ONE CUT OF THE DEAD (2017) പോസ്റ്റർ-അറേഞ്ച്ഡ്
Language- Japanese
Duration- 1 Hour 36 Minutes
Genre- Horror / Comedy
നാല്പത്തിരണ്ടാമത്തെ ടേക്ക് ആയി.. ഒരു സോംബി സിനിമയാണ് ഷൂട്ട് ചെയ്യുന്നത്. പക്ഷേ നായികയുടെ അഭിനയത്തിൽ തൃപ്തി തോന്നാത്ത സംവിധായകൻ അവളോട് ദേഷ്യപ്പെടുന്നു. എന്നാൽ പെട്ടെന്നു തന്നെ ആ സിനിമ സെറ്റ് യഥാർത്ഥ സോംബികൾ വന്ന് ആക്രമിക്കാൻ തുടങ്ങുന്നു. അവരിൽ നിന്ന് രക്ഷപെടാൻ നായകനും നായികയും ശ്രമിക്കുമ്പോൾ നമ്മുടെ സംവിധായകൻ ആ രംഗങ്ങളൊക്കെ ഷൂട്ട് ചെയ്യുകയാണ്. ഇതുപോലത്തെ ഒറിജിനൽ രംഗങ്ങൾ ആണ് തനിക്ക് സിനിമയിൽ ആവശ്യമെന്നും പറഞ്ഞ്.. !
ഈ പറഞ്ഞ കാഴ്ചകൾ ആദ്യ അര മണിക്കൂറിൽ അവസാനിക്കും. 36 മിനിറ്റിന് ശേഷം എൻഡ് ക്രെഡിറ്റ്സ് എഴുതികാണിച്ചു സിനിമ അവസാനിക്കുമ്പോൾ എന്താണ് നടക്കുന്നതെന്ന് നാമും ചിന്തിച്ചുപോകും! എന്നാൽ പിന്നീടങ്ങോട്ടാണ് യഥാർത്ഥ സംഭവങ്ങൾ വെളിവാകുന്നത്. ബാക്കിയുള്ള ഒരു മണിക്കൂറിൽ ആണ് ആദ്യ കാഴ്ചകളുടെ കഥ പറയുന്നത്. കൂടുതൽ പറഞ്ഞാൽ കാണുമ്പോഴുള്ള ഫ്രഷ്‌നെസ്സ് നഷ്ടമായേക്കാം! അതിനാൽ തന്നെ കണ്ടറിയുക.
Shinichirou Ueda എന്ന ജാപ്പനീസ് സംവിധായകന്റെ ‘One Cut of the Dead’ എല്ലാ സിനിമ പ്രേമികളും ഒരു തവണയെങ്കിലും കണ്ടിരിക്കണം. പ്രത്യേകിച്ച് സിനിമാ മോഹം തലയിൽ പേറി നടക്കുന്നവർ. സിനിമയോടുള്ള ചിലരുടെ പാഷൻ എത്രമാത്രം വലുതാണെന്ന് ഈ ചിത്രം മനസ്സിലാക്കിത്തരും. സിനിമയ്ക്കുള്ളിലെ സിനിമ എന്നൊക്കെ ഒരർത്ഥത്തിൽ പറഞ്ഞുവയ്ക്കാം. ഹൊറർ പശ്ചാത്തലമാണെങ്കിലും അവസാന രംഗങ്ങളിൽ ചിരിച്ചുമറിയാനുള്ള കാഴ്ചകളാണ് സംവിധായകൻ ഒരുക്കിവച്ചിരിക്കുന്നത്.
ബോക്സ്ഓഫിസിൽ വമ്പൻ വിജയം കരസ്ഥമാക്കിയ ഒരു ലോ – ബഡ്ജറ്റ് ചിത്രമാണിത്. വളരെ വ്യത്യസ്തമായ അവതരണത്തിലൂടെയും അതിലും വ്യത്യസ്തമായ കാഴ്ചകളിലൂടെയും സിനിമയുടെ കഥ പറയുന്ന ബ്ലാക്ക് കോമഡി ചിത്രം. വ്യക്തിപരമായി ഒത്തിരി ഇഷ്ടപെട്ട കൊച്ചുചിത്രം. കണ്ടുനോക്കുക..
THE HOLE (1960)
Language- French
Duration- 2 Hour 10 Minutes
Genre- Crime/Mystery
എട്ടാം നമ്പർ ബ്ലോക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അവിടുന്ന് ഗസ്പാർഡ് എന്ന തടവുപുള്ളിയെ പതിനൊന്നാം ബ്ലോക്കിലെ ആറാം നമ്പർ സെല്ലിലേക്ക് മാറ്റുന്നു. നാല് തടവുപുള്ളികൾ പാർക്കുന്ന ആ സെല്ലിലേക്ക് അഞ്ചാമനായി എത്തിയ ഗസ്പാർഡിനോട് അവർ പെട്ടെന്നുതന്നെ അടുത്തു. പക്ഷേ പിന്നീടാണ് കാര്യം മനസ്സിലായത്. അവർ നാലുപേരും ഒരു ജയിൽചാട്ടത്തിന് ശ്രമിക്കുകയാണ്. ഗസ്പാർഡും അവരോടൊപ്പം ചേരുന്നു. ഗംഭീരമായ ഒരു ജയിൽചാട്ട കഥ ഇവിടെ തുടങ്ങുകയായി.
1947ൽ ഫ്രാൻസിലെ ‘ലാ സാന്റെ’ ജയിലിൽ നിന്നും അഞ്ചു തടവുപുള്ളികൾ നടത്തിയ അതിസാഹസികമായ ജയിൽചാട്ട സംഭവങ്ങളെ അടിസ്ഥാനമാക്കി 1960-ൽ ജാക് ബെക്കർ സംവിധാനം ചെയ്ത ഫ്രഞ്ച് ക്ലാസിക് ത്രില്ലർ ചിത്രമാണ് ‘ദി ഹോൾ.’ ഒരു ജയിൽചാട്ട കഥയെന്ന് പറയുമ്പോൾ പ്രേക്ഷകമനസ്സുകളിൽ നിറയ്‌ക്കേണ്ടത് ആകാംക്ഷയാണ്. അതിൽ ബെക്കർ നൂറുശതമാനം വിജയിച്ചുവെന്ന് തന്നെ പറയാം. യഥാർത്ഥ സംഭവങ്ങളെ വളരെ വിശദമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 10 മിനിറ്റ് ആണ്.
അഞ്ചു പേർ ചേർന്ന് ഒരുക്കുന്ന ഗംഭീര പദ്ധതി. അതിൽ തന്നെ നേതാവായ റോളാണ്ടിന്റെ ബുദ്ധിയും മെയ്‌വഴക്കവും, മോൺസിനോറിന്റെ തമാശ, മനുവിന്റെ സംശയം എന്നിവയെല്ലാം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങളാണ്. യഥാർഥ ജയിൽ ജീവിതത്തിന്റെ നടപടിക്രമങ്ങൾ വളരെ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ക്രെഡിറ്റ് സീനിൽ അല്ലാതെ മറ്റൊരിടത്തും പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടില്ല.
ഒരു പശ്ചാത്തലസംഗീതത്തിന്റെ പോലും സഹായമില്ലാതെ പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം വളരെയധികം വിജയിച്ചിട്ടുണ്ട്. അതും 1960 ആണ് കാലഘട്ടമെന്ന് ഓർക്കുക. അല്പം ദൈർഘ്യം കൂടുതലാണെന്ന് തോന്നുമെങ്കിലും കണ്ടിരിക്കുക. ഗംഭീരമായ ചലച്ചിത്രാനുഭവം. ക്ലൈമാക്സ് രംഗങ്ങളിൽ റോളാണ്ടിനൊപ്പം നാമും പറഞ്ഞുപോകും; 'പാവം ഗസ്പാർഡ്.'
YELLOW FLOWERS ON THE GREEN GRASS (2015)
Language- Vietnamese
Duration-1 Hour 43 Minutes
Genre- Drama
വിയറ്റ്നാമിലെ ഒരു കൊച്ചുഗ്രാമം. പച്ചപ്പട്ടുവിരിച്ചതുപോലെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും ചെറു അരുവികളും കുഞ്ഞുപൂക്കൾ വസന്തം തീർക്കുന്ന മൺവഴികളുമായുള്ള ഒരു സുന്ദര ഗ്രാമം. അവിടെ കഴിയുന്ന മൂന്നു കുട്ടികളുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പ്രത്യേകിച്ച് ഒരു കഥയോ സംഭവവികാസങ്ങളോ ഒന്നുമില്ലെങ്കിലും കണ്ണെടുക്കാൻ കഴിയാതെ കണ്ടിരുന്നുപോകുന്ന ചിത്രം.
വിയറ്റ്നാമിലെ പേരുകേട്ട സംവിധായകനാണ് വിക്ടർ വ്യൂ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ 2015-ൽ പുറത്തിറങ്ങിയ ചിത്രം ബാല്യകാലത്തിന്റെ മധുരമൂറും സ്മരണകളിലേക്കാണ് പ്രേക്ഷകനെ വിളിച്ചടുപ്പിക്കുന്നത്. 1980കളിലാണ് കഥ നടക്കുന്നത്. സഹോദരന്മാരായ തിയുവും തുവാങ്ങും മാതാപിതാക്കളോടൊത്ത് കൊച്ചുവീട്ടിലാണ് താമസം. സ്ഥിരമായി പ്രേതകഥകൾ പറഞ്ഞുപേടിപ്പിക്കുന്ന ഒരു അമ്മാവൻ കൂടി അവർക്കുണ്ട്. ഇതിനിടയിൽ മൂത്തവനായ തിയുവിന് മാൻ എന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. എന്നാൽ തന്റെ അനിയനുമായി മാൻ സൗഹൃദം പങ്കിടുന്ന കാഴ്ച അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഗോലി കളിച്ചും ചൂണ്ടയിട്ടും തല്ലുകൂടിയും നടക്കുന്ന ബാല്യകാലം തന്നെയാണ് ചിത്രത്തിലും. കുട്ടിക്കാലവും ഗ്രാമീണ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ടിരിക്കുന്നവരും ഭൂതകാലത്തിന്റെ മനോഹര ഓർമകളിലേക്ക് വഴുതിവീഴും. ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങളെ അതിന്റെ തനിമ ചോർന്നുപോകാതെ തന്നെ പ്രേക്ഷകനിലേക്ക് എത്തിച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സിനിമയുടെ മികച്ച വശങ്ങളാണ്.
കഥയില്ലായ്മ ഒരു പ്രശ്നമാണെന്ന് പറയാമെങ്കിലും അതൊന്നും പ്രേക്ഷകനെ അലട്ടുന്നില്ല. നിഷ്കളങ്കത നിറഞ്ഞ ബാല്യകാല അനുഭവങ്ങൾക്കിടയിൽ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളെകൂടി അവർ കണ്ടുമുട്ടുന്നു. ചെറിയ പ്രണയവും സാഹോദര്യവും സൗഹൃദവും ഒക്കെ കൂട്ടിയിണക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എങ്കിലും കണ്ടുനോക്കൂ… ആ ഗ്രാമഭംഗി അത്രമേൽ ഹൃദ്യമാണ്.