെ അരവിന്ദാക്ഷൻ ഇടതുവശത്തെ ഒരു ചെറിയ വീട് ചൂണ്ടിക്കാണിച്ചു. 

 "ഇതാണ് സാറേ വീട്..."

 അവർ പതുക്കെ കാറിൽ നിന്നിറങ്ങി.

 അരവിന്ദൻ മുന്നോട്ടുനടന്നുചെന്ന് വീടിന്റെ വാതിലിൽ മുട്ടി. 

 നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഹാഫ്‌ പാവാടയും നീലയിൽ വെളുത്ത പുള്ളികളുള്ള ബ്ലൗസും ധരിച്ച് പാതിമയങ്ങിയ മിഴികളുമായി ഒരുപെൺകുട്ടിവന്ന് വാതിൽതുറന്നു.

 പുറത്തെ മഞ്ഞവെയിലിന്റെ നനുത്ത വെളിച്ചം മുഖത്തുപതിച്ചപ്പോൾ അവൾ കണ്ണുകൾ ചിമ്മിത്തുറന്ന് അവർ ഇരുവരെയും നോക്കി. 

 അരവിന്ദൻ പരിചിതഭാവത്തിൽ അവളെ നോക്കിച്ചിരിച്ചു. അവൾ കൂടെവന്നിരിക്കുന്ന വിക്ടറിനെയാണ് ശ്രദ്ധിച്ചത്.

 'ഇന്ത ആളായിരിക്കുമോ പുതു ഡയറക്ടർ?'

 അവൾ മനസ്സിൽ ഓർത്തു.

 അവൾ ഉപചാരപൂർവം ഒതുങ്ങിനിന്നുകൊണ്ട് വിക്ടറോടായി മൊഴിഞ്ഞു.

 "വാങ്കോ സാർ..."

 വിക്ടർ പതുക്കെ അകത്തേക്കുകയറി. കൂടെ അരവിന്ദനും.

 വിക്ടർ‍ അവളെ ആപാദചൂഡം ഒന്നുശ്രദ്ധിച്ചു.

 അവളുടെ പതിഞ്ഞ വയറിന്റെ മിനുപ്പിനും പൊക്കിളിനും താഴെയായി കുനുകുനെയുള്ള രോമരാജികൾ ഒഴുകിക്കിടക്കുന്നത് അയാളറിയാതെ കണ്ണിൽ കുരുങ്ങി.

 "ഉക്കാറുങ്കോ സാർ.."

 വിക്ടർ അവിടെക്കിടന്ന മുഷിഞ്ഞ ഒരു കസേരയിലേക്കിരുന്നു.

 "ഇതാണ് സാർ ഞാൻ പറഞ്ഞ കുട്ടി..."

 അരവിന്ദൻ അവളെ വിക്ടറിന് പരിചയപ്പെടുത്തി.

 "കുട്ടിയാ...നാൻ കുട്ടിയൊന്നുമല്ലൈ...എനക്ക് വയസ്സ് പത്തൊമ്പതാച്ച്.."

 അവളുടെ സംസാരം കേട്ട് ഇരുവരും ചിരിച്ചു.

 പിന്നെ നിമിഷനേരത്തെ നിശബ്ദതയ്ക്ക് ശേഷം വിക്ടർ അവളോട് ചോദിച്ചു:

 "എന്താ പേര്...?"

 "നാൻ ശൊല്ലമാട്ടെ.."

 എടുത്തടിച്ചപോലുള്ള അവളുടെ മറുപടി കേട്ട് വിക്ടർ അരവിന്ദനെ നോക്കി. അരവിന്ദൻ ആകെയൊന്ന് വല്ലാതായി.

 "വിളയാടാതെ നീ നിന്റെ പേര് ശൊല്ല്..."

 അരവിന്ദന്റെ ശബ്ദം ഉയർന്നു. 

 "എനക്ക് വെക്കമായിരിക്കെ സാർ..എന്നാലും നാൻ ശൊൽറേ...വിജയ ചാമുണ്ഡേശ്വരി..."

 അവൾ മുത്തുകിലുങ്ങുംപോലെ പൊട്ടിച്ചിരിച്ചു.

 "അമ്മൻകോവിലിലെ ദേവി പേര് താൻ...ഇന്ത പേര് എനക്ക് കൊഞ്ചംകൂടി പിടക്കലെ..."

 അവൾ ജാള്യതയോടെ പറഞ്ഞു.

 "നീ പേശാമെ അമ്മയെ കൂപ്പിട്..."

 അരവിന്ദൻ തിരക്ക് കൂട്ടി..

 അവൾ പരിഭവത്തോടെ അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

 "ഒരു കഥയില്ലാത്ത പെണ്ണാ സാറേ...ഒരു പൊട്ടിക്കാളി.."

 തേച്ചുമിനുക്കാത്ത നാടൻ തമിഴും പാതിമലയാളവും ചേർന്നുള്ള അവളുടെ സംസാരം വിക്ടറിന് കൗതുകമായി തോന്നി.

 അപ്പോഴേക്കും അകത്തുനിന്ന് മകളോടൊപ്പം അമ്മ കടന്നുവന്നു.

 അരവിന്ദൻ വിക്ടറെ പരിചയപ്പെടുത്തി-"അമ്മാ ഇതാണ് ഞാൻ പറഞ്ഞ പുതു ഡയറക്ടർ വിക്ടർ ലീനസ് സാർ.."

 "നമസ്കാരം സാർ.."

 അമ്മ വിക്ടറിനെ നോക്കി അതിവിനയത്തോടെ കൈകൂപ്പി.

 വിക്ടർ അവരെത്തന്നെ ശ്ര​ദ്ധിക്കുകയായിരുന്നു. ഒരു കാറ്റ് വന്നാൽ പറന്നുപോകുമെന്ന് തോന്നുന്ന അവസ്ഥയിലുള്ള വളരെ ശോഷിച്ച ശരീരമുള്ള ഒരു സ്ത്രീ രൂപം.

 "സാറിന്ന് മോളെ കാണാൻ വരുമെന്ന് അരവിന്ദൻ പറഞ്ഞിരുന്നു..."

 അവരുടെ മലയാളം കേട്ട് വിക്ടറിന്റെ കണ്ണുവിടർന്നു. 

 "അമ്മ നന്നായിട്ട് മലയാളം പറയുന്നുണ്ടല്ലോ..?"

 "ഞാൻ മലയാളിയാണ് സാർ...ചെറുപ്പത്തിലേ മദ്രാസിൽ വന്നുപെട്ടതാ.."

 "വേറെ മക്കളാരുമില്ലേ..?"

 വിക്ടറിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് വിജയ ചാമുണ്ഡേശ്വരിയാണ്. 

 "വേറെ മക്കളാ...?അപ്പ അമ്മയെ വിട്ടുപോയ ശേഷം എങ്ങനെയാ സാർ കുട്ടിയുണ്ടാവുക..?"

 അവളുടെ കുസൃതി കേട്ട് വിക്ടറും അരവിന്ദനും പരസ്പരം മുഖത്തോടുമുഖം നോക്കിച്ചിരിച്ചു.

 വിഷയം മാറ്റാനെന്നവണ്ണം അമ്മ പറഞ്ഞു

 "ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം സാർ.."

 അവർ തിടുക്കത്തിൽ അകത്തേക്ക് നടന്നപ്പോൾ വിക്ടർ കൈയുയർത്തി തടഞ്ഞു.

 "വേണ്ട...ഞങ്ങൾ ഇപ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതേയുള്ളൂ..."

 "എന്നാലും..."-അമ്മ അർധോക്തിയിൽ നിർത്തി.

 "അതുസാരമില്ല...സാറിന് പോയിട്ട് കുറച്ചുതിരക്കുണ്ട്..."-അരവിന്ദൻ പറഞ്ഞു.

 വിക്ടർ ഒരുനിമിഷം ആലോചിച്ചശേഷം പിന്നെ അമ്മയോട് ചോദിച്ചു

 "എനിക്ക് മോളുടെ കുറച്ചു വിഷ്വൽസ് എടുത്തുനോക്കണം." 

 "ആയിക്കോട്ടെ സാർ...മോളേ നീ ഈ വേഷമൊക്കെ മാറ്റി നല്ല ഡ്രസ്സിട്ട് വേ​ഗം വന്നേ..."

 "ഹേയ്..അതൊന്നും വേണ്ട..ഡ്രസ്സ് ഇതൊക്കെ മതി.."

 വിക്ടർ വിലക്കി. അവളുടെ മുഖത്ത് ആകാംക്ഷ വിടർന്നു.

പ്രതീകാത്മക ചിത്രം

"അപ്പോ എന്നെ ഫിക്സ് ചെയ്താച്ചാ...?

 അവൾക്ക് ജിജ്ഞാസ അടക്കാനായില്ല.

 "ആദ്യം ക്യാമറയിൽ നിന്നെ എടുത്തുനോക്കട്ടെ...എന്നിട്ട് സാറ് പറയും നിന്നെ പറ്റുമോന്ന്..."-അരവിന്ദൻ അവളെ തിരുത്തി.

 വിക്ടർ സ്റ്റിൽക്യാമറയിൽ അവളുടെ ചലനങ്ങൾ പകർത്താൻ തുടങ്ങി. അവളുടെ ചിരി,നോട്ടം,നടത്തം,കരച്ചിൽ,ബിഹേവിങ് ഒക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നതുകണ്ട് അമ്മ ടെൻഷനടിച്ച് നില്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോൾ ഫോട്ടോയെടുക്കുന്നത് നിർത്തി വിക്ടർ സംതൃപ്തിയോടെ അരവിന്ദനെ നോക്കി.

 "കൊള്ളാം...ഫോട്ടോജനിക് ആണ്...ഇനി വേറെ ആരെയും നോക്കണ്ട..നമുക്കിവളെ തന്നെ ഫിക്സ് ചെയ്യാം.."

 അവൾ ആകാംക്ഷയോടെ വിക്ടറെത്തന്നെ നോക്കിനില്കുകയാണ്.

 നിമിഷനേരത്തെ സസ്പെൻസിനുശേഷം വിക്ടർ അവളെ നോക്കിയിട്ട് പറഞ്ഞു.

 "യൂ ആർ സെലക്ടഡ്...നീയാണെന്റെ ഫിലിമിലെ നായിക.."

 വിക്ടറുടെ പതിഞ്ഞ ശബ്ദം ഉയർന്നപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മയുടെ കണ്ണിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞു. 

 അവൾ വേ​ഗം തന്നെ വിക്ടർ ലീനസിന്റെ കാൽ തൊട്ടുവന്ദിച്ചു. അയാളവളെ പതുക്കെ പിടിച്ചുയർത്തി. 

 "ഹാ...എന്താ ഇതൊക്കെ...എഴുന്നേറ്റേ..."

 അവളെഴുന്നേറ്റ് വിസ്മയം കൂറി നിന്നു. 

 വിക്ടർ പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവളോട് ചോദിച്ചു:

 "നിനക്ക് നിന്റെ പേര് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞത്...?"

 എന്തുപറയണമെന്നറിയാതെ അവൾ അയാളെ നോക്കി.

 "നമുക്ക് മാറ്റിക്കളയാം...ഞാനൊരു പേര് പറയാം...ആരതി.."

 അവളുടെ മുഖത്ത് പ്രസാദം പരന്നു.

 "എങ്ങനെയുണ്ട് പേര്? നിനക്കിഷ്ടമായോ?"

 "നല്ലാരുക്കെ സാർ.."

 "അമ്മ എന്തുപറയുന്നു?"

 "എല്ലാം സാറിന്റെ ഇഷ്ടം..."

 "ഷൂട്ടിങ് തുടങ്ങുന്നത് അടുത്തമാസം അഞ്ചാംതീയതിയാണ്. രണ്ടാംതീയതി നിങ്ങളവിടെ എത്തണം. രണ്ടുദിവസം ചെറിയൊരു അഭിനയക്കളരി പ്ലാൻ ചെയ്തിട്ടുണ്ട്."

 "കളരിയാ...എനക്ക് കളരി തെരിയാത് സാർ..."

 "നീ വിചാരിക്കുംപോലെ ഇത് കളരിപ്പയറ്റും ​ഗുസ്തിയുമൊന്നുമല്ല. ആക്ടിങ് ക്ലാസ്സാണ്"-വിക്ടർ പറഞ്ഞു.

 "അപ്പടിയാ...നാൻ നെനച്ച്..."

 "ങ്ഹാ..നീയങ്ങനെ നെനക്കാനൊന്നും നില്ക്കണ്ട...നന്നായിട്ട് നടിച്ചാൽ മതി."- അരവിന്ദൻ ചിരിച്ചുകൊണ്ട് അവളെയൊന്ന് വാരി.

 "ങ്ഹാ...പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട് ഒരു കാര്യം....നീ നന്നായി മലയാളം പഠിക്കണം..നിനക്ക് തന്നെ ഡബ്ബ് ചെയ്യാനുള്ളതാ...അമ്മയ്ക്ക് മലയാളം അറിയാമല്ലോ...അമ്മ പഠിപ്പിച്ചുതരും.."-വിക്ടർ അമ്മയെ ഓർമിപ്പിച്ചു.

 "അവൾക്ക് മലയാളം നന്നായി അറിയാം സാറേ..ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് മലയാളത്തിലാ..."

 ആരതി ഇതൊന്നും ശ്രദ്ധിക്കാതെ ഏതോ ഓർമയിൽ ലയിച്ചുനില്കുകയാണ്. അതുകണ്ട് കൈഞൊടിച്ചുകൊണ്ട് വിക്ടർ അവളെ ഉണർത്തി.

 "ഹലോ...ഞങ്ങളിവിടെ പറഞ്ഞതുവല്ലതും നീ കേട്ടോ..?"

 അവൾ പാതി ചമ്മിയ മുഖത്തോടെ അയാളെ നോക്കി.

 "നിന്റെ ക്യാരക്ടർ എന്താണെന്നുവച്ചാൽ....സ്നേഹം,പ്രണയം,രതി,ഫ്രസ്ട്രേഷൻ,പക,പ്രതികാരം തുടങ്ങിയ വികാരങ്ങളുടെ സമ്മിശ്രരൂപമാണ്. മലയാളം നന്നായി പഠിച്ചില്ലെങ്കിൽ കഥാപാത്രമായി മാറാൻ ബുദ്ധിമുട്ടാകും."

 പിന്നെയും കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് കുറച്ചുനേരം കൂടി അവളെ പറഞ്ഞ് മനസ്സിലാക്കിയ ശേഷം,എല്ലാകാര്യങ്ങളും അരവിന്ദനെ ഏല്പിച്ച് അന്ന് വൈകീട്ട് തന്നെ വിക്ടർ ലീനസ് എറണാകുളത്തേക്ക് മടങ്ങി.

 വിക്ടർ ലീനസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പകൽമഴ'യുടെ ഷൂട്ടിങ് മെയ് അഞ്ചിനുതന്നെ ആലുവ തോട്ടുംമുഖത്ത് ആരംഭിച്ചു. ആദ്യഷോട്ടിൽ അഭിനയിച്ചത് മലയാളസിനിമയിലെ മുതിർന്ന നടന്മാരിലൊരാളായ ഇന്നസെന്റാണ്.

 ആദ്യദിവസം ആരതിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നില്ല. പിറ്റേന്ന് മുതലാണ് അവളുടെ സീനുകൾ എടുക്കാൻ തുടങ്ങിയത്. അവൾ മാത്രമുള്ള അധികം അഭിനയമുഹൂർത്തങ്ങളില്ലാത്ത ഒന്നുരണ്ട് കൊച്ചുകൊച്ചുസീനുകളാണ് ഷൂട്ട് ചെയ്തത്.

 നാലഞ്ചുദിവസം കൊണ്ടുതന്നെ ആരതിയെ തന്റെ കഥാപാത്രമാക്കി മാറ്റാൻ വിക്ടറിന് കഴിഞ്ഞു. വളരെ നിഷ്കളങ്കമായ പെരുമാറ്റവുമായി ഓരോ സംശയവും ചോദിച്ച് ഏതു പാതിരാത്രിയിലും വിക്ടറിന്റെ മുറിയിൽ ഓടിക്കയറിച്ചെല്ലുവാൻ അവൾക്ക് ഒരു സങ്കോചവുമുണ്ടായിരുന്നില്ല. വിക്ടറെ അവൾക്കത്ര വിശ്വാസമായിരുന്നു. ഒരുതരം മൗനാരാധനയായിരുന്നു അവൾക്ക് അയാളോട്.

 ഒരു ദിവസം രാത്രി ഷൂട്ടിങ് കഴിഞ്ഞുവന്ന് വിക്ടർ കിടക്കാനൊരുങ്ങുമ്പോൾ ആരതി ഒരു മിന്നലാട്ടം പോലെ അയാളുടെ മുറിയിലേക്ക് കടന്നുവന്നുകൊണ്ട് ചോദിച്ചു:

 "സാർ...എപ്പോഴാണ് എന്നെ സാറിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്?"

 "എന്തിനാ നിന്നെ എന്റെ വീട്ടിൽ കൊണ്ടുപോകുന്നത്..?"

 "അപ്പോൾ സാറ് അതുമറന്നോ..? സാറിന്റെ ഭാര്യയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞില്ലേ...സാറിനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ ആ ഭാ​ഗ്യവതിയെ എനിക്കൊന്ന് കാണണം.."

 "അതിനെന്താ...ഷൂട്ടിങ് പായ്ക്കപ്പായിട്ട് നിന്നെ കൊണ്ടുപോകാം..ഇപ്പോൾ നീ പോയി കിടന്നുറങ്ങ്...രാവിലെ ഷൂട്ടിങ്ങുള്ളതാ.."

 ഷൂട്ടിങ് പായ്ക്കപ്പായ ദിവസം സന്ധ്യമയങ്ങും നേരത്താണ് ആരതിയെയും കൂട്ടി വിക്ടർ ചൊവ്വരയിലുള്ള തന്റെ വീട്ടിലേക്ക് പുറപ്പെട്ടത്. പുഴയോരത്ത് പണികഴിപ്പിച്ചിട്ടുള്ള മനോഹരമായ ഇരുനില വീടാണത്.

 ആരതി കാറിൽ നിന്ന് ഇറങ്ങാതെ വീടിനുമുന്നിലൂടെ ഒഴുകുന്ന പുഴയുടെ രാത്രിസൗന്ദര്യം നോക്കിയിരിക്കുന്നതുകണ്ട് വിക്ടർ ചോദിച്ചു:

 "എന്താ..നീ ഇറങ്ങുന്നില്ലേ..?"

 പുഴയോരഭം​ഗി ആസ്വദിച്ചുകൊണ്ടുതന്നെ അവൾ‌ പതുക്കെ കാറിൽ നിന്നിറങ്ങി. വിക്ടർ ചെന്ന് കോളിങ് ബെല്ലിൽ വിരലമർത്തി. അടഞ്ഞുകിടക്കുന്ന വീടിനുമുന്നിൽ മഞ്ഞച്ചായം പൂശിയ കുഞ്ഞുപലകയിൽ മലയാളത്തിൽ എഴുതിവച്ചിരിക്കുന്ന വാചകങ്ങൾ അവൾ ശ്രദ്ധിച്ചു. അവൾക്കതിന്റെ പൂർണമായ അർഥം മനസ്സിലായില്ല.

 "എന്താ സാർ എഴുതിവച്ചിരിക്കുന്നതിന്റെ മീനിങ്?"

 -പ്രാർഥനയേക്കാൾ വലിയ ആയുധമില്ല..

 ദൈവത്തേക്കേൾ വലിയ നീതിമാനുമില്ല..

 വിക്ടർ അർഥം പറഞ്ഞുകൊടുക്കുന്നതിന് മുമ്പേ അകത്തുനിന്നും ഡോർ തുറന്നുകൊണ്ട് അയാളുടെ ആന്റി കടന്നുവന്നു. പത്തറുപത് വയസ്സ് പ്രായം തോന്നിക്കുന്ന പ്രൗഢയായ ഒരു സ്ത്രീ. അവരെക്കണ്ട് ആരതി ഭവ്യതയോടെ ചിരിച്ചു.

 "ങ്ഹാ..നീയായിരുന്നോ...നിന്റെ ഷൂട്ടിങ് തീർന്നോ..?"-ആന്റി വിക്ടറിനോട് ചോദിച്ചു:

 "ങ്ഹും..ഇന്നുച്ചയ്ക്ക് പായ്ക്കപ്പായി ആന്റീ.."

 "ഇതാരാ..?"

 ആന്റിയുടെ കണ്ണുകൾ ആരതിയിലേക്ക് നീണ്ടു.

 "ഇതാണ് എന്റെ ഫിലിമിലെ നായിക..ആരതി..പുതുമുഖമാണ്...ആൻസിയെ ഒന്നുകാണാൻ വന്നതാ.."

 വിക്ടറും ആരതിയും പതുക്കെ സ്വീകരണമുറിയിലേക്ക് കയറി. ആന്റി ആരതിയെനോക്കി ഉപചാരപൂർവം പറഞ്ഞു:

 "ഇരിക്കൂ..."

 അവൾ ഭവ്യതയോടെ സോഫയിൽ ഇരുന്നു. 

 ആരതി ഹാളിൽ അലങ്കരിച്ചുവച്ചിരിക്കുന്ന പുരാവസ്തുക്കളിൽ മിഴിനട്ടിരിക്കുന്നതുകണ്ട് വിക്ടർ പറഞ്ഞു:

 "വാ...നിനക്ക് ആൻസിയെ കാണണ്ടേ..?"

 ആരതി പതുക്കെ എഴുന്നേറ്റ് അയാളോടൊപ്പം അകത്തെ മുറിയിലേക്ക് നടന്നു. 

 അരണ്ട നീലവെളിച്ചം തൂവിയ മുറിയിലെ ബഡ്ഡിൽ കിടക്കുന്ന ആൻസിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു ആരതി. വിക്ടർ ട്യൂബ് ലൈറ്റ് ഓൺ ചെയ്തു. മുറിയിൽ പാൽവെളിച്ചം പരന്നു. അയാൾ ആൻസിയുടെ അടുത്തേക്ക് ചെന്ന് പതുക്കെ വിളിച്ചു

 "ആൻസീ..."

 അയാളുടെ വിളി കേട്ട് ആൻസി മെല്ലെ കണ്ണുതുറന്നു. 

 അവൾ വിക്ടറിനോടൊപ്പമുള്ള ആരതിയെ ശ്രദ്ധിക്കുകയായിരുന്നു.

 "ആൻസീ..ഇതാണ് ഞാൻ പറഞ്ഞ ആരതി...ഇവൾക്ക് നിന്നെ കാണണമെന്ന് ഒരേ നിർബന്ധം..."

 ആരതിയെ നോക്കി ആൻസി ഒരു ചെറുമന്ദഹാസം പൊഴിച്ചു.

 "നിങ്ങൾ സംസാരിച്ചിരിക്ക്...ഞാനിപ്പോൾ വരാം.."

 ആരതി വിക്ടറിനെ നോക്കി.

 വിക്ടർ അകത്തെ മുറിയിലേക്ക് പോയി. 

 ആൻസി എഴുന്നേൽക്കാതെ നീണ്ടുനിവർന്നുകിടക്കുന്നതുകണ്ടപ്പോൾ ആരതിയുടെ മനസ്സിൽ ചില സംശയങ്ങളുയർന്നു.

 "ചേച്ചി സുഖമില്ലാതെ കിടക്കുകയാണോ...ഇതറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു..."

 ആൻസി ആരതിയോട് ബെഡ്ഡിലേക്കിരിക്കാൻ കൈകൊണ്ട് ആം​ഗ്യം കാണിച്ചു. ആരതി മെല്ലെ ബെഡ്ഡിലേക്കിരുന്നു. 

 നിമിഷനേരം മുറിയിൽ നിശബ്ദത പരന്നു. പിന്നെ ആൻസിയെ നോക്കി ഒരു കുസൃതിയോടെ ആരതി പറഞ്ഞു:

 "ചേച്ചിയെ കണ്ടാൽ കല്യാണം കഴിച്ചതാണെന്ന് തോന്നുകയേയില്ല..ഒരു കോളേജ് സ്റ്റുഡന്റാണെന്നേ തോന്നൂ..."

 ആരതിയുടെ സ്തുതിവചനം കേട്ട് ആൻസി ഒരു നനഞ്ഞ ചിരി ചിരിച്ചു.

 "വിക്ടർ സാറിനെപ്പോലെ ഒരാളെ ഭർത്താവായി കിട്ടിയത് ചേച്ചിയുടെ മഹാഭാ​ഗ്യമാണ്. അക്കാര്യം എനിക്ക് ചേച്ചിയോട് നേരിട്ടുവന്ന് പറയണമെന്ന് തോന്നി.."

 ആൻസി നിസ്സം​ഗതയോടെ ചോദിച്ചു:

 "അതിന് വിക്ടർ എന്റെ ഭർത്താവാണെന്ന് ആരതിയോട് ആര് പറഞ്ഞു?"

 ആൻസിയുടെ വാക്കുകൾ കേട്ട് ആരതി മിഴിച്ചിരുന്നുപോയി

(തുടരും)