ആദ്യസിനിമയിൽ തന്നെ അസിസ്റ്റന്റ് മുതൽ സംവിധായകൻ വരെയായ കഥ മുമ്പേ പറഞ്ഞിരുന്നു. അതുപോലെ സ്വതന്ത്രസംവിധായകനായ ആദ്യ സിനിമയുടെ പൂജ ഞാനില്ലാതെ നടന്നതിനെക്കുറിച്ചും പറഞ്ഞു. ഇതുപോലെ ഒട്ടേറെ അപൂർവതകൾ നിറഞ്ഞതായിരുന്നു എന്നും എന്റെ സിനിമാജീവിതം. കൊച്ചിയിലെ ഗ്രാന്റ് ഹോട്ടലിൽ ഇരുന്ന് ഇതെഴുതുമ്പോൾ തൊട്ടപ്പുറത്ത് പുതിയ സിനിമയായ 'വരവി'ന്റെ ചാർട്ടിങ്ങും കാസ്റ്റിങ്ങുമൊക്കെയായി തിരക്കിലാണ് എന്റെ സഹപ്രവർത്തകർ. ഒരു സിനിമയുടെ പ്രവർത്തനങ്ങൾക്കിടെ സിനിമാജീവിതത്തെക്കുറിച്ച് എഴുതുക എന്ന അപൂർവതയും ഇതാ എന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു.
സിനിമയിൽ ഒരുപക്ഷേ മറ്റാർക്കും ഉണ്ടായിട്ടില്ലാത്ത ഒരു അനുഭവവും ആദ്യസിനിമയ്ക്ക് ശേഷം എനിക്കുണ്ടായി. അത് ഇന്നും തെളിയിക്കപ്പെട്ടില്ലാത്ത ഒരു 'ക്രൈം' ആണ്. ആരായിരുന്നു അതിന്റെ പിന്നിലെന്ന് ഇപ്പോഴും എനിക്കറിയില്ല. ഒരുപക്ഷേ ലോകസിനിമയിൽ തന്നെ അങ്ങനെയൊന്ന് സംഭവിച്ചിരിക്കില്ല. അതിലേക്കെത്തുന്നതിന് മുമ്പ് 'സൺഡേ 7 പി.എം' എന്ന രണ്ടാമത്തെ സിനിമയെക്കുറിച്ച് പറയേണ്ടതുണ്ട്. അതും അപൂർവതകളുടെ പട്ടികയിൽ ഉൾപ്പെടുന്നതുതന്നെ.
'ന്യൂസി'ന്റെ റീ റെക്കോർഡിങ് ജോലികളുമായി ബന്ധപ്പെട്ട് മദ്രാസിലാണ് ഞാൻ. ഒരുദിവസം അന്നത്തെ ഏറ്റവും വിലപ്പിടിപ്പുള്ള എഴുത്തുകാരിലൊരാളായ കലൂർ ഡെന്നീസ് സ്റ്റുഡിയോയിലേക്ക് വരുന്നു. ഡെന്നിച്ചായൻ എന്നാണ് അദ്ദേഹത്തെ ഞങ്ങൾ വിളിക്കുന്നത്. ഡെന്നിച്ചായന്റെ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. കാരണം അത് എന്നെ സംബന്ധിച്ചിടത്തോളം അത് അത്രയും അവിശ്വസനീയമായിരുന്നു. 'എടോ ഒരു ചെറിയ പടം ചെയ്യാനുണ്ടോ?' ഇതായിരുന്നു ഡെന്നിച്ചായൻ എന്നോട് ചോദിച്ചത്. പുതിയൊരു സിനിമ ഡെന്നിച്ചായൻ എഴുതുന്നു,അത് സംവിധാനം ചെയ്യാമോ? അതായിരുന്നു ചോദ്യത്തിന്റെ ഉള്ളടക്കം. ആദ്യ സിനിമയുടെ ജോലികൾ പോലും തീർന്നിട്ടില്ല. അതിനുമുമ്പേ രണ്ടാമത്തെ സിനിമയ്ക്കുള്ള അവസരം. അതും അക്കാലത്തെ ശ്രദ്ധേയനായ എഴുത്തുകാരനൊപ്പം. അദ്ദേഹം തന്നെ അക്കാര്യം എന്നോട് പറയുകയാണ്. അവിശ്വസനീയതയോടെ നില്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാകുക?
'ന്യൂസി'ന്റെ ജോലികൾ നടക്കുന്ന കാര്യവും ആദ്യസിനിമ ഇറങ്ങുന്നതിന് മുമ്പുതന്നെ രണ്ടാമത്തേതിലേക്ക് കടക്കുന്നത് ശരിയാണോ എന്ന ആശങ്കയുമൊക്കെ ഞാൻ ഡെന്നിച്ചായനോട് പങ്കിട്ടു. 'പടം ചെയ്യാം പക്ഷേ ആദ്യത്തെ സിനിമ കേറുന്ന സമയമല്ലേ ഇപ്പോൾ..'-ഞാൻ സംശയിച്ചു. പക്ഷേ അദ്ദേഹം പിന്തിരിഞ്ഞില്ല. പകരം ആത്മവിശ്വാസം തന്ന് എനിക്ക് ധൈര്യം പകർന്നു. 'ഇതൊരു ചെറിയ കഥയാണ്,കുറച്ചു കഥാപാത്രങ്ങളേയുള്ളൂ. അതുകൊണ്ട് കുഴപ്പമൊന്നുമുണ്ടാകില്ല.'
ചങ്ങനാശ്ശേരി ബഷീർ എന്നയാളായിരുന്നു പ്രൊഡ്യൂസർ. അദ്ദേഹവും എന്നെ സംവിധായകനാക്കുന്നതിൽ എതിർപ്പൊന്നും പറഞ്ഞില്ല. പ്രൊഡ്യൂസർ കൂടെയുണ്ടാകുക എന്നതാണ് സിനിമയിൽ സംവിധായകന്റെ ഏറ്റവും വലിയ ധൈര്യം. സംവിധായകനും തിരക്കഥാകൃത്തുമൊക്കെ പല കാര്യങ്ങൾ പറയുന്നതും ഷൂട്ടിങ് സൗകര്യങ്ങൾ ആവശ്യപ്പെടുന്നതും സിനിമയുടെ നല്ലതിനുവേണ്ടിയാണ്. സിനിമ നന്നാകുക എന്നത് മറ്റാരേക്കാൾ അവരുടെ ആവശ്യമാണ്. സ്വന്തം കുഞ്ഞിന് ദോഷം വരുന്ന കാര്യങ്ങൾ ആരും പറയില്ലല്ലോ. അതു മനസ്സിലാക്കുകയും സംവിധായകനെ വിശ്വസിക്കുകയും ചെയ്യുന്ന പ്രൊഡ്യൂസറെ കിട്ടിയാൽ സിനിമ പാതി വിജയിച്ചു എന്നുപറയാം. ചങ്ങനാശ്ശേരി ബഷീർ എനിക്കൊപ്പം നിന്നതുകൊണ്ടാണ് 'ന്യൂസ്' പുറത്തിറങ്ങും മുമ്പേ 'സൺഡേ സെവൻ 7' സംഭവിച്ചത്.
തൊടുപുഴയിലായിരുന്നു ഷൂട്ടിങ്. ആറ് കഥാപാത്രങ്ങൾ മാത്രമേയുള്ളൂ സിനിമയിൽ. അങ്ങനെയൊരു സിനിമ അക്കാലത്ത് അപൂർവമായിരുന്നു. സായികുമാർ,ലാലു അലക്സ്,സിൽക്ക് സ്മിത,സിദ്ദിഖ്, സുലക്ഷണ,എന്നിവർക്കൊപ്പം നിമ്മി എന്നൊരു പുതിയ അഭിനേത്രിയുമായിരുന്നു പ്രധാനവേഷങ്ങൾ ചെയ്തത്. തൊടുപുഴ അന്നൊരു കുഗ്രാമം പോലെയായിരുന്നു. വർഷം 1989. ഇടുക്കിയിലെ മറ്റേതൊരു ഗ്രാമത്തെയും പോലെയായിരുന്നു അന്ന് തൊടുപുഴയും. ഞാൻ കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ചതുപോലെ തൊടുപുഴ അന്ന് മലയാളസിനിമയുടെ ഭാഗ്യലൊക്കേഷനൊന്നും ആയിട്ടില്ല. ഷൂട്ടിങ്ങുകൾ തന്നെ അവിടെ വിരളമായിരുന്നു.
അവിടേക്കാണ് ആറു കഥാപാത്രങ്ങളുമായി 'സൺഡേ 7 പി.എം' എത്തിയത്. വലിയൊരു വീട്ടിലാണ് ഷൂട്ടിങ്. ആ വീട്ടിലുള്ളവരുടെ ബന്ധുക്കൾ പലയിടങ്ങളിൽ നിന്ന് ഷൂട്ടിങ് കാണാനെത്തിയിട്ടുണ്ട്. കൂടാതെ, സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാമടങ്ങുന്ന നാട്ടിലെ വലിയൊരു ജനക്കൂട്ടവും. ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസമോ മൂന്നാം ദിവസമോ ആണെന്ന് തോന്നുന്നു. ഒരു കാർ വീട്ടുമുറ്റത്ത് വന്നുനിന്നു. ഏത് താരമാണ് അതിൽ നിന്ന് പുറത്തേക്കിറങ്ങുകയെന്ന ആകാംക്ഷയിൽ ജനക്കൂട്ടം തിക്കിത്തിരക്കി. അത് സിൽക്ക് സ്മിതയായിരുന്നു...
ഒരു ഷോർട്സ് ആണ് വേഷം. അതുമിട്ട് സ്മിത കാറിൽ നിന്നിറങ്ങിയതും. 'അയ്യോ....'എന്ന മട്ടിലുള്ള ഒരു അതിശയ ശബ്ദം അവിടെയെങ്ങും അലയടിച്ചു. ചട്ടയും മുണ്ടും ഇട്ട അമ്മച്ചിമാർ വരെയുണ്ട് ഷൂട്ടിങ് കാണാൻ. അവർക്കുമുന്നിലേക്കാണ് അല്പവസ്ത്രത്തിൽ സിൽക്ക് സ്മിത എന്ന അക്കാലത്തെ ഏറ്റവും വലിയ 'ഹോട്ട് സ്റ്റാർ' പ്രത്യക്ഷപ്പെട്ടത്. സ്മിതയെ കണ്ടതും സ്ത്രീകൾ ഒപ്പമുള്ള പുരുഷന്മാരിലേക്കാണ് നോക്കുന്നത്. അവരാകട്ടെ നോക്കാനും വയ്യ നോക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിൽ. മുറുമുറുപ്പുകളും കുശുകുശുപ്പുകളും പെട്ടെന്ന് അവിടെയെങ്ങും വ്യാപിച്ചു.
സ്മിത ഇതൊന്നുമറിയാതെ ഞങ്ങൾക്കടുത്തേക്ക് വന്നു. ആ വീട്ടുടമസ്ഥരുടെ മുഖഭാവത്തിൽനിന്ന് ഉള്ളിൽ തോന്നിയ വാക്കുകളുടെ അർഥം എനിക്ക് പിടുത്തം കിട്ടിയിരുന്നു. സ്മിത വന്നതും ഞാൻ അവരെ ഒരു ഒഴിഞ്ഞസ്ഥലത്തേക്ക് വിളിച്ചു മാറ്റിനിർത്തി പറഞ്ഞു: 'ഇത് തനിയൊരു നാട്ടിൻപുറമാണ്. വളരെ യാഥാസ്ഥിതികരായ ജനങ്ങളാണ് ഇവിടുത്തേത്. അവർക്ക് ഇത്തരം വസ്ത്രങ്ങളൊന്നും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ഇനി സെറ്റിലേക്ക് വരുമ്പോൾ ഇക്കാര്യം ഒന്ന് മനസ്സിൽ വയ്ക്കണം.'
അവിടെയാണ് സിൽക്ക് സ്മിത എന്ന നടിയിലെ പ്രൊഫഷണലിനെ നമുക്ക് അടുത്തറിയാനാകുക. അവർക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ പെട്ടെന്ന് മനസ്സിലായി. ഏതൊരു ലൊക്കേഷനിലേക്കുമെന്നപോലെ തന്റെ സ്ഥിരം വസ്ത്രധാരണശൈലിയിലാണ് സ്മിത തൊടുപുഴയിലേക്കും വന്നത്. ആ നാടിന്റെ അക്കാലത്തെ മാനസികാവസ്ഥയൊന്നും അവർക്ക് അറിയില്ലായിരുന്നു. ഇന്നാണെങ്കിൽ ഷോർട്സ് ഇട്ട് വരുന്ന ഒരു നടി തൊടുപുഴയിൽ യാതൊരു അതിശയശബ്ദവുമുണ്ടാക്കില്ല. പക്ഷേ ഈ സംഭവം നടക്കുന്നത് മൂന്നുപതിറ്റാണ്ടുകൾക്ക് മുമ്പാണെന്നോർക്കണം. അന്നത്തെ നാട്ടുകാർ സിൽക്ക് സ്മിതയുടെ വസ്ത്രധാരണം പെട്ടെന്നങ്ങ് ഉൾക്കൊള്ളാൻ പറ്റുന്നവരായിരുന്നില്ല.
പക്ഷേ സിനിമയിൽ ഗ്ലാമറസായല്ല സ്മിത പ്രത്യക്ഷപ്പെട്ടത്. അവർ സാരിയുടുത്ത് അഭിനയിച്ച ചുരുക്കം കഥാപാത്രങ്ങളിലൊന്നാണ് 'സൺഡേ 7 പി.എമ്മി'ലെ ഷെർലി. അങ്ങേയറ്റം പ്രൊഫഷണലായിരുന്നു സ്മിത. സ്ക്രീനിൽ കണ്ട സിൽക്ക് സ്മിതയല്ല യഥാർഥ സ്മിത. അത് അവരോട് ഒരുതവണ സംസാരിച്ചവർക്ക് പോലും മനസ്സിലാകും.
'സൺഡേ 7 പി.എം' ഷൂട്ടിങ്ങിനിടയ്ക്ക് സ്മിത അന്ന് അവരുടെ കൂട്ടുകാരനായിരുന്ന ഡോക്ടറുമൊത്ത് വന്നു. അവർ ഒരു സിനിമ നിർമിക്കുന്നു,ഞാൻ അത് സംവിധാനം ചെയ്യണം. അതാണ് സ്മിതയും കൂട്ടുകാരനും അന്ന് പറഞ്ഞത്. പക്ഷേ ആ പ്രോജക്ട് നടന്നില്ല.
'സൺഡേ 7 പി.എം' പൂർത്തിയായിക്കഴിഞ്ഞപ്പോഴേക്കും ന്യൂസിന്റെ എല്ലാ ജോലികളും കഴിഞ്ഞിരുന്നു. രണ്ടുസിനിമകളും ഒന്നിച്ച് റിലീസ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഒരു നവാഗത സംവിധായകന്റെ രണ്ടുസിനിമകൾ ഒരുമിച്ച് തീയറ്ററുകളിലേക്ക്. ഒരുപക്ഷേ ലോകസിനിമയിൽ തന്നെ ആദ്യം. ആദ്യസിനിമ എന്നല്ല,ആദ്യസിനിമകൾ എന്നു പറഞ്ഞ് എനിക്ക് അഭിമാനിക്കാവുന്ന അവസ്ഥ. പക്ഷേ അവിടെയാണ് തുടക്കത്തിൽ പറഞ്ഞ ആ 'ക്രൈം' സംഭവിച്ചത്..
(തുടരും)