WOMAN AT WAR (2018)
Language- Icelandic
Duration- 1 Hour 40 Minutes
Genre- Adventure / Drama
ഒരു വ്യവസായശാലയിലേക്കുള്ള വൈദ്യുതി സഞ്ചാരം അവൾ തടസ്സപ്പെടുത്താൻ തുടങ്ങിയിട്ട് ഒട്ടേറെ തവണയായി. അഞ്ചാം തവണയും നല്ല വെടിപ്പായി അവൾ തന്റെ ദൗത്യം പൂർത്തിയാക്കുന്നു. ഇതുമൂലം ആ വ്യവസായശാലയുടെ നടത്തിപ്പുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. ആ രാജ്യത്തെ തന്നെ പ്രധാന പ്രശ്നമായി ഇത് മാറുമ്പോൾ കുറ്റവാളിയെ തേടി പോലീസും ഇറങ്ങുന്നു. എന്നാൽ അവരിൽ നിന്നൊക്കെ അതിവിദഗ്ദമായി ഹല്ല രക്ഷപ്പെടുകയാണ്.
പ്രകൃതിയുടെ സംരക്ഷകയാണ് ഹല്ല. പ്രകൃതിയ്ക്ക് ദോഷം വരുത്തുന്നതിനെതിരെ ഹല്ല പോരാടുകയാണ്. അങ്ങനെയിരിക്കെ പണ്ടെപ്പഴോ ഒരു കുട്ടിയെ ദത്തെടുക്കാൻ സമർപ്പിച്ച അപേക്ഷ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് വരുമ്പോൾ ഹല്ല പ്രതിസന്ധിയിലാവുന്നു. ഭാവി ജീവിതം എങ്ങനെ? ഒരു ആക്ടിവിസ്റ്റ് ആയി ജീവിക്കണോ അതോ കുട്ടിയെ ഏറ്റെടുത്ത് പുതിയ ജീവിതം ആരംഭിക്കണമോ?
കാലികപ്രസക്തിയുള്ള ഒരു വിഷയം വളരെ മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓരോ തവണയും തന്റെ ലക്ഷ്യം നടപ്പിലാക്കിക്കഴിഞ്ഞ ശേഷം ഭൂമിയെ പുല്കുന്ന ഹല്ലയെ കാണാൻ കഴിയും. വരുന്ന തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കണമെന്ന് ഹല്ല പറയുന്നുണ്ട്. ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയിലും കാലികപ്രസക്തിയുള്ള സിനിമ എന്ന നിലയിലും കണ്ടിരിക്കാവുന്ന സുന്ദര ചിത്രം.
കഥാഖ്യാനം പതുക്കെയാണെങ്കിലും ഒരിടത്തും ബോറടിക്കുന്നില്ല. അനാവശ്യ സീനുകൾ ഇല്ലാതെ, പറയേണ്ട കാര്യം ഒരു ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ പറയുകയാണ് ചിത്രം. വളരെ മികച്ച ഛായാഗ്രഹണവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഹല്ല നടത്തുന്നത് ഒരു യുദ്ധമാണ്. ഒന്ന് പാളിപ്പോയാൽ ജീവിതം തന്നെ കൈവിട്ടുപോകുമെന്ന് അറിഞ്ഞുകൊണ്ട് നടത്തുന്ന പോരാട്ടം. പ്രകൃതിയ്ക്ക് വേണ്ടി.. ഒരുപക്ഷേ നാളത്തെ തലമുറയ്ക്കുവേണ്ടി..
ATHIRAH (2016)
Language- Indonesian
Duration- 1 Hour 15 Minutes
Genre- Drama
തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ സംഘർഷഭരിതമാവുന്നു അഥീറായുടെ ജീവിതം. ബഹുഭാര്യത്വം അംഗീകരിച്ചിരുന്ന അന്നത്തെക്കാലത്ത് അപമാനവും വേദനയും സഹിച്ച് അവൾ കുടുംബം സംരക്ഷിക്കുന്നു. ഭർത്താവിന്റെ സ്‌നേഹം ലഭിക്കുന്നില്ലെന്ന് കരുതി തന്റെ കുടുംബത്തെ പോറ്റാതിരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. അതിനായി അവൾ തുണി നെയ്തു പണം സമ്പാദിക്കാൻ ഒരുങ്ങുന്നു.
1950 കളിലെ ഇന്തോനേഷ്യൻ ജീവിതവും പ്രകൃതിഭംഗിയും സാരോംഗ് നെയ്ത്തും സംസ്കാരവുമെല്ലാം Athirah (Emma) എന്ന ഈ ചിത്രത്തിലൂടെ സംവിധായകൻ റിറി റിസ വരച്ചുകാട്ടുന്നു. 2016ൽ പുറത്തിറങ്ങിയ ചിത്രം ഇന്തോനേഷ്യൻ ജനതയുടെ 1950കളിലെ ജീവിതമാണ് പ്രധാനമായും വിവരിക്കുന്നത്. അത് അഥീറായുടെയും മക്കളുടെയും കുടുംബത്തിലൂടെ പറയുന്നുവെന്ന് മാത്രം.
ചിത്രത്തിൽ പല സിംമ്പോളിക് എലമെന്റുകളും ഒളിഞ്ഞും തെളിഞ്ഞും ഇരിപ്പുണ്ട്. ബഹുഭാര്യത്വം ശിഥിലമാക്കിയ കുടുംബബന്ധങ്ങളും രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യവും ചിത്രത്തിലെ പ്രധാന പ്രമേയങ്ങൾ ആണ്. മനോഹര ഗ്രാമക്കാഴ്ചകൾ ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു. ഭർത്താവിന്റെ തുണ നഷ്ടമാവുമ്പോൾ ഒരു ഭാര്യ നേരിടേണ്ടിവരുന്ന സംഘർഷങ്ങളെ നായിക ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇന്തോനേഷ്യൻ ജനതയുടെ ആചാരവും അനുഷ്ഠാനങ്ങളും അവരുടെ വിവാഹച്ചടങ്ങുകളും ഭക്ഷണരീതിയുമൊക്കെ പറഞ്ഞുതരുമ്പോഴും ഒരു കുടുംബജീവിതത്തിലെ ‘അമ്മ’യുടെ പല അവസ്ഥാന്തരങ്ങൾ ചിത്രം ശക്തമായി പ്രതിഫലിപ്പിക്കുന്നു. 1950 – 70കളിലെ ഇന്തോനേഷ്യൻ സംസ്കാരം ഒരുപരിധി വരെ മനസ്സിലാക്കാൻ ഒന്നേകാൽ മണിക്കൂർ മാത്രമുള്ള ഈ കൊച്ചുസിനിമ സഹായിക്കുന്നു.
WEREWOLF (2018)
Language- Polish
Duration- 1 Hour 28 Minutes
Genre- Drama / Horror / War
'ഇതിപ്പോ പോളണ്ടാ, എന്നാലും ചുറ്റുപാടും കുടിച്ച് ബോധം പോയ റഷ്യക്കാരും ഗ്രഹണി പിടിച്ച ജർമൻകാരുമാ ഉള്ളത്.' രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വർഷം;1945. നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് കുറച്ചു കുട്ടികളും ഒരു യുവതിയും രക്ഷപ്പെടുന്നു. തങ്ങളുടെ ഉറ്റവരെല്ലാം ക്രൂരമായി കൊല്ലപ്പെട്ടുകഴിഞ്ഞു. അവിടെനിന്നും രക്ഷപെട്ട അവർ ഒരു ഒഴിഞ്ഞ കെട്ടിടത്തിലാണ് അഭയം പ്രാപിക്കുന്നത്. എന്നാൽ അവിടെ അവരെ കാത്തിരുന്നത് മനുഷ്യരേക്കാൾ ക്രൂരരായ, കരുത്തരായ നായ്ക്കൾ ആയിരുന്നു.
ആകെയുണ്ടായിരുന്ന കിഴങ്ങ് തീർന്നു. കുടിക്കാനാണെങ്കിൽ ഒരിറ്റു വെള്ളവുമില്ല. പുറത്തിറങ്ങിയാൽ കടിച്ചു കീറാൻ തയ്യാറായി നിൽക്കുന്ന നായ്ക്കൾ. എങ്ങനെ രക്ഷപ്പെടും? ആര് രക്ഷിക്കും? 2018ൽ പുറത്തിറങ്ങിയ ‘വെയർവൂൾഫ്’ എന്ന പോളിഷ് ചിത്രം ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. വിശപ്പ് വേട്ടയാടുന്ന കുട്ടികളുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മികച്ച പശ്ചാത്തലസംഗീതവും ചിത്രീകരണവും കൂടിയാവുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തി കഥപറയുന്നുണ്ട് ഈ ചിത്രം. രാത്രിയുടെ ഭീകരതയിൽ കടിച്ചുകീറാൻ ഓടിയടുക്കുന്ന നായ്ക്കൾ പ്രേക്ഷകമനസ്സുകളിലും ഭീതി പടർത്തുന്നുണ്ട്.
ഇടയ്ക്കിടെ നറേറ്റീവ് ഫോക്കസിൽ നിന്ന് വ്യതിചലിച്ചുപോയത് ആസ്വാദനത്തെ ലേശം ബാധിക്കുന്നുണ്ടെങ്കിലും ഒന്നര മണിക്കൂറിൽ ചിത്രം അവസാനിക്കുന്നതുകൊണ്ട് അധികം മടുപ്പിക്കുന്നില്ല. ചിത്രത്തിന്റെ തുടക്കത്തിൽ ഒരു എലിയെ കുട്ടികളെല്ലാം കൂടി ചവിട്ടി കൊല്ലുന്ന രംഗമുണ്ട്. തങ്ങളെ പീഡിപ്പിച്ചവരോടുള്ള അവരുടെ പകയും പ്രതികാരവും എത്രത്തോളം ശക്തമാണെന്ന് അതിൽനിന്നും വ്യക്തം.
അതിജീവനത്തിന്റെ കഥയോടൊപ്പം യുദ്ധത്തിന്റെ പരിണിതഫലങ്ങളെക്കൂടി ചിത്രം അവതരിപ്പിക്കുന്നുണ്ട്. യുദ്ധം ബാക്കിവെക്കുന്നത് അനാഥ ബാല്യങ്ങളാണ്. പലരാലും തുടർന്നും വേട്ടയാടപ്പെടുവാൻ വിധിക്കപ്പെട്ട കുരുന്നുജീവിതങ്ങൾ. കഥയുടെ അന്ത്യത്തിൽ ആരാണ് ശരിക്കും നായ്ക്കൾ എന്ന് നമ്മൾ ചിന്തിച്ചുപോകും. ടെക്‌നിക്കൽ വശങ്ങളിലെല്ലാം മികവ് പുലർത്തി കഥപറയുമ്പോഴും ഇടയ്ക്കെവിടെയോ താളം പിഴച്ചതുപോലെ അനുഭവപ്പെട്ടു. എങ്കിലും ഒന്നര മണിക്കൂർ നേരം കണ്ണെടുക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ‘Werewolf.’