മഞ്ജു വാരിയർ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് ട്രെയിലർ ലോഞ്ച് ചടങ്ങിൽ  ഫോട്ടോ-അറേഞ്ച്ഡ്
Columns

'അവരിലാരോ ആദ്യമായി പ്രണയം പറഞ്ഞപ്പോള്‍ മറ്റേയാള്‍ നിരസിക്കാത്തതുപോലൊരു നിമിഷം'

മഞ്ജു വാരിയർ ആദ്യമായെഴുതുന്ന വെബ് കോളം 'പിന്നെയും പിന്നെയും' ഭാ​ഗം-23

മഞ്ജു വാരിയര്‍

'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് വേളയിൽ ആ സിനിമയുടെ ഷൂട്ടിങ് ഓർമകൾ

അഭിരാമിയുടെ പ്രണയത്തെക്കുറിച്ചുള്ള മഞ്ജുവിന്റെ കാഴ്ചപ്പാടുകൾ

'സമ്മര്‍ ഇന്‍ ബത്‌ലഹേം' വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ

അഭിനേതാക്കള്‍ക്ക് ഓരോ സിനിമയും വാടകവീടു പോലെയാണ്. കുറച്ചുനാള്‍ പാര്‍ത്ത ശേഷം ഒരുദിവസം അവരതില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. പിന്നെ മറ്റൊരു വീട്. ആദ്യത്തെ വീട്ടില്‍ കൂടെ താമസിച്ചവരാകില്ല ഒപ്പം. അവിടത്തെ താമസവും നീളില്ല. വാടകവീടുകള്‍ മാറിമാറിവരുന്നു,യാത്ര തുടരുന്നു. പടിയിറങ്ങിപ്പോയ വീട്ടിലേക്ക് ഒരുകാലവും അവര്‍ തിരികെച്ചെല്ലുന്നുമില്ല.

അഭിനേത്രി എന്ന നിലയില്‍ എന്റെ ജീവിതവും ഇങ്ങനെ തന്നെയാണ്. പലരും പറയുന്നതുപോലെ രണ്ടുപകുതികളുള്ള ഒരു സിനിമയാണത്. ഇപ്പോഴതിന്റെ രണ്ടാംപാതിയിലാണ് ഞാന്‍. ഇടയ്‌ക്കൊക്കെ ഒന്നാംപകുതിയെക്കുറിച്ച് ആലോചിച്ചുനോക്കാറുണ്ട്. പതിനേഴോ പതിനെട്ടോ വയസ് മാത്രം പ്രായമുണ്ടായിരുന്ന അപ്പോഴത്തെ എന്നിലേക്ക്, ഇന്ന് ഇവിടെയിരുന്നുകൊണ്ട് നോക്കുമ്പോള്‍,പുതിയ കാലത്തിന്റെ ഭാഷയില്‍ 'ക്രിഞ്ച്' എന്നുവിളിക്കുന്ന പല സംഗതികളും എനിക്ക് കാണാനാകുന്നുണ്ട്. മുമ്പേ പറഞ്ഞ ഉദാഹരണം വച്ചാണെങ്കില്‍ അന്ന് വാടകവീടുകളില്‍ താമസിച്ചിരുന്നത് തിരിച്ചറിവുകളൊന്നുമില്ലാതിരുന്ന ഒരു പെണ്‍കുട്ടിയാണ്. അവള്‍ക്ക് അവിടെയുള്ളതെല്ലാം കൗതുകങ്ങളായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതുപോലെയൊക്ക അവള്‍ ചെയ്തു. ചിരിയും കരച്ചിലും കുറുമ്പും പ്രേമവും വിരഹവും പാട്ടും നൃത്തവുമെല്ലാം. 'ആരാണ് ഞാന്‍' എന്നറിയാതെയുള്ള 'വെറും അഭിനയം'.

പക്ഷേ എന്നിട്ടും അവള്‍ ചെയ്തതൊന്നും യാന്ത്രികമായിരുന്നില്ല, അത് 'അഭിനയമായി' തോന്നിയതേയില്ല എന്ന് കുറേപ്പര്‍ പറഞ്ഞു. ആ നല്ലവാക്കുകള്‍ മാത്രമായിരുന്നു ഒരിക്കല്‍ താമസിച്ച ഇരുപതുവാടകവീടുകളില്‍ നിന്ന് അവള്‍ക്ക് ആകെ കിട്ടിയ സമ്പാദ്യം.

മഞ്ജു വാരിയർ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് ട്രെയിലർ ലോഞ്ച് ചടങ്ങിനെത്തുന്നു

കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് 'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ന്റെ റീ റിലീസ് ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം ഞാന്‍ അഭിരാമിയെക്കുറിച്ച് ആലോചിച്ചു; ബത്‌ലഹേം എന്ന വാടകവീടിനെക്കുറിച്ചും. സിനിമയിൽ കൊച്ചുകുട്ടികളായി അഭിനയിച്ചവരൊക്കെ എത്രയോ വലുതായിരിക്കുന്നു... കാലം എത്ര കടന്നുപോയിരിക്കുന്നു.. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് 27വര്‍ഷം മുമ്പ് ആ സിനിമയില്‍ അഭിനയിച്ച ആരും അന്ന് ആലോചിച്ചിരിക്കില്ല. നമ്മള്‍ പണ്ട് പാര്‍ത്തൊരിടം മുന്നില്‍ വീണ്ടും തെളിയുകയാണ്. കാലപ്പഴക്കത്താല്‍ മങ്ങിപ്പോയ അതിന്റെ ചുവരുകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നിരിക്കുന്നു..അവിടെ ഒരുകാലത്ത് കേട്ടപാട്ടുകള്‍ കൂടുതല്‍ തെളിമയോടെ കേള്‍ക്കുന്നു...'ചൂളമടിച്ച് കറങ്ങിനടക്കും..' എന്ന പാട്ടിലെ ചില ദൃശ്യങ്ങള്‍പോലെയുള്ള ഒരുതരം പുതുക്കിയെടുക്കല്‍. ഒരുകാലത്ത് ഇവിടെ നിങ്ങള്‍ അഭിരാമിയെന്ന പേരില്‍ താമസിച്ചിരുന്നു എന്ന് ആരോ എന്നോട് പറയുകയാണ്. 'തൂവാനത്തുമ്പികളി'ലെ പാട്ടിന്റെ വരിപോലെ എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍...

അഭിനയിച്ച കഥാപാത്രങ്ങളില്‍ ആത്മാംശം ഏറ്റവും കുറവുള്ളയാളായിരുന്നു അഭിരാമിയെന്നു പറയാം. അവളുടെ പക്വതയോ കാര്യപ്രാപ്തിയോ എനിക്കുണ്ടായിരുന്നില്ല. ഇടുന്ന വേഷങ്ങളില്‍പ്പോലും അഭിരാമി ഏറെ ദൂരെയായിരുന്നു. പട്ടുപാവാടയിട്ട്,പൊട്ടത്തരം പറഞ്ഞുനടന്നിരുന്ന വള്ളുവനാടന്‍ പെണ്‍കുട്ടികളോടായിരുന്നു അന്നത്തെ എനിക്ക് സാമ്യക്കൂടുതല്‍. പ്രണയത്തകര്‍ച്ചയില്‍ തീവണ്ടിക്ക് മുന്നിലേക്ക് ചാടുന്നിടത്തോളം ചപലത നിറഞ്ഞയാള്‍. അങ്ങനെയൊരാള്‍ക്കാണ് ഉള്ളിലൊരു തീക്കടല്‍ ഒളിപ്പിച്ചുവച്ച് പുറമേയ്ക്ക് ചിരിച്ചുനടക്കുന്ന അഭിരാമിയെ അവതരിപ്പിക്കേണ്ടിവന്നത്.

മഞ്ജു വാരിയർ 'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ൽ

മുമ്പ് പലയിടത്തും പറഞ്ഞിട്ടുണ്ട്; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' ഷൂട്ട് തുടങ്ങിയത് തമിഴ് ചിത്രമായിട്ടാണ്. പ്രഭു സാറായിരുന്നു സുരേഷേട്ടന്‍ അവതരിപ്പിച്ച വേഷം ചെയ്തത്. എന്റെ വേഷം അഭിരാമിയുടേതു തന്നെയായിരുന്നു. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ ഒരു പാട്ടും ചിത്രീകരിച്ചിരുന്നു. പക്ഷേ പിന്നീട് ആ ചിത്രം ഉപേക്ഷിക്കപ്പെട്ടു. അതിനുശേഷമാണ് സിബി സാറും രഞ്ജിയേട്ടനുമെല്ലാം ചേര്‍ന്നുള്ള മലയാളസിനിമയായി 'സമ്മര്‍ ഇന്‍ ബത്‌ലഹേം' വരുന്നത്.

പറഞ്ഞുവല്ലോ,സിനിമയെന്ന വാടക വീടിനെക്കുറിച്ച്. ഏതാണ്ട് മുപ്പതുവര്‍ഷം മുമ്പ് താമസിച്ച വീടുകളും അവിടത്തെ അനുഭവങ്ങളും ഓരോന്നായി ഓര്‍ത്തെടുക്കുക എന്നത് പ്രയാസകരമാണ്. ദൂരെ മഞ്ഞിലെവിടെയോ ഉള്ള ഒരു കാഴ്ചപോലെയാണ് അന്നത്തെ ഓരോ സിനിമയും. 'ബത്‌ലഹേമി'ന്റെ കാര്യവും അങ്ങനെതന്നെ. അന്നൊക്കെ ഒത്തിരികാര്യങ്ങളും രസങ്ങളും സംഭവിച്ചിരുന്നിരിക്കാം. പക്ഷേ ഇപ്പോള്‍ അതൊന്നും ഓര്‍മയില്‍ വരുന്നില്ല.

'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് പോസ്റ്റർ

പക്ഷേ ചിലതൊക്കെ മറവികൊണ്ടുപോകാതെ മനസ്സില്‍ ബാക്കിയുണ്ട്. ഊട്ടിയിലായിരുന്നു ഷൂട്ടിങ്. വലിയ കോമ്പൗണ്ടും ഭംഗിയുള്ള മരങ്ങളുമൊക്കെയുള്ള ഒരു ബംഗ്ലാവാണ് സിനിമയിലെ രവിശങ്കറിന്റെ വീടായി മാറിയത്. ഗ്ലിന്‍ഗര്‍ത്ത് എന്നായിരുന്നു ആ ബം​ഗ്ലാവിന്റെ പേര്. അവിടേക്കാണ് രവിശങ്കറിന്റെ ബന്ധുക്കളെപ്പോലെ ഞങ്ങളൊക്കെ ചെന്നുകയറിയത്. ഒരു സമ്മര്‍ക്യാമ്പിന്റെ മൂഡ് ആയിരുന്നു ആ വലിയ വീട്ടില്‍ നിറയെ.

ഞങ്ങള്‍ അഞ്ചുപെണ്‍കുട്ടികള്‍,പിന്നെ കുറേ കൊച്ചുകുട്ടികള്‍,ജനാര്‍ദനന്‍ അങ്കിളും സുകുമാരിയമ്മയും അപ്പൂപ്പനെയും അമ്മൂമ്മയെയും പോലെ,സുരേഷേട്ടനും ജയറാമേട്ടനും മുതിര്‍ന്ന ആണുങ്ങള്‍,തമാശപറഞ്ഞ് ചിരിപ്പിക്കാന്‍ മണിയേട്ടന്‍...ഇടയ്‌ക്കൊക്കെ വിരുന്നുകാരെപ്പോലെ സിബിസാറിന്റെയും നിര്‍മാതാവ് സിയാദ്ക്കയുടെയും കുടുംബം വരും. മറ്റുചിലപ്പോള്‍ സുരേഷേട്ടന്റെ രാധികച്ചേച്ചിയും കുട്ടികളും ജയറാമേട്ടന്റെ അശ്വതിച്ചേച്ചിയും കുട്ടികളും...

ജയറാമേട്ടനും മണിച്ചേട്ടനും പറയാന്‍ ഒരുപാട് ചിരിക്കഥകളുണ്ടാകും. ഷോട്ടുകളുടെ ഇടവേളയില്‍ അതുകേട്ടിരിക്കലായിരുന്നു ഞങ്ങള്‍ പെണ്‍കുട്ടികളുടെയെല്ലാം ഇഷ്ടവിനോദം. 'ഷോട്ട് റെഡി'യെന്ന വിളി കേട്ടാലും...'ഒരു അഞ്ചുമിനിട്ടേ.. ഈ കഥയൊന്ന് തീര്‍ന്നോട്ടെ...' എന്നുപറയുമായിരുന്നു. അതൊരു സിനിമയായിരുന്നില്ല,അക്ഷരാര്‍ഥത്തില്‍ ഞങ്ങളെല്ലാം ഒരുമിച്ച് കുറേദിവസം സന്തോഷത്തോടെ താമസിച്ച ഒരു വാടകവീട് തന്നെയായിരുന്നു.

'ഒരു രാത്രികൂടി വിടവാങ്ങവേ..' എന്ന പാട്ടില്‍ ഞാന്‍ കുതിരപ്പുറത്തുവരുന്ന രംഗങ്ങളുണ്ട്. 'ദയ'യില്‍ കുതിരസവാരി ശീലിച്ചിരുന്നതുകൊണ്ട് കുതിരയെ ഓടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. എന്നിട്ടും ഡെന്നീസ് അഭിരാമിയോട് 'അവന്‍ കുഴപ്പക്കാരനാണ്' എന്നുപറയുന്ന ആ സീനില്‍ കുതിര ശരിക്കും ഇടഞ്ഞു. നിലത്തുവീണത് അഭിരാമിയല്ല,ഞാനായിരുന്നു. കൈകളൊക്കെ ചെറുതായി ഉരഞ്ഞു,കുറച്ചുതൊലി പോയി. അന്നതൊന്നും അത്ര വലിയ കാര്യമായിരുന്നില്ല. അഭിരാമി ബസില്‍ വന്നിറങ്ങുന്ന സീനിലുള്ളത് പക്ഷേ ഊട്ടിയായിരുന്നില്ല,മൂന്നാര്‍ ആയിരുന്നു. ആ സിനിമയെക്കുറിച്ച് ആരും ഇതേവരെ പറയാതിരുന്നൊരു രഹസ്യം.

മഞ്ജു വാരിയരും സുരേഷ് ​ഗോപിയും 'സമ്മർ ഇൻ ബത്ലഹേ'മിൽ

ലാലേട്ടനോടൊപ്പമുള്ള ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കുമ്പോള്‍ അതിന്റെ വലിപ്പമൊന്നും മനസ്സിലായിരുന്നില്ല. 'ഓ...ലാലേട്ടന്‍ ഉണ്ടല്ലേ പടത്തില്‍..ഒകെ...' ഇങ്ങനെ അതിനെ നിസാരതയോടെ കാണാനുള്ള പക്വതയേ അന്നുണ്ടായിരുന്നുള്ളൂ. മലയാള സിനിമ കണ്ട ഏറ്റവും വലിയ കാമിയോ അപ്പിയറന്‍സിന്റെ ഭാഗമാകുകയായിരുന്നുവെന്നും എന്തായിരുന്നു ലാലേട്ടന്റെ കഥപാത്രത്തിന്റെ ആഴമെന്നും തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോഴാണ്. പക്ഷേ ആ രംഗം സൃഷ്ടിച്ച മുഴക്കം നേരിട്ട് അറിഞ്ഞിട്ടുണ്ട്. അതുകേട്ട് സ്തംഭിച്ച് ഇരുന്നുപോയിട്ടുമുണ്ട്. അത് 'സമ്മര്‍ ഇന്‍ ബത്ലഹേം' കാണാന്‍ തിയേറ്ററില്‍പോയപ്പോഴാണ്.

'കണ്ണെഴുതിപൊട്ടും തൊട്ടി'ന്റെ ഷൂട്ട് സമയത്തായിരുന്നു റിലീസ്. 'ഹരികൃഷ്ണന്‍സ്' ആയിരുന്നു ഒപ്പമിറങ്ങിയത്. അതില്‍ ലാലേട്ടനും മമ്മൂക്കയും. ഇതില്‍ ജയറാമേട്ടനും സുരേഷേട്ടനും. മള്‍ട്ടിസ്റ്റാര്‍ പടങ്ങളൊക്കെ അപൂര്‍വമായിരുന്ന കാലത്ത് രണ്ടുചിത്രവും കാണാന്‍ പ്രേക്ഷകര്‍ തിക്കിത്തിരക്കി. അച്ഛനും അമ്മയ്ക്കുമൊപ്പം ചങ്ങനാശ്ശേരിയിലെ ഒരു തിയേറ്ററിലാണ് 'ബത്‌ലഹേം' കണ്ടത്. ക്ലൈമാക്‌സില്‍ ലാലേട്ടനിങ്ങനെ ജയിലഴികള്‍ക്കപ്പുറത്തുനിന്ന് നടന്നുവരുന്ന ആ സീനുണ്ടല്ലോ...അതുകണ്ടതും തിയേറ്റര്‍ പ്രകമ്പനം കൊണ്ടു. ഒരു അലര്‍ച്ചയായിരുന്നു കാണികളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടത്. ഞാന്‍ കുറച്ചുനേരത്തേക്ക് കാതുപൊത്തിയിരുന്നുപോയി. സോഷ്യല്‍മീഡിയയും സ്‌പോയിലറുകളും ഇല്ലാതിരുന്ന ഒരു കാലത്ത് അത് ആകാശത്തോളം ഉയരമുള്ള സസ്‌പെന്‍സ് തന്നെയായിരുന്നു.

മോഹൻലാലും മഞ്ജു വാരിയരും എന്നിവർ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' ക്ലൈമാക്സിൽ

പ്രണയം തുന്നിച്ചേര്‍ത്ത ഒരു കഥയില്‍ മനോഹരമായ പാട്ടുകളും, വിഷ്വലുകളും, തമാശയും നിറയുമ്പോഴുള്ള ഭംഗിയായിരുന്നു 'സമ്മര്‍ ഇന്‍ ബത്ലഹേമി'നെ ഇന്നും ഒരുപാടു പേരുടെ പ്രിയപ്പെട്ട ചിത്രമാക്കുന്നത്. അതിനുപിന്നില്‍ സിബിസാറിന്റെയും രഞ്ജിയേട്ടന്റെയും മികവ് തന്നെ. ബത്ലഹേമിനെ കാലങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററിലെത്തിക്കുമ്പോള്‍ നിര്‍മാതാവ് സിയാദ്ക്ക പലര്‍ക്കും തിരികെക്കൊടുക്കുന്നത് ഓര്‍മകളുടെ ഒരു പൂക്കൂടയായിരിക്കും. എന്നോ അവര്‍ വാസനിച്ച ഒരു ഗന്ധം. പ്രണയത്തിന്റെ മണം.

അതുപോലെ തന്നെ ക്യാമറാന്‍ സഞ്ജീവ് ശങ്കര്‍,കോസ്റ്റിയൂം ഡിസൈന്‍ ചെയ്ത എസ്.ബി.സതീശന്‍,ഇന്നും മലയാളികളുടെ മനസ്സില്‍ നിന്ന് വിടവാങ്ങാതെ നില്കുന്ന പാട്ടുകളൊരുക്കിയ ഗിരീഷേട്ടന്‍, വിദ്യാജി(വിദ്യാസാഗര്‍) തുടങ്ങിയവരൊക്കെച്ചേര്‍ന്നാണ് 'ബത്‌ലഹേമി'നെ ഇന്നും ഓര്‍ക്കുന്ന അനുഭവമാക്കി മാറ്റിയത്. ആ സിനിമയിലെ ചില ഫ്രെയിമുകളൊക്കെ പെയിന്റിങ് പോലെയാണ് തോന്നിയിട്ടുള്ളത്. ഇപ്പോഴും പുതുമ തോന്നുന്ന കളര്‍ പാലറ്റാണ് കോസ്റ്റിയൂമുകള്‍ക്ക്. 'ബത്‌ലഹേമി'നുശേഷം കാണുമ്പോഴൊക്കെ വിദ്യാജി പറയുമായിരുന്നു,നിങ്ങള്‍ എന്റെ മാസ്‌കട്ട്(ഭാഗ്യചിഹ്നം)ആണെന്ന്. ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളിലെ പാട്ടുകളൊക്കെ ഹിറ്റായതിലുള്ള സന്തോഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍.

മഞ്ജു വാരിയരും സിബി മലയിലും 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് ട്രെയിലർ ലോഞ്ച് ചടങ്ങിൽ

ആദ്യത്തെ ഖണ്ഡികയിലെഴുതിയതുപോലെ ഒരിക്കല്‍ പാര്‍ത്ത വാടകവീടുകളിലേക്ക് അഭിനേതാക്കള്‍ തിരികെച്ചെല്ലാറില്ല. അതിന് സാധിക്കില്ല എന്നതാണ് സത്യം. ഓരോ വീട്ടിലും അവര്‍ക്ക് ഒന്നിലധികം തവണ താമസിക്കാനാകില്ല. പടിയിറങ്ങിപ്പോയാല്‍ പിന്നെ അവിടേക്കൊരു മടങ്ങിപ്പോക്ക് അസാധ്യം. പക്ഷേ എനിക്കെന്തോ ഇപ്പോള്‍ 'ബത്‌ലഹേമി'ലേക്ക് അഭിരാമിയായി തിരികെപ്പോകാന്‍ തോന്നുന്നു. വര്‍ഷങ്ങള്‍ ഉള്ളിലൊരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് അഭിരാമിയായി അഭിനയിക്കുകയാണെങ്കില്‍ എങ്ങനെയാകും ആ കഥാപാത്രത്തെ സമീപിക്കുക എന്ന് ആലോചിക്കുമ്പോള്‍ പക്ഷേ ഉത്തരം കിട്ടുന്നില്ല.

'ബത്‌ലഹേമി'ലെ ഓരോ കഥാപാത്രത്തിനും ഒരുപാട് അടരുകളുണ്ടായിരുന്നു. എല്ലാമുണ്ടായിട്ടും അനാഥനാകേണ്ടിവന്ന ഡെന്നീസ്, കടംകയറിമുടിയുമ്പോള്‍ കളിചിരികള്‍ പറയേണ്ടിവരുന്ന രവിശങ്കര്‍,എന്തിന് മോനായിക്ക് പോലുമുണ്ട് പറയൊനൊരു കഥ. അങ്ങനെ നോക്കിയാല്‍ എല്ലാവരുടെ വേദനകളുടേതുമാണ് ബത്ലഹേം. കഴിഞ്ഞ ദിവസം ആരോ ഒരു റീല്‍ അയച്ചുതന്നു. അത് ഡെന്നീസിന്റെ ആംഗിളില്‍ ബത്‌ലഹേമിനെ ചിത്രീകരിക്കുന്നതായിരുന്നു. ഇവരില്‍ ഏറ്റവും കൂടുതല്‍ സങ്കീര്‍ണമായ അടരുകളുള്ളയാളായിരുന്നു അഭിരാമി.

മഞ്ജു വാരിയർ സമ്മർ ഇൻ ബത് ലഹേമിലെ 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ​ഗാനരം​ഗത്തിൽ

ഒരു ബസില്‍ വന്നിറങ്ങുമ്പോള്‍ അഭിരാമിയുടെ ഉള്ളിലുണ്ടായിരുന്ന അഗ്‌നി ആരും കണ്ടില്ല. ആ മുഖത്തെ ആദ്യനേരങ്ങളിലെ കാര്‍മേഘവും പൊട്ടിത്തെറിയും അതിന്റെ ചെറിയൊരു അംശം മാത്രമായിരുന്നു. ഒരാളോടുള്ള പ്രണയം മറച്ചുപിടിക്കുക മാത്രമായിരുന്നില്ല അഭിരാമിക്ക് ചെയ്യേണ്ടിയിരുന്നത്. അയാള്‍ മരണം കാത്തുകഴിയുന്നതിന്റെ പ്രാണന്‍ പറിഞ്ഞുപോകുന്ന വേദന ഉള്ളിലടക്കുകകൂടി വേണമായിരുന്നു അവള്‍ക്ക്. ദൂരെയെങ്ങോ ഒരു ജയില്‍ മുറിയിലുള്ള നിരഞ്ജന്‍, പുറമേക്ക് ചിരിക്കുമ്പോഴും അവളെ ഉള്ളാലെ കരയിച്ചുകൊണ്ടേയിരുന്നു. പക്ഷേ അഭിരാമിക്ക് കരയാനാകുമായിരുന്നില്ല. ആ സിനിമയില്‍പറയും പോലെ അവളായിരുന്നു ആ വീടിന്റെ ന്യൂക്ലിയസ്. എല്ലാമറിഞ്ഞിട്ടും അവള്‍ക്ക് അറിയില്ലെന്ന് നടിക്കേണ്ടിയിരുന്ന മറ്റൊന്നുകൂടിയുണ്ടായിരുന്നു-അനാഥത്വം. തന്റെ അച്ഛനും അമ്മയും അല്ലാത്തവര്‍ക്കുമുന്നില്‍ മകളായി അഭിനയിക്കേണ്ടി വന്നവള്‍..അല്ല ജീവിക്കേണ്ടി വന്നവള്‍..അവളുടെ ഉള്ളിലെ ആ തീക്കടല്‍ മുഴുവന്‍ കടഞ്ഞുണ്ടാക്കിയതാണ് 'ഒരു രാത്രികൂടി വിടവാങ്ങവേ' എന്ന പാട്ട്..പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേ കിടന്നു മിഴിവാര്‍ത്ത,മലര്‍മഞ്ഞുവീണ വനവീഥിയില്‍ ഇടന്റെ പാട്ടു കാതോര്‍ത്ത,ഒരു പാഴ്ക്കിനാവില്‍ ഉരുകിയ പെണ്‍കുട്ടി... പ്രിയപ്പെട്ട ഗിരീഷേട്ടന് സ്‌നേഹം.

നിരഞ്ജന്റെ പ്രണയത്തെക്കുറിച്ച് ഈ പംക്തിയില്‍ ലാലേട്ടനെപ്പറ്റി എഴുതിയപ്പോള്‍ പറഞ്ഞിരുന്നു. പക്ഷേ അഭിരാമിയുടെ പ്രണയം? ഏതാണ്ട് മുപ്പതുവര്‍ഷം മുമ്പിറങ്ങിയ ചിത്രമാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം'. പക്ഷേ അഭിരാമി ഇന്നത്തെ പെണ്‍കുട്ടികളെപ്പോലെ തന്നെയായിരുന്നുവെന്ന് തോന്നുന്നു. അവള്‍ അക്കാലത്തെ പെണ്‍കുട്ടികളേക്കാള്‍ മെച്വേഡ് ടീനേജറായിരുന്നു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് അഭിരാമിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ പേടിയാകുന്നു. അവള്‍ എങ്ങനെയാണ് ആ പ്രണയവേദന താണ്ടിയിരിക്കുക? ഡിപ്രഷനോളമെത്തിക്കാണില്ലേ അവള്‍? അതിന്റെ വിഷാദമേഘങ്ങള്‍ക്ക് മീതേ എങ്ങനെയാണവള്‍ ചിരിയുടെ പ്രകാശം നിറച്ചിരിക്കുക? പലനാളലഞ്ഞ ആ മരുയാത്രയില്‍ അവള്‍ താണ്ടിയ ദൂരങ്ങളെത്ര...!പൊള്ളിയ നേരങ്ങളെത്ര..!

മഞ്ജു വാരിയർ 'സമ്മർ ഇൻ ബത് ലഹേമി'ൽ

അഭിരാമി ഇന്നത്തെ ഒരു പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ നിരഞ്ജനുമുന്നില്‍ വെച്ച് എന്തുതീരുമാനമെടുക്കും എന്നതും വലിയൊരു ചോദ്യമാണ്. പക്ഷേ ആ നേരംവരെയും നിരഞ്ജനെ മാത്രം സ്‌നേഹിച്ചിരുന്നതുകൊണ്ട് (ഇപ്പോഴും സ്‌നേഹിക്കുന്നതുകൊണ്ടും) അവള്‍ ചെയ്തതായിരുന്നു ശരിയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മരണത്തിനുമുമ്പ് ജീവിതത്തിലിത്രനാളും കണ്ടതില്‍ ഏറ്റവും സുന്ദരമായ കാഴ്ചയാണ് നിരഞ്ജന്‍ അവസാനനിമിഷം അവളോട് യാചിക്കുന്നത്. അത് അയാള്‍ക്ക് നല്കിയില്ലെങ്കില്‍ പിന്നെ അവളുടെ പ്രണയം എങ്ങനെയാണ് സത്യസന്ധമാകുക? 'ആ കാഴ്ച എനിക്ക് കാണണം' എന്നുപറയുമ്പോള്‍ തന്നെ ഉടല്‍ക്കുപ്പായമുപേക്ഷിച്ച് നിരഞ്ജന്‍ യാത്രയായിക്കഴിഞ്ഞു. അയാളുടെ ആത്മാവ് അപ്പോള്‍ ഡെന്നീസിലേക്ക് ചേക്കേറിയിട്ടുമുണ്ടാകണം. പ്രണയത്തിന്റെ ആ ഒരു പരകായപ്രവേശം..മോക്ഷപ്രാപ്തി... അതിലൂടെ ഒരിക്കല്‍ക്കൂടി അഭിരാമിയെ തൊടാനും ഉമ്മവയ്ക്കാനും അവളുടെ ഉയിരിലേക്ക് പറന്നണയാനുമുള്ള അഭിനിവേശം..അതാണ് അയാള്‍ അഭ്യര്‍ഥിക്കുന്നത്. താലിച്ചരടേന്തിയ ഡെന്നീസിന്റെ കൈകളെ വിഫലമായെങ്കിലും പ്രതിരോധിക്കുമ്പോഴും നിരഞ്ജന്റെ കണ്ണുകളിലെ അപേക്ഷ അവള്‍ക്ക് മനസ്സിലായിട്ടുണ്ടാകണം. അവള്‍ക്കല്ലാതെ ആര്‍ക്കാണത് മനസ്സിലാക്കാനാകുക? ഒപ്പം നിനക്ക് നിരഞ്ജനെ ഇഷ്ടമാണെങ്കില്‍ എന്ന വാചകത്തിന്റെ അര്‍ഥവും..

അവരിലാരോ ഒരാള്‍ ആദ്യമായി പ്രണയം പറഞ്ഞപ്പോള്‍ മറ്റേയാള്‍ നിരസിക്കാഞ്ഞതുപോലൊരു നിമിഷം. നിരാസത്തിന്റേതല്ലാത്ത നിമിഷം. ആ താലിച്ചരട് അവളുടെ കഴുത്തിനെതൊട്ടനേരം നിരഞ്ജന്‍ ഡെന്നീസായി മാറിക്കഴിഞ്ഞു. തിരിഞ്ഞുനടന്നുപോയത് ഒരു ജയില്‍പ്പുള്ളിയുടെ കുപ്പായം മാത്രമാണ്...

മോഹൻലാൽ, മഞ്ജു വാരിയർ,സുരേഷ് ​ഗോപി എന്നിവർ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' ക്ലൈമാക്സിൽ

അതുകൊണ്ടുതന്നെ എന്തുകൊണ്ട് ഡെന്നീസ് എന്ന ചോദ്യത്തിന് അഭിരാമിയേക്കാള്‍ ഉത്തരം നല്കാനാകുക നിരഞ്ജനുതന്നെയാണ്. ആരായിരുന്നു അഭിരാമിക്ക് ഡെന്നീസ്...അയാള്‍ക്ക് അഭിരാമി എങ്ങനെയായിരുന്നു എന്നത് അകലെ ജയിലറയിലെ ഇരുട്ടിലിരുന്ന് മരിക്കാത്ത പ്രണയത്തിന്റെ കണ്ണുകൊണ്ട് നിരഞ്ജന്‍ അറിഞ്ഞു. 'അഭിരാമിയെന്ന നല്ല കുട്ടി...ഡെന്നീസ് എന്ന നല്ല മനുഷ്യന്‍' എന്ന നിര്‍വചനത്തിനപ്പുറം ആ രണ്ടുപേര്‍ക്കുമിടയിലുണ്ടായിരുന്ന ആത്മസൗഹൃദത്തിന്റെ ആഴം കത്തുകളിലൂടെ അയാള്‍ക്ക് വായിച്ചെടുക്കാനായത് ഉള്ളിലെ പ്രണയം കൊണ്ടുതന്നെയാണ്. അതിലൂടെ അയാള്‍ സങ്കല്പിച്ചുണ്ടാക്കിയത് ബത്‌ലഹേം എന്ന വീടുമാത്രമായിരുന്നില്ല,ഡെന്നീസ് എന്ന മനുഷ്യനെക്കൂടിയായിരുന്നിരിക്കണം. തന്റെ പ്രണയത്തിന് ചേക്കാറാന്‍ അതിനേക്കാള്‍ നന്മയുള്ളൊരു ചില്ലയില്ലെന്നും അയാള്‍ തിരിച്ചറിഞ്ഞിരിക്കണം.

ബത്‌ലഹേം എന്ന ആ വാടകവീട്. പണ്ട് ഞാന്‍ അഭിരാമിയായി താമസിച്ചയിടം. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആ വലിയ വീട്ടില്‍ നില്കുമ്പോള്‍ മണിച്ചേട്ടന്റെ മോനായിയും മയൂരിയുടെ ഗായത്രിയും അവിടെത്തന്നെയുണ്ട്. അവരെങ്ങും പോയിട്ടില്ല. ആ വീടിന്റെ അകത്തളത്തിലെങ്ങോ ഒരു ആണ്‍കുട്ടിയുണ്ടെന്നും ഞാന്‍ ഈ നിമിഷം സങ്കല്പിക്കുന്നു. അവന്റെ കൈവിരലുണ്ടാകണം അല്പം മുമ്പ് നിരഞ്ജന്‍ എന്നുപേരുള്ള ഒരാള്‍ക്കുവേണ്ടിയിട്ട ശ്രാദ്ധത്തിന്റെ എള്ളും പൂവും ചന്ദനവും..

(തുടരും)