മണിയൻപിള്ള രാജുചേട്ടന്റെ കൂടെയുള്ള സായാഹ്നസദസ്സുകൾ ചിരിയുടെ പ്രകാശം നിറഞ്ഞതാകും. അദ്ദേഹം നിർത്താതെ കഥ പറഞ്ഞുകൊണ്ടേയിരിക്കും. ഒന്നിനുപുറകേ ഒന്നായി അതിങ്ങനെ ഒഴുകിവരും. ചിരിയുടെ മാലപ്പടക്കം എന്ന പ്രയോഗം രാജുചേട്ടന്റെ കഥകൾക്ക് തികച്ചും യോജിക്കും. ലാൽ പണ്ടൊരു പരസ്യ ചിത്രത്തിൽ ചോദിച്ചതുപോലെ 'വൈകീട്ടെന്താ പരിപാടി' എന്ന് രാജു ചേട്ടൻ ചോദിച്ചപ്പോൾ കുറച്ചുസമയം ഇത്തരം തമാശക്കഥകൾ പറഞ്ഞിരിക്കാനുള്ള ക്ഷണമായിട്ടേ ഞാനും രഞ്ജിത്തും കരുതിയുള്ളൂ. ഞങ്ങളും അങ്ങനെയൊരു സൗഹൃദസദസ്സ് കൊതിക്കുന്നുണ്ടായിരുന്നു. കാരണം കുറേ ദിവസമായി കഥയ്ക്ക് മുകളിൽ ചടഞ്ഞിരിക്കുന്നു. പുറത്തുള്ള മനുഷ്യരെ കണ്ടിട്ടുതന്നെ ദിവസങ്ങളായി. അതിന്റെയൊരു മടുപ്പുണ്ട്. അതൊന്നുമാറ്റിയെടുക്കാൻ രാജുചേട്ടനോളം നല്ല കമ്പനി വേറെയില്ല. അതുകൊണ്ട് വൈകീട്ട് പാംഗ്രോവിലേക്ക് വരാം എന്ന് ഞങ്ങൾ പറഞ്ഞു.
പാംഗ്രോവ് അന്ന് മലയാളസിനിമാപ്രവർത്തകരുടെ സൗഹൃദത്തണൽ നിറയുന്ന മാന്തോപ്പ് ആണ്. അന്ന് വൈകീട്ട് രാജുചേട്ടനെ കാണാനായി ഗുഡ്നൈറ്റ് മോഹൻ ചേട്ടന്റെ മദ്രാസിലെ ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങുമ്പോൾ ഞാനും രഞ്ജിത്തും ഒരു പതിവ് കഥപറച്ചിൽ സായാഹ്നം എന്നുമാത്രമേ കരുതിയുള്ളൂ. ഞങ്ങളെ കണ്ടതും പതിവുപോലെ രാജുചേട്ടൻ മാലപ്പടക്കങ്ങൾ പൊട്ടിച്ചുതുടങ്ങി. അല്പം കഴിഞ്ഞ് അതിനൊരു ഇടവേളയെടുത്ത് അദ്ദേഹം ചോദിച്ചു: 'അല്ല..ഇവിടെയെന്താ രണ്ടാളും കൂടി..ഏതാ പടം...?'
സത്യത്തിൽ ആ ചോദ്യം അത്രയും നാൾ സഞ്ചരിച്ചുകൊണ്ടിരുന്ന പാതയിൽ നിന്ന് ഞങ്ങളെ പുതിയൊരു ദിശയിലേക്ക് വഴിതിരിച്ചുവിട്ട പച്ചനിറത്തിലുള്ള അമ്പടയാളം പോലെയായി. ഗുഡ്നൈറ്റ് മോഹൻ ചേട്ടനുവേണ്ടിയുള്ള പടത്തിന്റെ ആലോചനയിലാണെന്നും കഥ ഏതാണ്ട് തീരുമാനമായെന്നുമെല്ലാമുള്ള കാര്യങ്ങൾ രാജുചേട്ടനോട് പറഞ്ഞു. അന്നൊന്നും സിനിമാപ്രവർത്തർക്കിടയിൽ രഹസ്യങ്ങളില്ല. എല്ലാവരും തുറന്ന പുസ്തകങ്ങൾ പോലെയാണ്. ആർക്കും ആരോടും ഒന്നും മറച്ചുവയ്ക്കാനില്ല. ആലോചിക്കുന്ന കഥയെക്കുറിച്ചും തിരക്കഥയിലെ വിശദാംശങ്ങളെക്കുറിച്ചുമെല്ലാം പരസ്പരം എല്ലാവരും ചർച്ചചെയ്യും. ഒരു കൂട്ടായ്മ പോലെയായിരുന്നു മലയാളസിനിമ അന്നൊക്കെ. അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളുമെല്ലാം ഇത്തരം ചർച്ചകളിൽ കടന്നുവരും. അത് പലപ്പോഴും നമ്മൾ ചെയ്യാൻ പോകുന്ന സിനിമയ്ക്ക് ഗുണകരമാകുകയും ചെയ്യും.
അതുകൊണ്ട് സ്വാഭാവികമായും രഞ്ജിത് രാജുചേട്ടനോട് ഞങ്ങൾ രൂപപ്പെടുത്തിയ കഥ പറഞ്ഞു. ആരൊക്കെയാണ് മനസ്സിലുള്ള അഭിനേതാക്കൾ എന്നൊന്നും പറഞ്ഞില്ല. രാജുചേട്ടൻ അത് ചോദിച്ചതുമില്ല. കഥ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: 'ഇത് ഗംഭീര സാധനമാണല്ലോ...'ഞങ്ങൾക്കതോടെ വലിയ ആത്മവിശ്വാസമായി. നേരായ വഴിക്ക് തന്നെയാണ് പോകുന്നത്. രാജുചേട്ടനെപ്പോലെ സിനിമാമേഖലയിൽ പരിചയസമ്പത്തുള്ള ഒരാൾ കഥയെക്കുറിച്ച് അങ്ങനെ പാഴ് വാക്ക് പറയാറില്ല. പക്ഷേ നേരത്തെ പറഞ്ഞതുപോലെ രാജുചേട്ടന്റെ ആ അഭിപ്രായത്തിലൂടെ മറ്റൊരു പാതയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞില്ല.
ഞങ്ങളുടെ കഥയ്ക്ക് ശേഷം രാജുചേട്ടൻ തന്റെ തമാശക്കഥകൾ തുടർന്നു. അതൊരു ആഹ്ലാദകരമായ രാത്രിയായി. അത്താഴം കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു. തിരിച്ച് ഗസ്റ്റ് ഹൗസിലേക്ക്....രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ നിർമാതാവ് സുരേഷ് കുമാർ വിളിക്കുന്നു. അദ്ദേഹം അന്ന് 'ഗുരു'വിന്റെ സെറ്റിലുണ്ട്. സുരേഷ് കുമാർ പറഞ്ഞത് ഇങ്ങനെയാണ്: 'അതേയ്...ഇവിടെ മണിയൻപിള്ള രാജുചേട്ടൻ വന്നിരുന്നു. രാജുചേട്ടൻ ഒരു സാധനം പറഞ്ഞു,നിങ്ങളുണ്ടാക്കുന്ന സാധനം...അത് ലാലിന് പറ്റിയ ഐറ്റമാണ്...'
'നമ്മളങ്ങനെയൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ലെ'ന്ന് പറഞ്ഞപ്പോൾ 'കഥ ഒന്നുകേൾക്കാൻ പറ്റുമോ' എന്നായി സുരേഷ് കുമാർ. 'അതിനെന്താ...നമ്മളിവിടെ മദ്രാസിലുണ്ട്....'-ഞാൻ മറുപടി പറഞ്ഞു. അങ്ങനെ സുരേഷ് കുമാർ അന്ന് അദ്ദേഹത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കൊക്കെ മേൽനോട്ടം വഹിച്ചിരുന്നയാളും ഇപ്പോൾ നിർമാതാവുമായ അപ്പി രാധാകൃഷ്ണനെ(കെ.രാധാകൃഷ്ണൻ) കഥകേൾക്കാനായി മദ്രാസിലേക്ക് വിട്ടു. രഞ്ജിത് വീണ്ടും ആ രണ്ടുകൂട്ടുകാരുടെ കഥ പറഞ്ഞു. മണിയൻപിള്ള രാജുചേട്ടനേക്കാൾ ആവേശഭരിതനായിരുന്നു കഥകേട്ടുകഴിഞ്ഞപ്പോൾ അപ്പി രാധാകൃഷ്ണൻ. 'ഇത് ലാലിന് പറ്റിയ സംഭവം തന്നെ...ലാലു ചെയ്താലേ നില്കൂ..' എന്നൊക്കെപ്പറഞ്ഞ് അപ്പിയും തിരിച്ചുപോയി. എന്നിട്ടും ഞങ്ങളതൊന്നും കാര്യമായിട്ടെടുത്തില്ല. ആലോചനകളുമായി മദ്രാസിൽ തന്നെ തുടർന്നു.
പക്ഷേ സംഗതി പെട്ടെന്നു തന്നെ സീരിയസായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ സുരേഷ് കുമാറും സംഘവും മദ്രാസിൽ. 'നമ്മളിത് ചെയ്യുന്നു..'- സുരേഷ് കുമാർ പറഞ്ഞു. നായകൻ മോഹൻലാൽ. പക്ഷേ ആലോചന തുടങ്ങിയത് ഗുഡ്നൈറ്റ് മോഹൻ ചേട്ടനുവേണ്ടിയിട്ടായിരുന്നല്ലോ. അദ്ദേഹത്തിന്റെ അനുമതി വേണം. അതില്ലാതെ മറ്റൊരു പ്രോജക്ടിന് കൈകൊടുക്കുന്നത് ശരിയല്ല. അതുകൊണ്ട് മോഹൻചേട്ടനുമായി സംസാരിച്ചു. 'ലാലിനുവേണ്ടിയുള്ള പടമാണ്,അതിനനുസരിച്ച് കഥയിലൊക്കെ ലേശം മാറ്റം വരുത്തേണ്ടതുണ്ട് ഞങ്ങൾ അതുമായി മുന്നോട്ടുപോയ്ക്കൊള്ളട്ടെ' എന്ന് അദ്ദേഹത്തോട് ചോദിച്ചു. 'അതിനെന്താ...അത് ചെയ്യൂ..'എന്നായിരുന്നു മോഹൻചേട്ടന്റെ ആശീർവാദം പോലെയുള്ള മറുപടി.
അങ്ങനെ ഞങ്ങൾ തിരക്കഥയെഴുതാനായി കോഴിക്കോട്ടേക്ക് പോന്നു. രഞ്ജിത് എഴുത്തു തുടങ്ങി. രൺജിക്കൊപ്പം സിനിമകൾ ചെയ്യുന്ന കാലംതൊട്ട് എനിക്കൊരു രീതിയുണ്ട്. വെള്ളിയാഴ്ച രാവിലെ രൺജി എഴുതുന്നസ്ഥലത്തെത്തും. പിന്നെ മൂന്നുദിവസം ഒരുമിച്ച് ചർച്ച,എഴുതിയ സീനുകളുടെ വായന,അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കൽ...തിങ്കളാഴ്ച രാവിലെ മടക്കം. തിങ്കൾ മുതൽ വ്യാഴം വരെ രൺജി സ്വസ്ഥമായിരുന്നു എഴുതിക്കോട്ടെ എന്നുകരുതിയാണ് കൂടെ താമസിക്കാതിരുന്നത്. അതേ രീതി തന്നെ രഞ്ജിതിന്റെ കാര്യത്തിലും പിന്തുടർന്നു. വെള്ളിയാഴ്ച ട്രെയിനിൽ കോഴിക്കോടെത്തും. രഞ്ജിത് അതുവരെയായ സീനുകളൊക്കെ വായിച്ചു കേൾപ്പിക്കും,ഞാൻ എന്റേതായ ആശയങ്ങളും അഭിപ്രായങ്ങളും പറയും,പിന്നെ ഞങ്ങൾ പുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങും. തിങ്കളാഴ്ച ഞാൻ തിരിച്ചുപോരും. അങ്ങനെയങ്ങനെ എഴുത്ത് മുന്നോട്ടുപോയി.
ഇതിനിടെ ഒരു ദിവസം ഞാൻ രഞ്ജിത്തിനടുത്തിരിക്കുമ്പോൾ എന്റെയൊരു ബാല്യകാലസുഹൃത്ത് ഹോട്ടൽമുറിയിലെ ഫോണിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു:'ശംഭോ മഹാദേവാ..' ഞങ്ങൾ തമ്മിലുള്ള സംഭാഷണം തുടങ്ങുന്നത് 'ശംഭോ മഹാദേവ...'എന്ന സംബോധനയിലാണ്. ഞാൻ അങ്ങോട്ടും അദ്ദേഹം തിരിച്ചിങ്ങോട്ടും അങ്ങനെയാണ് പറഞ്ഞിരുന്നത്. ഇതുകേട്ട രഞ്ജിത് 'ഇതുകൊള്ളാമല്ലോ..ഇത് നമുക്ക് കേറ്റാമല്ലോ..' എന്ന് പറയുമ്പോൾ ഞാനോർത്തില്ല അത് പില്കാലം കേരളം ഏറ്റുപറയാൻ പോകുന്ന ഡയലോഗ് ആണെന്ന്. എന്നിട്ട് രഞ്ജിത് തന്നെ അതൊരു പ്രത്യേകശൈലിയിൽ പറഞ്ഞു: 'ശംഭോ മഹാദേവ....'ഞാൻ പറഞ്ഞു: 'അതിനെന്താ...നല്ല സാധനമല്ലേ....'അവിടെയാണ് ചരിത്രം കുറിച്ച ആ പഞ്ച് ലൈൻ പിറന്നത്.
ആദ്യം ആലോചിച്ച രണ്ട് സുഹൃത്തുക്കളുടെ കഥ ഇതിനിടയ്ക്ക് ഞങ്ങൾ മാറ്റിപ്പണിതിരുന്നു. 'ദേവാസുര'ത്തിനുശേഷം രഞ്ജിത് ലാലിനുവേണ്ടി എഴുതുന്ന സിനിമ. അതുപോലെ ഞാൻ ആദ്യമായി ലാലിനുവേണ്ടി ചെയ്യുന്ന സിനിമ. പക്കാ ആക്ഷൻ ആകുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. രഞ്ജിത്തിനും അതുതന്നെയായിരുന്നു അഭിപ്രായം. അതുകൊണ്ട് സുഹൃത്തുക്കളുടെ ആത്മബന്ധത്തെ ചിത്രത്തിന്റെ പശ്ചാത്തലമാക്കി ഉപയോഗിച്ചുകൊണ്ട് സംഗീതവും മേമ്പൊടിക്ക് അല്പം തമാശയുമെല്ലാം കലർത്തി ഏകനായക കഥാപാത്രത്തെ ഫോക്കസ് ചെയ്ത് മനോഹരമായൊരു ബാക്ക് സ്റ്റോറി രഞ്ജിത് ഉണ്ടാക്കി. അതിലായിരുന്നു തിരക്കഥ പടുത്തുയർത്തിയത്.
തിരക്കഥ ഏകദേശം പൂർത്തിയായി. ക്ലൈമാക്സ് മാത്രമേ ബാക്കിയുള്ളൂ. ഇതിനിടയ്ക്ക് ലാൽ വിളിച്ചു. അദ്ദേഹം ചെന്നൈയിലാണ് അപ്പോൾ. 'ഒന്ന് വായിച്ചുകേൾക്കാൻ പറ്റുമോ...'-ലാൽ ചോദിച്ചു. ഇവിടെയൊക്കെയാണ് ലാലിലെ അഭിനേതാവിന്റെ മഹത്വം നമുക്ക് മനസ്സിലാകുക. തിരക്കഥയുമായി വരാൻ ആജ്ഞാപിക്കുകയല്ല, സംവിധായകനിൽനിന്നും എഴുത്തുകാരനിൽ നിന്നും അതൊന്ന് കേൾക്കാൻ സാധിക്കുമോ എന്ന് ചോദിക്കുകയാണ് ലാലിന്റെ രീതി. അത് കാലങ്ങളായി അദ്ദേഹം പിന്തുടർന്നുവരുന്നു. ഇന്നും അങ്ങനെതന്നെ.
ക്ലൈമാക്സ് ആയില്ലെങ്കിലും ബാക്കിയെല്ലാ ഭാഗങ്ങളും ഫൈനലായിക്കഴിഞ്ഞു. അത് വായിക്കുമ്പോൾ തന്നെ ലാലിനെപ്പോലൊരാൾക്ക് ക്ലൈമാക്സിൽ എന്തൊക്കെയായാകും സംഭവിക്കുക എന്ന് ഊഹിച്ചെടുക്കാനാകും. അങ്ങനെ ഞാനും രഞ്ജിതും ചെന്നൈയിലേക്ക് ചെന്നു. അവിടെ സുരേഷ് കുമാറുൾപ്പെടെയുള്ളവരുണ്ട്. സവേര ഹോട്ടലിലെ ഒരു മുറിയിലിരുന്ന് രഞ്ജിത് മോഹൻലാലിന് മുന്നിൽ ആ തിരക്കഥ വായിച്ചുതുടങ്ങി..
(തുടരും)