എല്ലാവരും അദ്ദേഹത്തെ ലാലേട്ടൻ എന്നു വിളിക്കുന്നു. ഞാൻ ലാൽചേട്ടനെന്നും. ഒരുപക്ഷേ മോഹൻലാൽ എന്ന മഹാപ്രതിഭയെ അങ്ങനെ വിളിക്കുന്ന ലോകത്തിലെ ഒരേയൊരാൾ ഞാനായിരിക്കും. കാരണം എനിക്ക് അങ്ങനെയേ നാവിൽ വരൂ. കുഞ്ഞുന്നാളിൽ തൊട്ട് വിളിച്ചുശീലിച്ചതാണ്. മുതിർന്നപ്പോൾ ലാലേട്ടൻ എന്ന് വിളിക്കാൻ ശ്രമിച്ച് നോക്കി. പക്ഷേ സാധിച്ചില്ല. ലാൽ,ഏട്ടൻ എന്ന രണ്ടുവാക്കുകൾ ഇരട്ടകളെപ്പോലെ ഒട്ടി ലാലേട്ടൻ എന്ന ഒറ്റവാക്കായി മാറുന്ന അദ്ഭുതം എന്റെ നാവിൽ നിന്ന് മാത്രം അകന്നുനില്കുന്നു. എനിക്ക് അന്നും ഇന്നും ഒരുപക്ഷേ ഇനിയെന്നും ലാൽചേട്ടൻ തന്നെയായിരിക്കും.
എവിടെനിന്നാണ് ലാൽച്ചേട്ടനെക്കുറിച്ച് പറഞ്ഞുതുടങ്ങേണ്ടത്? ആലോചിച്ചുനോക്കുമ്പോൾ ആകാശം നോക്കിനില്കുന്ന ഒരു കുട്ടിയെപ്പോലെയാണ് ഞാൻ. എവിടെയാണ് അതിന്റെ അതിരും അറ്റവും? കൺമുന്നിൽ വിശാലമായി കിടക്കുന്ന ഒരു നീലപ്പരവതാനി. അതിലൂടെ ഒഴുകിപ്പോകുന്ന ഒരുപാട് മേഘങ്ങൾ. ഓരോന്നിനും പറയാൻ ഓരോ കഥയുണ്ട്.
എങ്കിലും മൂന്നുതലമുറയുടെ അപ്പുറത്ത്, ആകാശച്ചരുവിന്റെ ഏതോ ഒരു കോണിൽ ഞാൻ എന്റെ സ്റ്റുഡിയോ അപ്പയെ കാണുന്നു. മെരിലാന്റ് സുബ്രഹ്മണ്യം എന്ന് മലയാളികൾ വിളിക്കുന്ന മനുഷ്യനെ. ഞാൻ ഒരിക്കലും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. എന്റെ ജനനത്തിനും മുമ്പേ,1979 ഒക്ടോബർ 4ന് അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു. കുടുംബത്തിലെ എല്ലാവരും സ്റ്റുഡിയോ അപ്പ എന്നാണ് മുത്തച്ഛനെ വിളിച്ചിരുന്നത്. അങ്ങനെ ഞാനും ആ പേര് തന്നെയാണ് പറഞ്ഞ് ശീലിച്ചത്. സ്റ്റുഡിയോ അപ്പയിൽ നിന്ന് തുടങ്ങുന്നു,മോഹൻലാൽ എന്ന അഞ്ചക്ഷരവുമായുള്ള എന്റെ ബന്ധം. ശരിക്കും പറഞ്ഞാൽ സ്റ്റുഡിയോ അപ്പയും ലാൽച്ചേട്ടനും തമ്മിൽ നേരിട്ട് കണ്ണിചേരുകയായിരുന്നില്ല. അതിനിടയ്ക്ക് ബാലാജി മാമ എന്ന ശക്തമായൊരു കൊളുത്തുണ്ട്. ലാൽചേട്ടന്റെ ഭാര്യ സുചിത്രേച്ചിയുടെ അച്ഛൻ.
ഇതിൽ ഞാൻ പങ്കുവയ്ക്കുന്ന ഓർമകളുടെ ആദ്യഭാഗങ്ങളെല്ലാം എന്റെ അച്ഛനിൽ നിന്ന് കേട്ടറിഞ്ഞതാണ്. സ്കൂൾകുട്ടിയാകുംവരെയുള്ള സംഭവങ്ങൾ അവരിലൂടെയാണ് എന്റെ മനസ്സിൽ പതിഞ്ഞത്. അത് ഞാൻ പകർത്തിയെഴുതുന്നു എന്നുമാത്രം. അക്കാലത്തിന് ശേഷമാണ് എനിക്ക് നേരിട്ടറിവുള്ളവ.
ഞങ്ങളുടേത് സിനിമാക്കുടുംബമായതുകൊണ്ട് തിരുവനന്തപുരത്തെ സിനിമാപ്രവർത്തകരുമായെല്ലാം സ്റ്റുഡിയോ അപ്പയ്ക്കും അച്ഛനും നല്ല അടുപ്പമുണ്ടായിരുന്നു. ആ നിലയ്ക്ക് ലാൽചേട്ടനുമായും സ്വാഭാവികമായും സൗഹൃദം വന്നു. പക്ഷേ അത് ഹൃദയത്തോട് അടുത്തുനില്കുന്ന ഒരു ബന്ധമായി മാറിയത് സുചിത്രേച്ചി ആദ്യമായി ലാൽചേട്ടനെ കണ്ട നിമിഷത്തിലാണ്.
അതിലേക്ക് പോകും മുമ്പ് സ്റ്റുഡിയോ അപ്പയും ബാലാജി മാമയും എങ്ങനെയായിരുന്നു എന്ന് പറയണം. സിനിമയുടെ തുടക്കകാലത്ത് കേരളത്തിൽ മെരിലാന്റും ഉദയയുമായിരുന്നു പ്രധാന നിർമാണക്കമ്പനികൾ. അതുപോലെ തമിഴ്നാട്ടിലെ പ്രധാന പ്രൊഡക്ഷൻഹൗസ് ബാലാജി മാമയുടേതായിരുന്നു. കെ.ബാലാജി എന്ന പേര് കോടമ്പാക്കത്ത് തലപ്പൊക്കത്തോടെയാണ് നിന്നിരുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും രണ്ട് പ്രമുഖ നിർമാതാക്കൾ തമ്മിൽ സ്വാഭാവികമായും ഒരു കൂട്ടുകെട്ട് രൂപപ്പെടുമല്ലോ. അങ്ങനെ ഒരുമിച്ച് തോളിൽകൈയിട്ട് നടന്നുതുടങ്ങിയവരായിരുന്നു സ്റ്റുഡിയോ അപ്പയും ബാലാജി മാമയും. ഞാനും പ്രണവും ജനിക്കുന്നതിനൊക്കെ എത്രയോ വളരെ മുമ്പേ തുടങ്ങിയ ഒരു ഫ്രണ്ട്ഷിപ്പ്.
അത് കൂടുതൽ ദൃഢമായത് അച്ഛൻ 1960കളുടെ അവസാനം ഡിഗ്രിപഠനത്തിനായി മദ്രാസ് ലൊയോള കോളേജിൽ ചേർന്നപ്പോഴാണ്. ആദ്യത്തെ കുറച്ചുകാലം ബാലാജി മാമയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. ബാലാജിമാമയായിരുന്നു അച്ഛന്റെ ലോക്കൽഗാർഡിയൻ. അദ്ദേഹത്തിന്റെ മകനും സുചിത്രേച്ചിയുടെ സഹോദരനുമായ സുരേഷ് ബാലാജി(ഞാൻ അദ്ദേഹത്തെ സുരേഷ് അണ്ണ എന്നാണ് വിളിക്കുന്നത്)ആയിരുന്നു അച്ഛന്റെ ഉറ്റകൂട്ടുകാരൻ. അത് പിന്നെ സഹോദരന്മാർ തമ്മിലുള്ള ബന്ധംപോലെയായി. 1970കളിൽ സ്റ്റുഡിയോ അപ്പ ശ്രീകുമാർ തീയറ്ററിന്റെ നടത്തിപ്പ് അച്ഛനെ ഏല്പിച്ചു. അങ്ങനെയാണ് സിനിമാമേഖലയിലെ അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ വിപുലമായത്.
അങ്ങനെ ബാലാജിമാമയുമായുള്ള അടുപ്പം സുഹൃദ്ബന്ധം എന്നതിനപ്പുറത്തേക്ക് വളർന്നപ്പോൾ ഞങ്ങളുടേത് ഒറ്റക്കുടുംബം പോലെയായി. ഞാൻ സ്കൂളിൽപ്പഠിക്കുമ്പോൾ അവധിക്കാലത്ത് മദ്രാസിൽ(അന്ന് ചെന്നൈ ആയിട്ടില്ല) ബാലാജി മാമയുടെ വീട്ടിൽപ്പോയി നില്കും. അവിടെ സുചിത്രേച്ചിയുണ്ട്. സുരേഷ്അണ്ണയുടെ മക്കൾ സിത്താരയും സൂരജുമുണ്ട്. അവരായിരുന്നു എന്റെ കളിക്കൂട്ടുകാർ.
വീട്ടിൽ ഒരു ഫ്രിഡ്ജ് നിറയെ വിദേശ ചോക്ലേറ്റുകൾ നിറച്ചുവച്ചിട്ടുണ്ടാകും ബാലാജിമാമ. ചെല്ലുമ്പോൾ ആദ്യം നീട്ടുന്നത് ആ ചോക്ലേറ്റുകളാണ്. അത്രയും മധുരമുള്ള ഒരാളായിരുന്നു അദ്ദേഹം. ആ സ്നേഹത്തിനും ചോക്ലേറ്റിനും ഒരേ സ്വാദായിരുന്നു. സുചിത്രേച്ചി തിരുവനന്തപുരത്ത് വരുമ്പോൾ ഞങ്ങളുടെ വീട്ടിലാണ് നില്കുക. ഞങ്ങളുടെ വീട്ടിലൊരാളെപ്പോലെയായിരുന്നു ചേച്ചി. അന്ന് എന്റെ അച്ഛനോ അമ്മാവന്മാരോ ആരും വിചാരിച്ചില്ല വീട്ടിലെ ഡൈനിങ് ടേബിളിലിരുന്ന് മിഠായി നുണയുകയും മുറികളിലൂടെ ചിത്രശലഭത്തെപ്പോലെ പറന്നുനടക്കുകയും ചെയ്യുന്ന പെൺകുട്ടി നാളെയൊരു കാലത്ത് മലയാളത്തിലെ സൂപ്പർനായകന്മാരിലൊരാളുടെ ഭാര്യയായിത്തീരുമെന്ന്.
സുചിത്രേച്ചി ഞങ്ങളുടെ വീട്ടിലൊക്കെ വരുന്ന കാലത്ത് ലാൽച്ചേട്ടൻ തിരുവനന്തപുരത്ത് തന്നെയുണ്ട്. തമ്പാനൂരിലെ കോഫീഹൗസായിരുന്നു ലാൽചേട്ടന്റെയും കൂട്ടുകാരുടെയും പ്രധാനതാവളം. പ്രിയനങ്കിൾ,എം.ജി.ശ്രീകുമാറേട്ടൻ ഒക്കെയുണ്ട് ആ ഗ്യാങ്ങിൽ. സിനിമാകാണാൻ ഞങ്ങളുടെ തീയറ്ററുകളിൽ ഇവരെല്ലാം വരുമായിരുന്നു. അങ്ങനെയാണ് അച്ഛനുമായി പരിചയമുണ്ടായത്. തിരുവനന്തപുരം എന്ന നഗരത്തിൽ അടുത്തടുത്തായി എന്നാൽ അകലെയെന്നപോലെ ലാൽച്ചേട്ടനും സുചിത്രേച്ചിയും ഒരുകാലത്ത് ഒരുമിച്ചുണ്ടായിരുന്നു. പക്ഷേ അവർ ഒരിക്കലും തമ്മിൽ കണ്ടില്ലെന്ന് മാത്രം. പക്ഷേ അതിനവസരമുണ്ടായതും ലാൽചേട്ടനും സുചിത്രേച്ചിക്കുമിടയിൽ ഒരു പാലം നിർമിക്കപ്പെടുന്നതിന് നിമിത്തമായതും എന്റെ അച്ഛന്റെ വിവാഹമായിരുന്നു.
സത്യം പറഞ്ഞാൽ എന്റെ അച്ഛൻ എസ്.മുരുഗൻ എന്റെ അമ്മ സുജയെ വിവാഹം കഴിച്ച ദിവസം ഈശ്വരൻ മറ്റൊരു വിവാഹത്തിന് കൂടി മുഹൂർത്തം കുറിച്ചു. മോഹൻലാലും സുചിത്രയും ഒന്നാകണമെന്ന നിശ്ചയം അന്ന് അവിടെ സംഭവിച്ചുവെന്ന് പറയാം.
മെരിലാന്റ് സ്റ്റുഡിയോയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹം. മെരിലാന്റിന്റെ സിനിമകളെല്ലാം അവിടെയാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ അച്ഛന്റെ ആഗ്രഹമായിരുന്നു വിവാഹം സ്റ്റുഡിയോയിൽവെച്ച് വേണമെന്ന്. വർഷം 1986. തീയതി ജനുവരി 31. അന്ന് അവിടെ 'ഹലോ മൈ ഡിയർ റോങ് നമ്പർ' എന്ന സിനിമയുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ടായിരുന്നു. ബാലാജിമാമയുടെ കുടുംബം അച്ഛന്റെ വിവാഹത്തിന് അതിഥികളല്ല,ആതിഥേയർതന്നെയായിരുന്നു. അച്ഛൻ ക്ഷണിച്ച അതിഥികളിൽ പെട്ടവരായിരുന്നു ലാൽചേട്ടനും പ്രിയനങ്കിളും മണിയൻപിള്ള രാജുചേട്ടനുമെല്ലാം.
സുചിത്രേച്ചി ആ ദിവസം വരെ ലാൽചേട്ടനെ സ്ക്രീനീൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ഒരുപാട് പ്രണയരംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാക്ഷിയായ മെരിലന്റ് സ്റ്റുഡിയോയിൽവെച്ച് നാദസ്വരത്തിന്റെയും തവിലിന്റെയും ശബ്ദത്തിനുനടുവിൽ അവർ ആദ്യമായി കണ്ടു. അന്ന് സുചിത്രേച്ചി ലാൽ ചേട്ടനെ നോക്കിയ നോട്ടത്തിൽ പ്രണയം എന്ന വാക്ക് നിറഞ്ഞുനില്പുണ്ടായിരുന്നു എന്ന് പിന്നീട് അച്ഛനും വീട്ടുകാരുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. അന്ന് അവർ തമ്മിൽ കണ്ടു,മിണ്ടി. തമിഴിലെ പ്രശസ്തനായ നിർമാതാവ് ബാലാജിയുടെ മകൾ എന്ന നിലയ്ക്കായിരുന്നു ലാൽചേട്ടൻ സുചിത്രേച്ചിയെ പരിചയപ്പെട്ടതും സംസാരിച്ചതും.
പക്ഷേ തിരുവനന്തപുരത്തേക്ക് വന്ന സുചിത്രേച്ചിയല്ല തിരിച്ച് മദ്രാസിലേക്ക് തിരിച്ചുപോയത്. മോഹൻലാൽ സ്ക്രീനിൽ നിന്ന് ഇറങ്ങിവന്ന് ചേച്ചിയുടെ ഹൃദയത്തിൽ പാർപ്പുതുടങ്ങിയിരുന്നു. അവിടെച്ചെന്ന ചേച്ചി പിന്നെ ലാൽച്ചേട്ടന്റെ സിനിമകൾ തേടിപ്പിടിച്ച് കാണാൻ തുടങ്ങി. അങ്ങനയങ്ങനെ ചേച്ചിയുടെ ജീവിതത്തിലെ നായകനായി മാറി ലാൽചേട്ടൻ.
ചേച്ചി തന്നെയാണ് ലാൽചേട്ടനെ ഇഷ്ടമാണെന്ന കാര്യവും വിവാഹം കഴിക്കണമെന്ന ആഗ്രഹവും ബാലാജിമാമയോട് പറഞ്ഞത്. സ്വാഭാവികമായും അച്ഛനും എന്റെ അമ്മാവന്മാരുമെല്ലാം വിവരമറിഞ്ഞു. അവർക്കും അത് സന്തോഷമുള്ള കാര്യമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ,1988-ൽ ലാൽചേട്ടനും സുചിത്രേച്ചിയും വിവാഹിതരായി. ചേച്ചിയുടെ ഭർത്താവ് ഞങ്ങളുടെ കുടുംബത്തിലെ അംഗം തന്നെ. അങ്ങനെ ലാൽച്ചേട്ടൻ മെരിലാന്റ് എന്ന സിനിമാക്കുടുംബത്തിലൊരാൾ പോലെയായി. ഒരു വിവാഹത്തിൽ തുടങ്ങിയ ഇഷ്ടം മറ്റൊരു വിവാഹത്തിലൂടെ മൂന്ന് കുടുംബങ്ങൾതമ്മിലുള്ള സ്നേഹപ്പൊരുത്തമായി മാറുകയായിരുന്നു.
(തുടരും)