ആൻസിയുടെ വാക്കുകൾ ആരതിയുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
''വിക്ടർ എന്റെ ഭർത്താവാണെന്ന് ആരതിയോട് ആരുപറഞ്ഞു?''
ചിലപ്പോൾ സാറും ചേച്ചിയും തമ്മിൽ മാനസികമായി എന്തെങ്കിലും അകൽച്ചയിലായിരിക്കുമോ? അല്ലെങ്കിൽ താലികെട്ടിയ പുരുഷൻ തന്റെ ഭർത്താവല്ലെന്ന് ഒരു സ്ത്രീക്കെങ്ങനെയാണ് പറയാനാകുക?
ലൊക്കേഷനിലെ ഇടവേളകളിൽ ചേച്ചിയുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് മാത്രമേ സാറ് സംസാരിച്ച് കേട്ടിട്ടുള്ളൂ. പിന്നെ ചേച്ചി എന്താണിങ്ങനെ പറയുന്നത്?
ആരതിയുടെ മനസ്സിൽ പല സംശയങ്ങളും വളരാൻ തുടങ്ങി. അവൾ ആൻസിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.
''ആരതി എന്താ ഇങ്ങനെ നോക്കുന്നത്?''
ആൻസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടാണ് ആരതി ചിന്തയിൽ നിന്നുണർന്നത്.
''വിക്ടർ എന്റെ ഭർത്താവല്ലെന്ന് ഞാൻ പറഞ്ഞത് ആരതിക്ക് വിശ്വസിക്കാനാകുന്നില്ലല്ലേ? ഞാൻ പറഞ്ഞത് സത്യമാണ്. വിക്ടർ ഇപ്പോഴെന്റെ ഭർത്താവല്ല. എന്റെ ദൈവമാണ്.''
'ഈ ചേച്ചി എന്താണിങ്ങനെയൊക്കെ സംസാരിക്കുന്നത്. വിക്ടർ സാർ ദൈവമാണെന്നോ?'
ആരതി ആലോചിക്കുകയായിരുന്നു.
"ആരതി കേട്ടിട്ടില്ലേ..ചില സമയങ്ങളിൽ ചിലമനുഷ്യർ ദൈവങ്ങളായി മാറാറുണ്ടെന്ന്...നാലുവർഷമായി വിക്ടറിന് എന്റെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമാണ്. കേൾക്കുമ്പോൾ ആരതിക്ക് തമാശയായിട്ട് തോന്നാം. അവനവന്റെ കഴിവുകൾക്കും അപ്പുറം ഒരു വലിയ ശക്തി ഉണ്ടെന്ന് പറയുന്നതിനെയാണല്ലോ നമ്മൾ ദൈവമായി വിശേഷിപ്പിക്കുന്നത്.."
ആൻസി പറഞ്ഞ വാക്കുകളുടെ അർഥപ്പെരുമയൊന്നും ആരതിക്ക് മനസ്സിലായില്ല. വിക്ടർ തന്റെ ദൈവമാണെന്നു പറഞ്ഞ ആൻസിയുടെ വാമൊഴി മാത്രമേ അവളുടെ മനസ്സിൽ കൊളുത്തിയുള്ളൂ.
'ആദ്യം ചേച്ചി പറഞ്ഞു,വിക്ടർ സാർ ഭർത്താവല്ലെന്ന്. ഇപ്പോൾ പറയുന്നു ദൈവമാണെന്ന്. ചേച്ചിക്ക് വല്ല ഓർമക്കുറവോ മറ്റെന്തെങ്കിലും തകരാറോ ഉണ്ടാകുമോ? അല്ലെങ്കിൽ തന്നെക്കണ്ടിട്ട് സാമാന്യമര്യാദപോലും കാണിക്കാതെ നീണ്ടുനിവർന്ന് കിടക്കുമോ?'
ആലോചിച്ചിട്ട് ആരതിക്ക് ഒരു രൂപവും കിട്ടിയില്ല.
'ചേച്ചിയോട് ഒന്ന് ചോദിച്ചാലോ?'
പെട്ടെന്നോർത്തപ്പോൾ ആ തീരുമാനം അവൾ വേണ്ടെന്ന് വെച്ചു.
'ആരോടും എടുത്തുചാടി ഒന്നും സംസാരിക്കരുത്. ഓരോ വാക്കും സൂക്ഷിച്ചുവേണം ഉപയോഗിക്കാൻ. നാവ് തീയാണ്. ആ ജ്വാലയേറ്റാൽ മറ്റുള്ളവർക്ക് വല്ലാതെ പൊള്ളും. '
ആദ്യ ദിവസം ഷൂട്ടിങ്ങിന് വന്നപ്പോൾ വിക്ടർ പറഞ്ഞ വാചകം അവൾ ഓർത്തു.
ഒരുനിമിഷം അവൾ ആൻസിയെത്തന്നെ നോക്കിയിരുന്നു. അതുകണ്ട് ആൻസി വീണ്ടും ചോദിച്ചു:
"എന്താ...എന്താ ആരതി ഇങ്ങനെ നോക്കുന്നത്?"
"ഹേയ് ഒന്നുമില്ല. ഞാൻ വെറുതേ നോക്കിയതാ. ചേച്ചി നല്ല സുന്ദരിയാണ്."
"അതുവെറുതെ. ആരതിയുടെ നോട്ടത്തിന്റെ അർഥമെനിക്ക് മനസ്സിലായി."
ആരതി ഒന്നുവല്ലാതായി.
"എന്റെ തലയ്ക്ക് വല്ല വട്ടുമുണ്ടോ എന്നല്ലേ ആരതി ചിന്തിച്ചത്?"
വ്യർഥമായി ചിരിച്ചുകൊണ്ട് ആൻസി ചോദിച്ചു.
"ഹേയ്..ഞാനങ്ങനെയൊന്നും ചിന്തിച്ചില്ല ചേച്ചീ...പിന്നെ ചേച്ചിക്കിതൊക്കെ എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുന്നത്?"
"മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരു മെന്റലിസ്റ്റ് ആണ് ഞാനെന്ന് കൂട്ടിക്കോളൂ..."
ആരതി അതിന്റെ അർഥം മനസ്സിലാകാതെ ആൻസിയെ നോക്കി.
"എനിക്കിത് ആദ്യത്തെ അനുഭവമൊന്നുമല്ല. ഇതിന് മുമ്പും ആദ്യമായിട്ടെന്നെ കാണാൻ വരുന്ന പലർക്കും ഇങ്ങനെ തോന്നിയിട്ടുള്ളതാ.."
"ചേച്ചി പറയുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും എനിക്കില്ല."
ആൻസി ആരതിയെ നോക്കിയിട്ട് ഒരുനിമിഷം കണ്ണടച്ചുകിടന്നു. പിന്നെ ഏതോ ഓർമയിലെന്നപോലെ ചോദിച്ചു:
"വിക്ടർ എന്റെ അവസ്ഥയെക്കുറിച്ച് ആരതിയോടൊന്നും പറഞ്ഞിട്ടില്ലേ?"
"ഇല്ല..എന്താ ചേച്ചി.."
ആൻസി മറുപടി പറയാതെ തെല്ലുനേരം ഓർമയുടെ സാന്ത്വനത്തിൽ മയങ്ങിക്കിടന്നു. പിന്നെ അല്പം മടിയോടെയാണെങ്കിലും അവൾ തന്റെ സ്വകാര്യതയുടെ ചെപ്പ് തുറന്നു.
ആറുവർഷം മുമ്പുള്ള ജൂണിലെ മഴയുള്ള ഒരു തിങ്കളാഴ്ച ദിവസം.
"ഞാനന്ന് ബാങ്കിൽ ജോലിക്ക് കയറിയിട്ട് നാലഞ്ചുമാസമേ ആയിട്ടുള്ളൂ. തിങ്കളാഴ്ചയായതുകൊണ്ട് ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു. പെട്ടെന്നാണ് മഴത്തുള്ളികൾ വീണുനനഞ്ഞ, പറ്റെവെട്ടിയ മുടിയും ഫുൾസ്ലീവ് ഷർട്ടും പാന്റ്സും ധരിച്ച,പത്തുമുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുതാടിക്കാരൻ ക്യാഷ് കൗണ്ടറിനടുത്തേക്ക് വരുന്നത് ഞാൻ കണ്ടത്.
കൗണ്ടറിൽ ചെറിയൊരു ക്യൂ ഉണ്ടായിരുന്നതുകൊണ്ട് അയാൾ എന്നെ ഒന്നുനോക്കിയിട്ട് അല്പം മാറിനിന്ന് കർച്ചീഫെടുത്ത് തല തോർത്തിക്കൊണ്ടിരുന്നു. ക്യാഷ് എണ്ണുന്നതിനിടയിലും എന്റെ കണ്ണുകൾ അറിയാതെ അയാളിലേക്ക് നീണ്ടുചെന്നു. അപ്പോൾ അയാളും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്താണ് ഇയാൾ എന്നെ ഇങ്ങനെ നോക്കുന്നതെന്ന് തോന്നിയെങ്കിലും ഞാനതത്രയ്ക്ക് കാര്യമാക്കാതെ ജോലി തുടരുന്നതിനിടയിൽ അയാൾ എന്റെയടുത്തേക്ക് വന്ന് വിനയത്തോടെ ചോദിച്ചു
"എക്സ്ക്യൂസ് മീ മാഡം.."
ആ മാഡം വിളിയിൽ ചെറിയൊരു പരിഹാസമില്ലേ എന്നെനിക്ക് തോന്നി.
"എഫ്.ഡിയുടെ ഇന്ററസ്റ്റ് റേറ്റ് എത്രയാണന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു."
അയാളുടെ സംസാരത്തിന് ഒരു പ്രത്യേകതരം ചന്തമുണ്ടായിരുന്നു. ക്യാഷ് എണ്ണുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കണക്ക് തെറ്റുമെന്നറിയാവുന്നതുകൊണ്ട് ഞാനല്പം തിടുക്കം കാണിച്ചു.
"സോറി..എഫ്.ഡിയുടെ കാര്യത്തിനാണെങ്കിൽ അസിസ്റ്റന്റ് മാനേജറെ കണ്ടാൽ മതി."
പിന്നെ അയാളൊന്നും ചോദിക്കാൻ നില്കാതെ ഒരുനിമിഷം ആലോചിച്ച് നിന്നിട്ട് അസിസ്റ്റന്റ് മാനേജറുടെ അടുത്തേക്ക് ചെന്ന് എന്തോ സംസാരിച്ചതിനുശേഷം തിരിച്ചുവന്ന് എന്നെയൊന്ന് നോക്കി ചെറുചിരിയോടെ പുറത്തേക്ക് പോയി.
കാഴ്ചയിൽ ആളൊരു ജന്റിൽമാൻ ആണെന്ന് എനിക്ക് തോന്നി. പോസിറ്റീവ് എനർജിയുള്ള മുഖം. പിന്നീടാണ് ഞാനറിഞ്ഞത് എഫ്.ഡിയുടെ ഇന്ററസ്റ്റ് റേറ്റ് അറിയാനെന്ന പേരിൽ അയാൾ ബാങ്കിൽ വന്നത് എന്നെ കാണാൻ വേണ്ടിയായിരുന്നുവെന്ന്....
എനിക്ക് വിവാഹാലോചനകൾ നടക്കുന്നുണ്ടെന്നറിഞ്ഞിട്ടാണ് കക്ഷി വന്നിരിക്കുന്നത്. ഏതോ ഒരു ചൊവ്വാഴ്ച കലൂർ സെന്റ് ആന്റണീസ് പള്ളിയിൽവച്ച് വിക്ടർ എന്നെ കണ്ടിട്ടുണ്ടത്രേ. പിന്നീട് എന്നെക്കുറിച്ചന്വേഷിച്ചപ്പോഴാണ് ബാങ്കിലാണ് ജോലി എന്ന കാര്യം അറിഞ്ഞത്.
പിന്നെ അങ്ങോട്ട്,പെണ്ണുകാണലും മനസ്സുചോദ്യവും മോതിരം മാറലും എല്ലാം പെട്ടെന്ന് കഴിഞ്ഞു. ഒന്നരമാസത്തിനുള്ളിൽ തന്നെ ഞങ്ങളുടെ വിവാഹവും നടന്നു.
ആദ്യരാത്രിയിൽ വിക്ടർ പറഞ്ഞ വാചകം ഇന്നും എന്റെയുള്ളിൽ ഒരു മധുരഗീതം പോലെ മായാതെ കിടപ്പുണ്ട്.
-മൂടൽമഞ്ഞിൽ തെളിഞ്ഞ തിരിനാളം പോലെയുള്ള നിന്റെയീ മുഖം പള്ളിയിൽവെച്ച് ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് മന്ത്രിച്ചതാണ് നീയാണെന്റെ പെണ്ണെന്ന്...
പിന്നീടുള്ള ഞങ്ങളുടെ ഓരോദിവസവും സർപ്രൈസുകളുടെ ഒരാഘോഷം തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് ഞങ്ങളുടെ ആദ്യത്തെ ഹണിമൂൺ ട്രിപ്പ് റോമിലേക്കായിരുന്നു. അവിടത്തെ സെന്റ് പീറ്റേഴ്സ് സ്ക്വയറും വത്തിക്കാൻ മ്യൂസിയവും നിക്കോളാസ് ചാപ്പലും പിന്നെ ഇറ്റലിയും ജർമനിയും സ്വിറ്റർസർലന്റുമൊക്കെ കറങ്ങി,ഞങ്ങൾ വെൺപ്രാക്കളെപ്പോലെ പാറിപ്പറന്നു നടന്നു.
ഒരു കണക്കെടുപ്പ് നടത്തിനോക്കിയാൽ ഒരുവർഷക്കാലം ഹണിമൂൺ ആഘോഷിച്ചുനടന്ന ആദ്യത്തെ കപ്പിൾസ് ഒരുപക്ഷേ ഞങ്ങളായിരിക്കും.
പക്ഷേ അപൂർവഭംഗികൾ അല്പായുസ്സായിരിക്കുമെന്ന് പറഞ്ഞുകേട്ടിട്ടില്ലേ..?അതാണ് ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചത്.
ദിവസങ്ങളും മാസങ്ങളും പാഴിലകളെപ്പോലെ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
ഒരു ശനിയാഴ്ച ദിവസം.
എന്റെ കോളേജ് മേറ്റായ കോട്ടയംകാരി നിമിഷ ചെറിയാൻ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണ് വീട്ടിലേക്ക് കയറിവന്നത്. വിക്ടർ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. വീട്ടിൽ ഞാനും സെർവെന്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറേക്കാലം കൂടിയാണ് അവളെ കാണുന്നത്. എന്നേക്കാൾ മുമ്പായിരുന്നു അവളുടെ വിവാഹം. അവളപ്പോൾ ഭർത്താവിനൊപ്പം യു.കെയിലാണ്.
ഞങ്ങൾ അന്ന് ഒരുപാട് കാര്യങ്ങൾ ഓർത്തോർത്ത് ചിരിച്ചു. കോളേജിലെ കുസൃതികൾ..ഹോസ്റ്റലിലെ ആദ്യദിവസത്തെ റാഗിങ്..ക്ലാസ് റൂംതമാശകൾ...ചിരിക്കാൻ തുടങ്ങിയാൽ അവൾ നിർത്തില്ല. കുഞ്ഞുകാര്യങ്ങൾ മതി,അവൾക്ക് ചിരിക്കാൻ. കാണുന്നവർക്ക് വട്ടാണെന്ന് തോന്നുമെങ്കിലും ആള് വലിയ പഠിപ്പിസ്റ്റായിരുന്നു.
ഞങ്ങളുടെ വിവാഹത്തിന് അവൾക്ക് പങ്കെടുക്കാൻ കഴിയാത്തതുകൊണ്ട് വിക്ടറിനെക്കൂടി കാണാനാണ് അവൾ വന്നത്. പക്ഷേ ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് നാലുമണിവരെ നോക്കിയിരുന്നിട്ടും വിക്ടറിന് എത്താൻ കഴിഞ്ഞില്ല. വൈകുന്നേരം നിമിഷയെ എന്റെ സ്കൂട്ടറിൽ ആലുവ റെയിൽവേസ്റ്റേഷനിൽ കൊണ്ടുവിട്ടിട്ട് തിരിച്ചുവരികയായിരുന്നു,ഞാൻ.
പമ്പുകവലയും കഴിഞ്ഞ് സെന്റ്സേവ്യേഴ്സ് കോളേജിന് അടുത്തെത്തിയപ്പോഴാണ് എതിരെ നിന്നും ഒരു ടിപ്പർ ലോറി പെട്ടെന്ന് എന്റെ നേരെ പാഞ്ഞുവരുന്നത് ഞാൻ കണ്ടത്. സകലനിയന്ത്രണവും വിട്ട് അലറിക്കരഞ്ഞത് മാത്രം എനിക്ക് ഓർമയുണ്ട്.
രണ്ടുദിവസം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെ ഐ.സി.യുവിലാണ് ഞാൻ. മേലാകെ മുറിവുകളുണ്ട്. മനസ്സ് മരവിച്ചുപോയിരുന്നു. ഞാൻ മരിക്കാറായിരുന്നു.
ഓർമകൾ പതുക്കെ തലയ്ക്കകത്തേക്ക് അരിച്ചരിച്ച് കയറിയപ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞുവന്നത് വിക്ടറിന്റെ മുഖമായിരുന്നു. ഞാൻ പതുക്കെ കണ്ണുതുറന്നു. ഡ്യൂട്ടി നഴ്സ് മാത്രമുണ്ട് മുറിയിൽ. എനിക്ക് വിക്ടറിനെ ഒന്നുകാണണമെന്ന് പറയണമെന്നുണ്ട്. പക്ഷേ നാവും ചുണ്ടും ചലിക്കുന്നില്ല. ദൈവമേ...എന്റെ സംസാരശേഷി നഷ്ടപ്പെട്ടോ എന്നുഞാൻ ഭയന്നു. മനസ്സ് വല്ലാതെ തേങ്ങി.
എന്താണെനിക്ക് സംഭവിച്ചത്? ഒന്നനങ്ങാനോ തിരിയാനോ പറ്റാനാകാത്ത വിധം ശരീരം വല്ലാതെ നുറുങ്ങുന്നതുപോലെ തോന്നി. ഇനി എത്രനാൾ ഇങ്ങനെ ആശുപത്രിക്കിടക്കയിൽ കഴിയേണ്ടിവരും?
ഓരോന്നോർത്ത്,ആകെത്തകർന്ന് അറിയാതെ ഞാൻ മയക്കത്തിലേക്ക് വീഴാൻ തുടങ്ങിയപ്പോഴാണ് വിക്ടറിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള വിളി കേട്ടത്..
ആൻസീീീ..
ആ വിളിയിലെ വിഷാദം എന്റെ ഉള്ളിന്റെ ഉള്ളിലേക്ക് പടർന്നിറങ്ങിയപ്പോൾ മയക്കത്തിന്റെ ആലസ്യത്തിൽ നിന്ന് പതുക്കെ ഞാനുണർന്നു. കണ്ണുതുറന്നുനോക്കിയപ്പോൾ എന്നേക്കാൾ തകർന്ന് മുമ്പിൽ നില്കുന്ന വിക്ടറിനെയാണ് ഞാൻ കണ്ടത്.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
"ആൻസീ...എന്തിനാ കരയുന്നേ..നിനക്കൊന്നുമില്ല...രണ്ടുദിവസം കഴിഞ്ഞ് നമുക്ക് വീട്ടിൽപ്പോകാം..നീ ധൈര്യമായിരിക്ക്..."
എന്നെ ആശ്വസിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെങ്കിലും എനിക്ക് വിക്ടറിനോട് ഒന്നും ചോദിക്കാനാകുന്നില്ല. വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കുരുങ്ങിനില്കുന്നതുപോലെ തോന്നി. എന്നാൽ ഞാൻ ആംഗ്യഭാഷയിൽ പറഞ്ഞതെല്ലാം എന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ വിക്ടറിന് കഴിഞ്ഞു. എന്റെ വാക്കുകൾക്ക് കാതോർത്ത് എന്റെയരികിൽ നിന്ന് മാറാതെ നില്കുകയാണ് വിക്ടർ. അപ്പോഴാണ് ഓർത്തോപീഡിക് സർജൻ ഡോ.എബ്രഹാം മാത്യു അങ്ങോട്ട് വന്നത്.
"ഹൗ ആർ യൂ ആൻസി"- ഡോക്ടർ ചോദിച്ചു.
ഒന്നും പറയാൻ കഴിയാതെ ഞാൻ ചിരിച്ചു. എന്നെ പരിശോധിച്ചശേഷം ഡോക്ടർ വിക്ടറിനെയും വിളിച്ച് പുറത്തേക്ക് നടന്നു.
ഡോക്ടർ വിക്ടറിനെ വിളിച്ചുകൊണ്ട് പോയത് എന്തിനായിരിക്കുമെന്നോർത്ത് എന്റെ മനസ്സിൽ ആശങ്കകൾ വളരാൻ തുടങ്ങി. വിക്ടർ നല്കിയ ആശ്വാസവാക്കുകളിൽ ലയിച്ച് ഞാൻ കിടന്നു.
ഒരുമാസത്തോളം ഞാൻ ആശുപത്രിയിൽ കഴിഞ്ഞു. ഊണും ഉറക്കവുമില്ലാതെ രാവും പകലും എന്നെ നോക്കിയത് എന്റെ വിക്ടറാണ്. ആദ്യത്തെ ഒരാഴ്ച മാത്രമേ എന്റെ അമ്മച്ചിയും ചാച്ചനും ഉണ്ടായിരുന്നുള്ളൂ.
ഒരു ദിവസം ഡോക്ടർ എബ്രഹാം മാത്യു വിക്ടറിനോട് പറഞ്ഞു:
"വിക്ടർ..എറണാകുളത്ത് സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ ഓർത്തോ സ്പെഷലിസ്റ്റ് ഒരു ഡോക്ടർ രവീന്ദ്രനാഥ് ഉണ്ട്. ആൻസിയെ അദ്ദേഹത്തെ ഒന്നുകാണിക്കുന്നത് നന്നായിരിക്കും. ഞാൻ രവീന്ദ്രനാഥിനെ വിളിച്ച് സംസാരിക്കാം."
ഡോക്ടർ എന്താണ് അങ്ങനെ പറഞ്ഞത്? ഒന്ന് എഴുന്നേറ്റിരിക്കാൻപോലും കഴിയാത്തവിധം എനിക്കെന്താണ് സംഭവിച്ചത്? നല്ല ഇംപ്രൂവ്മെന്റ് കാണുന്നുണ്ടെന്ന് പറഞ്ഞ ഡോക്ടർ പിന്നെ എന്തിനാണ് എന്നെ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നത്? കോംപ്ലിക്കേറ്റഡ് ആയ ആക്സിഡന്റ് കേസുകളെല്ലാം അവിടത്തെ ട്രീറ്റ്മെന്റിൽ റിക്കവർ ആയിട്ടുള്ളതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഡോക്ടർ അങ്ങോട്ട് മാറ്റുന്നതെന്ന് ഞാൻ സ്വയം സമാധാനിച്ചു.
പിറ്റേന്ന് രാവിലെ തന്നെ എന്നെ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഡോക്ടർ രവീന്ദ്രനാഥിന്റെ കീഴിലുള്ള ഒരു മെഡിക്കൽടീമായിരുന്നു എന്നെ ചികിത്സിച്ചത്. അവിടത്തെ സീനിയർ ഡോക്ടർ എ.ജെ.ഗിൽഡ് വിക്ടറിന്റെകൂടെ പഠിച്ച ടോണിയുടെ ബ്രദർ ആയിരുന്നതുകൊണ്ട് ഞങ്ങൾക്ക് പ്രത്യേക പരിഗണന കിട്ടി.
ദിവസങ്ങൾ കഴിയുന്തോറും എന്റെ മനസ്സിൽ പ്രത്യാശ വളരാൻ തുടങ്ങി. പക്ഷേ മൂന്നുമാസത്തെ ട്രീറ്റ്മെന്റിനുശേഷം ഒരു ദിവസം ഡോക്ടർ രവീന്ദ്രനാഥ് വിക്ടറിനോട് ആ സത്യം തുറന്നു പറഞ്ഞു:
"സോറി വിക്ടർ..ഞാൻ നേരത്തെ ഒരു ഇൻഡിക്കേഷൻ തന്നിരുന്നില്ലേ? ആൻസിയുടെ അരയ്ക്ക് കീഴേ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ആക്സിഡന്റിൽ നട്ടെല്ലിനുണ്ടായ ഒരു ന്യൂറോളജിക്കൽ ഡാമേജ്. ഇനിയൊരു ഹീലിങ് ഉണ്ടാകുമെന്ന് തോന്നുന്നില്ല."
വിക്ടറിനത് വിശ്വസിക്കാനായില്ല. എന്റെ ആൻസിക്ക് ഒന്നും സംഭവിക്കില്ല എന്നുപറഞ്ഞ് ഒച്ചവച്ചു. ഡോക്ടർ എന്തൊക്കയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഉൾക്കൊള്ളാനാകാതെ തൊണ്ട ഇടറിക്കൊണ്ട് വിക്ടർ പറഞ്ഞു.
"ഇല്ല..ഇല്ല..ഞങ്ങൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ ഡോക്ടർ..ആൻസിയെ ഈ ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി ഞാൻ ചികിത്സിക്കാം..പാതി മരവിച്ച ശരീരവുമായി അവളെ എനിക്ക് കാണാനാകില്ല ഡോക്ടർ.."
പക്ഷേ ഡോക്ടർ വിക്ടറിനോട് പറഞ്ഞത് ഇങ്ങനെയാണ്
"വിക്ടർ..നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് നന്നായിട്ടറിയാം..മെഡിക്കൽ സയൻസിന് അതിന്റേതായ ലിമിറ്റേഷൻസ് ഉണ്ട്. ദെയർ ഈസ് നോ ഫർദർ സ്കോപ് ഫോർ മെഡിക്കൽ സയർസ് ടു ഡു മോർ..പിന്നെ മിറാക്കിൾ എന്തെങ്കിലും സംഭവിക്കണമെങ്കിൽ അത് ഈശ്വരന്റ കൈകളിലാണ്."
അതോടെ എന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു.
അന്നുവൈകീട്ട് തന്നെ ഞങ്ങൾ അവിടെനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോന്നു. പിന്നെ എന്റെ ലോകം ഈ വീടും ഈ മുറിയുമാണ്. എനിക്ക് തനിച്ച് കഴിയാൻ സിറ്റൗട്ടിനടുത്തുള്ള ചെറിയ ബെഡ്റൂം മതിയെന്ന് ഞാൻ പറഞ്ഞെങ്കിലും വിക്ടർ സമ്മതിച്ചില്ല. നമ്മുടെ ജീവിതം തുടങ്ങിയത് ഈ മുറിയിൽ നിന്നാണ്. ഇനി ജീവിതാവസാനം വരെ നമ്മൾ ഈ മുറിയിൽതന്നെയായിരിക്കും കഴിയുക..അതായിരുന്നു വിക്ടർ പറഞ്ഞത്.
എന്റെ പ്രാഥമികകാര്യങ്ങൾക്ക് പോലും രണ്ടുപേരുടെ സഹായം ആവശ്യമായി വന്നപ്പോഴാണ് വിക്ടറിന്റെ ആന്റിയെ ഇങ്ങോട്ട് കൊണ്ടുവന്നത്. കുറേ ദിവസത്തേക്ക് വിക്ടർ എങ്ങോട്ടും പോകാതെ എന്റെ അടുത്തുതന്നെയുണ്ടായിരുന്നു. വിക്ടർ ആലുവയിൽ ഒരു ബുക്സ്റ്റാൾ നടത്തിയിരുന്നു. അവിടെത്തന്നെ ഞാൻ നിർബന്ധിക്കുമ്പോഴാണ് കുറച്ചുസമയം ഇരിക്കുക. സിനിമയോടും സാഹിത്യത്തോടുമായിരുന്നു വിക്ടറിന് പാഷൻ. സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു ബുക്സ്റ്റാളിൽ കൂടുതലും ഉണ്ടായിരുന്നത്.
എന്റെ ഏകാന്തതയ്ക്കും ദുഖങ്ങൾക്കും എങ്ങനെ അവധികൊടുക്കുമെന്നായിരുന്നു വിക്ടറിന്റെ ഒരേചിന്ത. ഇടയ്ക്കിടയ്ക്ക് നെറ്റിയിലും കവിളിലും ഉമ്മതന്ന് ഉറക്കത്തിലേക്ക് നയിക്കുമ്പോൾ എന്റെ ചുണ്ടുകളും തിരിച്ച് ഉമ്മകൊടുക്കാൻ കൊതിക്കും. പക്ഷേ.....ഉള്ളിലെ എല്ലാം അടക്കി ഞാൻ കണ്ണടച്ച് കിടക്കും. പിന്നീടുള്ള ദിവസങ്ങളിൽ ആ ഉമ്മകളുടെ ചൂട് മാത്രമായി എന്റെ ജീവിതത്തിൽ..
ഇനിയൊരിക്കലും എനിക്കൊരു ദാമ്പത്യ ജീവിതമുണ്ടാകില്ല. ഞാൻ കാരണം എന്റെ വിക്ടറിന്റെ ജീവിതം കൂടി എന്തിന് പാഴാക്കണം? വിക്ടർ ചെറുപ്പമാണ്. മനസ്സിന് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കുട്ടികളും കുടുംബവുമായി ജീവിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിച്ചത്.
ഒരു ദിവസം ഞാനത് തുറന്നുപറയുകയും ചെയ്തു.
"ഞാൻ വിക്ടറിനോട് ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചുതരുമോ?"
"എന്താ അത്..ആൻസി പറയൂ.."
"പ്രോമിസ്.."
ഞാൻ വിക്ടറിന് നേരെ കൈനീട്ടി. വിക്ടർ എന്റെ കൈവെള്ളയിൽ വലതുകൈ വെച്ചുകൊണ്ട് പറഞ്ഞു
"പ്രോമിസ്..ആൻസിക്കെന്താ വേണ്ടത്?"
പെട്ടെന്നുള്ള ആ ചോദ്യത്തിന് മുന്നിൽ ഞാനൊന്നുപതറി. പിന്നെ ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"വിക്ടർ..വിക്ടർ വീണ്ടുമൊരു വിവാഹം കഴിക്കണം.."
എന്റെ ശബ്ദം പെട്ടെന്ന് മുറിഞ്ഞു.
വിക്ടർ എന്നെ വല്ലാത്തൊരു നോട്ടം നോക്കി.
ആ കണ്ണുകളിലെ തീക്ഷ്ണതയ്ക്ക് മുഖം കൊടുക്കാതെ ഞാനിരുന്നു. ഞങ്ങൾക്കിടയിൽ കുറച്ചുനേരത്തേക്ക് നിശബ്ദത പരന്നു.
പിന്നെ ഒരു തീരുമാനം പോലെ വിക്ടർ പറഞ്ഞു
"നിന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെയായിക്കോട്ടെ..."
(തുടരും)