മലയാളസിനിമയിലേക്ക് ഒരു നവാഗത സംവിധായകൻ ഒരേസമയം രണ്ടുസിനിമകളുമായി വരുന്നു. ഇപ്പോൾ പത്രങ്ങൾക്കൊക്കെ രണ്ട് ഒന്നാം പേജ് കാണാറില്ലേ! അതുപോലൊരു സംഭവം. ഇൻഡസ്ട്രിയിൽ അതുണ്ടാക്കിയ ചർച്ച ചെറുതല്ല. പലരും എന്നോട് പറഞ്ഞു,രണ്ടു സിനിമകളുമായി ലാൻഡ് ചെയ്യരുതെന്ന്. ഐ.വി.ശശിയേട്ടൻ പോലും ഉപദേശിച്ചു: 'നിങ്ങളങ്ങനെ ചെയ്യരുത്...'എന്തുകൊണ്ടാണ് എല്ലാവരും അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. അതുകൊണ്ടുതന്നെ രണ്ടുസിനിമകളുമായി തുടങ്ങിയാൽ എന്താണ് കുഴപ്പം എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ.
ക്രിസ്മസിനാണ് 'ന്യൂസും' 'സൺഡേ7 പി.എമ്മും' ഒരുമിച്ച് റിലീസ് നിശ്ചയിച്ചിരുന്നത്. ഫെസ്റ്റിവൽ സീസണുകളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഒന്നിലധികം സിനിമകൾ റിലീസ് ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഒരു സംവിധായകന്റെ സിനിമ അങ്ങനെ വരുന്ന പതിവില്ല. മാത്രവുമല്ല ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന ഒരാളായിരുന്നു ആ സംവിധായകനെന്നത് സിനിമാവൃത്തങ്ങളിൽ അദ്ഭുതവും ആകാംക്ഷയും കൗതുകവുമെല്ലാം ഒരുമിച്ച് സൃഷ്ടിച്ചു.
എല്ലാവരും 'അരുത്' എന്നുപറഞ്ഞ കാര്യവുമായി മുന്നോട്ടുപോകുമ്പോൾ വരാനിരിക്കുന്നത് എന്താണ് എന്ന് എനിക്കറിയില്ലായിരുന്നു. 'ന്യൂസ്' ഏതാണ്ട് റിലീസിന് സജ്ജമായി. 'സൺഡേ7 പി.എം' റീ റിക്കാർഡിങ് എല്ലാം കഴിഞ്ഞ് പ്രിവ്യൂ നിശ്ചയിച്ചു. ഹോട്ടലുകളിൽ ദോശ അപ്പപ്പോൾ ചുട്ട് തീൻമേശയിലെത്തിക്കുന്നതുപോലൊരു ഇടപാടായിരുന്നു അന്നൊക്കെ പ്രിവ്യൂവിന്. ഓരോ റീലുകളായിട്ടായിരുന്നല്ലോ അന്ന് സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. പ്രിവ്യൂ തുടങ്ങുമ്പോഴും ചിലപ്പോൾ റീലുകൾ ഓരോന്നായി പ്രിന്റടിച്ചുവരുന്നതേയുണ്ടാകൂ. അപ്പപ്പോൾ ലാബിൽനിന്ന് വരുന്ന റീലുകൾ ലോഡ് ചെയ്തായിരുന്നു പ്രിവ്യൂവിന് കാണിച്ചിരുന്നത്.
ജോഷിയേട്ടനുൾപ്പെടെയുള്ളവർ 'സൺഡേ7 പി.എം' പ്രിവ്യൂവിന് എത്തിയിട്ടുണ്ട്. മദ്രാസിലെ പ്രസാദ് ലാബിലാണ് പ്രിവ്യൂ. പില്കാലം കാനിൽ വരെയെത്തിയ സർഗവൈഭവത്തിനുടമയായ സന്തോഷ് ശിവനായിരുന്നു ആ സിനിമയുടെ ക്യാമറ. പ്രിവ്യൂവിന് പ്രിന്റുകളടിച്ചെത്തിക്കുന്നതിന്റെയൊക്കെ മേൽനോട്ടം അക്കാലത്ത് ക്യാമാറാമാനാണ്. പ്രിവ്യൂ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ സന്തോഷ് ഓടിക്കിതച്ചുവന്നിട്ട് പറയുകയാണ്: 'ഏഴാമത്തെ റീൽ കാണാനില്ല...'
എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. രണ്ടുനിമിഷം കഴിഞ്ഞാണ് സംഭവത്തിന്റെ ഗൗരവം തലയിൽ മിന്നൽപോലെ അടിച്ചത്. ഞെട്ടലിന്റെ ഒരു തരിപ്പ്. ബാക്കിയെല്ലാം റീലുകളും വന്നു കഴിഞ്ഞു. ഒരെണ്ണം കാണാനില്ല. പ്രിവ്യൂ നിലച്ചു. ജോഷിയേട്ടനൊക്കെ വിവരമറിഞ്ഞ് ദേഷ്യപ്പെട്ടു. 'ആരാണ് ഇതു ചെയ്തത്...കേസു കൊടുക്കണം.' അദ്ദേഹം കോപത്തോടെ പറഞ്ഞു. എനിക്ക് എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ.
പിന്നെ ഏഴാമത്തെ റീൽ എങ്ങനെ കാണാതെ പോയി എന്ന അന്വേഷണമായി. പ്രസാദ് ലാബിലേക്ക് അത് എത്തിയതിന് തെളിവുണ്ട്. ഗേറ്റ് പാസ് കൊടുത്ത് അകത്തെത്തിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷം എങ്ങോട്ടാണ് പോയതെന്ന് അറിയില്ല. സന്തോഷ് അവസാനം ഡ്യൂപ്പ് പോസിറ്റീവ് എടുത്തെങ്കിലും അത് വച്ച് സിനിമ തീയറ്ററിൽ റിലീസ് ചെയ്യാനാകില്ല. കാരണം ഒറ്റക്കളറേ അതിൽ കിട്ടൂ. അങ്ങനെ 'സൺഡേ7 പി.എം'റിലീസ് മുടങ്ങി. 'ന്യൂസ്' ക്രിസ്മസിന് തീയറ്ററുകളിലെത്തുകയും ചെയ്തു.
രണ്ടുസിനിമകളുമായി അരങ്ങേറ്റം എന്ന എന്റെ സ്വപ്നം അവിടെ ഉടഞ്ഞു. അങ്ങനെ നടന്നിരുന്നെങ്കിൽ അത് ലോകസിനിമയിൽ തന്നെ അപൂർവമായേനെ. പക്ഷേ അങ്ങനെ സംഭവിക്കരുതെന്ന് ആരോ നിശ്ചയിച്ചതുപോലെ. അതു മനുഷ്യനാണോ ദൈവമാണോ എന്ന് എനിക്ക് ഇന്നും അറിയില്ല. പക്ഷേ ആ ഏഴാമത്തെ റീൽ എടുത്തുമാറ്റിയതിനു പിന്നിൽ മനുഷ്യന്റെ കൈകൾ തന്നെയായിരുന്നുവെന്നും അത് ബോധപൂർവം ചെയ്തതാണെന്നും പിന്നീട് തെളിഞ്ഞു. വലിയൊരു ക്രൈം തന്നെയായിരുന്നു അത്. ഞാൻ കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച ആ ക്രൈം. എന്റെ സിനിമകളുടെ ക്ലൈമാക്സിൽ കുറ്റവാളികൾ പിടിക്കപ്പെടും. പക്ഷേ ജീവിതത്തിൽ സംഭവിച്ച ക്രൈമിലെ കുറ്റവാളിയെ കണ്ടെത്താൻ ഇന്നും എനിക്കായിട്ടില്ല.
'ന്യൂസ്' റിലീസായപ്പോഴും എനിക്ക് 'സൺഡേ7 പി.എമ്മി'ന്റെ കാര്യത്തിൽ സംഭവിച്ച ചതിയിൽ വല്ലാത്ത വിഷമമുണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിയതിന്റെയും ലഭിക്കാമായിരുന്ന വലിയൊരു ബഹുമതി നഷ്ടപ്പെട്ടതിന്റെയും നിരാശയിൽ ഞാൻ പ്രസാദ് ലാബിന്റെ ഉടമ രമേഷ് പ്രസാദിനോട് ക്ഷോഭിച്ചു. ലാബ് അടച്ചിട്ട് പരിശോധന നടത്താൻ പറഞ്ഞു. ആ റീൽ എവിടെപ്പോയി എന്ന് കണ്ടെത്തണമെന്ന വാശിയായിരുന്നു എനിക്ക്. റിലീസ് സമയം കഴിഞ്ഞെങ്കിലും അത് എവിടെ ഒളിപ്പിക്കപ്പെട്ടു എന്നറിയണമല്ലോ...അതിനുവേണ്ടിയാണ് പരിശോധന ആവശ്യപ്പെട്ടത്.
അങ്ങനെ ലാബിനുള്ളിൽ പരിശോധന തുടങ്ങി. അണ്ഡകടാഹം പോലെ കിടക്കുകയാണ് പ്രസാദ് ലാബ്. തെക്കേയിന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള പ്രിന്റുകളും ഫിലിം പെട്ടികളുമെല്ലാം പഴയ നെഗറ്റീവുകളുമെല്ലാം നിറഞ്ഞ വലിയൊരു നിഗൂഢലോകം. അതിനുള്ളിൽ എവിടെപ്പോയി തിരയാൻ? പക്ഷേ ഞാൻ വിട്ടില്ല. അങ്ങനെ ആ കാടിളക്കിയുള്ള പരിശോധനയിൽ ഏതോ ഒരു മൂലയിൽ ഒരു തെലുങ്ക് പടത്തിന്റെ പെട്ടിക്കുള്ളിൽ നിന്ന് കാണാതെ പോയ റീലിന്റെ പ്രിന്റ് കിട്ടി. ആരോ എടുത്ത് ഒളിപ്പിച്ചുവച്ചതാണ്.
അങ്ങനെ ചെയ്തവരുടെ ലക്ഷ്യം എന്തായിരുന്നു എന്ന് എനിക്കറിയില്ല. ആരാണ് അത് ചെയ്തതെന്നും അറിയില്ല. ചിലപ്പോൾ രണ്ടുസിനിമകളുമായി വന്ന് ഇവൻ അങ്ങനെ വലിയ ആളാകേണ്ട എന്ന ചില കുബുദ്ധികളുടെ ചിന്ത. അല്ലെങ്കിൽ ഒരാളുടെ രണ്ട് സിനിമകൾ ഒരേസമയം റിലീസ് ചെയ്താൽ കുഴപ്പമാകും എന്ന് ആരെങ്കിലും പറഞ്ഞ് പേടിപ്പിച്ചതുകൊണ്ട് എന്റെ രണ്ടുസിനിമകളിലൊന്നിന്റെ നിർമാണക്കമ്പനികളിലാരെങ്കിലും ചെയ്ത ക്രൂരകൃത്യം. ഇനി നേരത്തെ പറഞ്ഞതുപോലെ ഇവരെ ആരെങ്കിലും ഉപകരണമാക്കി ദൈവം തന്നെ നിശ്ചയിച്ചതുമാകാം,രണ്ട് സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്തുകൊണ്ട് നീ മലയാളസിനിമയിൽ അരങ്ങേറണ്ട എന്ന്. എന്തായിരുന്നാലും എനിക്ക് ലഭിക്കാമായിരുന്ന വലിയൊരു അഭിമാനനിമിഷം ഇല്ലാതെയായി എന്നതായിരുന്നു ആത്യന്തികഫലം.
പിന്നെയുമുണ്ടായിരുന്നു അതുമായി ബന്ധപ്പെട്ട വേദനിപ്പിക്കുന്ന അനുഭവങ്ങൾ. എറണാകുളത്ത്, 'ന്യൂസ്' ഷേണായീസിലാണ് റിലീസ് ചെയ്തത്. 'സൺഡേ 7 പി.എം' റിലീസ് നിശ്ചയിച്ചിരുന്നത് കവിതയിലും. അതിന്റെ വലിയ പോസ്റ്ററുകളൊക്കെ കവിതാതീയറ്ററിന് മുന്നിലും അകത്തുമൊക്കെ നേരത്തെതന്നെ ഒട്ടിച്ചിരുന്നു. ഞെട്ടിക്കുന്ന പോസ്റ്ററുകളായിരുന്നു ആ സിനിമയുടേത്. അതൊക്ക കണ്ട് കവിതാതീയറ്ററിൽ റിലീസ് ദിവസം വലിയ ജനക്കൂട്ടം. ഏഴാമത്തെ റീലിലെ ചതിയും റിലീസ് മാറ്റിയ കഥയുമൊന്നും അവർക്കറിയില്ലല്ലോ.
'ന്യൂസി'ന്റെ ആദ്യ ഷോ തുടങ്ങിയ ശേഷം ഞാൻ ഷേണായീസിൽ നിന്ന് കവിതയിലേക്ക് ചെന്നു. അവിടെ ആൾക്കൂട്ടം തിങ്ങിനിറഞ്ഞുനില്കുകയാണ്. നോക്കുമ്പോൾ അതിനിടയിലൂടെ 'നോ ഷോ' എന്നെഴുതിയ ഒരു കറുത്ത ബോർഡ് ആടിയാടി വരുന്നു. എന്റെ കണ്ണിൽ നിന്നും ഇന്നും മാഞ്ഞിട്ടില്ല ആ ദൃശ്യം. തൊട്ടപ്പുറത്ത് എന്റെ ആദ്യ സിനിമ പ്രദർശിപ്പിക്കുന്നു. ഇവിടെ എന്റെ മറ്റൊരു 'ആദ്യസിനിമ' പ്രദർശിപ്പിക്കാനാകാതെ ബോർഡ് തൂക്കുന്നു. ഇതും ലോകസിനിമയിൽ ആദ്യമായിട്ടാകും സംഭവിച്ചിരിക്കുക!
1989 ഡിസംബറിൽ റിലീസ് നിശ്ചയിക്കപ്പെട്ട സിനിമ പിന്നീട് തീയറ്ററുകളിലെത്തിയത് 1990 ഫെബ്രുവരി 10ന് ആണ്. അപ്പോഴേക്കും പഴയ പോസ്റ്ററുകൾ പോലെ തന്നെ ആ സിനിമയെക്കുറിച്ചുള്ള ചർച്ചകളും വാർത്തകളും അതേച്ചൊല്ലിയുള്ള ആകാംക്ഷയുമെല്ലാം പിഞ്ഞിപ്പോയിരുന്നു. 'ചലച്ചിത്രരംഗത്ത് വിവാദവിഷയമായിത്തീർന്ന ചിത്രം, ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം' ഇതായിരുന്നു റിലീസ് ദിവസം 'സൺഡേ 7 പി.എമ്മി'ന്റെ പത്രപരസ്യത്തിലെ വാചകങ്ങൾ.
'ഏയ് ഓട്ടോ' എന്ന മോഹൻലാൽ ചിത്രത്തിനൊപ്പമായിരുന്നു റിലീസ്. ആനയ്ക്ക് മുന്നിലൊരു അണ്ണാൻ. അത്രയേയുണ്ടായിരുന്നു അപ്പോൾ 'സൺഡേ 7 പി.എം'. എല്ലാ തീയറ്ററുകാർക്കും വേണ്ടത് 'ഏയ് ഓട്ടോ' മാത്രം. 'സൺഡേ 7 പി.എമ്മി'ന് എറണാകുളത്ത് ഒടുവിൽ കിട്ടിയത് പത്മ തീയറ്റർ മാത്രം. റിലീസ് ദിവസം ഞാൻ കലൂർ ഡെന്നിച്ചായനോട് ചോദിച്ചു,നമുക്ക് പടം കാണാൻ പോകേണ്ടേ...?
അങ്ങനെ ഞാനും ഡെന്നിച്ചായനും പില്കാലത്ത് മലയാളസിനിമയെ ത്രസിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനുമായി മാറിയ ഒരു സുഹൃത്തും(അത് ആരാണ് എന്നത് സസ്പെൻസ്. പിന്നീട് വിശദമായി പറയാം) കൂടി പത്മയിലെത്തി. ഞങ്ങളെക്കൂടാതെ തീയറ്ററിലുള്ളത് ഏതാണ്ട് നാല്പതുപേർ മാത്രം. ദയനീയമായ കാഴ്ച. എന്നെ അധികം ആർക്കും അറിയില്ല. പക്ഷേ ഡെന്നിച്ചായന്റെ പരിചയത്തിലുള്ള ഒന്നോ രണ്ടോ പേർ ആ നാല്പതുപേരിലുണ്ടായിരുന്നു. പടം തുടങ്ങി. നിസ്സംഗമായി ഇരിക്കുന്ന പ്രേക്ഷകരെ ഒന്ന് നോക്കി, ഞങ്ങൾ തീയറ്ററിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു...
(തുടരും)