എ.കെ.സാജൻ ഫോട്ടോ-അറേഞ്ച്ഡ്
Masterclass

അഭിരുചിയുടെ അ​ഗ്നിയെ കണ്ടെത്തുക, ആൾക്കൂട്ടത്തിൽ തനിയെ ആകുക

തിരക്കഥയുടെ വഴികൾ പഠിക്കാം. 'Scene-20' ഭാ​ഗം-1

എ.കെ.സാജൻ

ക്ലാസ് റൂം എന്നാണ് ഈ വിഭാ​ഗത്തിന് പേരുനല്കിയിരിക്കുന്നതെങ്കിലും ഇതൊരു ക്ലാസ് മുറിയായി കണക്കാക്കേണ്ടതില്ല എന്നു പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ഇതിനെ നിയതമായ ഒരു പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുള്ള കോഴ്സ് പോലെ കാണേണ്ടതുമില്ല. ഇത് എനിക്കും നിങ്ങൾക്കുമിടയിലുള്ള  കൊടുക്കൽവാങ്ങൽ മാത്രമാണ്. 

 ഏതാണ്ട് നാല്പതുവർഷത്തോളമാകുന്നു ഞാൻ സിനിമയിലെത്തിയിട്ട്. എന്റെ ഇരുപതുകൾ തുടങ്ങിയത് സിനിമയ്ക്കൊപ്പമാണ്. ഇക്കാലമത്രയും കൊണ്ട് കണ്ടും കേട്ടും പഠിച്ചതിൽനിന്ന്-പഠിച്ചു എന്ന് പറയാനാകില്ല,പഠിപ്പ് ഒരിക്കലും പൂർണമാകുന്ന പ്രക്രിയയല്ല, അതുകൊണ്ട് മനസ്സിലാക്കിയതിൽ നിന്ന് എന്ന് പറയാം-ചില കാര്യങ്ങൾ  പങ്കുവയ്ക്കുന്നു എന്നുമാത്രം; നിങ്ങളിൽ നിന്ന് എനിക്കും കിട്ടിയേക്കും പുതുതായി എന്തെങ്കിലും എന്ന പ്രതീക്ഷയോടെ. അതുകൊണ്ട് ഇതൊരു കോഫീഷോപ്പ് വർത്തമാനത്തിന്റെയോ സൗഹൃദസംഭാഷണത്തിന്റെയോ അനൗപചാരികതയോടെ മുന്നോട്ടുകൊണ്ടുപോകാനാണ് ആ​ഗ്രഹം. പക്ഷേ നേരിട്ടുള്ള സംഭാഷണത്തിലെ ആ അനൗപചാരികത വായനയിൽ നിങ്ങൾക്ക് തോന്നണമെന്നില്ല. ചിലപ്പോഴെങ്കിലും അതിലൊരു ഉപദേശധ്വനി വരികയും ചെയ്തേക്കാം. അത് ഒരിക്കലും ഉപദേശിക്കലോ,അധ്യാപകന്റേതുപോലുള്ള പഠിപ്പിക്കലോ ആയി കാണരുത്. അതിനെ 'ഇന്നുഭാഷയതപൂർണമിങ്ങഹോ...വന്നുപോം പിഴയുമർഥശങ്കയാൽ' എന്ന നിലയിൽ മാത്രം കാണുക.

 ആദ്യംതന്നെ പറയട്ടെ, തിരക്കഥയെഴുത്ത് പഠിക്കാനാകില്ല. ഇങ്ങനെ പറയുമ്പോൾ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം. കാരണം വിദേശത്തൊക്കെ കൃത്യമായ സിലബസും സൂത്രവാക്യങ്ങളും സഹിതം അത് പഠിപ്പിക്കാറുണ്ട്. എങ്ങനെയാണ് തിരക്കഥയെഴുതേണ്ടതെന്നും അതിന്റെ വിവിധ ഘട്ടങ്ങളെന്തൊക്കെയാണ് എന്നും ഒരു രസതന്ത്രക്ലാസിലെന്നോണം മനസ്സിലാക്കിയെടുക്കാം. പക്ഷേ അത് വിദേശികളുടെ രീതി. നിങ്ങൾക്ക് ഹോളിവുഡ് സിനിമകളെഴുതാൻ താത്പര്യമുണ്ടെങ്കിൽ അത് പഠിക്കാം. പക്ഷേ മലയാളസിനിമയ്ക്ക് തിരക്കഥയെഴുതാൻ അങ്ങനെയൊരു പഠനസർട്ടിഫിക്കറ്റ് കൊണ്ട് സാധിച്ചുവെന്ന് വരില്ല. സദ്യയുണ്ണാൻ നൈഫും ഫോർക്കും സഹായിക്കില്ലല്ലോ.

പ്രതീകാത്മകചിത്രം

തെറ്റിദ്ധാരണ അകറ്റാൻ കുറച്ചുകൂടി വിശദീകരിക്കാം. മലയാളസിനിമയിലെ പ്രതിഭാധനന്മാരായ തിരക്കഥാകൃത്തുക്കളൊന്നും പാശ്ചാത്യസിദ്ധാന്തങ്ങൾക്കനുസരിച്ച് തിരക്കഥയെഴുതിയവരല്ല. ജീവിതാനുഭവങ്ങളും കാഴ്ചപ്പാടും നിരീക്ഷണപാടവവും കേരളീയപരിസരങ്ങളിൽ നിന്ന് കഥ കണ്ടെടുക്കാനുള്ള കൗശലവും കണ്ടതോ വായിച്ചതോ ആയ വിദേശസൃഷ്ടികളെ നമ്മുടെ സാഹചര്യങ്ങൾക്ക് ഇണങ്ങും വിധം പുന:സൃഷ്ടിക്കാനുള്ള വിരുതുമൊക്കെയായിരുന്നു അവരുടെ പണിയായുധങ്ങൾ. ഒരുപക്ഷേ വിദശതിരക്കഥാസമ്പ്രദായങ്ങളെക്കുറിച്ചുള്ള കൃതികൾ അവർ വായിച്ചിട്ടുണ്ടാകാം. എന്നിൽ അതെടുത്ത് നിവർത്തിവെച്ച് അതിലെ അധ്യായങ്ങൾക്കും സമവാക്യങ്ങൾക്കുമനുസരിച്ചല്ല തിരക്കഥ ചമച്ചത്. പറയാൻ ഉദ്ദേശിച്ചത് ഇത്രയേയുള്ളൂ. വൈദേശികതിരക്കഥയെഴുത്ത് ശൈലികളെ നിങ്ങൾക്ക് പരിചയിക്കാം. പക്ഷേ അത് ഒരിക്കലും നിങ്ങളുടെ വേദപുസ്തകം ആകരുത്.

 കൊച്ചിയാണ് ഇപ്പോൾ മലയാളസിനിമയുടെ തലസ്ഥാനം. ഇവിടത്തെ ചായക്കടകളിലോ മാളുകളിലോ തീയറ്ററുകളിലോ ഫ്ളാറ്റുകളിലോ എന്തിന് മെട്രോ പില്ലറുകൾക്കരികെയോ കണ്ടുമുട്ടുന്ന നൂറുപേരിൽ ഒരാളെങ്കിലും സിനിമമേഖല സ്വപ്നം കാണുന്നയാളാകും. ആ വലിയ ജനക്കൂട്ടത്തിലൊരാളായിരിക്കും ഒരുപക്ഷേ ഇതുവായിക്കുന്ന താങ്കളും. അതല്ലെങ്കിൽ അവരിലൊരാളാകാൻ കൊതിക്കുന്നയാൾ. ഇത്രയും ബാഹുല്യമുള്ള ഒരു തൊഴിൽമേഖലയിലേക്കാണ് നിങ്ങൾ കടന്നുവരാൻ ആ​ഗ്രഹിക്കുന്നത്,അല്ലെങ്കിൽ അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ കാലങ്ങളായി നടത്തുന്നത്.

 ഏതൊരു തൊഴിലിലുമെന്ന പോലെ സിനിമയുടെ വിവിധ വിഭാ​ഗങ്ങളിലും അഭിരുചി പ്രധാനം തന്നെ. ആ​ഗ്രഹവും അഭിരുചിയും വേർതിരിച്ചറിയുകയാണ് ആദ്യംചെയ്യേണ്ടത്. നിങ്ങൾക്ക് ആ​ഗ്രഹമുണ്ടായേക്കാം. പക്ഷേ അഭിരുചിയുണ്ടാകണമെന്നില്ല. പലപ്പോഴും അത് ഉള്ളിൽ ഉറങ്ങിക്കിടക്കുകയുമാകാം. രണ്ടായാലും അഭിരുചിയെ കണ്ടെത്തുകയാണ് പ്രധാനം. തിരക്കഥയെഴുത്തിൽ പ്രത്യേകിച്ചും.

 തിരക്കഥാക്യാമ്പുകളിലും മറ്റും പരിചയപ്പെടുന്നവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിച്ച ഒരുകാര്യം അവരിൽ പലരും എഴുത്തിനെ ലാഘവത്തോടെ കാണുന്നു എന്നതാണ്. 'എന്റെ മനസ്സിൽ ഒരു ആശയമുണ്ട്. അത് ഞാൻ എഴുതിയും വച്ചു. പക്ഷേ ആരും സിനിമയാക്കുന്നില്ല'. ഇങ്ങനെ പറയുന്നവരും ഒരുപാട്. മനസ്സിൽതോന്നുന്ന ആശയത്തെ കടലാസിലോ കമ്പ്യൂട്ടറിലോ നേരെ പകർത്തിവച്ചതുകൊണ്ട് സിനിമയാകുമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. 

പ്രതീകാത്മകചിത്രം

എഴുത്ത് അത്രനിസ്സാരജോലിയല്ല. സംവിധാനം കൂടി ചെയ്യുന്ന ഒരാളെന്ന നിലയിൽ പറയട്ടെ,എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയെഴുത്ത് തന്നെ  പ്രയാസമുള്ള ജോലി. അത് ഒരുതരം പ്രസവവേദനയാണ്. നമ്മളെ ഞെളിപിരികൊള്ളിക്കുകയും ഈ ലോകത്തെ ഏറ്റവും വലിയ വേദനയെന്ന് ചിലനിമിഷങ്ങളിൽ തോന്നിപ്പിക്കുകയും ചെയ്യുന്ന അനുഭവം. ആ വേദന താണ്ടാതെ എഴുത്തുകാരനാകാനാകില്ല. നൊന്തുനൊന്തുണ്ടാകേണ്ടതാണ് ഒരു തിരക്കഥ. അതിൽ നിങ്ങളുടെ ചോരയും മാംസവും പുരണ്ടിരിക്കണം. 

 ഒരു തിരക്കഥാകൃത്താകാൻ ആ​ഗ്രഹിക്കുന്നയാൾ ആദ്യം ഉള്ളിലെ അഭിരുചിയെ കണ്ടെത്തുകയാണ് വേണ്ടത്. അതിനുള്ള വഴി സിനിമ കാണുകയാണ്. ഒരു എഴുത്തുകാരനാകാൻ ആ​ഗ്രഹിക്കുന്നയാൾ വായിക്കുന്നിടത്തോളം തീവ്രമായി സിനിമകാണണം. വായന കൂടിയുണ്ടെങ്കിൽ കൂടുതൽ നന്ന്. 

 സിനിമ കണ്ടുതുടങ്ങുമ്പോൾ നിങ്ങളുടെയുള്ളിലെ അഭിരുചിയുടെ അ​ഗ്നി പതിയെ ജ്വലിച്ചുതുടങ്ങും. ആദ്യം എല്ലാത്തരം ഴോണറുകളിലുമുള്ള സിനിമകൾ,എല്ലാഭാഷകളിലുമുള്ള സിനിമകൾ കണ്ടുകൊണ്ടേയിരിക്കുക. ഒരു ഘട്ടമെത്തുമ്പോൾ നിങ്ങളുടെയുള്ളിലെ എഴുത്തുകാരൻ പതിയെ ഉണരും. ചില പ്രത്യേകതരം ഴോണറുകളിലുള്ള കഥകളിലേക്ക് നിങ്ങൾ കൂടുതൽ ആകർഷിക്കപ്പെടുകയും അതുപോലുള്ള കഥകൾക്കായി ആലോചനതുടങ്ങുകയും ചെയ്യും. അല്ലെങ്കിൽ അതിലെ സന്ദർഭങ്ങൾക്കോ രം​ഗവിന്യാസത്തിനോ സംഭാഷണങ്ങൾക്കോ തന്റേതായ തിരുത്തലുകൾ വരുത്താൻ ശ്രമിക്കുകയും ചെയ്യും.

 ഇത് ആദ്യഘട്ടത്തിൽ സംഭവിക്കണമെന്നില്ല. സിദ്ദിഖ്-ലാൽ സഖ്യത്തിന്റെ സിനിമകൾ നിങ്ങളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചേക്കാം. എന്നുകരുതി നിങ്ങളുടെ അഭിരുചി ഹാസ്യസിനിമകളെഴുതുന്നതിലാകണമെന്നില്ല. അത് ഏതൊരു പ്രേക്ഷകനിലുമുണ്ടാകുന്ന പൊട്ടിച്ചിരിയാണ്. കാഴ്ച ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ നിങ്ങൾ ഏതെങ്കിലും ഒരു ഴോണറിലേക്ക് കൂടുതൽ വലിച്ചടുപ്പിക്കപ്പെടും. അതുപക്ഷേ തമാശസിനിമയായേക്കില്ല. പകരം വല്ലാത്ത പിരിമുറുക്കമുള്ള കഥപറയുന്ന അങ്ങേയറ്റം വിഷാദഭരിതമായ സിനിമകളായേക്കാം. 

 ഇങ്ങനെ ഏതുതരം സിനിമയാണ് എനിക്ക് എഴുതാൻ പറ്റുക എന്നുകണ്ടെത്തുക. ഏതൊരു മേഖലയിലുമെന്നപോലെ സിനിമയിലും ഇത് സ്പെഷലൈസേഷന്റെ കാലമാണ്. വാരിവലിച്ച് കഥകളെഴുതിയതുകൊണ്ട് കാര്യമില്ല. പണ്ടത്തെ തിരക്കഥാകൃത്തുക്കൾ എല്ലാ ഴോണറുകളിലുമുള്ള സിനിമകളുമെഴുതിയിട്ടുണ്ട്. ശ്രദ്ധിച്ചുനോക്കിയാൽ കാലംകഴിഞ്ഞപ്പോൾ അതിനൊരു മാറ്റം വന്നു എന്നുകാണാം. പലതരത്തിലുള്ള കഥകളെഴുതിയവർ അവരുടെ സ്ട്രോങ് ഏരിയ ആയ ഏതെങ്കിലുമൊന്നിൽ കാലുറപ്പിക്കുന്നത് നമ്മൾ കണ്ടു. 'ചക്കരയുമ്മ' എഴുതിയ എസ്.എൻ.സ്വാമി ഉദാഹരണം. അല്ലെങ്കിൽ 'ഡോ.പശുപതി' എന്ന തമാശസിനിമയെഴുതിത്തുടങ്ങിയ രൺജിപണിക്കറോ 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എഴുതിയ രഞ്ജിത്തോ മറ്റുദാഹരണങ്ങൾ. എം.ടി.വാസുദേവൻനായരെയും ലോഹിതദാസിനെയും പോലുള്ളവർ തുടക്കംതൊട്ടേ അവരുടേതായ രീതിയിലുള്ള കഥകൾ മെനഞ്ഞു. പദ്മരാജൻ പലതരം ഴോണറുകളിലുള്ളതെന്ന് തോന്നിപ്പിക്കുംവിധമുള്ള സിനിമകളിലും അതിന്റെ അന്തർധാരയായി തന്റേതായ ഒരു കഥനശൈലിയെ മനോഹരമായി ഒഴുക്കിക്കൊണ്ടുപോയി.

ഏതു ഴോണറിലാണ് എനിക്ക് എന്റേതായ കഥകൾ പറയാൻ കഴിയുന്നത് എന്ന് മനസ്സിലാക്കിയെടുക്കുകയാണ് പ്രധാനം. അതുകൊണ്ട് മറ്റൊരു ​ഗുണം കൂടിയുണ്ട്. സിനിമയെന്നത് അവസരമോഹികൾ പാർക്കുന്ന വലിയൊരു ലോഡ്ജാണ്. അതിലെ എല്ലാമുറികളിലും നിറയെ ആളുകൾ. ഓരോ മുറിയും ഓരോ ഴോണറായി സങ്കല്പിക്കുക. തിരക്കുള്ള മുറിയിലേക്ക് നിങ്ങൾകൂടി ചെന്നാലുള്ള അവസ്ഥ ആലോചിക്കുക. അതേസമയം താരതമ്യേന തിരക്കുകുറഞ്ഞ മുറിയിലാണെങ്കിൽ അവസരങ്ങൾ മുട്ടിവിളിക്കാൻ എളുപ്പമാണ്. കൂടെപാർക്കുന്നവരേക്കാൾ പ്രതിഭാശാലിയാണ് നിങ്ങളെങ്കിൽ അതിന് പിന്നാലെ അവസരങ്ങളുടെ ഒരു വാതിൽകൂടിയാകും തുറക്കുക. നിങ്ങളുടെ ഴോണർ അങ്ങനെ ആൾത്തിരക്ക് കുറഞ്ഞ മുറിയായാൽ അതൊരു ഭാ​ഗ്യമെന്നേ പറയാനാകൂ.

 എന്നുകരുതി മലയാളസിനിമയിൽ തിരക്കഥകൾ കുറഞ്ഞ ഴോണറുകൾ തേടിപ്പോയിട്ടും കാര്യമില്ല. അവനവനുള്ളിലെ കഥയൊഴുക്കിന്റെ ഉറവയുടെ ഉദ്ഭവസ്ഥാനം കണ്ടെത്തുകയാണ് വേണ്ടത്. അതൊരുപക്ഷേ നേരത്തെപറഞ്ഞതുപോലെ ആൾക്കൂട്ടമുറികളിലേതെങ്കിലുമൊന്നാകാം. എങ്കിലും നിരാശപ്പെടേണ്ടതില്ല. നിങ്ങൾക്ക് പറയാനുള്ള കഥ കൂടെയുള്ള മറ്റെല്ലാവരിൽ നിന്നും വേറിട്ടതാണെങ്കിൽ നിങ്ങൾക്കും മുന്നിലും തുറന്നേക്കാം ഒരു വാതിൽ.

 ഇത്രയും ഒരു ആമുഖമായി പറഞ്ഞെന്നേയുള്ളൂ. ഇതിൽപറഞ്ഞവയോടുള്ള വിയോജിപ്പോ നിങ്ങളുടെ നിർദേശങ്ങളോ അഭിപ്രായങ്ങളോ സംശയങ്ങളോ എന്തും താഴെയുള്ള ഇമെയിലിൽ പങ്കുവയ്ക്കാം. അതുകൂടി ചർച്ച ചെയ്തുകൊണ്ട് അടുത്തതവണ മുന്നോട്ടുപോകാം.

pappappamail@gmail.com