'ജാസി'ന്റെ അമ്പതുവർഷങ്ങളുടെ ഭാ​ഗമായി നാഷണൽ ജ്യോ​ഗ്രഫിക് ചാനൽ സംപ്രേഷണം ചെയ്ത പ്രത്യേകപരിപാടിയിൽ നിന്ന്. ക്യാമറ പിടിച്ചിരിക്കുന്നത് സ്പീൽബർ​ഗ് സ്ക്രീൻ ​ഗ്രാബ്. കടപ്പാട് നാഷണൽ ജ്യോ​ഗ്രഫിക് ചാനൽ
Columns

കൊലയാളി സ്രാവിന്റെ 50വർഷങ്ങൾ; കൊച്ചിക്കും ഓർക്കാൻ ഒരുപാട്...

സ്റ്റീവൻ സ്പീൽബർ​ഗിന്റെ ഐതിഹാസികചിത്രം 'ജാസ്' റിലീസ് ചെയ്തിട്ട് ഈ വർഷം അരനൂറ്റാണ്ട് തികയുകയാണ്. സ്പീൽബർ​ഗിന്റെ ചലച്ചിത്രയാത്രയും 'ജാസി'ന്റെ കൊച്ചിസ്മരണകളുമായി 'ഫ്രെയിംസ് ആന്റ് ഫുട്നോട്സ്' രണ്ടാംഭാ​ഗം

ജി.ഷഹീദ്

തിരമാലകള്‍ രക്തവര്‍ണ്ണമായി ഗര്‍ജിച്ച് തീരത്ത് ആഞ്ഞടിച്ചു. രക്തരക്ഷസിനെപ്പോലെ ഒരു കൂറ്റന്‍ സ്രാവ് പൊങ്ങി. വായ് പൊളിച്ചപ്പോള്‍ കൂര്‍ത്ത പല്ലുകള്‍ക്കിടയില്‍ ചോരയില്‍ കുളിച്ച ഒരു പെണ്‍കുട്ടി പിടയ്ക്കുന്നത് കാണാം. ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഭയാനകമായ രംഗം കണ്ട് ഉറക്കെക്കരഞ്ഞു. മുതിര്‍ന്നവര്‍ സ്തബ്ധരായി നോക്കി നിന്നു. സ്രാവ് വീണ്ടും പൊങ്ങിയപ്പോള്‍ രക്തത്തില്‍ കുളിച്ച പെണ്‍കുട്ടി തിരകളില്‍ പെട്ട് ഒഴുകി. ബീച്ചിലെ ആള്‍ക്കൂട്ടം പരിഭ്രാന്തരായി നാലുപാടും ചിതറി ഓടി.

ബീച്ച് ശൂന്യമായി.....

'ജാസ്' പോസ്റ്റർ

'ജാസ്'( JAWS) എന്ന ഹോളിവുഡ് ചിത്രത്തിലെ ഞെട്ടിപ്പിക്കുന്ന രംഗം. 1975ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു. കോടികള്‍ വാരിക്കൂട്ടി. ചിത്രം ഓസ്‌കാര്‍ അവാര്‍ഡ് നേടി. 27 വയസ്സുകാരനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് അമേരിക്കയില്‍ ഒരു പ്രതിഭാസമായി മാറി. സസ്‌പെന്‍സ് നിലനിര്‍ത്തി സാങ്കേതിക വൈദഗ്ദ്ധ്യം ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ച സംവിധായകൻ. അതുമായി കൈകോര്‍ത്ത് നില്‍ക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. സാങ്കേതിക മേന്മയിലാണ് ചിത്രം പടുത്തുയര്‍ത്തിയത്.

സ്പീല്‍ബര്‍ഗിന് ഇപ്പോള്‍ വയസ്സ് 77. അരനൂറ്റാണ്ട് പിന്നിട്ട ചിത്രത്തെ അമേരിക്കന്‍ ജനത ഇപ്പോഴും ആവേശത്തോടെ സ്വീകരിക്കുന്നു. സ്റ്റുഡിയോയിലും വീട്ടിലുമായി അദ്ദേഹത്തിന് വിശ്രമമില്ലാത്ത ദിനങ്ങളാണ്. 50-ാം വര്‍ഷം ആഘോഷമാക്കി മാറ്റാന്‍ ചലച്ചിത്രാസ്വാദകര്‍ തീരുമാനിച്ചു കഴിഞ്ഞു. പല തലമുറകളില്‍പ്പെട്ടവര്‍ അതിനായി കൈകോര്‍ക്കുന്നു. സ്പീൽബർ​ഗിന് അമേരിക്കൻ വൻന​ഗരങ്ങളിൽ ദിവസേന സ്വീകരണങ്ങൾ..

സ്റ്റീവൻ സ്പീൽബർ​ഗ്

തോല്കാതെ പരിശ്രമിച്ചു,ചരിത്രം സൃഷ്ടിച്ചു

കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്പീല്‍ബര്‍ഗ് 1965ല്‍ കാലിഫോര്‍ണിയ സിനിമ ആര്‍ട്‌സ് കോളേജില്‍ പ്രവേശനം നേടി. സംവിധായകനാകാനായിരുന്നു ആഗ്രഹം. പക്ഷേ പ്രവേശനം കിട്ടിയില്ല. ഇന്റര്‍വ്യൂ ബോര്‍ഡ് അദ്ദേഹത്തെ നിഷ്‌കരുണം തള്ളി. വീണ്ടും അപേക്ഷിച്ചു. അപ്പോഴും തിരിച്ചടി കിട്ടി. സ്പീൽബർ​ഗ് തോല്കാൻ തയ്യാറല്ലായിരുന്നു. 1972ല്‍ ഒരു ചിത്രം നിര്‍മ്മിച്ചു-ഡ്യുവൽ. കാര്‍ ഓടിച്ചു പോയ ഒരു യുവാവിനെ ഒരു ഭീകരന്‍ ട്രക്ക് വേട്ടയാടുന്ന കഥ. യുവാവിനെ കൊല്ലുകയായിരുന്നു ലക്ഷ്യം. ഒരു രക്തരക്ഷസിനെപ്പോലെ ട്രക്ക് മുന്നില്‍ നിന്നു. 'ഡ്യുവലി'ലെ വിചിത്ര രംഗങ്ങള്‍ ആസ്വാദകര്‍ ശ്വാസമടക്കി വീക്ഷിച്ചു. പലരും പ്രോത്സാഹിപ്പിക്കാന്‍ എത്തിയതോടെ സ്പീല്‍ബര്‍ഗ് 'ജാസി'ന്റെ പണിപ്പുര തുറന്നു.

സുഹൃത്തുക്കളുമായി സംസാരിച്ചു. അപ്പോഴാണ് പ്രമുഖ നോവലിസ്റ്റായ പീറ്റര്‍ ബഞ്ച്ലിയുടെ നോവലായ 'JAWS'-നെക്കുറിച്ചറിഞ്ഞത്. അത് പൂര്‍ത്തിയാക്കിയിരുന്നില്ല. ഒരു മുക്കുവന്‍ വലിയൊരു സ്രാവിനെ പിടിച്ചതും മറ്റ് സ്രാവുകള്‍ ബീച്ചിലെ ആളുകളെ ആക്രമിച്ചതുമായിരുന്നു നോവലിലെ പ്രമേയം. അത് ആധാരമാക്കി ചിത്രത്തിന്റെ തിരക്കഥയ്ക്ക് രൂപം നല്‍കി.

അമേരിക്കന്‍ ബീച്ചുകളില്‍ സ്രാവ് ആക്രമണം തീരെ ഇല്ലായിരുന്നു. 1965-ല്‍ ന്യൂജഴ്‌സിയില്‍ ചില മീന്‍പിടുത്തക്കാര്‍ സ്രാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അത്രമാത്രം. കടലിലെ ആഴങ്ങളില്‍ ഇറങ്ങി സ്രാവിന്റെ ചിത്രങ്ങള്‍ എടുത്ത നിരവധി പേരെ തേടിപ്പിടിച്ചു സ്പീൽബർ​ഗ് കൂടിക്കാഴ്ച നടത്തി. അവര്‍ പറഞ്ഞു: 'പൊതുവേ ആക്രമണകാരികളല്ല സ്രാവുകള്‍'. ഒരു ഫോട്ടോഗ്രാഫറുടെ ചുണ്ടുകള്‍ ഒരിക്കല്‍ സ്രാവ് കടിച്ചെടുത്തു. എന്നാല്‍ വിദഗ്ദ്ധനായ പ്ലാസ്റ്റിക് സര്‍ജന്‍ ചുണ്ടുകള്‍ പുന:സൃഷ്ടിച്ചത് പത്രങ്ങളില്‍ വാര്‍ത്തയായി. ബോസ്റ്റണിലെ സര്‍ജനെയും സ്രാവിന്റെ കടിയേറ്റ ഫോട്ടോഗ്രാഫറെയും സ്പീല്‍ബര്‍ഗ് നേരില്‍ കണ്ട് സംസാരിച്ചു. അതോടെ സ്പിൽബർ​ഗിലെ യൗവനം ഇളകി മറിഞ്ഞു. സ്രാവ് തലയ്ക്കു പിടിച്ചു. ഭാവന മിന്നല്‍ പോലെ മുന്നേറി.

പീറ്റർ ബഞ്ച്ലി,'ജാസ്' നോവൽ കവർ

സമുദ്രകഥകള്‍ തേടിയ സ്വപ്നനാവികൻ‍

പീറ്റര്‍ ബഞ്ച്ലിയുടെ നോവലായ 'JAWS' ന്റെ വശീകരണ വലയത്തില്‍ വീണതോടെ സ്പീല്‍ബര്‍ഗിന്റെ മനസ്സ് ജ്വലിച്ചു. ഇത്തരത്തിലുള്ള സൃഷ്ടികള്‍ ഏതൊക്കെ? സമുദ്രകഥകള്‍ ആദ്യം വായിച്ചു. ഹെമിങ്‌വേയുടെ 'കിഴവനും കടലും', ഹെര്‍മന്‍ മെല്‍വില്ലിന്റെ 'മോബിഡിക്ക്' ജൂൾസ് വേണിന്റെ '2000 ലീഗ് അണ്ടര്‍ ദ സീ' തുടങ്ങിയവ. മഗലന്റെയും കൊളംബസിന്റെയും ബര്‍തലോമിയ ഡയസിന്റെയും ക്യാപ്റ്റന്‍ കുക്കിന്റെയും മറ്റും ആദ്യകാല കപ്പല്‍ യാത്രാനുഭവങ്ങള്‍ ലൈബ്രറികളില്‍ ഇരുന്ന് വായിച്ചു കോരിത്തരിച്ചു. അങ്ങിനെ ദിവസങ്ങൾ പറപറന്നു. സമുദ്രകഥകള്‍ തലയ്ക്ക് പിടിച്ചു. സമുദ്രം സ്വപ്‌നം കണ്ടു.

ഹെമിങ്‌വേ,'കിഴവനും കടലും' കവർ,'മോബിഡിക്' കവർ

പരിചയക്കാരനായ ഒരു പ്രൊഫസര്‍ പറഞ്ഞു. 'കോണ്‍ടിക്കി' എന്നൊരു സമുദ്രസാഹസിക കഥയുണ്ട്. നോര്‍വീജിയന്‍ സാഹസികനും നരവംശശാസ്ത്രജ്ഞനുമായ തോര്‍ ഹയര്‍ദാലാണ് ഗ്രന്ഥകര്‍ത്താവ്. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കേ അമേരിക്കയിലെ പെറുവില്‍ നിന്ന് ​​ഗോത്രവർ​ഗക്കാർ തടികള്‍ കൂട്ടിക്കെട്ടിയ ചങ്ങാടം നിര്‍മ്മിച്ച് 3000ല്‍ അധികം മൈലുകള്‍ക്ക് അപ്പുറമുള്ള പസഫിക് പോളിനേഷ്യന്‍ ദ്വീപുകളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അവരുടെ ദൈവമാണ് 'കോണ്‍ടിക്കി'. ചങ്ങാടത്തിന് ആ പേര് നല്‍കി. ലാറ്റിനേഷ്യന്‍ ദ്വീപുകള്‍ അവര്‍ക്ക് അറിയാമായിരുന്നോ? അവിടെയുള്ള ജനങ്ങള്‍ ഏത് വര്‍ഗ്ഗക്കാരാണ്? ഇതേക്കുറിച്ച് എങ്ങനെ അറിവ് കിട്ടി? അതെല്ലാം ഇപ്പോഴും നിഗൂഢമായി നിലകൊള്ളുന്നു.

കോൺടിക്കി സമുദ്രയാത്ര

ആ രഹസ്യങ്ങൾ തെളിയിക്കുകയായിരുന്നു തോര്‍ ഹയര്‍ദാലിന്റെ ലക്ഷ്യം. കാറ്റിനെയും കോളിനെയും ഗര്‍ജിക്കുന്ന തിരമാലകളെയും അതിജീവിക്കാന്‍ വനത്തിലെ തേക്കു പോലുള്ള ബല്‍സ വൃക്ഷങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കി അവര്‍ ശക്തിയുള്ള ചങ്ങാടം നിര്‍മ്മിച്ചു. ആറു പേര്‍ കോണ്‍ടിക്കി ചങ്ങാടത്തില്‍ യാത്ര ചെയ്തു. എല്ലാം സാഹസികര്‍. അവര്‍ 1947-ല്‍ ഒന്നര മാസത്തോളം യാത്ര ചെയ്ത് പോളിനേഷ്യന്‍ ദ്വീപിലെത്തി. ഒരു മാസത്തിന് ശേഷം പെറുവില്‍ തിരിച്ചു വരികയും ചെയ്തു. മഗലനെയും കൊളംബസിനെയും വാസ്‌കോഡഗാമയെയും പോലെ ചരിത്രം സൃഷ്ടിച്ച ഒരു സമുദ്രയാത്രയായിരുന്നു 'കോണ്‍ടിക്കി'. വടക്ക് നോക്കി യന്ത്രം മാത്രം ആശ്രയിച്ച് സൂര്യനെയും നക്ഷത്രങ്ങളെയും നോക്കി മാത്രം ലക്ഷ്യസ്ഥാനത്തെത്തിയ യാത്ര.

തോർ ഹയര്‍ദാല്‍ രചിച്ച 'കോണ്‍ടിക്കി' പുസ്തകം അക്കാലത്ത് ബെസ്റ്റ് സെല്ലറായി. 70 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ഈ യാത്രയില്‍ ഉടനീളം അവർ സ്രാവുകളെ നീരീക്ഷിച്ചിരുന്നു. സംഘത്തിലെ നട്ട് ഹോഗ് ലാങ് എന്ന ധീരന്‍ സ്രാവുകളെ കൈകൊണ്ട് പിടികൂടാന്‍ വിദഗ്ദ്ധനായിരുന്നുവെന്ന് ഹയര്‍ദാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടയില്‍ പലതരം സ്രാവുകളെ നട്ട് ആകര്‍ഷിച്ചിരുന്നു. മീന്‍ കഷ്ണങ്ങളും മീനിന്റെ രക്തവും വെള്ളത്തിലേക്ക് എറിഞ്ഞാല്‍ സ്രാവ് മിന്നുന്ന വേഗത്തില്‍ വരും. കഷ്ണം കടിച്ചെടുത്ത് തിരിച്ചു പോകുമ്പോള്‍ വാല്‍ മുകളില്‍ വരും. ചങ്ങാടത്തില്‍ നിന്ന് കയ്യെത്താവുന്ന ദൂരത്തിലാണെങ്കില്‍ കയ്യുറകളിട്ട കൈ കൊണ്ട് വാലില്‍ പിടിക്കും. വാലില്‍ തടസ്സം നേരിട്ടാല്‍ സ്രാവ് വായ് പൊളിച്ച് പൊങ്ങി വരും. അപ്പോള്‍ കൂടെയുള്ളവര്‍ വലിയ കുന്തം കൊണ്ട് സ്രാവിനെ കുത്തും. ധൃതഗതിയില്‍ വലയിടും. പോരാട്ടത്തിന് ശേഷം സ്രാവിനെ കീഴ്‌പ്പെടുത്തി കൊല്ലും. ഇതായിരുന്നു വിനോദം. സ്രാവിന്റെ ശരീരത്തിലെ ലോലഭാഗങ്ങള്‍ വേവിച്ച് ഭക്ഷിക്കാനും കഴിയും.

തോര്‍ ഹയര്‍ദാല്‍

തോര്‍ ഹയര്‍ദാലിനെ കണ്ടെത്താന്‍ സ്പീല്‍ബര്‍ഗ് ശ്രമം ആരംഭിച്ചു. വാഷിങ്ടണിലെ നോര്‍വീജീയന്‍ എംബസിയിലെത്തി സഹായം തേടി. ഹയര്‍ദാല്‍ ഒസ്‌ലോയിലാണ്. സഞ്ചാരിയാണ്. ബന്ധപ്പെടാന്‍ ശ്രമിക്കാം. പക്ഷെ കണ്ടെത്തുക എളുപ്പമല്ല. നട്ട് ഹോലിസിനെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല. ഹയര്‍ദാലിനെയും നട്ടിനെയും കണ്ടെത്താന്‍ സ്പീല്‍ബര്‍ഗിന് കഴിഞ്ഞില്ലെങ്കിലും 'കോണ്‍ടിക്കി' പുസ്തകം അദ്ദേഹത്തെ ആകര്‍ഷിച്ചു.

ഹിച്ച്കോക്ക്,സ്റ്റാൻലി കുബ്രിക്

ഹിച്ച് കോക്കിന്റെ സ്വാധീനം

ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തന്റെ മനസ്സില്‍ ഏല്പിച്ച സ്വാധീനത്തെക്കുറിച്ച് സ്പീല്‍ബര്‍ഗ് പലപ്പോഴും വാചാലനായിട്ടുണ്ട്. 'സമാനതകള്‍ ഇല്ലാത്ത പ്രതിഭാസമാണ് ഹിച്ച്‌കോക്ക്. ഓരോ സീനും സംഭാഷണവും ക്യാമറയുടെ ചലനങ്ങളും സസ്‌പെന്‍സും ഞെട്ടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും വാക്കുകള്‍ക്ക് അതീതമാണ്'- അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഹിച്ച്‌കോക്കിന്റെ 'ദ് ബേഡ്സ്(The Birds)' ചിത്രം ഒരു വിസ്മയിപ്പിക്കുന്ന കലാസൃഷ്ടിയാണ്. സംവിധായകന്റെ ഭാവനയാണ്. ആകാശഗംഗയെപ്പോലുള്ള ഒരു പ്രതിഭാസം.

'ജാസി'ന് പിന്നാലെയായതോടെ സ്പീല്‍ബര്‍ഗിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂര്‍ പോരെന്ന് തോന്നി. ഇന്നത്തെപ്പോലെ ഇ-മെയിലോ വാട്‌സ്ആപ്പോ ഇല്ലാത്ത കാലം. പരസ്പരം ബന്ധപ്പെടാന്‍ ഫോണ്‍മാത്രമായിരുന്നു. ഏക സംവിധാനം. മൊബൈല്‍ ഫോണ്‍ ജനിച്ചിട്ടില്ല. അങ്ങനെ തികഞ്ഞ പരിമിതികളില്‍ കാലൂന്നി നിന്നുകൊണ്ടായിരുന്നു 'ജാസി' ന്റെ പണിപ്പുര പ്രവര്‍ത്തിച്ചത്.

തന്നെ സ്വാധീനിച്ച മറ്റ് മഹാരഥന്മാരെക്കുറിച്ചും സ്പീല്‍ബര്‍ഗ് പറഞ്ഞിട്ടുണ്ട്. ഡേവിഡ് ലീന്‍, സ്റ്റാന്‍ലി കുബ്രിക്, ഫ്രാങ്ക് കാപ്ര, വിക്ടര്‍ ഫ്‌ളെമിങ്, ഡേവിഡ് ലീനിന്റെ 'ലോറന്‍സ് ഓഫ് അറേബ്യ' പലതവണ കണ്ടിട്ടുണ്ട്. അതുപോലെ ഹിച്കോക്കിന്റെ 'സൈക്കോയും' 'ബേര്‍ഡ്‌സും' പോലെ മനസ്സില്‍ മുദ്രണം ചെയ്യപ്പെട്ട ചിത്രങ്ങള്‍ ഇനിയും നിരവധിയുണ്ട്. റോബര്‍ട്ട് വൈസിന്റെയും ജെറി ഹോപ്പറുടെയും ചിത്രങ്ങള്‍.. കുബ്രിക്കിന്റെ 'സ്‌പേസ് ഒഡിസി' വഴിത്തിരിവുകള്‍ ആയിരുന്നു. കഥകൾ പിന്നെയുമൊരുപാട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ത്തന്നെ സിനിമാഭ്രമം ഉണ്ടായിരുന്നു. നിരവധി ചിത്രങ്ങള്‍ കണ്ടു. എന്നും പ്രോത്സാഹിപ്പിച്ചത് അമ്മയായിരുന്നു. 'പത്ത് കല്‍പ്പന' അമ്മയോടൊപ്പമാണ് കണ്ടത്. അമ്മയ്ക്ക് സിനിമയേക്കാള്‍ താല്‍പ്പര്യം സംഗീതമായിരുന്നു. വീട്ടില്‍ പിയാനോ ഉണ്ടായിരുന്നു. ഒഴിവു സമയങ്ങളില്‍ അമ്മ പിയാനോ ആസ്വദിച്ചു. ക്ലാര്‍ക്ക് ഗേബിളും ജോണ്‍ വെയ്‌നുമായിരുന്നു അച്ഛന് ഇഷ്ടപ്പെട്ട നടന്‍മാര്‍. ലണ്ടനില്‍ വച്ച് അച്ഛന്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ ആസ്വദിച്ചു.

ജാസ്@50- നാഷണൽ ജ്യോ​ഗ്രഫിക് ചാനൽ സംപ്രേഷണം ചെയ്ത പ്രത്യേകപരിപാടിയിൽ നിന്ന്. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ യന്ത്രസ്രാവിന്റെ വായ്ക്കുള്ളിൽ സ്പീൽബർ​ഗ്

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 200 ദിവസം ഷൂട്ടിങ്

ഷൂട്ടിങ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തന്നെ വേണം. സ്പീല്‍ബര്‍ഗിന് അക്കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു. കൃത്രിമ ലൊക്കേഷന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞുവെങ്കിലും അദ്ദേഹം അനുകൂലമായിരുന്നില്ല. സമുദ്രത്തിന്റെ സ്വഭാവം, കാലാവസ്ഥ, ഒഴുക്ക്, സമുദ്രത്തിലെ പ്രതിബന്ധങ്ങള്‍, സമുദ്രജീവികള്‍ എന്നിവയെക്കുറിച്ച് സമുദ്രശാസ്ത്രജ്ഞന്മാരുമായി ഒരു വട്ടം കൂടി കൂടിയാലോചനകള്‍ നടത്തി. കാലാവസ്ഥാനിരീക്ഷകരും പരിചയ സമ്പന്നരായ നാവിക ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഒരു ചെറിയ കപ്പലും 50ഓളം ബോട്ടുകളും നൂറോളം ക്യാമറകളും 200 ഓളം സഹായികളുമായി മുന്നോട്ടു നീങ്ങി. കപ്പലില്‍ ഭക്ഷണം, കുടിവെള്ളം തുടങ്ങിയ സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നു.

യന്ത്ര സ്രാവിനെ കടലിലിറക്കി, സ്രാവ് പണിമുടക്കി

ചിത്രത്തിനായി ഒരുകൂട്ടം ഇലക്ട്രോണിക് സ്രാവുകളെ സൃഷ്ടിച്ചിരുന്നു. അതില്‍ മൂന്നെണ്ണത്തിനെ ആദ്യം ഷൂട്ടിങിനായി കടലിലിറക്കി. ബാക്കിയുള്ള ഏഴെണ്ണത്തിനെ മറ്റൊരു ബോട്ടില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. പരീക്ഷണാര്‍ത്ഥമുള്ള ഷൂട്ടിങ് ആദ്യം നടത്തി. സ്രാവിന്റെ ആക്രമണമാണ് ഷൂട്ട് ചെയ്തത്. തുടക്കം ഗംഭീരമായിരുന്നു. സീന്‍ ആവര്‍ത്തിച്ചു.

പക്ഷെ അല്പം കഴിഞ്ഞപ്പോള്‍ യന്ത്രസ്രാവ് പണിമുടക്കി. സംവിധായകന്‍ നിര്‍ദ്ദേശിച്ചതു പോലെ സ്രാവ് നീങ്ങിയില്ല. യന്ത്രത്തകരാറായിരുന്നു കാരണം. ഷൂട്ടിങ് നിര്‍ത്തി. ഇളകി മറിയുന്ന ബോട്ടില്‍ ഇരുന്ന് കൂടിയാലോചനയായി. ഇലക്ട്രോണിക്‌സ് എൻജിനീയര്‍ സ്പീല്‍ബര്‍ഗിന്റെ ബോട്ടില്‍ എത്തി. തകരാറുകള്‍ പരിഹരിക്കാന്‍ ചര്‍ച്ചയായി. ക്ലേശകരമായ അനുഭവങ്ങള്‍ ആയിരുന്നു അവയെല്ലാം. അതോടെ സ്രാവുകളെ ഒന്നൊന്നായി കടലിലിറക്കി ഓരോന്നും വീണ്ടും പരീക്ഷിച്ചു. റിഹേഴ്‌സലുകള്‍ തുടര്‍ന്നു. നീണ്ട പത്ത് മണിക്കൂറുകള്‍ക്ക് ശേഷം എല്ലാം ഭദ്രമായി എന്ന് ഉറപ്പുവരുത്തി. ആത്മവിശ്വാസത്തോടെ ആദ്യം ഇറക്കിയ സ്രാവിനെ സംവിധായകന്‍ തന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കി ഷൂട്ടിങ് പുന:രാരംഭിച്ചു. സ്പീല്‍ബര്‍ഗ് ആശ്വസിച്ചു.

'ജാസി'നുവേണ്ടി തയ്യാറാക്കിയ യന്ത്രസ്രാവുകളിലൊന്ന്

ഷൂട്ടിങിനിടയില്‍ കണ്ട കാഴ്ച സംവിധായകനെയും സംഘത്തെയും അത്ഭുതപ്പെടുത്തി. യന്ത്രസ്രാവുകളെ കാണാന്‍ സമുദ്രത്തിലെ ജീവനുള്ള സ്രാവുകള്‍ നിരനിരയായി എത്തി. സ്രാവുകളുടെ ഘോഷയാത്ര. കുറച്ചുനേരം 'യന്ത്ര'ത്തിന് ചുറ്റും പൊങ്ങിയും താണും ഓടിക്കളിച്ച ശേഷം അവ പിന്മാറി. യന്ത്രത്തെ അവയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. സ്പീല്‍ബര്‍ഗ് ഈ രംഗം കണ്ട് ആര്‍ത്തുവിളിച്ചു. സരസനായ ഒരു ക്യാമറാമാന്‍ ഉറക്കെ പറഞ്ഞു: 'യഥാര്‍ത്ഥ സ്രാവുകളേ.. പിരിഞ്ഞു പോകുക. ഞങ്ങളുടെ യന്ത്രത്തെ അലട്ടല്ലേ.. ഇല്ലെങ്കില്‍ വെടിവെക്കും!' യഥാര്‍ത്ഥ സ്രാവുകള്‍ മെല്ലെ പിരിഞ്ഞു പോയപ്പോള്‍ സ്പീല്‍ബര്‍ഗ് പറഞ്ഞു: 'മിടുക്കാ, മിടുമിടുക്കാ, നിന്റെ വാക്കുകള്‍ അവയ്ക്ക് മനസ്സിലായി..'

സ്രാവുകള്‍ മര്യാദക്കാരായി സംവിധായനുമായി കൈകോര്‍ത്തപ്പോള്‍ ബീച്ചിലെയും കരയിലെയും ഷൂട്ടിങ് അനായാസമായിരുന്നു. ബീച്ചില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു. നിയന്ത്രിക്കുക എളുപ്പമല്ലെന്ന് ആദ്യം തോന്നി. പക്ഷെ മൈക്കിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം ജനക്കൂട്ടം കൃത്യമായി പാലിച്ചു. റിഹോഴ്‌സലുകള്‍ അധികം വേണ്ടി വന്നില്ല.

ചിത്രത്തിന്റെ റിലീസിങിന് ശേഷം നടന്ന ചടങ്ങില്‍ സ്പീല്‍ബര്‍ഗ് പറഞ്ഞു: 'ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആകാംക്ഷയുടെ നിമിഷങ്ങള്‍ എന്നെ വേട്ടയാടി. ഞങ്ങള്‍ എല്ലാം സമുദ്രത്തിലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളിലെ കൂടിയാലോചനകള്‍ നീണ്ടു. തുടക്കത്തില്‍ തന്നെ ഇലക്ട്രോണിക്‌സ് സ്രാവുകള്‍ ഞങ്ങളെ ഞെട്ടിച്ചു. സംവിധായകന്‍ പറയുന്നത് കേള്‍ക്കാതെ അവ വളഞ്ഞും പുളഞ്ഞും കുതിച്ചു. സീനുകള്‍ അലങ്കോലപ്പെട്ടു. ക്യാമറമാന്‍മാരെ അവ നിരാശരാക്കി. പക്ഷെ എല്ലാം കൂടിയാലോചനയിലൂടെ പരിഹരിച്ചു. ഒരു കൂട്ടായ്മയുടെ മഹത്തായ വിജയം.'

പ്രത്യാഘാതങ്ങൾ പലത്

'ജാസ്' ദൂരവ്യാപകമായ ഫലമാണ് സൃഷ്ടിച്ചതെന്ന് ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഒരു ടെലിവിഷന്‍ സംഭാഷണത്തില്‍ സ്പില്‍ബര്‍ഗ് പറഞ്ഞു. സിനിമയാണെങ്കിലും സ്രാവിനെ ജനങ്ങള്‍ക്ക് ഭയമായി. കടല്‍ത്തീരത്ത് ഇറങ്ങാന്‍ ഭയപ്പെട്ടു. ബീച്ചുകള്‍ കുറച്ചുകാലം ശൂന്യമായി. മാത്രമല്ല സ്രാവിനെ പ്രതികാരത്തോടെ കൊന്നൊടുക്കാന്‍ സമുദ്രസാഹസികര്‍ മത്സരിച്ചു. കപ്പലില്‍ സഞ്ചരിച്ച് സ്രാവ് വേട്ട നടത്തി. ആയിരക്കണക്കിന് പേര്‍ വേട്ടയില്‍ പങ്കെടുത്തു. ആയിരക്കണക്കിന് സ്രാവുകളെയും കൊന്നൊടുക്കി. സ്രാവിന്റെ ചിറകുകള്‍ കൊണ്ട് സൂപ്പ് നിര്‍മ്മിക്കുന്ന നിരവധി ഫാക്ടറികള്‍ ചൈനയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൊയ്ത്തു കാലമായി. അമേരിക്കയില്‍ നിന്ന് ചിറകുകള്‍ ലഭിച്ചു. ഈ ചിത്രത്തെ തുടര്‍ന്ന് സ്പീല്‍ബര്‍ഗ് പിന്നീട് സ്രാവ് സംരക്ഷണ സന്ദേശവാഹകനായി. അതിന് പത്രമാധ്യമങ്ങള്‍ പ്രമുഖ്യം നല്‍കി

'ജാസി'ന്റെ വിജയത്തെ തുടര്‍ന്ന് 'ജുറാസിക് പാര്‍ക്ക്', 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്' ഇ.ടി തുടങ്ങിയ ചിത്രങ്ങള്‍ സ്പീൽബർ​ഗ് സംവിധാനം ചെയ്തു. കോടികള്‍ അവ വാരിക്കൂട്ടി. ഇപ്പോള്‍ സ്പീല്‍ബര്‍ഗ് ശതകോടീശ്വരനാണ്. 50 വര്‍ഷം പിന്നിട്ട 'ജാസി'ന്റെ ആഘോഷങ്ങളാണ് ഇപ്പോൾ അമേരിക്കയിലെങ്ങും. വന്‍ ചടങ്ങുകളായിട്ടാണ് സിനിമാ പ്രേക്ഷകരും ഹോളിവുഡും അവ സംഘടിപ്പിക്കുന്നത്. അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാസ് ജനമനസ്സുകളില്‍ മായാതെ നില്‍ക്കുന്നതില്‍ സ്പീല്‍ബര്‍ഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.

ലിയോനാര്‍ഡ് കംപാജിയോ

ജാസും കൊച്ചിയും-രണ്ട് അദ്ഭുത കൂടിക്കാഴ്ചകൾ

'ജാസി'ന്റെ ചിത്രീകരണവേളയിൽ സ്പീല്‍ബര്‍ഗിന് സാങ്കേതിക ഉപദേശം നല്‍കിയ ഇറ്റാലിയന്‍ സമുദ്രശാസ്ത്രജ്ഞനായ ലിയോനാര്‍ഡ് കംപാജിയോയെ 1982 ജൂണില്‍ അപ്രതീക്ഷിതമായി കൊച്ചിയില്‍ വച്ച് എനിക്ക് കാണാന്‍ കഴിഞ്ഞു. അന്ന് ഞാന്‍ 'മാതൃഭൂമി' കൊച്ചി ബ്യൂറോയില്‍ വളരെ ജൂനിയറായ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. അതൊരു അവിസ്മരണീയമായ സംഭവമായിരുന്നു.

അന്തര്‍ദേശീയ പ്രശസ്തനായ സ്രാവ് വിദഗ്ദ്ധനാണ് ലിയോനാര്‍ഡ് കംപാജിയോ. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ-കൃഷികാര്യ സംഘടനയുടെ പ്രത്യേക പദ്ധതി അനുസരിച്ച് ലോകത്തെ സമുദ്രങ്ങളിലുള്ള സ്രാവുകളുടെ പരിസ്ഥിതി ശാസ്ത്രം പഠിക്കുകയും ഗവേഷണം നടത്തുകയുമായിരുന്നു. ഇന്ത്യാ സമുദ്രത്തിലെ സ്രാവുകളെ കുറിച്ച് പഠിക്കുന്നതിനിടയിലാണ് കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ.സി. ജോര്‍ജ്ജ് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു: 'ഒരു സ്രാവ് വിദഗ്ദ്ധന്‍ ഇവിടെയുണ്ട്. പ്രശസ്തനാണ്. എല്ലാ സമുദ്രങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ആധികാരികമായി സ്രാവിന്റെ സ്വഭാവ വിശേഷങ്ങള്‍ പറയും വേഗം വരൂ നല്ലൊരു റിപ്പോര്‍ട്ട് ആക്കാം.'

അന്ന് ഗൂഗിളോ വെബ്‌സൈറ്റോ ഇല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറിയില്‍ പോയി സ്രാവിനെക്കുറിച്ച് ഏതെങ്കിലും പുസ്തകം നോക്കാന്‍ സമയവുമില്ലായിരുന്നു. അതിനാല്‍ യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ലിയാനാര്‍ഡിനെ കാണാന്‍ ചെന്നു. പൊതുവായ എന്തെങ്കിലും ചോദിച്ച് റിപ്പോര്‍ട്ട് എഴുതാം എന്ന് കരുതി. ഓഫീസില്‍ കയറി വിശ്വവിജ്ഞാനകോശം നോക്കാനും കഴിഞ്ഞില്ല.

പക്ഷേ ലിയോനാര്‍ഡുമായുള്ള കൂടിക്കാഴ്ച അനായാസമായിരുന്നു. പസഫിക്കിലും അറ്റ്‌ലാന്റിക്കിലും ഇന്ത്യാ സമുദ്രത്തിലും കരീബിയന്‍ കടലുകളിലും ചൈനയിലും ജപ്പാനിലും മറ്റുമായി സ്രാവുകളെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹത്തിന് അന്ന് 38 വയസ്സായിരുന്നു പ്രായം. പത്ത് വര്‍ഷമായി സമുദ്രയാത്ര. സ്രാവുകളെ ലബോറട്ടറിയില്‍ പരിശോധിച്ച് ശാസ്ത്ര റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിരുന്നു. അദ്ദേഹം പറഞ്ഞു: 'സ്രാവുകള്‍ പൊതുവെ ഉപദ്രവിക്കാറില്ല. ആഴക്കടലില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തത് ശാസ്ത്ര ജേര്‍ണലുകളിലും നാഷണല്‍ ജിയോഗ്രഫികിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറൈന്‍ ബയോളജി പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അതായിരുന്നു.'

അദ്ദേഹം കൂടുതൽ വിശദീകരിച്ചു: 'സമുദ്രത്തില്‍ ചെറിയ ബോട്ടില്‍ ഞാന്‍ പഠനത്തിനായി യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ഒരിക്കലും സ്രാവിന്റെ ആക്രമണത്തിന് വിധേയനായിട്ടില്ല. ബോട്ടിനോടൊപ്പം ചില സ്രാവുകള്‍ ചിലപ്പോള്‍ സഞ്ചരിച്ചിട്ടുമുണ്ട്. തിരമാലകള്‍ക്ക് ഒപ്പം അവ പൊങ്ങിയും താഴ്ന്നും നീങ്ങുന്ന ഹൃദയഹാരിയായ രംഗം.' ഇങ്ങനെ സമുദ്രത്തിലെ സാഹസിക യാത്രകളെക്കുറിച്ചും സ്രാവിനെ പിന്തുടര്‍ന്നതിനെപ്പറ്റിയും മറ്റും വിശദമായി അദ്ദേഹം സംസാരിച്ചു.

കൊച്ചിയിലെത്തിയ ലിയോനാർഡ് കംപാജിയോയുമായി അഭിമുഖം നടത്തി ജി.ഷഹീദ് തയ്യാറാക്കിയ വാർത്ത. 1982-ൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്

സമയം ഉച്ചയ്ക്ക് 12 മണിയായപ്പോള്‍ ലിയോനാർഡ് എഴുന്നേറ്റു. എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തു. കൊച്ചി നാവിക താവളത്തിന് സമീപമായിരുന്നു അന്ന് എയര്‍പോര്‍ട്ട്. അപ്പോള്‍ ഞാന്‍ ചോദിച്ചു. ''സ്പില്‍ബര്‍ഗിന്റെ 'ജാസ്' എന്നൊരു സിനിമയുണ്ട് താങ്കള്‍ കണ്ടിട്ടുണ്ടോ?

ലിയോനാർഡ് അത് കേട്ട് പൊട്ടിച്ചിരിച്ചു. എനിക്ക് ആ ചിരിയുടെ അർഥം പിടികിട്ടിയില്ല. ഒരു പരിഹാസച്ചിരിപോലെ തോന്നി. ഞാന്‍ വിഷമിച്ചു നിന്നപ്പോള്‍ അദ്ദേഹം പറഞ്ഞു; 'സ്പീല്‍ബര്‍ഗ് എന്റെ അടുത്ത സുഹൃത്താണ്. സമര്‍ത്ഥന്‍. സിനിമയിലെ ഇലക്ട്രോണിക് സ്രാവിനെ രൂപകല്പന ചെയ്യാന്‍ സ്പീല്‍ബര്‍ഗിനും ഡിസൈനര്‍ക്കും സാങ്കേതിക ഉപദേശം നല്‍കിയത് ഞാന്‍ ഉള്‍പ്പെട്ട ഒരു സംഘമാണ്. എന്റെ പിതാവ് ഇറ്റലിയിലെ പ്രശസ്തനായ ഇലക്ട്രോണിക് എൻജിനീയറാണ്. അതിനാല്‍ സമുദ്രശാസ്ത്രം കൂടാതെ ഇലക്ട്രോണിക്‌സും എനിക്ക് അറിയാം.'

ഇത് കേട്ട് ഞാന്‍ കോരിത്തരിച്ചു. അദ്ദേഹം എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ തിരക്കിട്ടു. അദ്ദേഹത്തിന്റെ അനുമതിയോടെ ഞാനും കാറില്‍ കയറി. അതിനാല്‍ ചുരുങ്ങിയത് അരമണിക്കര്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞു. അപ്പോഴാണ് സ്പീല്‍ബര്‍ഗ് ചിത്രത്തിന് വേണ്ടി നടത്തിയ കഠിന പ്രയത്‌നങ്ങള്‍ എല്ലാം ലിയോനാർഡ് വിവരിച്ചത്.

'സ്രാവിന്റെ സ്വഭാവ വിശേഷങ്ങള്‍ എന്ത്? തിരക്കഥ എഴുതുന്നതിന് മുമ്പ് അത് നന്നായി മനസ്സിലാക്കണമെന്ന് സ്പീൽബർ​ഗ് കരുതി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന ഒരു മറൈന്‍ ബയോളജി പ്രൊഫസറെ സമീപിച്ചു. അദ്ദേഹമാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത്. ന്യൂഓര്‍ലിയന്‍സില്‍ എന്നെ കാണാന്‍ സ്പീല്‍ബര്‍ഗ് എത്തി. ഞങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ നടത്തി. ബന്ധങ്ങള്‍ ദൃഢമാകാന്‍ അത് വഴിയൊരുക്കി.'-ലിയോനാർഡ് പറഞ്ഞു.

'സമുദ്രവും സ്രാവും സ്പീല്‍ബര്‍ഗിന്റെ മനസ്സിനെ ഭ്രമിപ്പിച്ചു. തിരക്കഥ എഴുതാന്‍ ശാസ്ത്രീയമായ സമീപനം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ നിരീക്ഷണങ്ങള്‍ ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചു. മാത്രമല്ല ഞാന്‍ അമേരിക്കയില്‍ പല യൂണിവേഴ്‌സിറ്റികളിലും പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ടേപ്പുകള്‍ സ്പീല്‍ബര്‍ഗിന് നല്‍കി. വിഷയത്തെ അദ്ദേഹം ആഴത്തില്‍ സമീപിച്ചു. നോവലിസ്റ്റ് ബഞ്ച്ലിയുമായും കൂടിക്കാഴ്ച നടത്തി. അതിനു ശേഷമാണ് ഇലക്ട്രോണിക് സ്രാവിനെ രൂപകല്പന ചെയ്യാന്‍ തുടങ്ങിയത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോ ആൽവ്സ് ആണ് സ്രാവിന്റെ രൂപകല്പന നടത്തിയത്. ഞാന്‍ ഉള്‍പ്പെട്ട ടീം സാങ്കേതിക ഉപദേശം നല്‍കി. ചര്‍ച്ചകള്‍ പലവട്ടം നീണ്ടു. ഡിസൈനുകള്‍ നിരവധി. ഒടുവില്‍ മൂന്നെണ്ണം തിരഞ്ഞെടുത്തു. സ്രാവിന്റെ കുതിപ്പും ചലനങ്ങളും തീരുമാനിക്കാനും നിയന്ത്രിക്കാനും മറ്റൊരു സംഘം. ഇലക്ട്രോണിക് എൻജിനീയര്‍മാര്‍. കഥാപാത്രങ്ങളെയും ക്യാമറമാനെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും ഏകോപിപ്പിക്കുന്ന ഭഗീരഥ പ്രയത്‌നമാണ് സ്പീല്‍ബര്‍ഗ് ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ന്യൂനതകളും വീഴ്ചകളും ഉണ്ടായിരുന്നു. സ്വഭാവികം. എന്നാല്‍ അതൊക്കെ അതീവ സൂക്ഷ്മതയും ക്ഷമയും കൈമുതലാക്കി സ്പീല്‍ബര്‍ഗ് യഥാര്‍ത്ഥ്യമാക്കിയെന്ന് ലിയാനാര്‍ഡ് പറഞ്ഞു.

'ഒരു വര്‍ഷത്തോളം നീളുന്ന കൂടിക്കാഴ്ചകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവരുമായി സ്പീല്‍ബര്‍ഗ് നടത്തി അതിന് ശേഷമാണ് തിരക്കഥയ്ക്ക് അന്തിമ രൂപം നല്‍കിയത്. ക്യാമറ സംഘത്തെ വിലയിരുത്തി ഓരോ രംഗവും വിശദീകരിച്ചു. ഷൂട്ടിങ്ങിനിടയിലും ചര്‍ച്ചകള്‍ മുന്നേറി തിരക്കഥയിലും ക്യാമറ ആംഗിളുകളിലും മാറ്റം വരുത്തി. സമര്‍ത്ഥരായ ഇലക്ട്രോണിക് എൻജിനീയര്‍മാരുടെ സംഘത്തിലായിരുന്നു സ്രാവിന്റെ പൂര്‍ണ്ണനിയന്ത്രണം. നീക്കങ്ങള്‍ എല്ലാം സ്പീല്‍ബര്‍ഗ് അതി സൂക്ഷ്മമായി നിരീക്ഷിച്ച് റിഹേഴ്‌സല്‍ നടത്തിയ ശേഷമാണ് ക്യാമറ ചലിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. തിരമാലകള്‍ അമ്മാനമാടിക്കൊണ്ടിരുന്ന നിരവധി ബോട്ടുകളിലായിരുന്നു സംവിധായകനും സംഘവും. ഓരോ സീനും എങ്ങനെ രൂപപ്പെട്ടു? അത് തന്നെ ഓരോ കഥകളാണ്. ആ കഥകളുടെ പിന്നിലെ പ്രയത്‌നവും ആരെയും വിസ്മയിപ്പിക്കും.'-ലിയാനാര്‍ഡിന്റെ വാക്കുകള്‍ ഒന്നൊന്നായി ഞാന്‍ എഴുതിയെടുത്തു. അവിസ്മരണീയമായ കൂടിക്കാഴ്ച.

ഹെര്‍മന്‍ വാറ്റ്‌സിംഗര്‍

കോൺടിക്കിയുടെ ഓർമയോളങ്ങളിൽ വാറ്റ്‌സിംഗര്‍

സ്പീല്‍ബര്‍ഗിനെ സ്വാധീനിച്ച 'കോണ്‍ടിക്കി' സമുദ്ര സാഹസിക യാത്രയില്‍ പങ്കെടുത്തിരുന്ന ഹെര്‍മന്‍ വാറ്റ്‌സിംഗര്‍ 1977 ഒക്‌ടോബര്‍ 19ന് കൊച്ചിയില്‍ എത്തി. ഫൈന്‍ആര്‍ട്‌സ് ഹാളില്‍ ചേര്‍ന്ന ഇന്ത്യാ ഫിഷറീസ് കമ്മീഷന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. അന്ന് അദ്ദേഹം ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഭക്ഷ്യ-കൃഷി കാര്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി എ.കെ. ആന്റണിയായിരുന്നു. ഈ സമ്മേളനത്തില്‍ ആശംസാ പ്രസംഗത്തിനാണ് വാറ്റ്‌സിംഗര്‍ എത്തിയത്.

ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് എ.കെ. ആന്റണി എഴുന്നേറ്റ് തനിക്ക് കിട്ടിയ ഖദര്‍ ഷോളുകളില്‍ ഏറ്റവും മികച്ച ഒന്ന് വാറ്റ്‌സിംഗറുടെ കഴുത്തില്‍ അണിയിച്ചു. അദ്ദേഹത്തെ കൈ കൂപ്പി വണങ്ങി. 'താങ്കളെക്കുറിച്ച് ചടങ്ങിന് മുമ്പ് കേന്ദ്ര ഫിഷറീസ് സെക്രട്ടറി റാവു എന്നോട് പറഞ്ഞു. അത് കേട്ട് ഞാന്‍ തികച്ചും ആഹ്ലാദഭരിതനാണ്.' അതുമാത്രമേ മുഖ്യമന്ത്രി പറഞ്ഞത് കേട്ടുള്ളൂ. 'സാഹസികനായ സമുദ്ര ജേതാവായ താങ്കളെ ഞാന്‍ ഈ രീതിയിലെങ്കിലും ബഹുമാനിക്കട്ടെ', അങ്ങനെ പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഷോള്‍ അണിയിച്ചത്. ഹോളില്‍ കരഘോഷം മുഴങ്ങി. പത്രലേഖകനായ എനിക്ക് ആകാംക്ഷയായിരുന്നു. ചടങ്ങ് കഴിഞ്ഞപ്പോള്‍ ഒരു മിനിറ്റ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. അതിന് ശേഷം ഞാന്‍ വാറ്റ്‌സിംഗറെ കണ്ടു.

'കോണ്‍ടിക്കി' സമുദ്ര സാഹസിക യാത്രയില്‍ പങ്കെടുത്തിരുന്ന ഹെര്‍മന്‍ വാറ്റ്‌സിംഗര്‍ 1977 ഒക്‌ടോബര്‍ 19ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ച് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്ത. ജി.ഷഹീദ് റിപ്പോർട്ട് ചെയ്തത്

വാറ്റ്‌സിംഗറുമായി പത്ത് മിനിറ്റ് സംസാരിക്കാന്‍ കഴിഞ്ഞു. 'കോണ്‍ടിക്കി' യാത്ര വാറ്റ്‌സിംഗര്‍ വിവരിച്ചു. അദ്ദേഹം യാത്രയിലെ എൻജിനീയറും കാലാവസ്ഥാ നിരീക്ഷകനുമായിരുന്നു. മുഖ്യമന്ത്രി ആശംസ നേര്‍ന്ന് ഖദര്‍ഷാള്‍ അണിയിച്ചതില്‍ വാറ്റ്‌സിംഗര്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. 'കോണ്‍ടിക്കി' യാത്ര ചരിത്രാന്വേഷികളില്‍ അതീവ കൗതുകം ഉണര്‍ത്തി. പില്‍ക്കാലത്ത് സാഹസികതയുടെ പ്രതീകമായി. 'ഒരു ചങ്ങാടത്തില്‍ ഞങ്ങള്‍ ഇരമ്പുന്ന കടലില്‍ യാത്ര ചെയ്തു. ലക്ഷ്യസ്ഥാനത്തെത്തി. ഒരു മാസം പോളിനേഷ്യന്‍ ദ്വീപില്‍ ചിലവഴിച്ച് പെറുവില്‍ തിരിച്ചെത്തി. അവിസ്മരണീയമായ സമുദ്രയാത്ര. തമിംഗലങ്ങളെയും സ്രാവുകളെയും നൂറ് കണക്കിന് തവണ കണ്ടു. പക്ഷെ യാതൊരു ഉപദ്രവവും ഉണ്ടായില്ല.'

അദ്ദേഹം തിരക്കിലായിരുന്നതിനാല്‍ കൂടുതല്‍ ചോദിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല 'ജാസി' നെക്കുറിച്ചും അന്ന് അറിയില്ലായിരുന്നു. 1975ല്‍ ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്തിരുന്നു.

'സമുദ്ര ജേതാവിനെ കണ്ടപ്പോള്‍ എന്ന തലക്കെട്ടില്‍ 1977 മെയ് 20ലെ മാതൃഭൂമിയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

ഫ്ളോറിഡയിലെ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ മുമ്പുണ്ടായിരുന്ന ജാസ് റൈഡിന്റെ കവാടം

മറൈൻഡ്രൈവിനരികിലെ തീയറ്ററിൽ ജാസ്

1981 ആദ്യത്തിലാണ് 'ജാസ്' കൊച്ചിയില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. മറൈൻഡ്രൈവിനടുത്തുള്ള ശ്രീധര്‍ തിയേറ്ററില്‍. ചിത്രത്തെക്കുറിച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തിയേറ്ററിന് മുന്നില്‍ വലിയൊരു സ്രാവ് വായ് പൊളിച്ചു നില്‍ക്കുന്ന ചിത്രം ആളുകളെ ആകര്‍ഷിച്ചു. ഏതാണ്ട് ഒന്നര മാസക്കാലത്തോളം ചിത്രം ഹൗസ്ഫുള്‍ ആയിരുന്നുവെന്ന് തിയേറ്റര്‍ മാനേജര്‍ വി.ആര്‍. രാംകുമാര്‍ ഓർക്കുന്നു. ജയിംസ്‌ബോണ്ട് ചിത്രങ്ങള്‍, ബ്രൂസ്‌ലിയുടെ ഞെട്ടിപ്പിക്കുന്ന മിന്നല്‍ പ്രകടനങ്ങള്‍, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ചിത്രങ്ങള്‍ തുടങ്ങിയവ അക്കാലത്ത് ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ ആയിരുന്നു.

ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ ബഞ്ച്ലിയുടെ നോവല്‍ വായിക്കാന്‍ ഞാൻ ആഗ്രഹിച്ചു. പ്രസ്‌ക്ലബ് റോഡിലുള്ള മോഹന്‍സ് ലെന്‍ഡിങ് ലൈബ്രറിയില്‍ നിന്ന് പുസ്തകം കിട്ടി. കൗമാരക്കാര്‍ക്കുള്ള പുസ്തകങ്ങളാണ് ലെന്റിങ് ലൈബ്രറിയിലുള്ളത്. എന്നാൽ ലോകപ്രശസ്ത നോവലുകളില്‍ ചിലതെല്ലാം അവിടെ ഉണ്ടായിരുന്നു. ചില സാഹസിക യാത്രാ പുസ്തകങ്ങളും. പീറ്റര്‍ മത്തീസന്റെ പ്രശസ്തമായ 'സ്‌നോ ലപ്പേഡ്' ലൈബ്രറി ഉടമയും നല്ല വായനക്കാരനുമായ മോഹനന്‍ ഒരിക്കല്‍ എനിക്ക് നല്‍കി. സാർത്രിന്റെ ആത്മകഥയും കിട്ടിയിരുന്നു.

കടല്‍തീരത്ത് എത്തുമ്പോള്‍ ഒന്ന് ആലോചിക്കും!

'50 വര്‍ഷം കഴിഞ്ഞിട്ടും 'ജാസി'ന്റെ പ്രത്യാഘാതം നിലനില്‍ക്കുന്നില്ലേ?- ബി.ബി.സി. കണ്‍ട്രിഫയല്‍ എന്ന മാസികയിലെ 2025 മെയ് ലക്കത്തിലെ തന്റെ ലേഖനത്തിൽ ഫെര്‍ഗസ്‌ കോളിന്‍സ് എന്ന ചലച്ചിത്ര നിരൂപകൻ ഉന്നയിക്കുന്ന ചോദ്യം.

ശരിയാണത്. തീരത്ത് നിന്ന് കാലുകള്‍ നനയ്ക്കുന്നതിന് മുമ്പ് ഇന്നും ജനങ്ങള്‍ രണ്ട് വട്ടം ആലോചിക്കും. സ്രാവ് എവിടെയെങ്കിലും പതിയിരിക്കുന്നുണ്ടോ? അത്രയ്ക്ക് ദൂരവ്യാപകമായ ഫലങ്ങള്‍ 'ജാസ്' സൃഷ്ടിച്ചു. ഈ ചിത്രത്തിന്റെയും സ്പീൽബർ​ഗിന്റെയും വിശേഷങ്ങൾ തീരുന്നില്ല. അത് തിരമാലകൾ പോലെയാണ്...ഒന്നിനുപിറകേ ഒന്നായി അങ്ങനെയങ്ങനെ...

(തുടരും)