മഞ്ജുവാരിയർ ഫോട്ടോ -അറേഞ്ച്ഡ്
Columns

അന്നൊരു ഫോൺ ബെല്ലടിച്ചു,പിന്നെ അച്ഛൻ കരഞ്ഞു, അന്ന് ഞാൻ ആദ്യമായി സിനിമയിലഭിനയിക്കാൻ പോകുകയായിരുന്നു...

​ആ ​ഗുളികമിഠായികളിൽ വല്യച്ഛൻ ഒരച്ഛനെ ഒളിപ്പിച്ചുവെച്ചു - 'പിന്നെയും പിന്നെയും' ഭാ​ഗം-8

മഞ്ജുവാരിയര്‍

ആദ്യമായി അഭിനയിച്ചതിന്റെ ഓർമകൾ പലരും ചോദിച്ചിട്ടുണ്ട്,പല അഭിമുഖങ്ങളിലും അല്ലാതെയും പലവട്ടം. അന്നൊക്കെ ഞാൻ 'സാക്ഷ്യ'ത്തെക്കുറിച്ചുള്ള അവ്യക്തമായ ചില ദൃശ്യങ്ങളാണ് പങ്കുവെച്ചിരുന്നത്. അതേ ഉണ്ടായിരുന്നുള്ളൂ ഉള്ളിൽ. കാലം സ്ലേറ്റിൽനിന്നോണം മായ്ച്ചുകളഞ്ഞ കുട്ടിക്കാലചിത്രങ്ങളിൽ ബാക്കി നിന്ന ചുരുക്കം ചിലത്. പക്ഷേ അതിനപ്പുറം എനിക്ക് ഓർക്കാനുണ്ട്, ഒരാളെ..എന്നോ എന്നെ ചേർത്തുപിടിച്ചിരുന്ന ചുളിവുവീണ രണ്ടു കൈത്തലങ്ങളെ,ഒരു കരച്ചിലിനെയും...

ഞങ്ങളന്ന് കണ്ണൂരിലാണ് താമസം;ഒരു വാടകവീട്ടിൽ. മുകൾനിലയിൽ വീട്ടുടമ,താഴെ ഞങ്ങൾ. നാ​ഗർകോവിലിൽ നിന്നാണ് കണ്ണൂർക്ക് വന്നത്. പ്ലസ് വണ്ണിന് പഠിക്കുകയാണ് ഞാൻ. സ്കൂൾ കലോത്സവങ്ങൾ അന്ന് സിനിമയിലേക്കുള്ള കിളിവാതിലാണ്. രണ്ടുതവണ കലാതിലകമായതുകൊണ്ട് എനിക്കും മുന്നിലും തുറന്നു അത്. ഏറെപ്പറഞ്ഞിട്ടുള്ള കാര്യമായതിനാൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല.

അച്ഛൻ ഞങ്ങളെയും കൊണ്ട് വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്ക് സഞ്ചരിക്കുമ്പോൾ പുള്ളിലെ തറവാട്ടിൽ വല്യച്ഛനായിരുന്നു താമസം. രാമൻകുട്ടിവാരിയർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വല്യമ്മയുടെ പേര് സാവിത്രിയെന്നും. അവർക്ക് മക്കളില്ലായിരുന്നു. അതുകൊണ്ട് ചേട്ടനെയും എന്നെയും മക്കളെപ്പോലെ,അല്ല മക്കളായിത്തന്നെ സ്നേഹിച്ചു. തറവാട്ടിൽ ചെല്ലുമ്പോഴൊക്കെ ഞങ്ങൾക്ക് വാത്സല്യംവച്ചുവിളമ്പി. വല്യച്ഛൻ ഉമ്മകൾ കൊണ്ട് സ്നേഹിച്ചപ്പോൾ വല്യമ്മ എന്നോ വരാനിരുന്ന ഒരാൾക്കായി തൊട്ടിൽപോലെ ഒരുക്കിവച്ചിരുന്ന മടിത്തട്ടിലിട്ട് പാട്ടുപാടിത്തന്നു.

അവധിക്കാലത്തും, അച്ഛന് ചിലപ്പോൾ അവധികിട്ടുമ്പോഴുമൊക്കെയാണ് അന്ന് പുള്ളിലേക്ക് വരിക. വല്യച്ഛന് കാത്സ്യം സാന്റോസ് ​ഗുളികകളുടെ മണമായിരുന്നു. അന്ന് എനിക്കതിന്റെ പേരൊന്നും അറിയുമായിരുന്നില്ല. പട്ടിക്കുട്ടിയുടെ വെളുത്തശരീരത്തിൽ നീല നിറത്തിലൊരു തൊപ്പി. ചുവന്ന നാക്ക്. അതായിരുന്നു ആ ​ഗുളികഡപ്പിയുടെ ആകൃതി. അതുതന്നെ ഒരു കളിപ്പാട്ടം പോലെയാണ് തോന്നിച്ചത്. ഒരു കുഞ്ഞുപട്ടിക്കുട്ടിയെ തൊടുന്ന കൗതുകം അനുഭവിച്ചു ആ ഡപ്പിയിൽ തൊടുമ്പോൾ.

ഇടയ്ക്കിടക്ക് ഞങ്ങൾക്കും തരും ​ഗുളിക. അത് നാരങ്ങാമിഠായിപോലെയോ ചോക്ലേറ്റ് പോലെയോ കൊതിപ്പിച്ചു. ​ആ ​ഗുളികമിഠായികളിൽ വല്യച്ഛൻ ഒരച്ഛനെ ഒളിപ്പിച്ചുവെച്ചു.

തറവാട്ടിൽ നിന്ന് രണ്ടുമിനിട്ട് നടന്നാൽ കോലുപറമ്പായി. അവിടെ വല്യച്ഛന് കൃഷിയുണ്ട്. ഉച്ചകഴിയുമ്പോഴാണ് പറമ്പിലേക്ക് പോകുക. അപ്പോൾ ഞങ്ങളെയും ഒപ്പം കൂട്ടും. അവിടെ ചെറിയൊരു മോട്ടോർപുരയുണ്ട്. മോട്ടോറിൽ നിന്ന് പാലിന്റെ നിറത്തിലാണ് വെള്ളം പുറത്തേക്ക് ചീറ്റിവരിക. ആ പറമ്പിന് ആകെ ഇളംപച്ചനിറമാണ്. തളിരിലകളുടെ ഒരുപാട് കുടകൾ ഒരുമിച്ച് നിവർന്നുനില്കുന്നയിടം. അതിലൂടെ ഒരു തോടും ഒഴുകുന്നുണ്ട്. കണ്ണാടിപോലെ തെളിമയുള്ള വെള്ളം. വേണമെങ്കിൽ മുഖം നോക്കാം. അതിൽ ഉരുളൻകല്ലുകളുമുണ്ട്. തോടിനെ അതിരിട്ട് പുല്ലുകൾ. അടുത്തുകൂടിപോകുമ്പോൾ അത് കാലിനെ വേദനിപ്പിക്കില്ല. പകരം പൂച്ചയെപ്പോലെ മുഖമമർത്തി ഉരസും.

അങ്ങനെ നില്കുമ്പോൾ അവിടെ തുമ്പികൾ പാറി. ഏതോ ഒരു പക്ഷിവന്ന് ഇലക്കൂട്ടിലൊളിച്ചു. മുകളിൽ ആകാശം നീലക്കുപ്പായമിട്ട് ‍ഞങ്ങളെ നോക്കിനിന്നു. അതിനിടയിൽ വലിയൊരു തണൽമരമായി വല്യച്ഛൻ. ഇടയ്ക്ക് ഞങ്ങൾ അതിനുകീഴേക്കുചെന്നുനിന്നു. അപ്പോൾ ആൽമരത്തിന്റെ വള്ളികൾപോലെയുള്ള ചുളിഞ്ഞ കൈത്തലങ്ങളാൽ വല്യച്ഛൻ ചേർത്തണച്ചു. അപ്പോഴും കാത്സ്യം സാന്റോസ് മണത്തു.

മഞ്ജുവാരിയർ

ഇടയ്ക്ക് വല്യച്ഛൻ മോട്ടോറിൽ നിന്നുള്ള വെള്ളം ചീറ്റുന്നിടത്തേക്ക് കൊണ്ടുപോയി നിർത്തും. പാൽപ്പുഴയിലൊരു കുളി. ആ വെള്ളത്തിന്റെ തണുപ്പിന് ഒരു പ്രത്യേകസുഖമുണ്ടായിരുന്നു. അതിൽ നനഞ്ഞ് നില്കുമ്പോൾ വല്യച്ഛൻ ചിരിക്കും. ആ ചിരിക്കുപിന്നിലും വല്യച്ഛൻ ഒരച്ഛന്റെ സങ്കടത്തെ ഒളിപ്പിച്ചുവച്ചു.

വണ്ടർലാൻഡിലെ ആലീസിനെപ്പോലെയാണ് ഞാനാ വിശാലമായ പറമ്പിലൂടെ ഓടിനടന്നത്. കൃഷിപ്പണിനിർത്തി വീട്ടിലേക്ക് മടങ്ങാൻനേരം വല്യച്ഛൻ പറമ്പിനപ്പുറമുള്ള ചായക്കടയിലേക്ക് കൊണ്ടുപോകും. പഴംപൊരിയും ചായയുമാണ് അവിടെനിന്നുള്ള സമ്മാനം. ഇന്നും സിനിമാസെറ്റുകളിലെപ്പോഴെങ്കിലും പഴംപൊരി കൈയിലെത്തുമ്പോൾ ഞാനാ പഴയ വൈകുന്നേരങ്ങളെ ഓർമിക്കും.

വല്യച്ഛന് മരുന്നിന്റെ മണമായിരുന്നെങ്കിൽ വല്യമ്മയ്ക്ക് വലിയൊരു ചുമയുടെ ശബ്ദമായിരുന്നു,എപ്പോഴും. എന്താണെന്നറിയില്ല വല്യമ്മ എപ്പോഴും ചുമയ്ക്കും. അടുപ്പിനടുത്തുനിന്ന് പുകയൂതിയശേഷം ചുമയ്ക്കുന്ന വല്യമ്മയെ കണ്ടപ്പോൾ ആദ്യമൊക്കെ വിചാരിച്ചത് പുകകൊണ്ട് ശ്വാസംമുട്ടിയിട്ടാണെന്നാണ്. പിന്നെയാണ് മനസ്സിലായത് പുകയ്ക്കരികിൽ മാത്രമല്ല, വല്യമ്മ ചുമയ്ക്കുന്നതെന്ന്. കരകര എന്ന ശബ്ദം കേൾക്കുമ്പോൾ വല്യമ്മയോട് പാവംതോന്നും. പേരറിയാത്ത ഏതോ ദീനത്തിന്റെ പുകച്ചുരുളുകൾ ഉള്ളിലുണ്ടായിരുന്നിരിക്കണം.

പുള്ളിലെ സ്കൂളിലെ അധ്യാപികയായിരുന്നു വല്യമ്മ. നീണ്ടമുടിയായിരുന്നു വല്യമ്മയ്ക്ക്. അതിങ്ങനെ പിറകിലേക്ക് നീണ്ടുനിവർന്നുകിടക്കുന്നത് ഞാൻ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. നാ​ഗർകോവിലിലെ അവധിദിനങ്ങളിൽ പുള്ളിലെത്തുമ്പോൾ വല്യമ്മ എന്നെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകും. എന്റെ ക്ലാസിൽ കടലാസിൽ പേനയോ പെൻസിലോ കൊണ്ടായിരുന്നു എഴുത്ത്. പക്ഷേ വല്യമ്മയുടെ സ്കൂളിൽ വച്ച് ഞാനൊരു പുതിയ എഴുത്തുപകരണം കണ്ടു. നാലുവശവും തടികൊണ്ടുള്ള അതിരുകളുള്ള ഒരു കറുത്ത ചതുരക്കഷണം. ഞാൻ ആദ്യമായി സ്ലേറ്റ് കാണുകയായിരുന്നു. ക്ലാസ്സിലെ കുട്ടികളുടെ കൂടെ ഞാനുമിരിക്കും. എനിക്കും കിട്ടി ഒരു സ്ലേറ്റ്. അതിലെ കല്ലുപെൻസിൽകൊണ്ടുള്ള എഴുത്ത് കടലാസിലെഴുതിപ്പഠിച്ച എനിക്ക് കൗതുകം തന്നു. തെറ്റുകൾ വെട്ടിത്തിരുത്തിയല്ല,തുടച്ചുമാറ്റി തിരുത്താമെന്നുകൂടി ഞാനവിടെ പഠിച്ചു. മഷിപ്പച്ചകൊണ്ടല്ല, ഇട്ടിരുന്ന ഉടുപ്പുകൊണ്ടായിരുന്നു സ്ലേറ്റ് തുടച്ചിരുന്നത്.

മഞ്ജുവാരിയർ

കണ്ണൂരിലേക്ക് മാറിയശേഷം ഞാൻ കലോത്സവങ്ങളിൽ സമ്മാനം നേടുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് വല്യച്ഛനും വല്യമ്മയുമായിരുന്നു. അതിൽ തന്നെ വല്യച്ഛന് ഞാനെന്തോ നിധി സ്വന്തമാക്കിയ സന്തോഷമായിരുന്നു. അങ്ങനെയിരിക്കെയാണ് എന്നെത്തേടി തൃശ്ശൂരിലുള്ള നാരായണൻകുട്ടിയങ്കിൾ വഴി സിനിമയിലേക്കുള്ള അവസരമെത്തിയത്. അങ്കിളിന്റെ സുഹൃത്തായിരുന്നു ​ഗാനരചയിതാവ് എം.ഡി.രാജേന്ദ്രൻ. അദ്ദേഹം പാട്ടെഴുതുന്ന സിനിമയായിരുന്നു 'സാക്ഷ്യം'. പത്രങ്ങളിലെ കലോത്സവവാർത്തകളിൽ നിന്നാണ് ഞാൻ അദ്ദേഹത്തിന്റെ കണ്ണിൽപതിയുന്നത്.

സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെന്നറിഞ്ഞപ്പോൾ വല്യച്ഛൻ ആകാംക്ഷയുടെ അങ്ങേയറ്റത്തായി. പക്ഷേ അപ്പോഴേക്കും അദ്ദേഹം ശാരീരികമായി ഏറെ അവശനായിക്കഴിഞ്ഞിരുന്നു. പണ്ട് കോലുപറമ്പിലെ ഇലച്ചാർത്തുകൾക്കിടയിലൊളിച്ച കിളിയപ്പോലെ ഏതൊക്കയോ അസുഖങ്ങൾ വല്യച്ഛന്റെയുള്ളിൽ ചേക്കേറിയിരുന്നു. അതിന്റെ ചിറകടികൾ ശ്വാസമെടുക്കുമ്പോൾ കേട്ടു. എന്നിട്ടും എനിക്കുകിട്ടിയത് കൂടുതൽ വിലപ്പെട്ട മറ്റൊന്തോ നിധിയായി കണ്ട് അദ്ദേഹം സന്തോഷിച്ചു,അതിലൂടെ വയ്യായ്കകളെ തോല്പിക്കാൻ ശ്രമിച്ചു. അസുഖത്തിന്റെ പക്ഷികളെ എന്നെക്കുറിച്ചുള്ള ആഹ്ലാദം കൊണ്ട് ആട്ടിയോടിക്കാൻ ശ്രമിച്ചു. അകലെനിന്ന് പാൽനിറമുള്ള വെള്ളം പോലെ വല്യച്ഛന്റെ അദൃശ്യമായ സ്നേ​ഹം കണ്ണൂരിലെ ഞങ്ങളുടെ വാടകവീട്ടിലേക്ക് സഞ്ചരിച്ചെത്തി.

തിരുവനന്തപുരത്തായിരുന്നു 'സാക്ഷ്യ'ത്തിന്റെ ഷൂട്ടിങ്. അച്ഛനും അമ്മയും ഞാനും പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ പൂർത്തിയാക്കി. ഉച്ചയോടെയാണ് ട്രയിൻ. എനിക്ക് ഏതോ കലോത്സവവേദിയിലേക്ക് പോകുന്നതുപോലെയേ തോന്നിയുള്ളൂ. സിനിമ വിദൂരസ്വപ്നങ്ങളിൽപോലുമില്ലാതിരുന്നതിനാൽ പേടിയോ ഉത്കണ്ഠയോ തോന്നിയതുമില്ല. ഞങ്ങൾ പോകാനിറങ്ങുന്നതിന് മുമ്പ് മുകൾനിലയിൽ വീട്ടുടമയുടെ ഫോൺ ബെല്ലടിച്ചു. ഞങ്ങൾക്കുള്ള ഫോൺവിളികളും അവിടേക്കാണ് വന്നിരുന്നത്. ആ വിളിയും ഞങ്ങളെ തേടിയുള്ളതായിരുന്നു. അച്ഛനാണ് മുകളിലേക്ക് പോയത്. നിമിഷങ്ങൾക്കകം അച്ഛൻ തിരികെ വന്നു. പിന്നെ സോഫയിലേക്ക് കരച്ചിലോടെ തളർന്നിരുന്നുകൊണ്ടുപറഞ്ഞു: 'ഏട്ടൻ പോയി...'പിന്നെ ആ കരച്ചിൽ വലുതായി വന്നു.

മഞ്ജുവാരിയർ

തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലിരിക്കുമ്പോൾ ഞാൻ വല്യച്ഛനെ ഓർത്തു. ഒരു മരണത്തിന്റെ ആഘാതം തിരിച്ചറിയാനുള്ള പ്രായമായിരുന്നതിനാൽ കരഞ്ഞുകൊണ്ടായിരുന്നു യാത്ര. ഈ നിമിഷവും ആ കണ്ണീർനനവ് ഞാനറിയുന്നു. അതിനിടയിലൂടെ ആ പച്ചനിറഞ്ഞ പറമ്പിലെന്നപോലെ വല്യച്ഛൻ എനിക്ക് മുന്നിൽ നില്കുന്നു. ചുറ്റും തുമ്പികൾ പറക്കുന്നു,നീലാകാശം ഞങ്ങളെ നോക്കിനില്കുന്നു,ഞാൻ വല്യച്ഛനെന്ന മരത്തിന് താഴെ ചെന്നുനില്കുന്നു, രണ്ടുകൈവള്ളികൾ എന്നെ തഴുകുന്നു,പിന്നെ എന്നെ പാൽവെള്ളത്തിൽ കുളിപ്പിക്കുന്നു...

അച്ഛൻ തൃശ്ശൂരിൽ തീവണ്ടിയിറങ്ങി. അമ്മയും ഞാനും യാത്ര തുടർന്നു. സിനിമയിലേക്കുള്ള എന്റെ ആദ്യയാത്ര...

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഞാൻ അഭിനേത്രിയായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക വല്യച്ഛനായിരുന്നിരിക്കണം. അദ്ദേഹത്തിനത് സ്വന്തം മകളുടെ നേട്ടമായിരുന്നു. അതിൽ വല്യച്ഛൻ തന്റെയുള്ളിൽ അച്ഛനെയൊളിപ്പിച്ച് സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്യുമായിരുന്നു.

വല്യമ്മ ഇപ്പോഴുമുണ്ട്. ഇടയ്ക്കൊക്കെ ഞാൻ കാണാൻപോകും. പക്ഷേ ഇപ്പോൾ വല്യമ്മ ചുമയ്ക്കാറില്ല. ശ്വാസംമുട്ടിച്ചിരുന്ന ആ പുകച്ചുരുളുകൾ കാലാന്തരത്തിൽ എങ്ങോ പോയ്മറഞ്ഞുകാണണം. വല്യമ്മയ്ക്കരികിലിരിക്കുമ്പോൾ മനസ്സ് സ്ലേറ്റ് പോലെയാകും. അതിലങ്ങനെ ഓർമകൾ തെളിഞ്ഞുവരും.

ഞാൻ സിനിമയിലെത്തണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ച ഒരാൾ. ഞാനാ യാത്ര തുടങ്ങാൻ നേരം ഈ ഭൂമിയെ വിട്ടുപോകുകയാണ്. ഒരു സിനിമയിലേതുപോലെ തന്നെയുള്ള രം​ഗം. ജീവിതം സിനിമതന്നെയായി മാറുന്ന നിമിഷം.

ഞാനാ തീവണ്ടിയാത്ര ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. പണ്ട് വല്യച്ഛനെ അവസാനമായി കാണാൻ തൃശ്ശൂരിലിറങ്ങിയതുപോലെ ഇടയ്ക്കുവച്ച് അച്ഛനും ഇറങ്ങിപ്പോയിരിക്കുന്നു..അവർ രണ്ടുപേരും ചേർന്ന് ഇപ്പോൾ മറ്റേതോ ലോകത്തുനിന്ന് എന്റെ യാത്ര കാണുന്നുണ്ടായിരിക്കണം. പച്ചിലകളും നീലാകാശവും തുമ്പികളുമുള്ള മറ്റേതോ ഒരു ലോകം...

(തുടരും)